2011, മാർച്ച് 23, ബുധനാഴ്‌ച

മധുരമുള്ള മാര്‍ച്ച്‌

 "  അച്ഛാ , അടുത്തയാഴ്ച എന്‍റെ സ്കൂള്‍ അടക്കും ..എന്നെ 
വീഗാ ലാന്‍ഡില്‍ കൊണ്ട് പോകണം " 
എന്‍റെ കുഞ്ഞിന്‍റെ വാക്കുകള്‍ സമയത്തിന്‍റെ വേഗതയെ
എനിക്ക് വരച്ചു കാട്ടി.
 എത്ര വേഗത്തിലാണ് മാര്‍ച്ച്‌ വന്നെത്തിയത്.
 ഹൃത്തില്‍     കെടാതെ സൂക്ഷിച്ച
ഓര്‍മയുടെ ചിരാതുകള്‍ പടര്‍ന്നു കത്തുന്നു.


സ്ലേറ്റു തണ്ടും , കല്ല്‌ പെന്‍സിലും , വള്ളി    നിക്കറുമിട്ട പ്രൈമറി  കാലം..
  ഉച്ചയ്ക്ക് ഉപ്പുമാവു  വിളമ്പുമ്പോള്‍  ചട്ടി  പിടിക്കുന്ന  മണ്ടന്‍ കുഞ്ഞന്‍ നിന്‍റെ ഇലയില്‍അല്പം കൂടുതല്‍  
 വിളമ്പിയത്   നീ  ശ്രദ്ധിച്ചിരുന്നോ ??
 സ്കൂളിനടുത്തുള്ള സര്‍പ്പ കാവില്‍ കയറി 
തൊണ്ടി പഴവും , മഞ്ചാടി മണിയും
കൊണ്ട് വന്നപ്പോള്‍ ഉള്ളു നിറഞ്ഞ നിന്‍റെ മന്ദസ്മിതം ..
 ചേമ്പിലയില്‍ വെള്ളാരം കല്ലുകള്‍ പോലെയാകുന്ന
വെള്ള തുള്ളികളെ നോക്കി നിന്ന ബാല്യ കൌതുകങ്ങള്‍ ..
വയല്‍ വരമ്പില്‍ മുഖമടിച്ചു വീണ കുഞ്ഞന്‍ ഗര്‍വുകളെ
നോക്കി പൊട്ടിച്ചിരിച്ച കൂട്ടുകാര്‍ .. 
ഏട്ടന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി  ഓണതുമ്പിയും ,
മാനത്ത് കണ്ണിയും പിടിച്ചു നടന്ന
ആകുലതകളില്ലാത്ത ബാല്യം  ...  പുത്തെന്‍ കുപ്പായത്തില്‍ ചെളി തെറിപ്പിച്ചു കടന്നു 
പോയ കുറുമ്പ് കാലം ...
 ഒരിക്കലും    കാണാത്ത;   എന്നാല്‍   ഏറ്റവും    പേടിച്ച
   ഹെഡ്   മാസ്റ്ററുടെ മുറിയിലെ   ജമണ്ടന്‍   പെട്ടി  . .  ( വലിയ   കുഴപ്പകരെ   ഇതില്‍   അടക്കും   എന്ന്  
 പറഞ്ഞു   വിരട്ടിയിരുന്നു) .
മൂലപൊട്ടിയകല്ല്‌ സ്ലേറ്റില്‍ ചോക്ക് കൊണ്ടെഴുതിയ 
 അമ്പതില്‍ അമ്പത്  എന്ന മാര്‍ക്ക്‌
ആകാശത്തോളം ഉയര്‍ത്തി  വില്ലാളി വീരനെ
പോലെ നിന്നവര്‍ ..
ഏപ്രില്‍ അവസാന ആഴ്ച സ്കൂളിന്റെ കുമ്മായം പൂശിയ
ചുവരില്‍ ഒട്ടിച്ചു വയ്ക്കുന്ന  കടലാസ് കഷണത്തില്‍ പേര്
 കാണാതെ വിതുമ്പി നിന്നവര്‍   ,   നിന്‍റെ ഗോപി പൊട്ടും , പുഴുപല്ല് കാട്ടി മോണ
തുറന്ന ചിരിയും ,അതിരുകളില്ലാത്ത
       സൌഹൃദങ്ങളും   ഏതോ മാര്‍ച്ച്‌ എനിക്ക് നഷ്ടമാക്കി..


 പ്രണയ  മന്ത്രങ്ങളുടെ ആദ്യ ധ്വനി ഉണരുന്ന ഹൈ സ്കൂള്‍ ..
ക്ലാസ്സ്‌ പരീക്ഷകളില്‍ മാര്‍ക്കുകുറഞ്ഞു പോയതില്‍
ഉതിര്‍ന്ന കണ്ണീര്‍ കണങ്ങള്‍ ..  
ആരോ തന്ന കൊച്ചു പുസ്തകം കണ്ടു മാറി മറിഞ്ഞ
 ചിന്തകളും അന്തം വിട്ട മനസും ... 
ക്ലാസ്സില്‍  കാട്ടുന്ന   വികൃതികള്‍ സാറിനോട് പറഞ്ഞു കൊടുക്കാതിരിക്കാന്‍ ക്ലാസ്  " മോണിട്ടരിനു " 'ബോണ്ട' വാങ്ങി കൊടുക്കേണ്ടി  വന്ന   ഗതി കേടുകള്‍ ...
ക്ലാസ്സിലെ  കുട്ടിയുടെ  ഞോറിവുള്ള   പട്ടു പാവാടയും  ,
 മുല്ല  പൂ  മാലയും   ,ഈ  മൂക്കുത്തിയും   ഇഷ്ടമാണെന്ന്
 പറഞ്ഞതിന്  ചൂരല്‍ പെരുമഴ നനഞ്ഞ മനസുകള്‍ ...
ഊടുവഴിയിലെ     കയ്യാലയിലും  , സ്കൂള്‍ ഭിത്തിയിലും ,
 സ്വന്തം   പേരിനോടൊപ്പം അധിക  ചിഹ്നം ഉപയോഗിച്ച്  
  ചേര്‍ത്തെഴുതിയ   പേരുകാരി   ...
അടുത്ത   വീട്ടിലെ   പെര്‍ഷ്യാക്കാരന്‍  നല്‍കിയഹീറോ 
   പേന  ഉയര്‍ത്തി    കാട്ടുന്ന   കുഞ്ഞു   പൊങ്ങച്ചങ്ങള്‍   ...
.. പറ്റ  വെട്ടിയ  മുടിയില്‍  കുരുവി കൂട്  പണിയാന്‍ 
 വെമ്പല്‍  കൊള്ളുന്ന മനസ് ..
കളി  കളത്തിലെ  ചെറു  വഴക്കുകള്‍  ...
കണക്കു സാറിന്റെ ക്ലാസ്സില്‍ വിറച്ചു നിന്ന നിമിഷങ്ങള്‍ ...
 പഠിച്ചിട്ടും പഠിച്ചിട്ടും തീരാത്ത    പോര്‍ഷനുകള്‍ ..
 പത്താം   ക്ലാസ് പരീക്ഷയുടെ വ്യാകുലതകള്‍..  ഇതെല്ലം  അപഹരിച്ചു  കടന്നു  കളഞ്ഞ   മാര്‍ച്ച്‌  ,
നീ  ഇപ്പോള്‍  സുന്ദരനാണ് ..


ഹോസ്റ്റല്‍ മുറികളില്‍ സ്വപ്നവും പഠനവും
വേലത്തരങ്ങളും കാട്ടി പറന്നുപോയ കൌമാരം  ..
പഞ്ചാര മണലുള്ള കടല്‍ തീരങ്ങളിലെ സിമിന്ട്‌ 
ബഞ്ചുകളില്‍ സൊറ പറഞ്ഞു തുടുത്ത കൂട്ട് കെട്ടുകള്‍ ..
ഞാനും നീയും മോഹിച്ചത് അവളെ തന്നെ ആയപ്പോള്‍ ... ഞാന്‍ ആഗ്രഹിച്ചത് നിനക്ക് കൈ വന്നപ്പോള്‍ 
നിന്നോട് തോന്നിയ കഴമ്പില്ലാത്ത കെറുവുകള്‍ ..
പാര വച്ചവന് പണി കൊടുത്ത കൂട്ടായ്മകള്‍ ..
എല്ലാ കുറുമ്പുകളും ഒരു സിഗരട്ട് ഷെയര്‍ ചെയ്ത 
 പുകയില്‍ മറഞ്ഞുപോയ നാളുകള്‍ ..
 ദുഃഖങ്ങള്‍ അണ പൊട്ടിയൊഴികിയപ്പോള്‍ കുടിച്ചു
 ലക്ക് കേട്ട് തെറിപ്പാട്ട് പാടിയ കായലോരങ്ങള്‍ ...
ലേഡീസ് ഹോസ്റ്റെലിലെ സൌന്ദര്യം കാണുവാന്‍ 
തേന്‍ മാവിന്‍ കൊമ്പത്ത് മഞ്ഞു കൊണ്ടിരുന്ന 
കൊച്ചു വെളുപ്പാന്‍ കാലങ്ങള്‍ ..


"മാര്‍ച്ചിന്റെ വിടവാങ്ങല്‍ ... അത് പണ്ടു മുതല്‍ക്കേ
 തേങ്ങലുകളും ഗദ്ഗദങ്ങളും സമ്മാനിക്കുന്നു.  പ്രണയതിന്റെ നറു  നിലാവില്‍ പൂത്ത
 ഗുല്‍മോഹര്‍ മരങ്ങളും ,
 സൌഹൃദത്തിന്റെ കടക്കണ്ണുകള്‍ കോര്‍ത്ത
കല്‍പടവുകളും,
വിദ്വേഷത്തിന്റെ   സ്ഫോടനങ്ങളില്‍  പുക നിറഞ്ഞ
 മനസുകളും  ,
സമരത്തിന്‍റെ സുനാമിയില്‍ ഒലിച്ചുപോയ ക്ലാസ്സ്‌ മുറികളും 
വിടവാങ്ങുന്ന മാര്‍ച്ച്‌.

അവസാന ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ , 
കൂട്ടുകാരിയുടെ കണ്‍ മുനകളില്‍ ഘനീഭവിച്ച  
ജല ബിന്ദുക്കളില്‍ മറച്ചു വച്ച ഇഷ്ടത്തിന്റെ  മഴവില്ലുകള്‍   കണ്ട കൂട്ടുകാരന്‍ ...
റിക്കാര്‍ഡ് ബുക്കില്‍ ഒളിച്ചു വച്ച് അവന്‍ കൊടുത്ത
 അനുരാഗ ചിഹ്നങ്ങള്‍ അവള്‍ കണ്ടിരുന്നോ  ??.


വര്‍ഷങ്ങള്‍  പലതു കഴിഞ്ഞിരിക്കുന്നു...
എങ്കിലും ഓര്‍മ്മത്താളിന്റെ   നടുവില്‍  കാലം
 കോറിയിട്ടിരിക്കുന്ന മഷി  തണ്ടുകളും,  മയില്‍പീലികളും...
 വാഗ്വാദങ്ങള്‍ക്കും വഴക്കുകള്‍ക്കുമോടുവില്‍ ...
വെല്ലു വിളിച്ചവരും വീമ്പു പറഞ്ഞവരും
മടക്കയാത്ര തുടങ്ങി ..  പരസ്പരം വാരി എറിഞ്ഞ ചെളിയും തെറികളും ഒക്കെ 
ചെറു ചിരിയില്‍ ഒതുക്കി കെട്ടി പിടിച്ചു
"വീണ്ടും കാണാം" എന്ന് ചൊല്ലി പിരിഞ്ഞു പോയവര്‍..

