Friday, August 19, 2011

"കല്യാണിയമ്മയുടെ റെഡ് അലെര്‍ട്ട്"

ഇതൊരു പാവം പട്ടാളക്കാരന്‍റെ കഥയാണ്..   യൌവ്വനവും സ്വപ്നങ്ങളും ബന്ധങ്ങളും  ഒക്കെ മാതൃഭൂമി ക്കുവേണ്ടി ഹോമിച്ച ഒരു സാധാരണ ഹവില്‍ദാര്‍.. എന്റെ  പ്രിയ സുഹൃത്താണ്‌  വിക്രമന്‍... സ്വന്തം പിതാവിന്‍റെ സമ്മത  പത്രം  വാങ്ങി  പതിനേഴാം  വയസില്‍  ഇന്ത്യന്‍  ആര്‍മിയില്‍  ജോലിക്ക് പ്രവേശിച്ച എന്‍റെ പൊന്നു കൂട്ടുകാരന്‍...  ആളു റാങ്കില്‍  ശിപായി  ആയിരുന്നുവെങ്കിലും  നാട്ടില്‍ "ദേവേദാര്‍"എന്ന ഓമന പ്പേരില്‍ അറിയപെട്ടിരുന്ന നാട്ടുമ്പുറത്ത് കാരന്‍...  ഈ "ദേവേദാര്‍"  എന്ന് പറയുന്നത് ഇന്ത്യന്‍ ആര്‍മിയിലെ ഒരു റാങ്ക് ആയി തെറ്റിദ്ധരിക്കരുത് ... എന്നാല്‍ അങ്ങനെ തന്നെയാണ്   എന്‍റെ നാട്ടിലെ  ചില അമ്മുമ്മ മാരും അപ്പുപ്പന്‍ മാരും വിചാരിച്ചിരിക്കുന്നത്... അതിനു കാരണം എന്‍റെ പ്രിയ സുഹൃത്തിന്‍റെ മാതാശ്രീ "ഓന്ത് കല്യാണി " എന്ന് നാട്ടില്‍ അറിയപ്പെട്ടിരുന്ന കല്യാണി അമ്മയാണ്... സ്നേഹ  നിധിയാണ്‌  കല്യാണി അമ്മ .. പക്ഷെ ഓന്തിന്റെ പോലെയാണ് അവരുടെ നിറം മാറുന്നത്... ദേഷ്യം വന്നാല്‍ ആരെയും   പുളിച്ച  തെറി  പറഞ്ഞു  കൊല്ലുന്ന പാവം തള്ള .. അതിനാല്‍  ആരും  തന്നെ  അവര്‍  പറയുന്നതിനെ  എതിര്‍ക്കാന്‍  പോകാറില്ല ... മകന്  ജോലി  കിട്ടി  കഴിഞ്ഞപ്പോള്‍  അവര്‍ക്ക്  അല്പം  ഗമ  ഒക്കെ  വന്നു  ... പട്ടാള ക്കാരന്റെ  അമ്മയല്ലേ ... അങ്ങനെ  സിക്കിമിലെ  പല  കഥകളും  കല്യാണി  അമ്മ  നാട്ടുകാര്‍ക്ക്‌  പറഞ്ഞു കൊടുത്തു  വിക്രമന്റെ പോസ്റ്റിങ്ങ്‌ സിക്കിമിലായിരുന്നു..   .... അങ്ങനെയാണ്    മകന്‍   ചൈന   പട്ടാളക്കാരെ   ഓണത്തിന്   കിളിതട്ടു   കളിയില്‍   തോല്‍പിച്ചതും   ,  "ദേവേദാര്‍"   സാബിന്‍റെ  ജീവന്‍  കാട്ട് പന്നികളില്‍  നിന്നും  രക്ഷിച്ചതിന്  അദ്ദേഹത്തിന്റെ പ്രിയ പെട്ടവനായതും .. ഇതില്‍  സംപ്രീതനായ   "ദേവേദാര്‍"   സാബ്  വടക്കേ വീട്ടിലെ റേഷന്‍  കട  കുട്ടന്‍  പിള്ളയുടെ  വീട്ടില്‍  ടെലിഫോണ്‍  ചെയ്തു   കൃഷ്ണപിള്ളയെയും  ( വിക്രമന്റെ  അച്ഛന്‍ ) കല്യാണ  അമ്മയെയും  വിളിച്ചു  "  വിക്രം കീ    മാതാ   ശ്രീ   നമഷ്ക്കാര്‍   " എന്ന്   പറഞ്ഞു  ഹിന്ദിയില്‍   വീര  മാതാവിനെ  അഭിനന്ദിച്ചതും  ഒക്കെ      കല്യാണി  അമ്മ  പാടി  പറഞ്ഞു നടന്നു  .. ( "സുബേദാര്‍ സാബ്  "എന്നത്  പറഞ്ഞു വന്നപ്പോള്‍  ആ പാവത്തിന്  "ദേവേദാര്‍"  എന്നായി  പോയി ) മകനും  ഉടനെ  "ദേവേദാര്‍"  ആകും  എന്നും  അവര്‍  പറഞ്ഞു നടന്നു... എന്നാല്‍  നാട്ടിലെ  ചില   പരിഷ്കാരികള്‍  ഈ  അക്ഷര  തെറ്റിനെ  ഒരു  ആഘോഷമാക്കി .... അങ്ങനെ  പാവം  വിക്രമന്  "ദേവേദാര്‍ വിക്രമന്‍" എന്ന  പേരും  വീണു ...  

