2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

പാണ്ടീ മണിയന്‍മാര്‍

        പാണ്ടീ മണിയന്‍റെ കഥ എനിക്ക് പറഞ്ഞു തന്നത് കമലാക്ഷി അമ്മുമ്മയാണ്... മുത്തശിക്കഥകളുടെ താളവും പ്രസരിപ്പും ഓര്‍മകളും അന്യമാകുന്ന ഇക്കാലത്ത് പണ്ടെങ്ങോ പറഞ്ഞു കേട്ട കാമ്പുള്ള കഥകള്‍ നേരിന്‍റെ നിറവുകളില്‍ മയൂര നൃത്തം ചെയ്യുന്നു.. പഴം കഥകളും നാടന്‍ പാട്ടുകളും കേട്ട് സമൃദ്ധമായ കുട്ടിക്കാലത്തിന്റെ തിരുമുറ്റങ്ങളില്‍ വര്‍ണപുഷ്പ മഴ പൊഴിക്കുന്ന കുഞ്ഞന്‍ ഓര്‍മ്മകള്‍ ....

       സീരിയലും സിനിമയും ഇല്ലാതിരുന്ന കാലത്ത് ഉച്ച ഊണിനു ശേഷം അയല്‍പക്കത്തെ പെണ്ണുങ്ങള്‍ എല്ലാവരും ചേര്‍ന്ന്  വെടിവട്ടം പറഞ്ഞിരുന്ന കാലം... സ്കൂളില്‍ പോയ മകളെ ഓര്‍ത്തു ഒരമ്മയും വേവലാതി പെടാത്ത നല്ലകാലം... മകന്‍റെ പുസ്തക കൂട്ടത്തില്‍ കൊച്ചു പുസ്തകമോ അച്ഛന്റെ മടികുത്തില്‍ നീല സിഡിയോ ഇല്ലാതിരുന്ന കാലം... അങ്ങനെ ഒരു വെടി വട്ടത്തിനിടയിലാണ് കമലാക്ഷി അമ്മുമ്മ ആ കഥ പറഞ്ഞു തന്നത്..

   പാണ്ടി ദേശത്ത് രാജ ക്ഷുരകനായിരുന്നു പാണ്ടി മണിയന്‍ ... കുശാഗ്ര ബുദ്ധിമാനാണ് ഇയാള്‍.. പണി ഏഷണി ആണ്.. രാജാവിനോടുള്ള അടുപ്പം ( ചെവിയില്‍ പറയാനുള്ള അവസരം ) മുതലാക്കി ഇയാള്‍ സകല മനുഷ്യര്‍ക്കും പണി കൊടുത്തു... പാണ്ടി മണിയന് അപ്രീതി തോന്നിയാല്‍ കാര്യം കുഴഞ്ഞു .. അവന്റെ കാര്യം കട്ട പുക ആയി.. മണിയന്‍ എരിവും പുളിയും ചേര്‍ത്ത് പറയുന്നത് രാജാവ്‌ വിശ്വസിക്കും .. മണിയന്‍ തനിക്കു ഇഷ്ടമല്ലാത്തവരെ  കുറിച്ച് ഏഷണി പറയും.. രാജാവ്‌ അവരെ ശിക്ഷിക്കും..  പാണ്ടി മണിയനെ കുടുക്കാന്‍ പലരും പല അടവുകളും പയറ്റി.. എല്ലാം ബൂമാരാങ്ങു   പോലെ തിരിച്ചു അടിച്ചു..  എന്നാല്‍ ഇതിനെല്ലാം ചേര്‍ത്ത് ദൈവം മണിയന് പണി കൊടുത്തു...  നാളുകള്‍ കഴിഞ്ഞുപോയപ്പോള്‍ പാണ്ടീ മണിയന്‍ കിടപ്പിലായി.. പര സഹായം ഇല്ലാതെ എഴുനേല്‍ക്കാന്‍ വയ്യാത്ത അവസ്ഥ ... ഭാര്യയും രണ്ടു  ആണ്‍ മക്കളും ചേര്‍ന്ന് ആവും വിധം അയാളെ സംരക്ഷിച്ചു.. എന്നാല്‍ ഈ അവസ്ഥയിലും  മണിയന്‍റെ മാനസിക അവസ്ഥയ്ക്ക് മാറ്റം ഉണ്ടായില്ല... ജാത്യാ ഉള്ളത് തൂത്താല്‍ മാറില്ല എന്ന് പറഞ്ഞ പോലെ എഴുനേറ്റു നില്ക്കാന്‍  ശേഷി ഇല്ലാത്ത മണിയന്‍ പലര്‍ക്കും പണി കൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചു... 

