Monday, May 30, 2011

മുത്ത്‌ മാല വേണോ ? മുത്ത്‌ മാല ....

" വീട്ടിലിരുന്നു മാന്യമായ തൊഴില്‍ ചെയ്തു പത്തു കാശ് ഉണ്ടാക്കുവാനുള്ള ഒരു അവസരമാ   മോനെ , ആ കൊച്ച് ,  വീട്ടില്‍ വെറുതെ ഇരിക്കുക അല്ലെ  " എന്ന് പറഞ്ഞാണ്   ശിവന്‍റെ   അമ്മ   തുടങ്ങിയത് . എന്‍റെ കേട്ടിയോളാണ് ആ കൊച്ച് .  ശിവന്‍റെ അമ്മ അല്ലേലും അങ്ങനെ ആണ്. എന്ത് കാര്യം നാട്ടില്‍ ഉണ്ടായാലും ആദ്യം അറിയും. അതിരാവിലെ പാലുമായി പപ്പു പിള്ളയുടെ കടയില്‍ പോകുമ്പോള്‍ മുതല്‍ ഈ സ്പെഷ്യല്‍ കരസ്പോണ്ടിന്റിനു  പണി തുടങ്ങുന്നു. പിന്നെ പ്രത്യേക പരിപാടികള്‍ , ഫ്ലാഷ് ന്യൂസ്‌ , വാര്‍ത്തകള്‍ എന്നിവയില്‍ അല്പം മസാല കൂട്ടി  കിട്ടുന്ന വിവരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു. " മോനോട് മാത്രം ഞാനീ കാര്യം പറയുന്നുള്ളൂ.. പിന്നെ കാര്യം പറഞ്ഞു തുടങ്ങി. കേട്ടപ്പോള്‍ എനിക്കും  ഒരു ഞെട്ടല്‍ .. സത്യമാണോ ?? "മോണനെ സത്യം ..  ഈ ഹോട്ട് ന്യൂസ്‌ എന്തായാലും ലോക്കല്‍ ചാനലില്‍ നിന്നും കിട്ടിയതല്ല .. എവിടുന്നു കിട്ടി ഈ വിവരം .. അത് പിന്നെ പറയാം  എന്ന് പറഞ്ഞു അവര്‍ ഒഴിഞ്ഞു മാറി.

           ശിവന്‍റെ അമ്മ കള്ളം പറഞ്ഞതാണോ ?? ഏയ്‌ , ആവാന്‍ വഴിയില്ല .. ശിവന്‍ എന്‍റെ അടുത്ത ചങ്ങാതിയാണ്.  പക്ഷെ ഇന്നലെയും ഞങ്ങള്‍ കൂടിയതാണല്ലോ ? അവന്‍ ഒന്നും പറഞ്ഞില്ലല്ലോ ? ഒരു പക്ഷെ അവന്‍ മറന്നു പോയിരിക്കും . ശിവന്‍  എന്‍റെ  ബാല്യ കാല  സുഹൃത്താണ്‌ . ഒരു ഓട്ടോ ഡ്രൈവര്‍ ആയി ജീവിതം സസുഖം ആഘോഷിക്കുന്നവന്‍.  ഓട്ടോയുടെ ടൂള്‍ കിറ്റിനോപ്പം രണ്ടു ഗ്ലാസ്സുകളും അല്പം അച്ചാറും ഒരു കുപ്പി വെള്ളവും എപ്പോഴും സജ്ജമായിരിക്കും . എപ്പോഴാണ് കോള് കിട്ടുന്നത് എന്ന്   പറയാന്‍   കഴിയില്ലല്ലോ. പലര്‍ക്കും സമയം  വളരെ  അമൂല്യമായതുകൊണ്ടും  മത്സരം  കടുപ്പം ആയതുകൊണ്ടും   ഈ  കരുതല്‍  ചില  വൈകുന്നേരങ്ങളില്‍  എനിക്കും   ഗുണം   ചെയ്തിടുണ്ട്  .  ടൌണില്‍   ഓട്ടം   പോയാല്‍   ശിവന്‍   ഒരു   പൈന്റ്റ് വാങ്ങി  വണ്ടിയില്‍  വയ്കും . ഞാന്‍  ജോലി  കഴിഞ്ഞു  വരുമ്പോള്‍   എന്നെയും  കയറ്റി  വീട്ടിലേക്കുള്ള  വെട്ടു  വഴിയുടെ  ഇരുള്‍  വീണ  വളവില്‍   കയ്യാല  പൊന്ത യുടെ  മറപറ്റി  ഓട്ടോ  നിര്‍ത്തി  മരുന്നടിക്കും  . പലപ്പോഴും അടിച്ചു  കൊഞ്ചായ എന്‍റെ  മാന്യതുടെ  തിരുനെറ്റിയില്‍  വെടി  കൊള്ളാതെ രക്ഷിച്ച  ബുള്ളെറ്റ്  പ്രൂഫ്‌  കവചം   ഈ  ഓട്ടോ  ആയിരുന്നു . അതിനാല്‍ എനിക്ക് ശിവനോടും ശിവന് എന്നോടും ഒളിവുകള്‍ ഒന്നും ഇല്ലായിരുന്നു. ഉടനെ ഞാന്‍ ശിവനെ വിളിച്ചു അമ്മ പറഞ്ഞ കാര്യം ചോദിച്ചു.  അവന്‍ പറഞ്ഞു " ആ തള്ളയ്ക്കു വട്ടാ , നീ പോയി വേറെ പണി നോക്ക്.