   വയസു കുറെ ഉണ്ടെങ്കിലും   വിക്രമന് പിള്ളാരുടെ സ്വഭാവമാണ്. പട്ടാളത്തില്‍ ചേര്‍ന്നതിനു ശേഷം ബുദ്ധി വളര്‍ന്നിട്ടില്ല എന്ന് ചില കുബുദ്ധികള്‍ പറഞ്ഞു നടന്നു.. പട്ടാളത്തിലെ "കടുക്കാ വെള്ളവും കാലാ ദാലും " കുടിച്ചാല്‍ ഇപ്രകാരം സംഭവിക്കുമെന്ന് ചില പഴയ  പട്ടാളക്കാര്‍  പറഞ്ഞു കേട്ടിട്ടുണ്ട്. പുരുഷന്‍മാരുടെ വാസനപരമായ   വികൃതികളെ   നിയന്ത്രിക്കുവാന്‍  പട്ടാളക്കാര്‍ക്ക് കടുക്ക വെള്ളം കൊടുക്കുമെന്നും, കടുക്കാ വെള്ളം കുടിച്ചിട്ടും താന്‍ ഒരു പന്തയ കുതിരയെ പോലെ യന്ത്ര തോക്കുമായി പാക്കിസ്ഥാന്‍ കാരെ വെടിവിച്ചതും ഒക്കെ ഒരു  പഴയ ശിപായി ആയ രാഘവന്‍  നായര്‍ വീര വാദം മുഴക്കിയത് ഞാനും കേട്ടിട്ടുണ്ട്‌.. ചുരുക്കം പറഞ്ഞാല്‍ നാട്ടിലെ മാറ്റങ്ങളോ വേലത്തരങ്ങളോ      ഉഡായിപ്പുകളോ   തിരിച്ചറിയാന്‍     കഴിയാതെ പോയ ഒരു പാവം     സൈനികന്‍..  ഓരോ   ലീവിന്  വിക്രമന്‍  വരുമ്പോഴും  നാട്ടിലെ  ചിലര്‍ക്ക്  ആഘോഷമാണ് ... രണ്ടു  മാസത്തെ  അഡ്വാന്‍സ്‌  ശമ്പളവും   മേമ്പടിക്ക്  ഒരു പ്രോവിടെന്റ്റ്  ഫണ്ട്‌  ലോണും   ചേര്‍ത്ത്  കുറെ  പൈസയും   ഒരു പെട്ടി  റമ്മും  കുറെ സോപ്പും   തേയിലയും  ആയി   അറുപതു  ദിവസം  छुट्टी  അടിച്ചു  വരുമ്പോള്‍  നാട്ടില്‍   ഉത്സവമാണ്..  വൈകുന്നേരങ്ങളില്‍  വിക്രമന്റെ  കൂടെ  ഒരു  പട  തന്നെ  കാണും .. വിക്രമന്‍  മുറുക്കി  തുപ്പി  തലയില്‍  ഒരു വട്ട  കെട്ടും  കെട്ടി  മുണ്ട്  മടക്കി  കുത്തി  പട്ടാള  കഥകളുടെ  കെട്ടഴിച്ചു  വിടും  ... ദിവസങ്ങള്‍   കഴിയും  തോറും   , അതായതു   കാശും   കുപ്പികളും   കുറയുന്നതനുസരിച്ചു  ആള്‍ക്കാര്‍     കൊഴിഞ്ഞു   പോയ്കൊണ്ടിരിക്കും  .. എന്നാല്‍ എന്നും  എപ്പോഴും  സുഖത്തിലും ദുഖത്തിലും വിക്രമന്‍  ചേകവര്‍ക്ക്  തുണ  പോയിരുന്നത്  ഞാന്‍  മാത്രം ..  സാധാരണ  ഗതിയില്‍   ഓണ  സമയത്താണ് വിക്രമന്‍ അവധിക്കു   വരുന്നത്  .. .  അങ്ങനെ ഒരു  ഓണക്കാലത്ത് "  "ദേവേദാര്‍ വിക്രമന്‍" നാട്ടിലെത്തി ..