മനസ്   കടലാസ്സില്‍ പകര്‍ത്തി എഴുതി    പിടിപ്പിക്കുവാന്‍ 
   ശ്രമിച്ചു പരാജയ പെട്ട    ദിനങ്ങള്‍  , പിറക്കാതെ പോയ പ്രണയ ലേഖനങ്ങള്‍   ..
 കൈ കുടന്നയിലൂടെ ഒഴുകി പോയ കൌമാര നിലാവ്..
കെമിസ്ട്രി ലാബിന്റെ ആളൊഴിഞ്ഞ ഇടനാഴിയില്‍
വിതുമ്പുന്ന നിന്നെചേര്‍ത്ത് നിര്‍ത്തി അവന്‍
നല്‍കിയ മധുര ചുംബനത്തില്‍ "ബ്ലീഡിംഗ് ഹാര്‍ട്ട്‌ "
പോലെ തുടുത്ത  നിന്‍റെ കവിള്‍  തടങ്ങള്‍ ..

   അവസാനം   ഓട്ടോഗ്രാഫിന്റെ  കട്ടി പേപ്പറില്‍ 
 കടമെടുത്ത  വരികളാല്‍യാത്രാ മംഗളം ചൊല്ലി 
പിരിഞ്ഞുപോയവര്‍ ‍  .. 
പിന്നീട്  ജീവിതത്തിന്റെ ദശാ സന്ധികളിലെവിടെയെങ്കിലും ...
ആള്‍ക്കുട്ടത്തിലെ ചെറു ചിരിയായോ,
ഒരു ഫോണ്‍ വിളിയിലെ പരിഭവമായോ,
ക്ഷണ കത്തിലെ വിലാസമായോ,
 ഇല കൊഴിഞ്ഞ മരങ്ങളുടെ തനിയാവര്‍ത്തനം
പോലെയോ,
കുതൂഹല നിര്‍ഭരമായ മനസ്സുമായോ,
 വിഹ്വലതകളിലെ കൈ താങ്ങായോ ,
ഒക്കെ ഒക്കെ ....കണ്ടു മുട്ടിയിട്ടുണ്ടാകാം . തിരിച്ചറിഞ്ഞിട്ടുണ്ടാകാം ..മറിച്ചും


 എന്തിനു  വേണ്ടിയായിരുന്നു ...  
ജയിച്ചും  തോറ്റും തോല്പിച്ചും  ...
അതെ  ഈ  ഓര്‍മകള്‍ക്ക്  വേണ്ടി  മാത്രം  .
 ഇത്  മാത്രമാണ്  സമ്പാദ്യം  ...
പഠിച്ചതെല്ലാം   മറന്നു  കഴിഞ്ഞപ്പോള്‍  അവശേഷിച്ച  
ഈ  ഓര്‍മ്മകള്‍  .. ഇതാണ്  പഠനം  ... 
ജീവിതം കൊണ്ടുള്ള പഠനം ... മറക്കാനും പൊറുക്കാനും വേദനകളില്‍ സഹിക്കാനുമുള്ള    പഠനം..


ഈ  തൂ  വെളിച്ചം  മനസിന്റെ  ഇടനാഴിയില്‍  
തോരണങ്ങള്‍ ചാര്‍ത്തുന്നു   ..
ഈ സൌപര്‍ണിക തീരങ്ങളില്‍ കിനാക്കള്‍
 നെയ്യാത്തവര്‍  ചുരുക്കം ...
സ്മരണകളുടെ  ചെറു തെന്നല്‍ കുളിരണിയിക്കുംപോള്‍ ..
മനസിന്റെ കോണില്‍ ഉറഞ്ഞു പോയ
മാര്‍ച്ചിന്റെ മഞ്ചാടി മണികള്‍ 
തുടച്ചു മിനുക്കാത്തവര്‍ വിരളം ...
 മാര്‍ച്ചേ  നിനക്ക്  നന്ദി ... വീണ്ടും  എത്തിയതിന് ..
ഇപ്പോള്‍ എനിക്ക് മാര്‍ച്ച്‌ മധുരിക്കുന്നതാണ് ...
                                       വീജ്യോട്സ്

                                                                                                             

























2011, മാർച്ച് 17, വ്യാഴാഴ്‌ച

തിരഞ്ഞെടുപ്പ് : കാണാകാഴ്ചകള്‍

             കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാഷ്ട്രീയ മാമാങ്കത്തിന്റെ കേളി കൊട്ട് തുടങ്ങി. ഭരണ പക്ഷവും പ്രതി പക്ഷവും മോഹങ്ങളുടെ ചില്ലുമേടകള്‍ മോടി പിടിപ്പിക്കുന്നു. തുടര്‍ ഭരണത്തിന് ഭരണ പക്ഷവും ഒരു മാറ്റത്തിനു പ്രതിപക്ഷവും ശ്രമം തുടങ്ങി. മൂത്ത നേതാക്കളും മുറ്റിയ നേതാക്കളും  സീറ്റ് ഉറപ്പിക്കാന്‍ ചാണക്യ സൂത്രങ്ങള്‍ ഉരുക്കഴിക്കുന്നു. ഞാന്‍ മത്സരിക്കാനില്ല എന്നും,  പാര്‍ട്ടി പറഞ്ഞാല്‍  മത്സരിക്കും എന്നും പറയുന്നവരുടെ മനോ മുകുരത്തില്‍ മന്ത്രി മന്ദിരങ്ങളുടെ ആകര്‍ഷണവും അധികാരത്തിന്‍റെ ശക്തമായ ചിഹ്നങ്ങളും ലാസ്യ ഭാവങ്ങളുടെ മഴവില്ലുകള്‍ തീര്‍ക്കുന്നുണ്ടായിരിക്കാം....ആദര്‍ശത്തിന്റെ ദന്ത ഗോപുരങ്ങളില്‍ അധികാരത്തിന്റെയും സ്വജന പക്ഷപാതത്തിന്റെയും കരിനിഴലുകള്‍ മാറാല കെട്ടിയിരിക്കുന്നു. വനിതകളും യുവജന നേതാക്കളും മന്ത്രി കളത്രങ്ങളും  സ്ഥാനാര്‍ഥി കുപ്പായം തയ്പിച്ചു കാത്തിരിക്കുന്നു. ജാതിയും മതവും വര്‍ണവും വര്‍ഗ്ഗവും സ്വന്തവും ബന്ധവും അധികാരത്തിലേക്കുള്ള വഴിയിലെ ചവിട്ടുപടികള്‍ പോലെ പ്രവര്‍ത്തിക്കുന്നു.  അധികാരം ഒരു സുഖമാണ്. അനുസരിപ്പിക്കുന്നതിന്റെ സുഖം ...അംഗീകാരത്തിന്റെ സുഖം ....അത് വേണ്ടെന്നു വെക്കാന്‍  അനുഭവിച്ചവനു പെട്ടെന്ന് സാധിക്കില്ല ....അല്ലെങ്കില്‍ ആര്‍ക്കാണ്‌ അധികാരം ഇഷ്ടമല്ലാത്തത്‌ ... ദേവേന്ദ്രന്‍ മുതല്‍ ഡയറക്ടര്‍ വരെയും പഞ്ചായത്ത് മെമ്പര്‍ മുതല്‍ പ്രവാചകര്‍  വരെയും അധികാരം തന്‍റെ വലയില്‍ കുടുക്കിയിട്ടുണ്ടാകാം ...  

     തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സാമുദായിക സംഘടനകളും തങ്ങളുടെ ശക്തി വിളിച്ചറിയിക്കാന്‍ മാര്‍ച്ചും ധര്‍ണയും " വിവിധ യാത്രകളും " പൂര്‍ത്തിയാക്കി. ഈ യാത്രകളില്‍ ശ്രദ്ധിക്കപെട്ട ഒരു സംഗതി " ഫ്ലെക്സ് ബോര്‍ഡുകളിലെ " മുഖങ്ങളായിരുന്നു. കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യക്ഷപെട്ട ഫ്ലെക്സ് ബോര്‍ഡുകളില്‍ ഇടം പിടിച്ച മുഖങ്ങള്‍ ഏതെന്നു അറിയാന്‍ ജനങ്ങള്‍ നന്നേ ബുദ്ധി മുട്ടി. " ഇവനും നേതാവാണോ ?? എന്നാ ചോദ്യം പോലും ചില ഗ്രാമ വാസികള്‍ ചോദിച്ചു. സ്വന്തം കാശിനു ബോര്‍ഡ് അടിക്കുമ്പോള്‍ പ്രധാന നേതാവിന്‍റെ ഒപ്പം തന്‍റെ  പടം കൂടി വലുതായി കാണാന്‍   ആഗ്രഹിക്കാത്തവര്‍  ഉണ്ടോ ?? സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രം കൂടി ആയിരിക്കണം ഈ പരസ്യ പ്രചരണം. കണ്ടതില്‍ ഏറ്റവും വേറിട്ട രീതിയിലുള്ള ഒരു ഫ്ലെക്സ് ബോര്‍ഡ് കണ്ടത് പുനലൂര്‍ നഗരത്തില്‍ ആയിരുന്നു. ഒരു പടു കൂറ്റന്‍ ബോര്‍ഡില്‍ യാത്ര നയിക്കുന്ന നേതാവിന്റെ ചെവിയിലേക്ക് എന്തോ രഹസ്യം പറയുന്ന ഏതോ ഒരു ലോക്കല്‍ നേതാവ്. (എനിക്ക്  തിരിച്ചറിയാന്‍ കഴിഞ്ഞില്ല ) ഈ ബോര്‍ഡ് കണ്ടു കണ്ണ് തള്ളാത്തവര്‍ കുറവ്.  തിരുവനന്തപുരം ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഒരു ഉപകാരം ചെയ്തു. എല്ലാ മുഖങ്ങളുടെ അടിയിലും പേര് എഴുതി വച്ചു. അത് നന്നായി. അധികാരത്തിന്റെ  പടവുകള്‍ കയറാന്‍   എന്തെല്ലാം   അടവുകള്‍   വേണം . 

    ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ചാകര കണ്ടു തുടങ്ങിയിരിക്കുന്നു. പത്രങ്ങള്‍ക്കും  വാര്‍ത്താ   ചാനലുകള്‍ക്കും കൊയ്ത്തു കാലം. വാര്‍ത്തകള്‍ക്കു വേണ്ടി പാഞ്ഞു നടക്കേണ്ട... വാര്‍ത്തകള്‍ അവരെ തേടി എത്തുന്നു. നേതാക്കന്‍ മാരുടെ ഇന്റെര്‍വ്യുയും തിരഞ്ഞെടുപ്പ് പരിപാടികളും സുലഭം.  സാധാരണകാരും ബിസിനിസ്കാരും കൂലിപ്പണിക്കാരും ഒക്കെ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നു. ഇന്ത്യന്‍ പൌരന്‍ എന്ന അവകാശം വിനിയോഗിക്കാന്‍. ഓരോ വോട്ടും ചിലര്‍ക്ക് പ്രതീക്ഷയും ചിലര്‍ക്ക് പ്രതീകാരവും ചിലര്‍ക്ക് സിദ്ധാന്തവും ആകുമ്പോള്‍ മറ്റു ചിലര്‍ക്ക് അത് ആത്മ ഹര്‍ഷം നല്‍കുന്നു. മഹത്തായ ജനാധിപത്യ രാജ്യത്തില്‍ ജീവിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം. തിരഞ്ഞെടുപ്പ് കാലം പിരിവു കാലം കൂടിയാണ്.  എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും ജനാധിപത്യത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്ന തിരിച്ചറിവ്. 

         എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മനപ്രയാസം അനുഭവിക്കുന്ന വിഭാഗമാണ് കേരളത്തിലെ സര്‍കാര്‍ ജീവനക്കാര്‍ . കാരണം മറ്റൊന്നുമല്ല. ഇലെക്ഷന്‍  ഡ്യുട്ടിയെ കുറിച്ചുള്ള  പേടി. ഇലെക്ഷന്‍ ഡ്യുട്ടിയില്‍ നിന്നും ഒഴുവാകുവാന്‍ "മിടുക്കന്മാര്‍" സകല പണികളും പയറ്റുന്നു. റവന്യു വകുപ്പിലൂടെയുള്ള സ്വാധീനം , രാഷ്ട്രീയക്കാര്‍ മുഖേനയുള്ള സ്വാധീനം ( എന്തോ ഈ വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് വലിയ താല്പര്യം ഇല്ല , ) , പിന്നെ മെഡിക്കല്‍ സര്ടിഫിക്കറ്റ്  വച്ചുള്ള  ഊരല്‍ , ഈ പണിയില്‍ നിന്നും മാറാന്‍ തനിക്കു എയിഡ്സ് ഉണ്ടെന്നു പോലും പറയാന്‍ മടികാണിക്കാത്ത ഉദ്യോഗസ്ഥ രത്നങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇലെക്ഷന്‍ ഡ്യുട്ടിയില്‍ നിന്നും ഒഴിവാകാന്‍ ആറ്റുകാല്‍ അമ്മ മുതല്‍ പറശിനികടവ് മുത്തപ്പന്‍ വരെ ഉള്ള  ഈശ്വരന്മാര്‍ക്ക് വഴിപാട്‌ നേരുന്ന സാധാരണ ജീവനക്കാരുമുണ്ട്.  പല കാരണങ്ങളാണ് ഈ പേടിക്ക്‌ ആധാരം. ഇലക്ഷന്റെ തലേ ദിവസം രാവിലെ 7 മണിക്ക് തുടങ്ങുന്ന പണി പിറ്റേന്ന് രാത്രി 9 മണി വരെയെങ്കിലും കാണും. ഫലത്തില്‍  48  മണിക്കൂര്‍. പകുതിയിലധികം പോളിംഗ് ബൂത്തുകളിലും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൌകര്യങ്ങള്‍ പോലുമില്ല. ഒരു ഇലക്ട്രിക്‌ പോസ്റ്റിന്റെ  മറവുന്ടെകില്‍ നഗര മധ്യത്തില്‍ പോലും കണ്ണുമടച്ചു  പെടുക്കുന്നവര്‍ക്കും , തോട്ടരികത്തും കയ്യാല പാത്തിയിലും കുറ്റിക്കാട്ടിലും  "തിരുനൂലിറക്കി" പഠിച്ച പഴയ ഗ്രാമീണര്‍ക്കും ഇതൊരു പ്രശ്നം അല്ലെങ്കിലും ഇന്ന് ഭൂരി ഭാഗത്തിനും ഇതൊരു കീറാ മുട്ടിയാണ്.  എന്നാലും മുട്ടിയാല്‍ തടുക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് വീണിടം പുര്‍ഷന്മാര്‍ വിഷ്ണുലോകം ആക്കും.  പിന്നെ ഭക്ഷണത്തിന്‍റെ കാര്യം ഒരു പ്രശ്നം തന്നെ ആണ്. ഒരു ഗ്ലാസ്‌ ചായ പോലും കിട്ടാത്ത സ്ഥലങ്ങള്‍ ആണ് കൂടുതലും. വെളിയില്‍ നിന്നും വല്ലതും വാങ്ങി കഴിച്ചാല്‍ ചിലപ്പോള്‍ അറുപതു വോട്ടു പെട്ടിയില്‍ വീഴുമ്പോള്‍ പോളിംഗ് ഓഫീസര്‍  ആറു പ്രാവശ്യം വെളിക്കിറങ്ങിയിട്ടുണ്ടാകും.   ഭക്ഷണം ഇല്ലാതെ രണ്ടു പകലും ഒരു രാത്രിയും കഴിച്ചു കൂട്ടാന്‍ ഇത്തിരി പ്രയാസം ആണ്.  പിന്നെ അതാതു സ്ഥലങ്ങളില്‍ ശക്തമായ പാര്‍ട്ടിക്കാരുടെ കാരുണ്യം ഒന്ന് കൊണ്ടാണ് പല ബൂത്തിലെയും ജീവനക്കാര്‍ കഴിഞ്ഞു കൂടുന്നത് . പക്ഷെ ഇത് കാരണം പോളിംഗ് ബൂത്തില്‍ ഇവരുടെ മുഷ്ക് ജീവനക്കാര്‍ സഹിക്കേണ്ടി വരും എന്ന് തീര്‍ച്ച.     രാത്രിയിലെ ഉറക്കം പ്രശ്നം അല്ല. കാരണം ഒരുദിവസം ഉറങ്ങിയില്ല എന്ന് കരുതി ഒരു പ്രശനവും ഉണ്ടാകാന്‍ പോകുന്നില്ല. മാത്രമല്ല അപരിചിതമായ സഹചര്യങ്ങളില്‍,  ഒപ്പിട്ടു വാങ്ങിയിരിക്കുന്ന" ബോംബ്‌" തല കീഴില്‍ ഇരിക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍ കഴിയും. പ്രൈമറി സ്കൂള്‍ എങ്കിലും പോളിംഗ് സ്റ്റേഷന്‍ അയാള്‍ അല്പം ആശ്വാസം. നാട് നിവര്‍ത്താന്‍ ഒരു ബെഞ്ച്‌ എങ്കിലും ഇട്ടും. ചിലപ്പോള്‍ അങ്കന വാടികളും വായന ശാലകളും തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ ആകുമ്പോള്‍ പെരുച്ചാഴിയും, എലിയും , കടിചെന്നിരിക്കും. പട്ടിയും പൂച്ചയും നക്കിയെന്നിരിക്കും.   ഇലെക്ഷന്‍  ജോലിക്ക് പോയി പെരുച്ചാഴി കടിച്ചവരും , ഡങ്കി പനി പിടിച്ചവരും , പ്രണയ പനി പിടിച്ചവരുമൊക്കെ ധാരാളം ഉണ്ട്. എന്നാല്‍ ഇതൊന്നുമല്ല ഭയത്തിന്റെ മൂല കാരണം. അത് അക്രമമാണ്. നിര്‍ഭയമായി ജോലി ചെയ്യുവാന്‍ അല്പം പ്രയാസം ഉള്ള മേഖലയാണ്. ഇതില്‍ ഇടതു വലതു വ്യത്യാസം ഇല്ല. എവിടെ ആരു ശക്തരാണോ അവിടെ അവര്‍ നിയമങ്ങള്‍ നിശ്ചയിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പോളിംഗ് ഓഫീസര്‍ ആയിരുന്ന വനിതയുടെ കരണത്തടിച്ച സംഭവം ഇത്തരുണത്തില്‍ ഓര്‍ത്തെടുക്കാം. 

    എന്നിരുന്നാലും നമ്മള്‍ ഒന്ന് ഓര്‍ക്കണം. നാലു വര്‍ഷവും മുന്നുറ്റി അറുപത്തി മൂന്ന് ദിവസം അനുഭവിക്കുന്ന സുഖത്തിനു വേണ്ടി  രണ്ടു ദിവസം  നല്‍കുന്നതില്‍ വിഷമിക്കരുത്. നമ്മുടെ സ്വാതന്ത്ര്യം അത് നില നിര്‍ത്താന്‍ ജനാധിപത്യം ആവശ്യമാണ്. നമ്മുടെ ഓരോ വ്യക്തിയുടെയും കടമ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ്. ഈ കര്‍മത്തില്‍ നേരിട്ട് ഭാഗഭക്കാകുവാന്‍ സര്‍കാര്‍ ജീവനകാരന് ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച അറിയപെടാത്ത എത്രയോ ധീര ദേശാഭിമാനികള്‍ ഉണ്ട്. പദവിയും അധികാരവും അംഗീകാരവും സ്വപ്നം കാണാത്ത ഭാരതാംബയുടെ ധീര പുത്രന്മാര്‍. ഇന്ത്യകാര്‍ക്ക് വേണ്ടി കല്‍ തുറങ്കില്‍ ജീവിതം ഹോമിച്ച വിപ്ലവകാരികളെ കുറിച്ചോര്‍ക്കുമ്പോള്‍ ഈ രണ്ടു ദിവസത്തെ കഷ്ടപാട് നിസ്സാരമല്ലേ... ഇനി ലോകത്തിലേക്ക്‌ കണ്ണുകള്‍ തുറന്നു പിടിക്കുമ്പോള്‍ ഈജിപ്തിലും യമനിലും ലിബിയയിലും ചൈനയിലും കൊട്ടിയടക്കപെട്ട ജനാധിപത്യത്തിന്റെ , കൂച്ച് വിലങ്ങിട്ട സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ ആണ് കാണുന്നത്. തീ തുപ്പുന്ന യന്ത്ര തോക്കുകള്‍ക്ക് മുന്‍പില്‍ പിടഞ്ഞു വീഴുന്ന നിസ്സഹായരായ മനുഷ്യരെ ഓര്‍ക്കുമ്പോള്‍ നമ്മളുടെ വേവലാതികള്‍ അടിസ്ഥാനമുള്ളതാണോ ?? മുല്ല പൂക്കളെ ഭയക്കുന്ന ഭരണാധികാരികളെ നമ്മള്‍ കണ്ടു കഴിഞ്ഞു...  വോട്ടവകാശം കാറ്റില്‍ പറത്തിയ ഭരണകൂടത്തിനെതിരെ , രയിസീന കുന്നിലും, ഇന്ത്യ ഗേറ്റിലും, ചുവപ്പ് കോട്ടയിലും   സ്വാതന്ത്ര്യ മോഹികളായ ഇന്ത്യക്കാര്‍ തമ്പടിക്കുന്നതും ഇത്തിരി ജനധിപത്യത്തിന് വേണ്ടി യാചിക്കുന്നതും ലൂട്ടിന്സിന്റെ ചെങ്കല്‍ നഗരം നിരപരാധികളുടെ നിണം വീണു ചുവക്കുന്നതും  അസത്യവും അസംഭാവ്യവുമായ  ഭ്രാന്തന്‍ പേക്കിനാക്കളിലെ അപക്വമായ  ജല്പനങ്ങള്‍ മാത്രമാകാന്‍  നമ്മുടെ കടമ സന്തോഷത്തോടെ  നിര്‍വഹിക്കാം.    ഈ തിരഞ്ഞെടുപ്പില്‍ പങ്കാളിയാകാം .. ഒരു വോട്ടര്‍ ആയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായും ...    ഇത് ഇന്ത്യക്കാരന്റെ മാത്രം സൌഭാഗ്യമാണ്. ജയ് ഹിന്ദ്‌.

   
                                                                                                         വീജ്യോട്സ് 
       

2011, മാർച്ച് 10, വ്യാഴാഴ്‌ച

സാക്ഷര കേരളം : ഒരു ഫോട്ടോയും പത്തു രൂപയും ...