  എങ്കിലും ശിവന്‍റെ അമ്മ പറഞ്ഞത്‌ പൂര്‍ണമായും തള്ളാനോ കൊള്ളാനോ എനിക്ക് കഴിഞ്ഞില്ല. തിരിഞ്ഞും പിരിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. ശിവന്‍റെ  അമ്മ പൊട്ടിച്ചിരിക്കുന്നത് ഒരു ബോംബാണ്. ഇത് സത്യമാണെങ്കില്‍ ജീവിതം തന്നെ മാറി മറിയും. പതിവ് പോലെ രാവിലെ തന്നെ ഞാന്‍ ജോലിക്ക് പോയി. തലേന്ന് നല്ലവണ്ണം ഉറങ്ങാത്തതിന്റെ    ക്ഷീണത്തില്‍   ബസില്‍   ഇരുന്നു   ഒന്ന്   മയങ്ങി    പോയി. ബസ്‌   കൊടുമണ്‍   സ്റ്റോപ്പില്‍   നിര്‍ത്തിയപ്പോള്‍   ബസിനെ   ഓവര്‍  ടേക്ക്  ചെയ്തു  പോയ  ഓട്ടോ  പരിച്ചയമുള്ളതായിരുന്നു. അതെ  ശിവന്‍റെ ഓട്ടോ . അതില്‍  ശിവന്‍റെ ഭാര്യയും  മറ്റൊരു  സ്ത്രീയും . പെട്ടെന്ന്  ശിവന്‍റെ അമ്മ പറഞ്ഞത്  സത്യമാണെന്ന്  ഒരു തോന്നല്‍ . ഓഫീസില്‍  എത്തിയിട്ടും ഇരുപ്പുറച്ചില്ല. വെടി കൊണ്ട വെരുകിനെ പോലെ മനസ്സില്‍ ഒരു പിടച്ചില്‍. ജൂനിയര്‍ സൂപ്രണ്ട്  ആനന്ദവല്ലിയോടു ചോദിച്ചാല്‍ തീര്‍ച്ചയും കാര്യം അറിയാന്‍ കഴിയും. പത്തനംതിട്ടയിലെ പുതിയ കടകള്‍ , കടയിലെ സ്റൊക്കുകള്‍ , പുതിയ ഓഫറുകള്‍ , ടൌന്‍ ഹാളിലെ പരിപാടികള്‍ , ധര്‍ണകള്‍, തുടങ്ങി റിംഗ് റോഡിലെ കുഴികളെ കുറിച്ചുവരെ  നല്ല നിശ്ചയം ഉള്ള വ്യക്തിയാണ് ടി യാള്‍ .... പക്ഷെ ഈ കാര്യം തീര്‍ത്തും ഓപ്പണ്‍ ആയി ചോദിയ്ക്കാന്‍ വയ്യ. ചിലപ്പോള്‍ ആ വിവരം ഇല്ലാത്ത തള്ള പറഞ്ഞത് കള്ളം ആണെങ്കില്‍ എന്‍റെ സകല ഇമേജും പോകില്ലേ.. അതിനാല്‍ അവിടെയും ഇവിടെയും ഒക്കെ ചുറ്റി ചോദിച്ചു. സ്വാഹ .. മറുപടിയും ന്വാഹ ! ! പിന്നെ മനസ്സില്‍  കണ്ട മുഖം പ്യൂണ്‍ സുരേഷ് ബാബുവിനെ ആണ് . ആള് ശിപായി  ആണെങ്കിലും സുബെദാരുടെ ഭാവം  ! സകല ഉടായിപ്പുകളുടെയും ആശാന്‍ .. അപ്പോള്‍ ബാബു അണ്ണന്‍ അറിയാത്ത ഉടായിപ്പ് സംഗതികള്‍ ഉണ്ടാകാന്‍ വഴിയില്ല. ബാബു അണ്ണനും ഒന്നും വിട്ടു പറഞ്ഞില്ല. എന്നാലും എന്‍റെ മനസ്സില്‍ ഒരു വേദന.

      പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ പതിവ് ചായ കുടിക്കായി ഞാന്‍ അബ്ധൂക്കയുടെ കടയില്‍ എത്തി. ചായയും സുഖിയനും കഴിച്ചുകൊണ്ടിരിന്നുപോള്‍  അബ്ദൂക്കയോട്  കുശലം ചോദിച്ചു. പെട്ടെന്ന് ഒരു ആശയം തോന്നി.. "എന്താ അബ്ദൂക്ക" നിങ്ങള്‍   മാലയോന്നും   കേട്ടുന്നില്ലേ   ?? ഞാന്‍ ചോദിച്ചു ... എന്തു  മാലയാ ??? " ഞമ്മളുടെ നിക്കാഹു കയിഞ്ഞില്ലേ സാറേ "  അബ്ദൂക്ക പറഞ്ഞു ..  "  അല്ല എന്തോ മുത്ത്‌ മാലയോ മറ്റോ " ??? " ഞാന്‍ പറഞ്ഞു. " ഞമ്മക്ക്  അറിയില്ല " അബ്ദൂക്ക പറഞ്ഞു .. " അല്ല ഏതാണ്ട് മുത്ത്‌ വാങ്ങി മാല കെട്ടുമെന്നോ മറ്റോ " എനിക്കും അറിയില്ല ,   അറിയാന്‍ വെറുതെ ചോദിച്ചതാ ... ഞാനും പറഞ്ഞു നിര്‍ത്തി.. " അയ്യോ മുതലാളീ , നമ്മുടെ  റിംഗ് റോഡിലെ റൂബി ടവറിലെ മാല കച്ചവടമാ സാറ് പറഞ്ഞത് .. എവിടെ ?? എവിടെ ??  ഫോണ്‍ ഇന്‍ പരിപാടിയില്‍ ഒരു ക്ലൂ കിട്ടിയ വീട്ടമ്മയായ ചേച്ചിയുടെ സന്തോഷം എന്നെയും ബാധിച്ചു.  ഒരു ഓട്ടോ പിടിച്ചാല്‍ പതിനഞ്ചു രൂപയെ ആകൂ സാറേ .. അബ്ദൂക്ക പറഞ്ഞു .. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ഓട്ടോ പിടിച്ചു.. സ്ഥലം കണ്ടു പിടിക്കാന്‍ പ്രയാസം ഉണ്ടായില്ല .. ഓട്ടോക്കാരന്‍ സ്ഥലം കട്ടി തന്നു. റൂബി ടവറിലെ നാലാം നിലയില്‍ സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന വലിയ ബോര്‍ഡിലെ അക്ഷരങ്ങള്‍ എന്‍റെ മനസിലും വര്‍ണങ്ങള്‍ നിറച്ചു .. " ഡ്രീം പേള്‍സ്‌"  അതെ എന്‍റെ സ്വപ്ന മുത്തുകള്‍ ..