    വിക്രമന്റെ കൂട്ടുകാര്‍ വിക്രമനെ കാണാന്‍ എത്തി.. ആ കാലത്ത് ഇത് പോലെ "ബിവറേജ് കടകള്‍ "  ഇല്ലായിരുന്നു. . ഇങ്ങനെ യുള്ള ചില കൂട്ടുകാര്‍ പട്ടാളത്തില്‍ ഉണ്ടായിരുന്നത് കൊണ്ട്" ഫോറിന്‍ മണക്കുവാന്‍ " സൌഭാഗ്യം സിദ്ധിച്ചവര്‍... മകന്‍ കൊണ്ടു വന്ന സോപ്പും തേയിലയും ഒക്കെ ഇത്തിരി പൊതികളിലാക്കി കല്യാണി അമ്മ അയല്‍ക്കാര്‍ക്ക് കൊടുത്തു... കൂട്ടത്തില്‍ അസം തേയിലയും ഡാര്‍ജീലിംഗ് തേയിലയും തമ്മിലുള്ള വ്യത്യാസം അയല്‍പക്കത്തെ അസൂയക്കാര്‍ക്ക് കല്യാണി അമ്മ മനസിലാക്കി കൊടുത്തു...  ഓണമടുത്തു വരികയാണ്‌... വീടെല്ലാം ഒന്ന് ചെത്തി വാരണമെന്ന് കല്യാണി അമ്മ കുറെ ദിവസമായി പറയുകയാണ്.. വിക്രമന്റെ അച്ഛനും അമ്മയും പെങ്ങളുടെ വീട്ടിലേക്കു പോയ ദിവസം നോക്കി വിക്രമന്‍ ഒരാളെ  വിളിച്ചു... വീടും പരിസരവും ചെത്തി വൃത്തിയാക്കി പിന്നെ അല്‍പ സ്വല്പ പണികളും.. അങ്ങനെ യാണ് " ബിംബം ശശി " പണിക്കായി എത്തിയത്.. ഓരോ ചലനങ്ങളും ഒരു യന്ത്ര മനുഷ്യനെ പോലെ ആയിരുന്നു ശശിയുടേത് .. ഇപ്പോള്‍ ആയിരുന്നെങ്കില്‍ "റോബോട്ട് വിത്ത് എ ബീഡി" എന്ന് തന്നെ ആള്‍ക്കാര്‍ വിളിച്ചേനെ... കുന്താലിയും തൂമ്പയും ഒരു നിശ്ചിത ശക്തിയില്‍ മാത്രമേ അദ്ദേഹം ഉപയോഗിക്കൂ ..മണ്ണിനു വേദനിച്ചാലോ എന്ന ഭയം പിന്നെ തുരു തുരാ ബീഡി വലി.. ..രാവിലെ എട്ടു മണി ആയപ്പോള്‍ ശശിയും ഞാനും വിക്രമന്റെ വീട്ടില്‍ എത്തി.. വിക്രമന്റെ അമ്മ ഇല്ലാത്തതിനാല്‍ ഒന്ന് കൂടാന്‍ തന്നെ ആയിരുന്നു ഞങ്ങളുടെ പ്ലാന്‍.. ബിംബം മുറ്റവും ഒക്കെ ചെത്തി വാരി കൊണ്ടിരുന്നപ്പോള്‍ അകത്തു വിക്രമന്‍  ഒരു " പഴയ സന്യാസിയുടെ" കഴുത്ത് ഞെരിച്ചു.. അങ്ങനെ സമയം അര മണിക്കൂര്‍ ആയപ്പോള്‍ വിക്രമന്‍ " രെജിമ്ന്റ്റ്‌ കഥകള്‍ക്ക് " തിരി കൊളുത്തി... സിക്കിമിലും അസ്സമിലും  നാഥുല ചുരത്തിലും  ഞാന്‍ മനസ് തുറന്നു ഫ്രീ ആയി സഞ്ചരിച്ചു.. പെട്ടെന്ന് ജനലിനടുത്തു ഒരു തല അനക്കം .. ശശി ഒരു വളിച്ച ചിരിയോടെ .. " വൈകിട്ട് കാണാം കൊച്ചാട്ട "  വിക്രമന്‍ പറഞ്ഞു... ശശി പോയില്ല.. അവിടെ തന്നെ നിന്നു.. മീന്‍ കൊട്ടയ്ക്ക് വലതു വയ്ക്കുന്ന പൂച്ചയെ പോലെ പതുങ്ങി നിന്നു " ഇച്ചിരി മതി " . ശത്രുവിനോട് പോലും കാരുണ്യം കാണിക്കുന്ന വിക്രമനിലെ ധീര യോദ്ധാവ് ഉണര്‍ന്നു.. ഒരു ഗ്ലാസില്‍ കുറച്ചു " നികുതി അടക്കാത്ത ചുമന്ന ദ്രാവകം " ശശിക്ക് നല്‍കി.. അമൃത് പോലെ ശശി അത് വാങ്ങി .. പിന്നെയും ശശി ജോലി തുടങ്ങി..  എന്‍റെ  കാതുകളില്‍ വീണ്ടും സിക്കിമിലെ മൂടല്‍ മഞ്ഞും ചൂളം തള്ളുന്ന കാറ്റും വിക്രമന്‍ തള്ളി നിറച്ചു.. ഭാഗ്യം വീണ്ടും ജനാലക്കല്‍ ഒരു നിഴല്‍ .. ശശി.. വീണ്ടും ഗ്ലാസ്‌ നിറഞ്ഞു .. ശശി ഹാപ്പി .. വിക്രമനും ഞാനും മുറ്റത്തിറങ്ങി..  ശശി ഇമോഷണല്‍ ആയി . വിക്രമനെ കെട്ടി പിടിച്ചു.. മോനെ നീയാണ് സ്നേഹമുള്ളവന്‍ ..." " "കൊച്ചാട്ട "  വിക്രമന്‍ വിതുമ്പി തുടങ്ങി,..  ഒരു പട്ടാളക്കാരന്‍ കരയുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു.