 ശനിയാഴ്ച  വൈകിട്ട് റേഷന്‍ കടയില്‍ ചെന്നപ്പോള്‍  വലിയ തിരക്ക്. പൊതുവേ ശനിയാഴ്ചകളില്‍ വൈകുന്നേരം കംപോളത്തില്‍ വലിയ തിരക്കാണ്. അണ്ടി ആപ്പീസിലും തോട്ടത്തിലുമൊക്കെ ശമ്പളം കിട്ടുന്ന ദിവസമാണ് ശനി. ഒരു ആഴ്ചയ്ക്കുള്ള അരിയും , മണ്ണെണ്ണയും , പല വ്യഞ്ജനവും വാങ്ങി മടങ്ങാന്‍ തിരക്ക് കൂടുന്ന എന്റെ നാട്ടുകാര്‍. കാപ്പി കടയിലെ പറ്റു തീര്‍ക്കുന്ന ഗോപാലനും വാസുപിള്ളയും  , കുഞ്ഞു കുഞ്ഞിന്റെ കടയില്‍  നിന്നും പച്ചക്കറി വാങ്ങുന്ന ഭവാനിയും പൊടിച്ചിയും പിന്നെ മറ്റു ചിലരും , രാഘവന്‍ മുതലാളിയുടെ ഏറുമാടത്തില്‍ നിന്നും അരിഷ്ടവും സിഞ്ചി ബെറീസും അടിച്ചു  കപ്പലണ്ടി ചവച്ചു മുഖവും തുടച്ചു കള്ള ചിരി ചിരിച്ചു വരുന്ന "അഞ്ചു കുഞ്ഞു കേശവന്‍ " , നെല്ല് കുത്ത് മില്ലിന്റെ വരാന്തയില്‍ ശാന്തമ്മ  യോട് സോള്ളി തകര്‍ക്കുന്ന ഓട്ടോക്കാരന്‍ മുരുകന്‍, കുഞ്ഞു കോശി അച്ചായന്റെ റബ്ബര്‍ കടയുടെ തിണ്ണയില്‍  തിരഞ്ഞെടുപ്പ് ഗ്വോഗ്വാ  മുഴക്കുന്ന ബാബുകുട്ടനും വേണുവും , ഇവരുടെ ഗീര്‍വാണങ്ങള്‍ക്ക് ഉശിരോടെ മറുപടി നല്‍കുന്ന പീതാംബരന്‍ പിള്ളയെന്ന പഴയ സഖാവ്. ശെല്‍വ രാജിന്റെ ബാര്‍ബര്‍ ഷോപിനു മുന്‍പില്‍ 50   രൂപ ഒട്ടിക്കാന്‍ (ഷെയര്‍ ഇട്ടു കുപ്പി എടുക്കുന്നത് ) നാലാമനെ മൊബൈലില്‍ വിളിച്ചു  നില്‍ക്കുന്ന സജി, കൂടെ   വിനോദും , ഗോപനും. പറക്കോടി ഉമ്മയുടെ മീന്‍ കൊട്ടയ്ക്കരികില്‍ മണത്തു നില്‍ക്കുന്ന നാലഞ്ച് പേര്‍.    ഇതൊക്കെ സ്ഥിരം കാഴ്ചകള്‍ ആയിരുന്നുവെങ്കിലും ഓരോ കാഴ്ചയ്ക്കും നഷ്ടമാകുന്ന  ഗ്രാമതനിമയുടെ ലാളിത്യം ഉണ്ടായിരുന്നു. റേഷന്‍ കടയുടെ തിണ്ണ കവിഞ്ഞു പുറത്തേക്കു ആള്‍കാര്‍ ഇറങ്ങി നിന്ന്. കൂടുതലും ജോലി കഴിഞ്ഞു വന്ന പെണ്ണുങ്ങള്‍ ആയിരുന്നു. വിയര്‍പ്പിന്റെയും കശുവണ്ടി കറയുടെയും റബ്ബര്‍ പാലിന്റെയും മണ്ണെണ്ണയുടെയും  മത്തു പിടിപ്പിക്കുന്ന മിശ്ര  ഗന്ധം അവിടെയെല്ലാം തങ്ങി നിന്നു. പകുതിയിലേറെ സ്ത്രീകളും വൃദ്ധകളും പ്രാരാബ്ധ കാരും ആയിരുന്നു. എന്നാല്‍ സുഭദ്രയും വിമലയും  ,  ബിന്ദുവും   , അങ്ങനെയായിരുന്നില്ല . മാദക  തിടമ്പുകള്‍ ആയിരുന്നു. സുഭദ്ര ഒരു പഴയ സര്‍വീസ് പ്രോവ്യ്ടെര്‍ ആണ്. ബിന്ദുവും വിമലയും ചുരിദാര്‍ ഇടുന്ന ആപ്പീസ് പെണ്ണുങ്ങള്‍.  അതുകൊണ്ട് തന്നെ പ്രായ ഭേദമന്യേ സ്ഥലത്തെ  ഞരമ്പുകള്‍ റേഷന്‍ കടയ്ക്കു ചുറ്റും തമ്പടിച്ചു. കടയുടെ തിണ്ണയില്‍ വച്ചിരുന്ന മണ്ണെണ്ണ വീപ്പയില്‍ ചാരി  റോഡിലോട്ടു തിരിഞ്ഞു നില്‍ക്കുന്ന പയ്ങ്കിളി രാമന്‍ നായര്‍ എന്തോ ആലോചനയിലാണ്. പാവം അയാളുടെ നീളമുള്ള കൈയിലെ ഉണക്ക മീന്‍ പോലത്തെ വിരലുകള്‍  വീപ്പയുടെ മറുഭാഗത്ത്‌ ചാരി  കടയ്കുള്ളിലേക്ക് നോക്കി നില്‍ക്കുന്ന സുലോചന ചേച്ചിയുടെ ചന്തി ഭാഗത്തേക്ക്‌ ഇഴയുന്നത്‌ കണ്ടു. . രാമന്‍ നായര്‍ക്ക്‌ വയസു 65  കഴിഞ്ഞു. എന്നാലും നോക്കണേ... സുലോചന ചേച്ചി ഒരു ഓള്‍ഡ്‌ ഹിറ്റ്‌ പടം ആണെങ്കിലും വേണമെങ്കില്‍  "സി ക്ലാസ്സ്‌കൊട്ടകയില്‍ ഒന്ന് രണ്ടു ഷോ നടത്താം എന്ന് അനുമാനിക്കുന്നവരും ഉണ്ട്.       റേഷന്‍ കട മുതലാളി മാതു പിള്ളയാണ്. സഹായി പൊടിയനും.ഞങ്ങളുടെ അന്ന ദാദാവ് .  പൊടിയന്‍ തൂക്കും, മുതലാളി കണക്കെഴുത്തും . കാശു വാങ്ങും..  പെട്ടെന്ന് മുതലാളി പുറത്തു വന്നു.  വലിയ കറുത്ത ഫ്രെയിമുള്ള സോഡാ ഗ്ലാസ്സിന്റെ ഇടയില്‍ കൂടി പടയണി കോലത്തിന്റെ നെഞ്ചാരം പോലെ കൂമ്പിചിരിക്കുന്ന    സുഭദ്രയുടെ  നെഞ്ചിലേക്ക് കുറുക്കനെ പോലെ ഒളിഞ്ഞു  നോക്കിയിട്ട്  ഉറക്കെ  ചോദിച്ചു " ഫോട്ടോ ഉണ്ടോ " കട വായിലൂടെ ഒഴുകുന്ന മുറുക്കാന്‍ മേല്‍ച്ചുണ്ടും നാക്കും ഉപയോഗിച്ച് നക്കി തോര്‍ത്തി ചിറി വക്രിച്ചു    മുതലാളി തന്നെ പറഞ്ഞു. ഇല്ലെങ്കില്‍ എല്ലാരും കൊണ്ട് വരണം. എന്തിനാണ് ഫോട്ടോ എന്ന്  ആരോ ചോദിച്ചപ്പോള്‍ "എ പി എല്‍ കാര്‍ക്കും രണ്ടു രൂപയാക്കു അരി കിട്ടുമെന്ന് ". ബി പി എല്‍  " കാര്‍ക്ക് കൂടുതല്‍ കിട്ടും " " ഇത് എ പി എല്ലിനും ബി പി എല്ലിനും ഒരുപോലെ യുള്ളതാ " " ഇലക്ഷന്‍ ആയതുകൊണ്ട് നാളെ തന്നെ ഫോട്ടോ തരണം " ഇല്ലെങ്കില്‍ "എന്ന് പറഞ്ഞു ചൂണ്ടു വിരല്‍ വായിക്കുള്ളിലെക്കാക്കി ഒരു പ്രത്യേക ചേഷ്ട കാട്ടി മുറുക്കി തുപ്പി മുതലാളി അകത്തു പോയി. " പൊടിയന്‍ മണ്ണെണ്ണ അളക്കാന്‍ പുറത്തു വന്നു. വലിയ നീണ്ട കുഴല്‍ വീപ്പയ്കുള്ളിലേക്ക് താഴ്ത്തി കുത്തിയിരുന്ന് കുഴലിന്റെ മറ്റേ അഗ്രം വയിക്കുള്ളിലേക്ക് ആക്കി  അഞ്ചു വലിച്ചു. കുടു കുടാ ഒഴുകിയ നീല മണ്ണെണ്ണ മറ്റൊരു പട്ടയിലേക്ക് പകര്‍ന്നു ചോര്‍പ്പിലൂടെ ഒഴിച്ച് കൊടുത്തു. പൊടിയന്‍ അകത്തേക്ക് കേറിയപ്പോള്‍ കൂട്ടത്തില്‍ നിന്നുരുന്ന വിമലയെ പുറം കൈ കൊണ്ട് അറിയാത്ത ഭാവത്തില്‍ ഒന്നമര്‍ത്തി. നീരസം പുറത്തു കാണിക്കാതെ വിമല മാറി. പൊടിയനല്ലേ, തൂക്കുമ്പോള്‍ അവന്‍ അഡ്ജസ്റ്റ് ചെയ്യും. അതിനാല്‍ അവന്റെ ഇത്തരം കഴമ്പില്ലാത്ത പ്രയോഗങ്ങളെ ആരും ഗൌനിചിരുന്നില്ല. " അമ്മിണിയും വാസുവും ഗോപാലന്‍ നായരും ചിരുതയും നാണുവുമൊക്കെ ഫോട്ടോ എടുത്തു കഴിഞ്ഞിരുന്നു. മെമ്പര്‍ ഭാര്‍ഗവന്‍ വിവരം അവരോടു നേരത്തെ പറഞ്ഞിരുന്നു. " അവനു ഞാനും കുത്തി ഒണ്ടാക്കി കൊടുത്തതാ... ആ ചെറ്റ എന്നോട് പറഞ്ഞില്ല ," ലളിത പരാതി പറഞ്ഞു. " നമ്മളോട് എന്തിനാ ഇച്ചായി പറയുന്നത് , നമ്മക്ക് ആടാനും കൊഴയാനും വല്ലോം അറിയാമോ ?? തങ്കമണി പിന്താങ്ങി. " കൊണ്ട് പോയി  ചന്തി പോളക്കെ തിന്നെട്ടെടി അവളുമാര്‍  ,, എന്നാലും നീ നോക്കണേ അറിഞ്ഞിട്ടോന്നു പറഞ്ഞോ ?? അമ്മിണിയെ   നോക്കി  കോങ്കണ്ണി ശ്യാമളയുടെ വക ബോമ്പ്. "  " പ്ഫാ , മിണ്ടാതിരിയെടി അവരാധികളെ, തോന്ന്യാസം പറയുന്നോ?? അമ്മിണി വട്ടിയുമെടുത്തു പുറകില്‍ നിന്നും ചാടി. ഒരു അടിയുടെ സകല മസാലകളും മണക്കുണ്ടയിരുന്നു. പെട്ടെന്ന് മാതു മുതലാളി ഇടപെട്ടു. " റേഷന്‍ കടെ വന്ന മര്യാദ വേണം. മിണ്ടി പോകരുത്  ഒരുത്തി " എല്ലാരും നിശബ്ദരായി . വീണ്ടും കച്ചവടം തുടങ്ങി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബഹുജന മാര്‍ച്ചിനു അണിചേരാന്‍ ആവശ്യപെട്ടുള്ള   അറിയിപ്പ്  മൈക്കിലൂടെ മുഴക്കി ഒരു വാഹനം കടന്നുപോയി. " വീണ്ടുമെത്തുന്ന നിശബ്ദതയെ  ഭഞ്ജിച്ചു കൊണ്ട് " കൊച്ചാട്ടാ,  ആ കൈ ഒന്ന് മാറ്റിയേ, " കൊത്തി കൊത്തി മുറത്തി കേറി തപ്പുന്നോ ?? സുലോചന ചേച്ചിയുടെ വായ്ത്താരി മുഴങ്ങി. " വടി തോളേല്‍ ആയല്ലോ , എന്നിട്ടും കെളവന്റെ വേല  കണ്ടില്ലേ ? എഴുനേറ്റു നില്ക്കാന്‍ ജീവനില്ല "  ഒന്നും അറിയാത്തവനെ പോലെ രാമന്‍ നായര്‍ പുറത്തിറങ്ങി. " അടിച്ചു കരണം പൊളിക്കണം  ഇവന്റെ ഒക്കെ " ഇത് കേട്ടപ്പോള്‍ റോഡിലിറങ്ങി രാമന്‍ നായര്‍ തിരിഞ്ഞു നിന്നു. " ഉം ഉം നീ കുറെ പൊളിക്കും പോടീ പുല്ലേ " രാമന്‍ നായര്‍ പറഞ്ഞു. രാഘവന്‍ മുതലാളിയുടെ ഏറുമാടത്തിലേക്ക്‌ നടന്നു നീങ്ങുമ്പോള്‍ രാമന്‍ നായര്‍ സുലോചാനയോടു  പറഞ്ഞു " കൊട്ട തെങ്ങയ്കാ മോളെ പാല് കൂടുതല്‍ " ഇതിനിടയില്‍ ഞാന്‍ വീട്ടില്‍ പോയി ഒരു ഫോട്ടോ  കൊണ്ടുവന്നു.  നക്കാ പിച്ച കിട്ടുന്ന സര്‍കാര്‍ ജോലി കാരന്‍ ആയതുകൊണ്ട് ഞാന്‍    എ പി എല്ലുകാരന്‍ ആയിപോയി. ഇനി പേടിക്കേണ്ട എനിക്കും അരി കിട്ടും . അപ്പോള്‍ മാതു മുതലാളി ഒരു ഫാറം കാട്ടി അതില്‍ ഒപ്പിടാനും ഫോട്ടോ ഒട്ടിക്കാനും പറഞ്ഞു. " പിന്നെ ഒരു പത്തു രൂപയും തരണം " " എന്തിനാണു പത്തു രൂപ " സ്വതവേ പിശുക്കനായ ഞാന്‍ ചോദിച്ചു. എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളത്തില്‍ കുടുംബം പുലര്‍ത്തുന്ന പാവപെട്ടവന്‍ പിശുക്കനായില്ലെന്കിലെ അല്ഭുതപെടാനുള്ളൂ... " സ്വന്തം വീടിനു തീ പിടിച്ചാല്‍ ഫയര്‍ ഫോര്‍സിന് മിസ്സ്‌ കാള്‍ അടിക്കേണ്ട അവസ്ഥ " ഉണ്ട കണ്ണുകള്‍ കണ്ണാടി കീഴിലൂടെ പുറത്തിട്ടു മാതു മുതലാളി നീരസത്തോടെ പറഞ്ഞു    " ഓ ഇതൊക്കെ പൂരിപ്പിക്കേണ്ടേ ?, വെറുതെ പറ്റുമോ ? " എന്ത് പൂരിപ്പിക്കാന്‍ ? ആ ഫാറം ഞാന്‍ വാങ്ങി നോക്കി . അതില്‍ ആകെ പേരും റേഷന്‍ കാര്‍ഡ്‌ നമ്പരും എഴുതിയാല്‍ മതി. " ഇതിനു പത്തു രൂപ ഞാന്‍ തരില്ല " ഫാറം വാങ്ങി ഞാന്‍ തന്നെ പൂരിപ്പിച്ചു കൊടുത്തു. അപ്പോള്‍ അവിടെ കൂടി നിന്നവര്‍ പലരും ഇത് ആവര്‍ത്തിച്ചു. രണ്ടു വരി എഴുതുന്നതിനു പത്തു രൂപ പോലും . അതും 1991  ഏപ്രില്‍ മാസം 18   നു ശ്രീമതി ചെലക്കാടന്‍ ഐഷ സമ്പൂര്‍ണ സാക്ഷരമെന്നു പ്രഖ്യാപിച്ച കേരള നാട്ടില്‍. 