       പാണ്ടി മണിയന്‍ എന്റെ ചിന്തകളില്‍ ആടി നില്‍ക്കുന്ന സമയത്ത് ഞാന്‍ " ചങ്ക് ഭാര്‍ഗവനെ " ഓര്‍ത്തു പോയി... ഞങ്ങളുടെ നാട്ടില്‍ ആള്‍ക്കാര്‍ക്ക് പല തരത്തിലും വേലവയ്ക്കുന്ന ഒരു മഹാന്‍.. കല്യാണം മുടക്കുന്ന ശീലം കൂടി പോയത് കൊണ്ടാണ് ഭാര്‍ഗവന്‍ കല്യാണം കഴിക്കാന്‍ മറന്നു പോയത്... അതോ മറ്റുള്ളവര്‍ കല്യാണം മുടക്കിയതോ.. ?? പലരുടെയും ചങ്ക് കലക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നത് കൊണ്ടാണ് ടി യാണ് "ചങ്ക് ഭാര്‍ഗവന്‍"  എന്ന പേര് വീണത്‌,,, ഏഷണിയിലും   പാരവെപ്പിലും ഈ രണ്ടാം പാണ്ടീ മണിയന്‍ ഒരു പടി മുന്‍പിലാണ്... " കഷണ്ടി തലയും ഉച്ചികുടുമയും കൂട്ടി കെട്ടുന്ന പ്രകൃതം"...   ഭാര്‍ഗവന്‍ പരദൂഷണം പറഞ്ഞു കലങ്ങി പോയ കുടുംബങ്ങള്‍ നിരവധിയാണ്..  ഇയാളെ ഷേക്സ്പിയര്‍ കണ്ടിരുന്നുവെങ്കില്‍ " ഇയാഗോ " ജനിക്കില്ലായിരുന്നു...പകരം "ഭര്‍ഗോ" ജനിച്ചേനെ!!.  സത്യം.. എന്നാല്‍ ദൈവത്തിന്റെ കോടതിയില്‍ ഭാര്‍ഗവനും ശിക്ഷിക്കപെട്ടു.. എന്തോ മാരക അസുഖം അയാളെ ബാധിച്ചു... അമിത മദ്യപാനം മൂലം പിടിപെട്ട കരള്‍ വീക്കം... എന്നാല്‍ തനിക്കു എയിഡ്സ് ആണെന്നും  നാട്ടിലെ ചില പെണ്ണുങ്ങളുടെ പേര് പറഞ്ഞു അവര്‍ക്കും അത് വരാന്‍ സാധ്യത ഉണ്ടെന്നും ഭാര്‍ഗവന്‍ വെച്ച് താങ്ങി  ... അവിടെയും ഭാര്‍ഗവന്‍ ഒരു പടി വിജയിച്ചു.. നാട്ടില്‍ എല്ലാവരും അയാളെ ശപിച്ചു തുടങ്ങി.. മരണ കിടക്കയില്‍ പോലും  പാര വയ്ക്കുന്നവന്‍... പലരും പറഞ്ഞു ... പോയി ചാകെടാ തെണ്ടി... " പോയി ചത്ത്‌ കൂടെടാ ശവമേ... മാനസിക പിരി മുറുക്കവും അസുഖത്തിന്റെ കാഠിന്യവും ഒരു തീരു മാനമെടുക്കാന്‍ ഭാര്‍ഗവനെ പ്രേരിപ്പിച്ചു... ചാകുക തന്നെ.. അങ്ങനെ ഭാര്‍ഗവന്‍ ആത്മ ഹത്യ ചെയ്യാന്‍ തീരുമാനിച്ചു..