" കൊച്ചട്ടനറിയാമോ എന്ത് പാട് പെട്ടാണ് ഇപ്പോള്‍ छुट्टी  കിട്ടിയത് .. " അച്ഛന്റെ  താറും എന്റെ കരച്ചിലും  കണ്ടപ്പോള്‍ ആണ് സാബ് छुट्टी   തന്നത് " വിക്രമന്‍ പറഞ്ഞു നിര്‍ത്തി . "
 അതിനു നിന്റെ അച്ഛന്‍ " പാളക്കരയന്‍ നിക്കര്‍ അല്ലെ  ഇടുന്നത് " " അങ്ങേര്‍ താറും ഉടുക്കുമോ ??? ഞാന്‍ അറിയാതെ ചോദിച്ചു."  അരെ സാലെ , താര്‍ എന്ന് പറഞ്ഞാല്‍ കമ്പി .. ടെലെഗ്രാം അടിച്ചാണ് ലീവിന് വന്നത്..
. ഓ .. ശരി ഞാന്‍ പറഞ്ഞു നിര്‍ത്തി.. ഈ സമയം വിക്രമന്‍ കുന്താലി കൈയില്‍ എടുത്തു.. കൊച്ചാട്ട ,  ട്രെന്ച് (Trench  ) കുഴിക്കുവാന്‍ ഈ വെട്ടൊന്നും പോരാ.. ദാ , ഇങ്ങനെ വെട്ടിയാല്‍ പത്തു മിനിറ്റില്‍ നാലു അടി ട്രെന്ച്  റെഡി.. വിക്രമന്‍  മസില്‍ പെരുപ്പിച്ചു  മുറ്റത്ത്‌ ആഞ്ഞു വെട്ടി..
 ക്ണിം വെള്ളം ചീറ്റി തെറിച്ചു.. പൊട്ടിയത്  പൈപ്പാണ് .. കോയി ബാത്ത് നഹി ...
വിക്രമന്‍ എല്ലാം ശരിയാക്കാം എന്ന് ഏറ്റു..ഏതു പ്രതി സന്ധിയും തരണം ചെയ്യും എന്ന് പറഞ്ഞ  ഫൌജിയുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമം.. " ഈ സമയത്ത് ഞങ്ങള്‍ കാണാതെ ശശി അകത്തു കടന്നു" ഒരു 90 ന്‍റെ  ഫ്ലെക്സി ചെയ്തു " .. കല്യാണി അമ്മ വരുന്നതിനു മുന്‍പ് എല്ലാം ശരി ആക്കണം എന്നാ ചിന്തയില്‍ ആണ് പ്ലംബര്‍ ബിജുവിനെ വിളിച്ചത്.. ആകെ ഒരു മൂഡ്‌ ഔട്ട്‌ .. അകത്തു കയറി നോക്കിയപ്പോള്‍ " ഓള്‍ഡ്‌ മങ്ക്" മിക്കവാറും കാലി.. ശശി തീര്‍ത്തിരിക്കുന്നു... ആ ദേഷ്യത്തിന് വിക്രമന്‍ വീണ്ടും പെട്ടി തുറന്നു.. പെട്ടെന്ന് തന്നെ ബിജു എത്തി.. വിക്രമന്‍ വിളിച്ചത് കൊണ്ട് മാത്രമാണ് വന്നത്.. എവിടെയോ അത്യാവശ്യമായ പണി ഇട്ടിട്ടാണ് പോന്നത്.. ബിജു ഡാമേജ് അസ്സസ് ചെയ്തു ... കൂട്ടത്തില്‍ അവനും അല്പം ചാര്‍ജ് ചെയ്തു .. കുറെ സാധനങ്ങളുടെ പട്ടിക കുറിപ്പെഴുതി.. പ്ലംബിംഗ് സാധനങ്ങള്‍ വേണമെങ്കില്‍ "എനാത്തു" എന്ന സ്ഥലത്ത് പോകണം.. ഉദ്ദേശ്യം മൂന്നു കിലോമീറ്റര്‍ ദൂരം ഉണ്ട് .. സമയം വളരെ കുറവായതിനാല്‍ വിക്രമന്‍ ഒരു പ്ലാന്‍ ഉണ്ടാക്കി.. അതിനായി ശിവന്റെ ഓട്ടോ വിളിച്ചു... കല്യാണി അമ്മ നാല് മണിയോടെ എത്തും.. അതിനു മുന്‍പ് ഓപറേഷന്‍ തീര്‍ക്കണം.. ബിജുവും വിക്രമനും വീണ്ടും പെട്ടി