         കേരളത്തിലെ സര്‍കാര്‍ ഓഫീസുകളുടെ പുറത്തു അപേക്ഷ എഴുതുവാന്‍ ഇരിക്കുന്ന പല മാന്യന്‍ മാരും സാധാരണകാരെ പിഴിയുകയാണ്. കേവലം നാലു വരി എഴുതിയാല്‍ ഇരുപത്തിയഞ്ച് രൂപ ഇവര്‍ ഈടാക്കുന്നു. താലൂകാഫീസിലും വില്ലേജ് ഓഫീസിലും തുടങ്ങി പഞ്ചായത്തിലും സപപ്ലെ ഓഫീസിലും ഇവരുണ്ട്. ഇതിന്റെ അര്‍ഥം ഇവര്‍ അപേക്ഷ എഴുതി ജീവിക്കേണ്ട എന്നല്ല. കൂലിപ്പണിക്കാരായ സാധാരണ ജനങ്ങളെ ഇവര്‍ അമിതമായി ചൂഷണം ചെയ്യുന്നു.  ഈ പകല്‍ കൊള്ളയെ തടയുവാനാണ് സര്‍കാര്‍ പല സ്ഥാപനങ്ങളിലും ഫ്രെണ്ട് ഓഫീസ് സംവിധാനം കൊണ്ട് വന്നത്. പക്ഷെ അതൊന്നും പ്രവര്‍തികമായില്ല. 
ഒരു പാര്‍ട്ടിയും സന്നദ്ധ സംഘടനയും ഈ വിഷയം ഏറ്റെടുക്കില്ല .. ഇതെല്ലം അത്താഴ പട്ടിണിക്കാരന്റെ പ്രശ്നമല്ലേ ???/

     തുണ്ട് :- പ്രതിപക്ഷം പരാതി നല്‍കിയ കാരണം ഇലെക്ഷന്‍ കമ്മീഷന്‍ രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പരിപാടിക്ക് തടയിട്ടു. എന്റെ ഒരു ഫോട്ടോ പോയത് മിച്ചം ... ചിലര്‍ക്ക് ഫോട്ടോയും പത്തു രൂപയും ... 

                                                                                                       വീജ്യോട്സ് 
     

2011, മാർച്ച് 5, ശനിയാഴ്‌ച

ഓര്‍മ്മകള്‍ - നൊമ്പരങ്ങള്‍

തിരക്കൊഴിഞ്ഞ ഞായറാഴ്ച്ചയുടെ പകുതി പകല്‍ കടന്നുപോയപ്പോള്‍ ഞാന്‍ ബസ്സിറങ്ങി . ഉച്ചയ്ക്കടിച്ച രണ്ടു പെഗ് നാലിന്‍റെ കിനാവ് കാട്ടിയപ്പോള്‍ വിഷാദത്തിന്‍റെ കരിവാവുകള്‍ വിസ്മയങ്ങള്‍ക്ക് വഴിമാറി. മഴയില്‍ തകര്‍ന്ന വെട്ടുവഴിയിലെ ചെളികുണ്ടുകളില്‍ തപ്പി തടഞ്ഞ് , കാട്ടു കല്ലിന്‍റെ പടികള്‍ ചവുട്ടി ഞാന്‍ മുറ്റത്തേക്ക് കയറി."തിന്നെടാ ചോറ് " എന്‍റെ നല്ല പകുതിയുടെ അലര്‍ച്ച കേട്ടപ്പോള്‍ എന്‍റെ നല്ല ജീവന്‍ പമ്പ കടന്നു. ഫിറ്റ്‌ ആയവന്‍ പുളി കുടിച്ച അവസ്ഥ . മുരടനക്കം കേട്ടപ്പോള്‍ എന്‍റെ രണ്ടു മക്കളും ഓടി വന്നു . ഊണ് കഴിപ്പിക്കാനുള്ള പടയൊരുക്കം " അച്ഛനിന്നും ഫിറ്റാണ്," എന്‍റെ കുഞ്ഞു മകന്‍റെ വായ്താരിയുടെ പൊരുള്‍ എനിക്ക് മനസിലായില്ല. എന്‍റെ രണ്ട്‌ മക്കളും എന്നെ കെട്ടിപിടിച്ചു ." അച്ഛാ ഞങ്ങള്‍ക്ക് ചോറ് വേണ്ടാ ചീട്ടൂസ് മതി ' " ചോറ് ഉണ്ണാം എങ്കില്‍ അച്ഛന്‍ ചീടൂസ് തരാം " " പിള്ളേരെ നിങ്ങള്‍ ആണ് വഷളാക്കുന്നത് " പിള്ളാരുടെ തള്ള യുദ്ധ സന്നാഹം കൂട്ടിയപ്പോള്‍ പറഞ്ഞത് കള്ളം ആണെങ്ങില്‍ കൂടി ഞാന്‍ പിന്‍വലിഞ്ഞു . എങ്കിലും വാല്സല്യത്തിന്റെ നീരുരവയില്‍ മദ്യത്തിന്‍റെ മേമ്പൊടി ചേര്‍ന്നപ്പോള്‍ ഞാനും എന്‍റെ സങ്കല്പങ്ങളെ വര്‍ണാഭാമാക്കി . ചീടുസും, ഐസ് ക്രീമും, കിന്ടെര്‍ജോയിയും അന്യമായിരുന്ന ബാല്യത്തിന്റെ നിറകൂട്ടുകളില്‍ നിറഞ്ഞു നിന്ന ബോണ്ടായും, ഗ്യാസുമുട്ടായിയും , കോലൈസും എന്നെ പിറകോട്ടു വലിച്ചു. ലഹരി വീണ മീട്ടുന്ന സ്മരണകള്‍ മൂന്നര പതിറ്റാണ്ട്‌ പുറകോട്ട് പായുകയാണ് . അശ്വ ഹൃദയത്തിന്‍റെ പൊരുളറിയാത്ത നേര്‍ ബുദ്ധി പരിഭ്രമിചിരിക്കാം....

കാലത്തിന്‍റെ കാമനകള്‍ പൊഴിച്ച പരാഗ രേണുക്കള്‍ എന്നില്‍ സൃഷ്‌ടിച്ച പുതുമയുടെ കിന്നരിപ്പുകളില്‍ വാവലുകളെ പോലെ തൂങ്ങി കിടക്കുന്ന ഓജ്ജസ്സുള്ള ഓര്‍മകള്‍ക്ക് ഏക സാക്ഷിയായ ആ പടുവൃദ്ധന്‍ ആഞ്ഞിലി മരം മൊഴി നല്കാന്‍ കൂട്ടാക്കാതെ നിരാസത്തിന്റെ പ്രതിരൂപമായപ്പോള്‍ , സ്വന്തം പുത്രിയുടെ മാംസം ഭക്ഷിച്ച വേട്ടനായിക്കനുകൂലമായി തെളിവേകാന്‍ പ്രേരിപ്പിക്കപ്പെട്ട പെറ്റമ്മയുടെ ധര്‍മസങ്കടത്തിന്‍റെ അഗോചരമായ പരിചേദം എനിക്കന്യമായില്ല.

