2012, ജനുവരി 11, ബുധനാഴ്‌ച

പ്രണയമില്ലാത്ത കവിത

മദോന്‍മത്തമായ പ്രജ്ഞയില്‍ പെരുമ്പറ നിലച്ചപ്പോള്‍
സഹജമായ സൌഹൃദത്തിന്റെ തണല്‍ വഴികളിലിരുന്നു
അവള്‍ ചോദിച്ചു
 " ഭ്രാന്ത് പിടിച്ച നിന്‍റെ കിനാചില്ലകളില്‍
കല്ലിവല്ലിയായി പടര്‍ന്നു കയറിയത് ഞാനായിരുന്നോ"?

  നിഷേധത്തിന്റെ ഫണം വിരിച്ച ചെറുമൂളല്‍ കേട്ട്
 കൂണ്‍പോലെ വിരിയുന്ന കരള്‍ പൂമൊട്ടുകള്‍ പോലും
 ഈര്‍ഷ്യയോട് മുഖം തിരിച്ചു.

       എന്നില്‍നിന്നര്‍ത്ഥബോധമില്ലാതെ    
      ചിതറിത്തെറിച്ച അക്ഷരകൂട്ടുകളില്‍ പറ്റിപിടിച്ച
      മനസിന്‍ സ്ഫടിക ചില്ലുകളെ വാരി പുണര്‍ന്നു
      പ്രണയിനി എന്നോട് മന്ത്രിച്ചു
     " കരിപിടിച്ച നിന്‍റെ പളുങ്ക് വാക്കുകളില്‍ ഞാന്‍ കണ്ട
       കണ്ണുകള്‍ ആരുടേതായിരുന്നു  "
   
      നേരിന്‍റെ കഴുത്തറുത്തു വാക്കുകള്‍ക്കു വിലങ്ങിട്ടപ്പോള്‍
      മനസ്സില്‍ വിരിവച്ചുപോയ മയില്‍‌പീലി കണ്ണുകള്‍
      വിതുമ്പികാണും ..

     നിലാവിലുറയുന്ന തുഷാരബിന്ദുകളിലും
     പോക്കുവെയില്‍ ചാമരം വീശുന്ന പഞ്ചാര
    മണലുള്ള കടലോരങ്ങളിലെ സിമന്റു ബഞ്ചുകളിലും
    ശീതികരിച്ച ശയ്യാഗൃഹങ്ങളില്‍ പൊഴിഞ്ഞ
    വിയര്‍പ്പുമണികളിലും
    പ്രണയം വഞ്ചനയുടെ മഴ പൊഴിക്കുമ്പോള്‍
    എന്‍റെ കല്പനാ മാധവങ്ങളില്‍ രതി പൂക്കള്‍
    ഉണര്‍ന്നിരിക്കുമ്പോള്‍  ... എന്‍ ജീവനേ...
    നീ ഇത് അറിയരുത്  .. കാരണം ..
   ഇത് പ്രണയമില്ലാത്തവന്റെ കവിതയാണ്...









     






  

5 അഭിപ്രായങ്ങൾ:

മനസ്സു തുറക്കൂ ... മടി കൂടാതെ