      ശിവന്‍റെ അമ്മ പറഞ്ഞത് സത്യമാണ്. ശിവന്‍റെ അമ്മ പറഞ്ഞത് ഈ മുത്ത്‌ മാലകളെ കുറിച്ചാണ് ..   പത്തനംതിട്ടയിലെ മുത്ത്‌ മാലകള്‍ക്ക്  ചരിത്ര പരമായ പ്രത്യേകതകള്‍ ഉള്ളതായി അറിയില്ല..  ആറന്മുള കണ്ണാടിയും , മധുബനി പെയിന്ടിങ്ങും , പവിത്ര മോതിരവും പോലെ പത്തനംതിട്ടയിലെ മുത്ത്‌ മാലകളെ കുറിച്ച് കേട്ടറിവ് ഇല്ല. " എങ്കിലും കുറച്ചു കാശ് ഉണ്ടാക്കുവാനുള്ള മാര്‍ഗം   ആണത്. അത് എനിക്ക് മനസ്സില്‍ ആയി. അത് കൊണ്ടാണ് ശിവന്‍ പോലും എന്നോട് ഒളിച്ചു വച്ചത്. അത് കൊണ്ട് വാശിയോടു കൂടി ഞാന്‍ ആ സ്ഥാപനത്തിന്റെ പൂമുഖത്തേക്ക്‌ കയറി. അറബി കഥകളിലെ ഹൂറിയെ പോലെയുള്ള രണ്ടു സുന്ദരികള്‍ .. സര്‍ പ്ലീസ് കം .. എന്ന് മൊഴിഞ്ഞു എന്നെ അകത്തേക്ക് ആനയിച്ചു. ഓഫീസിന്റെ സെറ്റ് അപ്പ്‌ എന്നെ അതിശയിപ്പിച്ചു. സര്‍കാര്‍ ഓഫീസിലെ മാറാല പിടിച്ച കസേരകളും ഫയലുകളും ജമ്പോ ഫാനുകളും കണ്ടു പഠിച്ച ഞാന്‍ ചില്ലിട്ട ക്യാബിനുകളും , ശീതികരിച്ച മുറികളും , അവിടെ തങ്ങി നിന്ന വില കൂടിയ അത്തറിന്റെ മണവും ഒഴികി നടക്കുന്ന വെസ്റ്റേണ്‍ മുസികിന്റെ അലകളും എന്നെ മറ്റൊരു ലോകത്തില്‍ എത്തിച്ചു.  Ante - റൂമിലെ പതു പതുത്ത സോഫയില്‍ ഇരുന്നു. ഒരു സുന്ദരി അടുത്ത് വന്നു. സര്‍  ടീ , കോഫീ, ഓര്‍ കൂള്‍  ?? " ഒരു ഗ്ലാസ്‌ തണുത്ത വെള്ളം " ഞാന്‍ പറഞ്ഞു. ആ മുറിയിലെ അരണ്ട വെളിച്ചവുമായി  കണ്ണുകള്‍ പോരുത്തപെട്ടു വന്നു. അപ്പോഴാണ്  ആ മുറിയില്‍ എന്നെ പോലെ പത്തോളം പേര്‍ ഉണ്ടെന്നു  മനസിലായത്. പല തരത്തിലും പല ഭാവത്തിലും ഉള്ളവര്‍.  മറ്റൊരു സുന്ദരി ഒരു പേപ്പറും ഫയലുമായി എന്‍റെ എതിരെ വന്നിരുന്നു. സര്‍ , കുറച്ചു വിവരങ്ങള്‍  ... അങ്ങനെ  എന്‍റെ പേരും  ജാതകവും ഒക്കെ അവര്‍  ചോദിച്ചു ,അതില്‍ എഴുതി. സര്‍ ഫിഫ്ടി റുപ്പീസ് പ്ലീസ്.. ഒട്ടും മടിക്കാതെ ഞാന്‍ അമ്പത് രൂപ നല്‍കി.. പെട്ടെന്ന് ഒരാള്‍ ഒരു ഡിജിറ്റല്‍ ക്യാമറയും ആയി എത്തി.. സര്‍,  കാര്‍ഡിന് വേണ്ടിയാണു.. ഒരു ഫോട്ടോ എടുത്തു..  റൂമിലെ സ്പീകറിലൂടെ ഒരു അറിയിപ്പ് വന്നു... പന്ത്രണ്ടു മുപ്പതിന് വെല്‍ക്കം മീറ്റിംഗ് ഉണ്ട്.. എല്ലാവരും അത് കഴിഞ്ഞേ പോകാവൂ..  അല്പം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ എനിക്ക് ഒരു കാര്‍ഡും (ഫോട്ടോ പതിച്ചത് ) ബ്രോഷറും നല്‍കി..  സമയം ഇഴഞ്ഞു നീങ്ങി... ഇതിനിടയില്‍ ചായയും കൂള്‍ ഡ്രിങ്ക്സും ഒക്കെ വന്നു.. ചില ഫോറിന്‍ വിമാന സര്‍വീസുകളിലെ പോലെ ലഹരി വല്ലതും കാണുമെന്നു ഞാന്‍ കിനാവ് കണ്ടത് വെറുതെ ആയി.