തുറന്നു.. സിക്കിം കാറ്റിന്റെ സീല്‍ക്കാരം ഞാന്‍ കേട്ട്.. ഇതേ സമയം സിറ്റ്  ഔട്ടില്‍ പാവം ബിംബന്‍ ഒരു കൊഞ്ചിനെ പോലെ ചുരുണ്ട് കിടന്നു അലറി വിളിച്ചു വാള് വയ്ക്കുകയായിരുന്നു.. ശിവന്‍ പാഞ്ഞു വന്നു.. സംഗതികള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷം .. അകത്തു കയറി അല്‍പ നേരം സിക്കിം കഥ കേട്ടു.. പിന്നീട് ഞങ്ങള്‍ നാല് പിമ്പിരികള്‍ ഓട്ടോയില്‍ യാത്ര തുടങ്ങി.. അപ്പോഴാണ് എനിക്ക് മനസ്സില്‍ ആയതു ബിജു ബാക്കി ഇരുന്ന ലൂസ്‌ സാധനം കൈയില്‍ കരുതി എന്ന്..

    എനാത്തു" ദേവി സ്റ്റോഴ്സ് എന്നാ കടയുടെ അല്പം ദൂരെയായി വണ്ടി നിര്‍ത്തി.. കുറുപ്പടിയും കാശുമായി ഞാന്‍ കടയിലേക്ക് പോയി... ഉച്ച സമയം ആയിരുന്നിട്ടും ടൌണില്‍ അല്പം തിരക്കുണ്ടായിരുന്നു.. കടയിലും ഒന്ന് രണ്ടു പേര്‍ സാധനം വാങ്ങാന്‍ ഉണ്ടായിരുന്നു.. വണ്ടിയിലേക്ക് ഞാന്‍ എത്തി നോക്കിയപ്പോള്‍ ബിജു പരിപാടി തുടങ്ങിയിരുന്നു.. വിക്രമന്‍ ഒരു രാജാവിനെ പോലെ കാല് കയറ്റി സീറ്റില്‍ ഇരുന്നു.. ശിവന്‍ ഡ്രൈവര്‍ സീറ്റിലും .. പെട്ടെന്ന് ഒരു പോലീസ് ജീപ്പ് വന്നു ചവിട്ടി നിര്‍ത്തുന്നത് ഞാന്‍ കണ്ടു.. എന്റെ ഉള്ളൊന്നു കാളി..   എസ് ഐ ചാടി ഇറങ്ങി... സൈഡില്‍ ഇരുന്ന ബിജുവിന് കുത്തിനു പിടിച്ചു നിലത്തിറക്കി.. കൂട്ടത്തില്‍ നല്ല തെറിയും .. ബിജു കൈ രണ്ടും കൂപ്പി എസ് ഐയെ തൊഴുതു കരഞ്ഞു.. " എന്താടാ വണ്ടിയില്‍ പട്ട പകല്‍ വെള്ളമടിയാണോ ?? " ഞാന്‍ ടാക്സ് അടക്കുന്ന എന്‍റെ വണ്ടിയില്‍ വെള്ളമടിച്ചാല്‍ ആര്‍ക്കാ ചേദം ??? ശിവന്‍ പറഞ്ഞു തീര്‍ന്നതും പോലീസുകാരന്‍ തൂക്കി എടുത്തു വെളിയില്‍ എറിഞ്ഞതും ഒരുമിച്ചായിരുന്നു.. ശിവന്റെ നിലവിളി കേട്ടാണ് വിക്രമന്‍ ഉണര്‍ന്നത്.. ശത്രുവിന്‍റെ സാമീപ്യം മണത്ത പട നായകനെ പോലെ വിക്രമന്‍ അലറി .. കോന്‍ ഹൈ സാല ?? " ഇന്ത്യന്‍ ആര്‍മിയെ തൊടാന്‍ ആര്‍ക്കാട ധൈര്യം ??? ചാടി പുറത്തിറങ്ങിയതും എസ് ഐയുടെ കൈ വിക്രമന്റെ കരണത്ത് പതിച്ചതും ഞൊടി ഇടയില്‍ ആയിരുന്നു,,,  വിക്രമന്‍ ചുട്ടു പഴുത്ത  റോഡില്‍  വെട്ടിയിട്ട വഴ കണക്കെ നിലം പരിശായി.. പോലീസ് ജീപ്പിന്‍റെ അകമ്പടിയില്‍ ആട്ടോ നീങ്ങിയപ്പോള്‍  ആമ്പാടി ഹോട്ടെലില്‍ നിന്നും കൈകഴുകി ഞാന്‍ പുറത്തിറങ്ങി..