സിമിന്ട്‌ കാടുകളില്‍ പെയ്ത വാഹന പെരുമഴ നനയാതെ ഓര്‍മയുടെ നിഴലുകള്‍ തേടി ഞാന്‍ പാഞ്ഞു . സര്‍പ്പ കാവുകളും പുല്ലാഞ്ഞി പൊന്തകളും വെട്ടുവഴികളും കുശുമ്പും കുന്നായ്മയും ഇണ ചേര്‍ന്നൊഴുകുന്ന എന്‍റെ നാട്ടിലേക്ക് ... പഴയ ഗ്രാമത്തിലേക്ക് .....മകര മഞ്ഞിന്‍റെ കാമനകള്‍ കെട്ടടങ്ങാത്ത പ്രഭാതത്തില്‍ ശീഖ്ര സ്ഖലനത്തില്‍ ഇളഭ്യനായ ഭര്‍ത്താവിന്‍റെ നിഴല്‍ പോലെ സുര്യന്‍ നിഷ്പ്രഭനായിരുന്നു. എങ്കിലും പെയ്യാനിരിക്കുന്ന അരുണ കിരണങ്ങളുടെ ശക്തിയെ സ്വപ്നം കണ്ട് തുള വീണ ശംഖു മാര്‍ക്ക്‌ കൈലിയില്‍ സ്വദേഹം മറച്ച് കൂനി കൂടിയിരിക്കുന്ന ചെറു കുഞ്ഞിനെ ഞാനോര്‍ക്കുന്നു. കരപ്പന്‍ പിടിച്ച ശരീരത്തിലെ പൊറ്റകള്‍ ചൊറിന്ജിറക്കി വെയില് കായുവാനിരിക്കുന്ന പ്രതിമാ രൂപത്തിന്‍റെ പുറത്തു കാണുവാന്‍ കഴിയുന്ന കുഴിഞ്ഞു താണ കണ്ണുകളില്‍ എന്‍റെ ബാല്യത്തിന്‍റെ നേര്‍കാഴ്ചകള്‍ വിഷാദഭരിതങ്ങളായ സ്വപ്നങ്ങളില്‍ പടര്‍ന്നു കയറുന്ന രാക്കോലങ്ങളായി. സൂര്യന്‍ തന്‍റെ മഞ്ഞു കമ്പളത്തില്‍ നിന്നും ആലസ്യത്തോട് പുറത്തു വന്നു. എന്‍റെ ഓല മേഞ്ഞ വീടിന്‍റെ ചിതല്‍ തിന്ന വാരിക്കുള്ളിലൂടെ അകത്തു കടന്ന സൂര്യ രശ്മികളുടെ ഗര്‍വിലേക്ക് അടുപ്പില്‍ നിന്നുയര്‍ന്ന അണ്ടിതോടിന്‍റെ പുക പടര്‍ന്നു കയറി. അപ്സരസുകളെ ചുറ്റി പിണയുന്ന നാടോടികളുടെ സംഘ നൃത്തം പോലെ .... രാവിലെ കാപ്പി കുടി, പലഹാരം ഇതൊക്കെ ഓണത്തിന് മാത്രം പതിവുള്ള കാര്യങ്ങളായിരുന്നു ഞങ്ങള്‍ക്ക് ... എന്‍റെ നാട്ടിലെ മിക്കവാറും എല്ലാ വീട്ടുകാര്‍ക്കും ... പഴം ചീനിയോ, ചക്കയോ , ഏറിയാല്‍ ഇത്തിരി പഴം കഞ്ഞിയോ ഇത് കൊണ്ടെല്ലാം ഞങ്ങള്‍ സന്തുഷ്ടരായിരുന്നു. എന്നാല്‍ ഭാഗ്യം അനുകൂലിച്ചാല്‍ അച്ഛന് പണി കിട്ടിയാല്‍ ചിലപ്പോള്‍ കാപ്പികടയില്‍ നിന്നും എന്തെങ്കിലും വാങ്ങി തരുമായിരുന്നു. അത് അത്യപൂര്‍വ്വവും ആഹ്ലാദ ദായകവും ആയിരുന്നു.

" കൊളുത്ത്" എന്ന് വിളിച്ചിരുന്ന ദാമോദരന്‍ നായരുടെ കാപ്പി കട നാടിന്‍റെ ജീവ രേഖ ആയിരുന്നു. നാട്ടുവര്‍ത്തമാനങ്ങള്‍ , കൊച്ചു വര്‍ത്തമാനങ്ങള്‍ , രാഷ്ട്രിയ പോര്‍വിളികള്‍ , ഇവയെല്ലാം കടയെ ജീവനുള്ളതാക്കി. ആറടി നീളമുണ്ടയിരുന്നെങ്ങിലും വളഞ്ഞു കുത്തി നില്കുന്നത് കൊണ്ടാണ് ടി യാനെ കൊളുത്ത് എന്ന് വിളിച്ചിരുന്നത്‌. കൈകള്‍ പൊക്കി ചായ കോപ്പ ഉയര്‍ത്തി ചായ അടിച്ചു പതപ്പിക്കുംപോള്‍ വള്ളിപോലെ വീഴുന്ന ചായ കൊളുത്തില്‍ കെട്ടിയ ഞാണ്‍ പോലെ ആണെന്ന് ദൂര കഴ്ചകാര്‍ പറഞ്ഞിരുന്നു. എന്‍റെ ഓര്‍മയില്‍ ഇന്നും ഉള്ളത് അവിടുത്തെ " പാലപ്പം " ആണ്. " പെറോട്ട അന്ന് നാട്ടില്‍ എത്തിയിരുന്നില്ല " ഏടാകൂടം പരമു പിള്ളയുടെ "ഭാഷയില്‍ പറഞ്ഞാല്‍ " ചിലന്തി അപ്പം " . നടുവില്‍ മാത്രം അല്പം മാവു കാണാം .പിന്നെ ചിലന്തി വലപോലെ വശങ്ങള്‍. ഒരു അച്ചില്‍ വാര്‍ത്ത‍ പോലെ എല്ലാം. എങ്കിലും ആ അപ്പത്തിനും തേങ്ങ പീര ചമ്മന്തിക്കും ഒരു പ്രത്യേക രുചി ആയിരുന്നു. ഇപ്പോഴും വായ് നിറയുന്നു... ഞാനിന്നും ഓര്‍ക്കുന്നു ആ ദിവസം ... എന്‍റെ വീടിന്‍റെ ചാണകം മെഴുകിയ തറയില്‍ ഞാനിരിക്കുന്നു. ദുര്‍ബലമായ സൂര്യ രശ്മികളില്‍ പഴയ ശംഖു മാര്‍ക്ക്‌ കൈലിയില്‍ പറ്റിയ കരപ്പന്റെ ചോരയും പഴുപ്പും കൂടുതല്‍ എടുപ്പ് കാട്ടി. പ്രശസ്തമായ സര്‍ റിയലിസ്റ്റ് ചിത്രങ്ങളുടെ തനി പകര്‍പ്പുകള്‍ പ്രത്യേക ഭാവ ഭേദങ്ങള്‍ ഇല്ലാതെ എന്‍റെ കൈലി തുണ്ടില്‍ കരപ്പന്‍ പോട്ടയുടെ കിന്നരിപ്പില്‍ വിലസി നിന്നത് അന്ന് ഒരു പക്ഷേ എന്‍റെ കുഞ്ഞു മനസ്സിന് മനസിലായില്ല . അകത്തു പനിപിടിച്ച അച്ഛന്‍റെ പുല്ലു പായിലേക്ക്‌ ചെറ്റ മറയുടെ കവചം തുളച്ചു വട്ടത്തില്‍ വീഴുന്ന സൂര്യ ബിംബങ്ങള്‍ ഞാന്‍ കണ്ടു.


"എനിക്ക് പാലപ്പം വേണം" അച്ഛനോട് ഞാന്‍ പറഞ്ഞു. " എന്‍റെ കൈയില്‍ പൈസ ഇല്ല " പിന്നെ വാങ്ങി തരാം " മറുപടി എന്‍റെ വാശിയേ ഉദ്ദിപിപിച്ചു. കൊച്ചു കുഞ്ഞിന്‍റെ കരച്ചില്‍ എന്ന ബ്രഹ്മാസ്ത്രം ഞാനും പുറത്തെടുത്തു. അച്ഛന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. " ഇന്ന് പറ്റില്ല" . " ചൊറി പിടിച്ച കുഞ്ഞാണ് , അവനെ കരയിപ്പിക്കരുത്‌" അമ്മ ഇടപെട്ടു. " നമുക്ക് കടം വാങ്ങി കൊടുക്കാം " " പറ്റില്ല" അച്ഛന്‍ തീര്‍ത്തു പറഞ്ഞു. അമ്മ എനിക്ക് കഞ്ഞി തന്നു. ഞാന്‍ കുടിച്ചില്ല. എന്‍റെ കരച്ചില്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.അവസാനം കരഞ്ഞു തളര്‍ന്ന എനിക്ക് അമ്മ കഞ്ഞി വെള്ളം തന്നു. വിശപ്പിന്‍റെ കോമരം തകര്‍ത്തു തുടങ്ങിയപ്പോള്‍ ഞാന്‍ കഞ്ഞി വെള്ളം കുടിച്ചു. പിന്നെ കഞ്ഞിയും. ഇല്ലായ്മയുടെ പൊരുള്‍ എന്നെ അറിയിച്ച എന്‍റെ അച്ഛന്‍റെ മഹാ മനസ് ഇന്നെനിക്കു മനസിലാകുന്നു.അനുഭവങ്ങളുടെ ആവനാഴിയിലെ ഒടുങ്ങാത്ത തീഷ്ണമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാനിന്നു ജീവിക്കുന്നു. പ്രശസ്തിയോ കുപ്രശസ്തിയോ ഇല്ലാതെ ആരെയും തോല്‍പിക്കാതെ , ആരോടും തോല്‍ക്കാതെ സൌഹൃദങ്ങളുടെ ചെറുവട്ടങ്ങളില്‍ അഭിരമിച്ചു സന്തോഷത്തോടെ .... എന്‍റെ അച്ഛന്‍ എനിക്ക് നല്‍കിയ ജീവിത പാഠങ്ങള്‍ എന്നെ മുന്നോട്ടു നയിക്കുന്നു. പ്രതിസന്ധികളില്‍ താങ്ങാവുന്നു. ആ ഓര്‍മയ്ക്ക് മുന്നില്‍ ഞാന്‍ നമ്ര ശിരസ്കനാകുന്നു.