      സിനിമ സ്റ്റൈലില്‍ രണ്ടു മൂന്നു യുവതികള്‍ കൈ വീശി കടന്നു വന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തു. മിക്ക ആള്‍ക്കാരും കോള്‍മയിര്‍ കൊണ്ട് കാണും . ഏതായാലും ഞാന്‍ അത് അനുഭവിച്ചു. വിശാലമായ ഒരു കൊണ്ഫെരെന്‍സ് ഹാളിലേക്ക് എല്ലാവരെയും കൊണ്ട് വന്നു. കമ്പ്യൂട്ടര്‍ പ്രോജെക്ടരും മറ്റു അനുബന്ധ ഉപകരണങ്ങളും ... സെമി സര്‍കില്‍ ആകൃതിയിലുള്ള  ഡയാസില്‍ മൂന്ന് കസേരകള്‍ മാത്രം ... ഒരു പത്ര സമ്മേളനത്തില്‍ കാണുന്നത് പോലെ മൈക്രോ ഫോണുകള്‍ കുട്ടിവച്ചിരിക്കുന്നത്  കാണുവാന്‍ കഴിഞ്ഞു. എന്തോ ഒരു വല്യ സംഭവം നടക്കാന്‍ പോകുന്നു എന്ന് മനസ് പറഞ്ഞു .. ശിവന്റെ അമ്മയ്ക്ക് നന്ദി പറഞ്ഞു..  ഒരു സുന്ദരി സ്വാഗതം പറഞ്ഞു.. പിന്നെ സ്യുട്ടും കോട്ടും ഇട്ട രണ്ടു മൂന്ന് പേര്‍ പ്രസംഗിച്ചു. ഡ്രീം പേള്‍സ് ഒരുക്കുന്ന സമ്പാദ്യ പദ്ധതിയെ കുറിച്ച് ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. " ഇത് ഒരു  എക്സ് പോര്‍ട്ട്‌  കമ്പനി ആണ്. ആധുനിക MANAGEMENT തത്വങ്ങള്‍ അനുസരിച്ച് ലാഭം പങ്കുവച്ചു ബിസ്സിനെസ്സ് വളര്‍ത്തുന്ന കമ്പനി . ഓരോ കാര്‍ഡു ഉടമയും ഓരോ പാര്ട്ടനെര്‍  ആണ്.  കാര്യം വളരെ നിസ്സാരം , കാര്‍ഡ് ഉടമകള്‍ (ഇപ്പോള്‍ ഞാനും ) 500  രൂപ നല്‍കിയാല്‍ പിറ്റേ ദിവസം അവര്‍ക്ക് ഹൈദരാബാദ്   പേള്‍സ്  നല്‍കുന്നു. കൂട്ടത്തില്‍ ഒരു ഡിസയ്നും .. ആ ഡിസ്യ്നില്‍ ഒരു മാല കോര്‍ത്ത്‌ അടുത്ത ദിവസം ഓഫീസില്‍ കൊടുത്താല്‍ 550   രൂപ തിരികെ കൊടുക്കുന്നു.  ഇതിനെ ഒരു ടാസ്ക് എന്നാണ് പറയുക.   ശിവന്റെ അമ്മ പറഞ്ഞത് പോലെ " വീട്ടില്‍ ഇരുന്നു മാന്യമായ തൊഴില്‍ ചെയ്തു കാശ് ഉണ്ടാക്കുവാനുള്ള ഒരു സംരംഭം " ആരെങ്കിലും മൂന്നു ടാസ്ക് ഒരുമിച്ചു എടുത്താല്‍ അവര്‍ക്ക് 250  രൂപ അധികം ലഭിക്കും. ഒരുമാസത്തില്‍ നൂറു ടാസ്ക് കമ്പ്ലീറ്റ്‌ ചെയ്യുന്ന  പാര്ട്ടനെര്‍ക്ക് സ്പെഷ്യല്‍ ബോണ്‌സ് കൈയിലെ നല്‍കും ... ആകേ റിസ്ക്‌ ഫാക്ടര്‍ ഫോറിന്‍ മാര്‍ക്കറ്റ്‌ ഡിമാന്റ്റ്  അനുസരിച്ച് മാത്രമേ സ്പെഷ്യല്‍ ബോണസും ടാസ്ക് അലവന്‍സും തീരുമാനിക്കുകയുള്ളു. .....പല തരത്തിലുള്ള  ഗ്രാഫുകളും തുകയും പല ഭാഗ്യ ശലികളുടെ ഫോട്ടോയും കണ്ടു ഞങ്ങള്‍ മതി മറന്നിരുന്നു. ഒരു നിമിഷത്തേക്ക് ഒരു കോടിപതി ആണെന്ന തോന്നല്‍.  ഇതെല്ലാം കേട്ടപ്പോള്‍ മോനെ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി ..........