      ചില രാഷ്ട്രീയ സ്വാധീനങ്ങളും കുറെ കാശും എറിഞ്ഞപ്പോള്‍ കേസില്ലാതെ  മൂന്ന് മണിയോടെ അവര്‍ പുറത്തിറങ്ങി ... എന്നാല്‍ മകളുടെ വീട്ടില്‍ നിന്നും തിരികെ എത്തിയ  കല്യാണി അമ്മ ഈ സമയം വിക്രമന്റെ വീട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു... ഒരു സിമിന്ടു ചാക്ക് ചുമക്കുന്നതു പോലെ ഞാനും ബിജുവും കൂടി  വിക്രമനെ ചുമന്നു വീടിനകത്ത് കേറി കട്ടിലില്‍ കിടത്തി... കല്യാണി അമ്മയും അയല്‍പക്കകാരും നിരന്നു നില്‍ക്കുകയാണ്... ഞാന്‍ പതുങ്ങി അടുക്കള വഴി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു അലര്‍ച്ച.. എടാ ഇവനെ (ശശിയെ) എടുത്തുമാറ്റി ഇവിടെ കഴുകിയിട്..കല്യാണി അമ്മ അലറി... അനുസരിക്കാതെ നിവര്‍ത്തി ഇല്ലായിരുന്നു.. ശശി വച്ച  "വാള്‍ " എന്‍റെ  മാനത്തിന്റെ പ്രഭ കെടുത്താന്‍ അപ്പോഴും സിറ്റ് ഔട്ടില്‍ കിടന്നു തിളങ്ങി ....  അപ്പോഴും വിക്രമന്‍ കട്ടിലില്‍ കിടന്നു പിറു പിറുത്തു "  കോയി ബാത്ത് നഹി ... "

Friday, August 5, 2011

ഒഴിഞ്ഞു പോയ അടി

   മൂലമറ്റം സൂപ്പര്‍ ഫാസ്റ്റ് പ്രതീക്ഷിച്ചാണ് രഘുവണ്ണന്‍ ബസ്‌ സ്റ്റാന്‍ഡിന്റെ പടിഞ്ഞാറെ മൂലയില്‍ നിലയുറപ്പിച്ചത്.അവിടെ നിന്നാല്‍ പടിഞ്ഞാറു വശത്ത് നിന്നും ബസ്‌ സ്റ്റാന്‍ടിനുള്ളിലേക്ക് വരുന്ന ബസുകള്‍ പെട്ടെന്ന് കാണുവാന്‍ കഴിയുകയും ഓടി കയറി സീറ്റ് പിടിക്കുവാന്‍ കഴിയുകയും ചെയ്യും. സാധാരണ ഗതിയില്‍ മൂലമറ്റം സൂപ്പര്‍ വരുന്നത് അഞ്ചേ മുക്കാലിനാണ്.  സമയം അഞ്ചു മുപ്പത്തി അഞ്ചു എന്ന് സ്റ്റാന്‍ ഡിലെ പഴഞ്ചന്‍ ക്ലോക്ക് കാണിച്ചു കൊടുത്തു. സ്റ്റാന്‍ഡില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. രഘു അണ്ണന്റെ തൊട്ടു പുറകില്‍ ഉള്ള ചായ കടയിലെ തമിഴ് പയ്യന്‍ ഓരോ ബസ്‌ വരുമ്പോഴും "ചായ ചായ " എന്ന് പ്രത്യേക ഈണത്തില്‍ വിളിച്ചു കൊണ്ടിരുന്നു. കെ എസ് ആര്‍ ടി സി യുടെ ഒഫീഷ്യല്‍ അനൌന്‍സര്‍ ബസുകളുടെ പോക്ക് വരവുകള്‍ തൊണ്ട പൊട്ടി വിളിച്ചു കൂവുന്നത് രഘുവണ്ണന്‍ ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ അതിനെവിടെ സമയം. രണ്ടു 90 അടിച്ചതിന്റെ പച്ചയില്‍ ആണ് നില്പ്. സമയം ഇനിയും ഒത്തിരി ഉണ്ടെന്നു മനസിലാക്കിയിട്ടെന്നോണം അദ്ദേഹം തന്റെ ബാഗ്‌ തുറന്നു ഒരു പൊതി പുറത്തെടുത്തു. മറ്റൊന്നുമല്ല അതില്‍ ഉണ്ടായിരുന്നത്. സാധാരണ മുറുക്കാന്‍.. ഷൂസും പാന്റും ഇട്ടു  ഷര്‍ട്ട്‌ ഇന്‍ ചെയ്തു നടക്കുന്ന ആളാണെന്ന ഭാവം ഒന്നും ആ പാവത്തിനില്ല. സിമിന്ടു ബഞ്ചില്‍ ഇരുന്നു മുറുക്കാന്‍ പൊതി അഴിച്ചു. വെറ്റയുടെ ഞരമ്പ്  കളഞ്ഞു ചുണ്ണാമ്പു തേച്ചു പാക്ക് മുറിച്ചു , പോയിലയുടെ തുണ്ട് ചേര്‍ത്ത്  മാന്യമായി ഒന്ന് മുറുക്കി. മുറുക്കാന്‍ വായില്‍ നിറഞ്ഞപ്പോള്‍ വീണ്ടും എഴുനേറ്റു നില്പായി. ചുറ്റും നിന്ന ചിലര്‍ അണ്ണനെ വല്ലാതെ നോക്കി.. എന്ത് കാര്യം ?? ആരോടാ കളി... ഒന്നും മൈന്‍ഡ് ചെയ്യാതെ അണ്ണന്‍ നില്പ് തുടര്‍ന്നു.