വീജ്യോട്സ്   

2011, മാർച്ച് 3, വ്യാഴാഴ്‌ച

മോഹങ്ങള്‍



ഇത് അഴിമതിയുടെ പൂക്കാലം ! ! ! പത്രത്തിലൂടെ പ്രാതലായും ടെലിവിഷനിലൂടെ ഐസ് ക്രീം പതയുന്ന വര്‍ത്തമാനങ്ങള്‍ ആയും  അഴിമതിയുടെ സുനാമികള്‍ നമ്മെ വിഴുങ്ങുവാന്‍ ഒരുങ്ങുന്നു. .. സ്പെക്ട്രത്തില്‍ കാലുകുത്തി ലാവ്‌ലിന്‍ കമ്പ് കൊണ്ടിളക്കിയപ്പോള്‍ ഭാരതമെന്ന പാലാഴിയില്‍ നിന്നും കോമണ്‍ വെല്‍ത്ത് രാക്ഷസനും ആദര്‍ശ സൌധങ്ങളും തുടങ്ങി സര്‍ക്കാര്‍  ജോലി വരെ ഉയര്‍ന്നു വന്നു. അഭിലാഷമുള്ളവരും രാജാക്കന്‍മാരും കലമൊടച്ചവനും കണ്ണില്‍ കണ്ടവനും അവയെല്ലാം സ്വന്തമാക്കി ...ഒടുവില്‍ ആകാശത്തിന്‍റെ അതിര്‍വരമ്പുകള്‍ താണ്ടി ബഹിരാകാശത്തിലേക്കും വര്‍ണ രാജികള്‍ പടര്‍ന്നു കയറുന്ന കഥകള്‍ ...  ഇത് വെറും കഥയാകാം ...ഉന്നതങ്ങളിലെ  കഥ ... പക്ഷേ ശരാശരി ഇന്ത്യാ കാരില്‍ എത്ര പേര്‍ കൈകൂലി കൊടുത്തു കാണും ? എത്ര പേര്‍ വാങ്ങി കാണും ?? കൈക്കൂലി , സ്വജന  പക്ഷപാതം , ക്രമക്കേട്, പാരിതോഷികം ,തിരിമറി, നോക്ക് കൂലി , ചെലവു ചെയ്യല്‍     തുടങ്ങി ഒരുപാടു വിളിപ്പേരുകള്‍ അഴിമതിക്കുണ്ട്. സര്‍കാര്‍ ഉദ്യോഗസ്ഥന് "ടിപ് " കൊടുത്തു എന്ന് മാത്രം ആരും പറഞ്ഞു കേട്ടിട്ടില്ല . അത് ബാറില്‍ മാത്രം കൊടുക്കുന്നതാണല്ലോ ??? " ബംഗാളിലെ വേശ്യകള്‍ക്കിടയില്‍ " ബക്ഷീഷ്" എന്നൊരു പ്രയോഗമുണ്ട്. കസ്റ്റമര്‍ സംതൃപ്തനായാല്‍ നല്‍കുന്ന തുക . " ഒരിക്കലും ബക്ഷീഷ് കൈയില്‍ വാങ്ങുകയില്ല. സന്തോഷത്തോടെ അവരുടെ ബ്രായുടെ ഉള്ളിലേക്ക് വച്ച് കൊടുക്കണം. അപ്പോള്‍ അവള്‍ ആ കൈ  നെഞ്ചോട്‌  അമര്‍ത്തി പിടിച്ചു സ്വപ്നങ്ങള്‍ ചത്ത്‌ പൊങ്ങിയ മിഴിയിണകളില്‍ പ്രാര്‍ത്ഥനയുടെ അദൃശ്യ സങ്കല്‍പ്പങ്ങള്‍  വിരിയിച്ചുകൊണ്ട്‌ പറയും " ഫിര്‍ ആന മേരി ജാന്‍ "    . സോനാ ഗച്ചിയിലെയും ഇസ്ലാമ്പുരിലെയും അതുപോലെ തന്നെ സിലിഗുരിയിലെയും ക്ഹോട്ടികളിലെ പുണ്യ ജന്മങ്ങള്‍ക്ക് "മാലിക്കിന്‍ " അറിയാതെ സ്വന്തമായി കിട്ടുന്ന തുക ...അതൊക്കെ വഴിക്ക് വന്ന ഓര്‍മ്മകള്‍ , വേവലാതികള്‍, അത്  പോകട്ടെ ....  സാധാരണ മലയാളികളില്‍ കൈക്കൂലി നല്കാത്തവര്‍ വിരളമാണ്... പക്ഷേ അഴിമതിയുടെ സാന്ദ്രത കേരളത്തിലെ ഓഫീസുകളില്‍ തുലോം കുറവാണു  ! ! ! ഞെട്ടി പോയി അല്ലെ ?? അതെ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ വളരെ നല്ല കാലാവസ്ഥയാണ്. .. തമിഴ് നാട്ടിലോ ബീഹാറിലോ രാജസ്ഥാനിലോ പോയാല്‍ കാര്യങ്ങള്‍ മനസിലാകും ...
കൈക്കൂലി സന്തോഷടോടെ കൊടുക്കുവാന്‍ നമ്മള്‍ തയ്യാറാണ് . നമ്മുടെ കാര്യം താമസിപ്പിക്കാതെ ചെയ്തുതന്നാല്‍ ... പെട്ടെന്ന് ചെയ്തു തന്നാല്‍ കൂടുതല്‍ സന്തോഷം ... അങ്ങനെ സന്തോഷത്തോടെ നമ്മള്‍ " പണം " കൊടുക്കുന്നു. " ഇതിനെയും ബക്ഷീഷ് എന്ന് വിളിക്കാമോ ? ക്ഷമിച്ചു കള ... ഇനി എന്‍റെ ഒരു കഥ പറയാം ...അഴിമതിയെന്ന മഹാസാഗരത്തിലെ ചെറുമീനുകള്‍ക്ക് തീറ്റ കൊടുത്ത കഥ .. ഞാന്‍ കൊടുത്ത ആദ്യ കൈക്കൂലി ....
       വളരെ പണ്ടൊന്നുമല്ല ഈ കഥ നടന്നത്...  , ഒരു വ്യാഴ വട്ടം മുന്‍പാണ്‌. വളരെ ചെറു പ്രായത്തില്‍ കേരളം വിട്ടു പോകേണ്ടിവന്നതിനാല്‍ പല സന്ദര്‍ഭങ്ങളിലും മലയാള നാടിന്‍റെ " പള്‍സ്"  തിരിച്ചറിയുവാന്‍ സാധിച്ചിരുന്നില്ല . അതിനാല്‍ ഓരോ ലീവ് കാലവും ഓരോ പഠന ക്ലാസ്സുകള്‍ ആയിരുന്നു.  വര്‍ഷത്തില്‍ ഒരിക്കല്‍ അവധിക്കു വരുമ്പോള്‍ നാട്ടുകാരുടെ  കുശലങ്ങളില്‍ പ്രധാനം  " കല്യാണം"  തന്നെ ആയിരുന്നു . " എന്താ കെട്ടാത്തതു " ചോദ്യം കേട്ട് മടുത്ത കാലം . ആഗ്രഹം ഇല്ലാത്തതു കൊണ്ടായിരുന്നില്ല . വയസു 30 കഴിഞ്ഞിരിന്നു. പക്ഷെ കേറി കിടക്കുവാന്‍ കൂരയില്ലാത്തവന്‍ കൂടെ കിടക്കുവാന്‍ പെണ്ണിനെ തിരയുന്നതിലെ ഔചിത്യം എന്നെ പിറകൊട്ടടിച്ചു. അക്കാലത്തു മൊബൈല്‍ ക്യാമറ ഇല്ലായിരുന്നെങ്ങിലും മനുഷ്യ ശക്തിയുടെ വക്ര പ്രവാഹത്തിന് കുറവില്ലായിരുന്നു എന്നറിയുക  . സ്വഭാവ ദൂഷ്യമോ ജാതക ദോഷമോ അല്ല മറിച്ച് വീടില്ലാത് കൊണ്ടാണ് മംഗല്യം താമസിക്കുന്നത് എന്നെനിക്കു ബോധ്യമായി .  ഈ അവസ്ഥയില്‍ എന്‍റെ അടങ്ങാത്ത അഭിനിവേശവും നാട്ടുകാരുടെ ചോദ്യങ്ങളുമാണ്‌  ഒരു വീട്    വയ്ക്കണം  എന്ന ചിന്ത എന്‍റെ  ചെറിയ  മനസിലേക്ക് കോപ്പി ചെയ്യിച്ചത് . ആ പരിപാടിക്ക് മുന്നോടിയായി അന്നും ഇന്നത്തെ പോലെ ലോണ്‍ തന്നെ ആയിരുന്നു  ആശ്രയം. മനുഷ്യ കുലത്തില്‍ ഒരുപക്ഷെ വീട് വയ്ക്കുവാന്‍ വായ്പ എടുക്കാത്തവര്‍ വിരളമായിരിക്കും. അങ്ങനെ ഒരു അവധികാലത്ത് എന്‍റെ മോഹവും പേറി ഞാന്‍ വീട് പണിക്കുള്ള പണം കണ്ടെത്താന്‍ ബാങ്കായ ബാങ്കൊക്കെ കയറി ഇറങ്ങി. " ഇത്രയേറെ ഗുലുമാല് പിടിച്ച പണിയാണ്‌ ഇതെന്ന് അന്ന് എനിക്ക് മനസിലായി. ജാമ്യം , കടപത്രം , ബാദ്ധ്യത. , ലീഗല്‍ ഒപ്പിനിഒന്‍,  കൈവശം , പറ്റു ചിട്ടി (കരചീട്ട് ) ,ഗഗാന്‍ , സ്കെച് , പ്ലാന്‍ ,തുടങ്ങിയ സാങ്കേതിക പദങ്ങള്‍   കേട്ട് ഞാന്‍ ഞെട്ടി. തീര്‍ച്ചയായും ഒരു തുടക്കകാരനെ ഞെട്ടിക്കുവാന്‍ ഈ പദങ്ങള്‍ക്കും അവിടുത്തെ സാറിന്മാര്‍ക്കും കഴിഞ്ഞു. പക്ഷേ എന്‍റെ ഉള്ളിലെ തീവ്ര കാമനകളെ കൈയാമം വയ്ക്കുവാന്‍ ഈ  പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് എന്‍റെ സ്വന്തം എന്ന് അഭിമാനിച്ചിരുന്ന നാഴി മണ്ണിന്റെ ആധാരവും മറ്റു അനസാരികളും പേറി  "ബാദ്ധ്യത.സര്ട്ടിഫിക്കറ്റ് " വാങ്ങുവാന്‍ ഞാന്‍ കടമ്പനാട് രജിസ്ട്രാര്‍ ഓഫീസില്‍ എത്തുന്നത്‌ . വൈദേശിക ആധിപത്യത്തിന്റെ  ഒഴിഞ്ഞു മാറാത്ത ആടയാഭരണങ്ങള്‍ പോലെ മനുഷ്യനെ ഭയപ്പെടുത്തുന്ന കറുത്ത നോട്ടിസ് ബോര്‍ഡിലെ നരച്ച ആജ്ഞകളും,  പൊടിപിടിച്ച ഫയലുകളും , മാറാല പിടിച്ച ഫാനും , തടിച്ച രജിസ്റ്റെരുകളും, അധികാര പ്രമത്തതയുടെ  മുനയൊടിഞ്ഞ ഗര്‍വുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത മരവിച്ച മുഖങ്ങളും, ഗതകാല ഭരണ കൂടങ്ങളുടെ  വിദൂര പ്രതിബിംബമായപ്പോള്‍ സട കൊഴിഞ്ഞ ബൂര്‍ഷ്വാസിയും സിംഹാസനത്തിലേറിയ മര്‍ദ്ദിതനും കറുത്ത പൂച്ചകളുടെ കാവലോടെ പളുങ്ക് പാത്രങ്ങളില്‍ അമൃത് നുണഞ്ഞു അരണ്ട വെളിച്ചത്തില്‍ കാത്തിരുന്നു... മെതിയടിയിലെ ചെളി കളയുവാന്‍ എന്നെയും  കാത്ത്.... അപേക്ഷ എവിടെ കൊടുക്കണം എന്ന് പോലും അറിയില്ല. ഇന്ത്യക്കാരെ നോക്കുന്ന പാക്കിസ്ഥാന്‍ പട്ടാളക്കാരെ പോലെ പല സാറിന്മാരും സാറത്തികളും എന്നെ ചൂഴ്ന്നു നോക്കി. കൂട്ടത്തില്‍ അല്പം പ്രായം ചെന്ന സാറിന്റെ കസേരയ്കരികിലേക്ക് ഞാന്‍ നീങ്ങി. എന്തോ പറയാന്‍ ഞാന്‍ ശ്രമിക്കുന്നതിനു മുന്‍പ് കനത്ത ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു " ബാദ്ധ്യത ആണോ " ഞാന്‍ തല കുലുക്കി. മുഖം പ്രത്യേക രീതിയില്‍ കോട്ടി അദ്ദേഹം പുറകോട്ടു ചൂണ്ടി ഒരു സീറ്റ്‌ കാട്ടി. അങ്ങോട്ട്‌ ചെല്ലാന്‍ അങ്ങ്യം കാണിച്ചു. ഞാന്‍ അവിടേക്ക് ചെന്നു . സത്യം പറഞ്ഞാല്‍ ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു. അവിടെ സുന്ദരിയായ ഒരു പെണ്‍കുട്ടി ആയിരുന്നു ഇരുന്നത്. ഞാന്‍ അപേക്ഷ കാണിച്ചു. കാര്യം പറഞ്ഞു. ആ കുട്ടി  പൂര്‍ണ ചന്ദ്രനെ പോലെ ചിരിച്ചു. എന്‍റെ മനസ്സില്‍ നിലാവ് നിറഞ്ഞു. " എനിക്ക് അത്യാവശ്യമാണ്" " ശരി താമസിപ്പിക്കാതെ തരാം "ഭവതി പറഞ്ഞു. " ഞാന്‍ നാളെ വരട്ടെ " എന്‍റെ ചോദ്യത്തിന് പഞ്ച ബാണങ്ങള്‍ നിറച്ച പുഞ്ചിരി പകരം സമ്മാനിച്ചു. " ദൈവമേ ധന്യമായി , ഈ സുന്ദരിയെ പോലെ എല്ലാ ജീവനക്കാരും ആയിരുന്നുവെങ്കില്‍ കേരള സര്‍വിസ് എത്ര നന്നായേനെ.
രാത്രിയില്‍ ഉറക്കം വന്നില്ല . ആ കുട്ടിയെ തന്നെ ഓര്‍ത്തു കിടന്നു. വേണ്ടാത്ത മോഹങ്ങള്‍ ഉള്ളിലേക്ക് പതഞ്ഞുയരുന്നു.
ഏകാന്തതയുടെ ചില്ല് ജാലകങ്ങളില്‍ അവാച്യമായ അനുഭുതികളുടെ തുഷാര ബിന്ദുക്കള്‍ ഉറകൂടുന്നത് ഞാനറിഞ്ഞു .