        കമലാക്ഷി അമ്മയുടെ വാക്കുകളില്‍ വിരിഞ്ഞ പാണ്ടി മണിയന്‍   മക്കളോടെ തന്റെ അന്ത്യ അഭിലാഷം അറിയിക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു... മക്കളെ  , നിങ്ങളുടെ അച്ഛന്‍ മരിക്കുവാന്‍ പോകുകയാണ്... ഞാന്‍ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്.. പക്ഷെ ഞാന്‍ ഈ ജന്മത്തില്‍ ശിക്ഷിക്കപെട്ടിട്ടില്ല... ആയതിനാല്‍"വൈതരണി നദി " കടക്കുവാന്‍ എന്റെ ആത്മാവിനെ പ്രാപ്തമാക്കാന്‍ നിങ്ങള്‍ക്കെ കഴിയൂ... ആ പിതാവിന്റെ കണ്ണുങ്ങള്‍ നിറഞ്ഞൊഴുകി... പാശ്ചാ താപത്തിന്റെ തീകുണ്ഡം ആ  മനസ്സില്‍ പുകഞ്ഞു കത്തുന്നത് സസ്നേഹ നിധികളായ മക്കള്‍ക്ക്‌ മനസിലായി.. അവര്‍ അച്ഛന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു നിന്നപ്പോള്‍ " ചങ്ക് ഭാര്‍ഗവന്‍ തന്റെ ജീവന്‍ അവസാനിപ്പിക്കുവാനായി റവന്യു ടവറിന്റെ പടികള്‍ കയറി.. ആ ആപ്പീസ് സമുച്ചയത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് തന്റെ ജീവിത്തെ ഒരു നിമിഷം ഭാര്‍ഗവന്‍ ഓര്‍ത്തു.. ഈ പാഴ്ജന്മം ഒരിക്കല്‍ പോലും ആര്‍ക്കും നല്ലത് ചെയ്തിട്ടില്ല ... എന്തിനായിരുന്നു.. വൃഥാ താന്‍ നേരം പോക്കിന്  വേണ്ടി പറഞ്ഞ കഥകള്‍ തകര്‍ത്തത് എത്ര എത്ര ജീവിതങ്ങള്‍ ആയിരുന്നു... താഴെ ചുട്ടു പൊള്ളുന്ന നിരത്തില്‍ പെരുമഴ പോലെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍ .. തുമ്പ കരിയുന്ന വെയിലില്‍ ഭാര്‍ഗവന്‍  ഉള്ളുരുകി കരഞ്ഞു . ചെയ്തു പോയ അപരാധങ്ങള്‍ ഓര്‍ത്തു.. എല്ലാത്തിനും ദൈവത്തോട് മാപ്പിരുന്നു..

          " മക്കളെ അച്ഛന്‍ മരിച്ചു കഴിഞ്ഞാല്‍ വലിയ ഒരു " തടി ആപ്പ്" കൊണ്ട് വന്നു അച്ഛന്റെ ഗുഹ്യ ഭാഗത്ത്‌ അടിച്ചു കയറ്റണം.. എങ്കില്‍ മാത്രമേ ഈ പാപിക്ക്‌ സ്വര്‍ഗം കിട്ടുകയുള്ളൂ .. ഇത് പറഞ്ഞു ആ ശരീരം നിശ്ചലമായി.. സ്നേഹ നിധികളായ മക്കള്‍ ഓടി പോയി "പുളി മരത്തിന്റെ കമ്പ് വെട്ടി " ആപ്പ് ഉണ്ടാക്കി മൃതദേഹത്തില്‍ അടിച്ചു കയറ്റി.. പാണ്ടീ മണിയന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു നാട്ടുകാര്‍ ഓടി എത്തി.. രാജാവും പരിവാരങ്ങളും എത്തി.. എന്തോ പന്തികേട്‌ മണത്ത രാജാ കിങ്കരന്‍ മാര്‍ ശവത്തിലെ " ആപ്പ് " കണ്ടെത്തി..
 "പാണ്ടീ മണിയനെ മക്കള്‍ ആസനത്തില്‍ ആപ്പടിച്ചു  കൊന്നേ".. ഏതോ ഒരുത്തന്‍ വിളിച്ചു കൂവി..
 മറ്റുള്ളവര്‍ ഏറ്റു പാടി...  തന്റെ പ്രിയ ക്ഷുരകന്റെ വേര്‍പാടില്‍ മനം നൊന്ത രാജാവ് പാണ്ടീ മണിയന്റെ മക്കളെ കാരാ ഗൃഹത്തില്‍ അയച്ചപ്പോള്‍ " റവന്യു ടവറിന്റെ അഞ്ചാം നിലയില്‍ നിന്നും
 ഭാര്‍ഗവന്‍  റോഡിലേക്ക് ചാടി... അറിഞ്ഞോ അറിയാതയോ ഭാര്‍ഗവന്റെ ചാട്ടം അവസാനിച്ചത്‌ ഒരു പാവം ബൈക്ക് യാത്രക്കാരന്‍  തലയില്‍ ആയിരുന്നു... ചട്ടത്തിന്റെ ആഘാതത്തില്‍ ആ പാവം ഒന്ന് പിടഞ്ഞു...   ആ പാവം അപ്പോള്‍ തന്നെ വടിയായി... കാലു മാത്രം ഒടിഞ്ഞു ഭാര്‍ഗവന്‍ ആശുപത്രിയിലും... അപ്പോഴും നാട്ടുകാര്‍ പറഞ്ഞു.. പാണ്ടീ മണിയന്മാര്‍ അങ്ങനെയാണ്.... " സംഭവാമി......