         വളരെ മാന്യന്‍ ആണ് രഘു അണ്ണന്‍.  അല്പം മിനുങ്ങും എന്നല്ലാതെ മറ്റു സ്വഭാവ ദൂഷ്യം ഒന്നും ഇല്ല. സ്ത്രീകളോട് വളരെ മാന്യമായെ പെരുമാറൂ .. ടി യാന്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും സ്വല്പം ചരിഞ്ഞു നോക്കിയാല്‍ കാണുന്നത് സുലഭ് ഇന്‍റെര്‍ നാഷണല്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ള പൊതു കക്കൂസാണ്. അവിടേക്ക് പോകുന്നവരുടെ ചേഷ്ടകള്‍ സംബന്ദിച്ചു രഘുവണ്ണന്‍ ഒരു പഠനം നടത്തുകയാണ്. അകത്തോട്ടു പോകുന്നവരുടെ മുഖ ഭാവങ്ങള്‍ , ഇറങ്ങുന്നവരുടെ പെയ്തൊഴിഞ്ഞ മുഖങ്ങള്‍ , ഒന്നിനാണോ രണ്ടിനാണോ പോയത് ,  ഓട്ടത്തിന്റെ വ്യഗ്രത , ആള്‍ക്കാരുടെ ശരീര പ്രകൃതി, ശരിയായി പോയോ തുടങ്ങി പല കാര്യങ്ങളും ഇ പത്തു മിനിട്ട് കൊണ്ട് പഠിക്കും.. പിന്നീട് ചില സദസുകളില്‍ ഇതിനെ കുറിച്ച് ഒരു ഉളിപ്പും ഇല്ലാതെ വര്‍ണിക്കും. 
ഇത്തരം പ്രകൃതിയുടെ ലീലകളെ ചില ആപല്‍ ഘട്ടങ്ങളില്‍  എങ്ങനെ നിയന്ത്രിക്കാം എന്നൊക്കെ അണ്ണന്‍ പലരോടും പറഞ്ഞു കൊടുക്കുമായിരുന്നു. എല്ലാവരും അതൊക്കെ ചിരിച്ചു തള്ളും.  ഒരിക്കല്‍ ഞാന്‍ ഒരു യാത്ര കഴിഞ്ഞു വീട്ടിലേക്കു ബസ് ഇറങ്ങി വരുകയായിരുന്നു. ബസ്‌ സ്റ്റോപ്പില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റെര്‍ നടന്നു വേണം വീട്ടിലോട്ടു പോകാന്‍. ബസ്‌ ഇറങ്ങുന്നതിനു മുന്‍പ് തന്നെ എന്റെ വയറ്റില്‍ സുനാമിയുടെ വമ്പന്‍ തിരകള്‍ പിറവി എടുക്കുന്നത് ഞാന്‍ അറിഞ്ഞു. ആസന്നമായ ഒരു ചുഴലി കൊടുങ്കാറ്റിന്റെ സകല ശക്തിയും ഞാന്‍ അനുഭവിച്ചറിഞ്ഞു. സമയം ഏകദേശം 4 മണി കഴിഞ്ഞിരിക്കുന്നു. ഞാന്‍ ബസ്‌ ഇറങ്ങി ഈട് വഴിയിലേക്ക് കടന്നപ്പോള്‍  ഗുഹാമുഖങ്ങളില്‍ ഹുംകാരം ഉണര്‍ത്തി കരി മേഘങ്ങള്‍ അട്ടഹസിച്ചു. സ്കൂള്‍ വിട്ട സമയം. പാടത്തും ഈടുവഴിയിലും ധാരാളം ആള്‍ക്കാര്‍. ഞാന്‍ വിയര്‍ത്തു. ഞെരി പിരി കൊണ്ട്. ഭൂമി പിളര്‍ന്നു കുറച്ചു സമയം താഴ്ന്നിരുന്നെങ്കില്‍ എന്നാശിച്ചു. ഒരു വെളിപാട്‌ പോലെ , ഒരു ഈശ്വര കൃപ പോലെ പെട്ടെന്ന് രഘു അണ്ണന്റെ വാക്കുകള്‍ ഓര്‍മ വന്നു " മനസാണ് ശരീര പ്രവര്‍ത്തനങ്ങളെ  നിയന്ത്രിക്കുന്നത് , അടിയന്തിര ഘട്ടങ്ങളില്‍ മനസിനെ നിയന്ത്രിക്കാന്‍ പഠിക്കണം ,  നിങ്ങള്‍ ഒരു ചെറിയ കല്ല്‌ എടുക്കുക , അത് കക്ഷത്തിനിടയില്‍ വയ്ക്കുക , എന്നിട്ട് ആ  കല്ല്‌ താഴെ വീഴാതെ  അല്പം ശ്വാസം  പിടിച്ചു വേഗത്തില്‍ നടക്കുക"  .. എനിക്ക് കീഴ് മേല്‍ നോക്കാന്‍ ഉണ്ടായിരുന്നില്ല .. അടുത്ത് കണ്ട ചെറിയ ഉരുളന്‍ കല്ല്‌ കക്ഷത്തിലാക്കി ഞാന്‍ പാഞ്ഞു..... ദൈവം എന്‍റെ കൂടെ ആയിരുന്നു.. ഞാന്‍ അന്ന് രഘുവേട്ടന് നന്ദി പറഞ്ഞു.

    അപ്പോഴും മൂലമറ്റം സൂപ്പര്‍ വന്നിരുന്നില്ല. തോളില്‍ ബാഗും  തൂക്കി , മുറുക്കാന്‍ ചവച്ചു ഒരു കവിളിലേക്കു  മാറ്റി , പല്ലുകൊണ്ട് കീഴ്ചുണ്ട് കടിച്ചു പിടിച്ചു,  കൈ രണ്ടും നെഞ്ചത്ത്‌ പിണച്ചു കെട്ടി , ഒരുകാല്‍ നിലത്തൂന്നി , മറു കാലിന്‍റെ ഉപ്പുറ്റി ഉയര്‍ത്തി , രഘുവണ്ണന്‍ ഒറ്റ നില്‍പ്പാണ്. സ്റ്റാന്‍ഡിലെ  തിരക്ക് അല്പം കൂടിയിരുന്നു. അണ്ണന്റെ ഇരു വശങ്ങളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇടതു ഭാഗത്ത്‌ രണ്ടുമൂന്നു സ്ത്രീകള്‍ നില്പുണ്ടായിരുന്നു. ഓരോ ബസ്‌ വരുമ്പോഴും ഇവരുടെ മുന്‍പിലൂടെ യാത്രക്കാര്‍ നെട്ടോട്ടം. പെട്ടെന്ന് ഒരു സ്ത്രീ അതി വേഗത്തില്‍ രഘുവേട്ടന്റെ മുന്‍പിലൂടെ കുതിച്ചു പാഞ്ഞു... " ടപ്പേ " അവരുടെ സാരിയില്‍ പൊതിഞ്ഞ ലാസ്യ നിതംബത്തില്‍ ഒരടി വീണു... വെട്ടിത്തിരിഞ്ഞ് അവര്‍ ചീറ്റി അടുത്തു " എടാ പട്ടി " വളയിട്ട കൈകള്‍ " ആഫ്രിക്കന്‍ മുഷി " പോലെയുള്ള രഘു അണ്ണന്റെ മോന്തായത്തില്‍ പതിക്കുന്നതിനു മുന്‍പ് " എഡി.. നീ എവിടയിരുന്നെടി ഇത്രയും കാലം " ഇടതു ഭാഗത്ത്‌ നിന്ന പെണ്ണുങ്ങളില്‍ ഒരാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോള്‍ " അടികൊണ്ട കിടാത്തി"  നിശ്ചലയായി..." സോറി " അവള്‍ രഘു അണ്ണനോട് പറഞ്ഞു.. വായിലെ മുറുക്കാന്‍ അഡ്ജസ്റ്റ് ചെയ്തു രഘു അണ്ണന്‍ പറഞ്ഞു " അയ്യോ ഞാന്‍ അത്തരക്കാരന്‍ അല്ല , വീട്ടിലെ പഴഞ്ചന്‍ സൈക്കിള്‍ ഓടിക്കാന്‍ പടുപെടുന്നവന്‍ "ബുള്ളെറ്റ്" തള്ളുവാന്‍ വരുമോ ????