           പിറ്റേന്ന് രാവിലെ തന്നെ ഉണര്‍ന്നു. കൂടുതല്‍ പ്രസരിപ്പുള്ളത് പ്രഭാതത്തിനോ എനിക്കോ എന്ന് വ്യക്തമല്ലായിരുന്നു .
പത്തു മണിക്ക് മുന്‍പ് തന്നെ ഓഫീസിന്റെ വരാന്തയില്‍ ഇരിപ്പുറപ്പിച്ചു. എന്തിനാണ് എത്ര നേരത്ത് വന്നത് എന്ന എന്‍റെ ചോദ്യത്തിന് എനിക്ക് തന്നെ ഉത്തരം ഇല്ലായിരുന്നു. കേരളത്തിലെ ഓഫീസ് സമയം 10 ആണെങ്കിലും പണി 11 മണിക്കേ തുടങ്ങു എന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ ആ സുന്ദരിയെ ദൂരെ നിന്നും കാണാന്‍ എന്‍റെ മനസ് മോഹിച്ചു പോയി. പത്തു മണി മുതല്‍ ജീവനക്കാര്‍ വന്നു തുടങ്ങി. പക്ഷേ ഞാന്‍ പ്രതീക്ഷിച്ച  ആള്‍ മാത്രം വന്നില്ല. സമയം മുന്നോട്ടു പോയി. എന്‍റെ മോഹങ്ങളില്‍ കരിവാവ് കലര്‍ന്ന പ്രതീതി . പെട്ടെന്ന് ഞാന്‍ " ബാദ്ധ്യത " ഓര്‍ത്തു പോയി. ഓഫീസിന്‍റെ ഉള്ളിലേക്ക് ഞാന്‍ ചെന്നു. " ആ പെണ്‍കുട്ടിയുടെ സീറ്റിലേക്ക് കൈ ചൂണ്ടി ചോദിച്ചു" " ആ സാര്‍ വന്നിട്ടില്ലേ" " " ഇല്ലാ , ഇന്ന് ലീവിലാണ്‌ " എന്‍റെ മനസ്സില്‍ പെരുമ്പറ കൊട്ടി. എന്നിട്ട് ഇന്നലെ പറയാഞ്ഞത് എന്താണ് ? രാവിലെ ഞാന്‍ ഒരുങ്ങി കെട്ടി വന്നില്ലേ . ദേഷ്യവും സങ്കടവും അടക്കാനാവാതെ ഞാന്‍ വീട്ടിലേക്കു  പോയി. അന്നും ഞാന്‍ കണ്ട കിനാവില്‍ അവള്‍ കടന്നു വന്നു. ക്ഷണിക്കാത്ത അതിഥി ആയി . അടുത്ത ദിവസം രാവിലെ തന്നെ രജിസ്ട്രാര്‍ ഓഫീസിന്‍റെ തിണ്ണയില്‍ സ്ഥാനം പിടിച്ചു. പത്തുമണിക്ക് തന്നെ എന്‍റെ സ്വപ്ന സുന്ദരി എത്തി. ആ മുഖം കണ്ടപ്പോള്‍ എന്‍റെ സകല പ്രയാസങ്ങളും മാറി.  അലാസ ഗമനിയായ ഈ അപ്സരസിനോടാണോ താന്‍ മനസാ നീരസം പ്രകടിപ്പിച്ചത് . തിലകക്കുറി ചാര്‍ത്തിയ ആ സുന്ദര മുഖം എന്‍റെ ഉള്ളില്‍ കിനാക്കളുടെ മന്ദാര പുഷ്പങ്ങള്‍ വിരിയിച്ചു. എങ്കിലും പെട്ടെന്ന് ഞാന്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞു. എന്‍റെ " ബാധ്യത "  ഞാന്‍ ഓര്‍ത്തു. ഉള്ളില്‍ പ്രണയം കിനിയുന്ന പ്രണയം പൊത്തിയമര്‍ത്തി ഞാന്‍ വന്ന കാര്യം പറഞ്ഞു. സുസ്മേര വദനയായി അവള്‍ പറഞ്ഞു " അയ്യോ റെഡി ആയില്ല" " ഇന്നലെ ഞാന്‍ ലീവ് ആയിരുന്നു" എനിക്ക് സന്തോഷം ആയി . ഞാന്‍ ചോദിച്ചു " എപ്പോള്‍ വരണം "? " രണ്ടാഴ്ച കഴിഞ്ഞു വരൂ , ഇവിടെ ഇപ്പോള്‍ ഓഡിറ്റ്‌ നടക്കുകയാണ്‌ " ഞാന്‍ ഞെട്ടിപ്പോയി " "അയ്യോ" അറിയാതെ ഒരു വിളി ഉള്ളിലുണരുന്നത് ഞാനറിഞ്ഞു.  ലീവ് തീരുവാന്‍ കുറച്ചു ദിവസമേ ഉള്ളു. അതിനുമുന്‍പ്‌ ലോണ്‍ ശരിയാക്കണം. " എനിക്ക് വളരെ അത്യാവശ്യമാണ് ' ഞാന്‍ കെഞ്ചി നോക്കി . " പരമാവധി ശ്രമിക്കാം " അവള്‍ ഉറപ്പു പറഞ്ഞു " എവിടെ നിന്നു തിരിയാന്‍ സമയമില്ല" ആ കുട്ടി പറഞ്ഞപ്പോള്‍ ഞാന്‍ അവിസ്വസിച്ചില്ല. പ്രത്യേകിച്ചും എന്‍റെ ഉള്ളില്‍ പ്രതിഷ്ടിച്ച കനക വിഗ്രഹത്തിന്റെ വാക്കുകളെ.  ഇച്ഛാഭംഗത്തിന്റെ കരിമഷി എന്‍റെ ചിന്തകളില്‍  പടര്‍ന്നു കയറി  . ഉച്ച വെയിലിനെ കൂസാതെ കവലയിലേക്കു നടന്നു. അപ്പോഴാണ് ആധാരമെഴുതുന്ന മത്തായി കുട്ടി ചേട്ടനെ കണ്ടത്. അദ്ദേഹം കുശലം  ചോദിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു . " ആ വട്ട മുഖമുള്ള ക്ലെര്‍ക്ക്‌ ആണോ ? നോട്ട് കിട്ടാതെ അവള്‍ ഒന്നും ചെയ്യില്ല " 'ദൈവമേ' എന്‍റെ സകല മോഹവും തകരുകയാണോ ? ഞാന്‍ നെയ്ത കിനാക്കള്‍ ? അവള്‍ കൈക്കൂലി വാങ്ങുകയോ ? 'ഇല്ലാ ' .എന്‍റെ മനസ് മന്ത്രിച്ചു. വീണ്ടും ഞാന്‍ സ്വപ്നത്തിന്റെ നീല മേഘ മേലാപ്പുകളില്‍ നിന്നും താഴെ ഇറങ്ങി. പരുക്കന്‍ ഭൂമിയിലൂടെ വീണ്ടും രജിസ്ട്രാര്‍ ഓഫീസിന്‍റെ പടവുകള്‍ കയറി. ഞാന്‍ ആ സുന്ദരിയുടെ അടുത്ത് ചെന്നു. അവള്‍ വീണ്ടും ചിരിച്ചു. ഉള്ളു നിറയ്ക്കുന്ന ചിരി. പോക്കെറ്റില്‍  നിന്നും ഒരു നൂറു രൂപ നോട്ട് എടുത്തു  അവള്‍ക്കു നേരെ നീട്ടി. എന്‍റെ ശരീരത്തില്‍ ഒരു വിറയല്‍ ബാധിച്ചു. എന്‍റെ പ്രണയ സങ്കല്പങ്ങളുടെ ശവ പറമ്പിലെക്കുള്ള  പ്രയാണത്തില്‍ ആ നൂറു രൂപ നോട്ടിരുന്നു വിറച്ചു. ഒരു പൂക്കാവടി പോലെ.. പെട്ടെന്ന് അവള്‍ മേശ വലിപ്പു തുറന്നു. രൂപ അതിലിടാന്‍ ആംഗ്യം കാട്ടി.   തുറന്നു കിടന്ന മേശ വിരിപ്പിലേക്ക് ഇട്ടുകൊടുത്തു. "അല്പം വെയിറ്റ് ചെയ്യൂ "  അര  മണിക്കൂറിനകം എനിക്ക് സര്‍ടിഫിക്കറ്റ് കിട്ടി. അവള്‍ വീണ്ടും ചിരിച്ചു. അവളുടെ സുന്ദര മുഖത്തെ  ആര്‍ത്തിയുടെ വിഷ തേളുകള്‍ ബീഭല്‍സമാക്കുന്നത് ഞാന്‍ കണ്ടു.    എന്‍റെ മനസ്സില്‍ അപ്പോള്‍ നിസംഗത മാത്രമായിരുന്നു. "ബക്ഷീഷ്" നല്‍കിയവന്റെ നിസംഗത ..........

                                                                                വീജ്യോട്സ്