. നാളത്തേക്കുള്ള  ബുക്കിംഗ് തീര്‍ന്നു പോയി എന്ന് ആ കൌണ്ടറിലെ സുന്ദരി അറിയിച്ചു...  ഒരു ദിവസത്തേക്ക് മാത്രമേ ബൂകിംഗ് കമ്പനി ഇപ്പോള്‍ അനുവദിച്ചിട്ടുള്ളൂ എന്ന് അവര്‍ പറഞ്ഞു. വെട്ടില്‍ വന്നു ഭാര്യയോട്‌ കാര്യങ്ങള്‍ പറഞ്ഞു.. അവള്‍ക്കു ഒരു വിശ്വാസ കുറവ്. അപ്പോള്‍ ഞാന്‍ ശിവന്റെ കാര്യം പറഞ്ഞു. ശിവന്റെ വീട്ടില്‍ ഒരു സര്‍പ്രൈസ് പരിശോധന നടത്തി കാര്യങ്ങള്‍ മനസിലാക്കാന്‍ അവളോട്‌ പറഞ്ഞു. ഏതായാലും അഞ്ഞൂറ് രൂപ മുടക്കാന്‍ തന്നെ തീരുമാനിച്ചു. രാവിലെ എട്ടു മണിക്ക് തന്നെ കമ്പനിയില്‍ എത്തി. വളരെ നീണ്ട ക്യൂവായിരുന്നു. സത്യം പറഞ്ഞാല്‍ ഞാനെത്ര മണ്ടനായിരുന്നുവെന്നും ലോകത്തിന്റെ വളര്‍ച്ച മനസ്സില്‍ അക്കത്തവന്‍ എന്നും  എനിക്ക് മനസില്യായി. പല പരിചയമുള്ള മുഖങ്ങളും അവിടെ കണ്ടു. കുട്ടത്തില്‍ ആനന്ദവല്ലി സാറും ബാബു അണ്ണനും ഉണ്ടായിരുന്നു. ശിവന്റെ വീട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭാര്യ കണ്ടെത്തുകയും എന്നോട് വിളിച്ചു പറയുകയും ചെയ്തു. അങ്ങനെ ഞാനും അഞ്ഞൂറ് രൂപ നല്‍കി മുത്തിന് രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് രാവിലെ തന്നെ മുത്ത്‌ വാങ്ങാന്‍ എത്തുകയും 1000 രൂപയ്ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മുത്തുമായി ഞാന്‍ വീട്ടിലെത്തി മാല കോര്‍ത്തു. ഈ മാല തിരിച്ചു നല്‍കിയപ്പോള്‍ എനിക്ക് 550  രൂപ തിരിച്ചു നല്‍കി... ആദ്യമായി മുത്ത്‌ മാലയിലെ വരുമാനം .. ഇങ്ങനെ വാങ്ങലും മാല കെട്ടലും പണം കൊയ്യലും ഒക്കെ തുടര്‍ന്ന്. പത്തു ദിവസം കൊണ്ട് എനിക്ക്  ടാസ്ക് അമ്പതിലേറെ ആയി. ശിവന്‍ സഹകരണ സംഘത്തില്‍ നിന്നും 25000  രൂപ ലോണ്‍ എടുത്തു മുത്തുകള്‍ വാങ്ങി കൂട്ടി. ഒരു പെണ്‍കുട്ടിയെ ജോലിക്ക് നിര്‍ത്തിയാണ് ശിവന്‍ കാര്യങ്ങള്‍  നടത്തിയത്. അവര്‍ക്ക് പീസ് വര്‍ക്കിനു 15    രൂപ നല്‍കും .. ശിവന് എന്നാലും 35  രൂപ ലാഭം..! ! എനിക്കറിയാവുന്ന പലരും അന്‍പതിനായിരം രൂപയില്‍ അധികം മുടക്കി വന്‍ വരുമാനം നേടി കൊണ്ടിരുന്നു. ഒരു ലോണ്‍ എടുത്തു പരിപാടി തുടങ്ങാന്‍ ഞാനും പദ്ധതി ഇട്ടു. പക്ഷെ കെട്ടിയോള്‍ ഇടങ്കോല്‍ ഇട്ടതു കൊണ്ട് തല്‍കാലം 3000  രൂപയില്‍ കളി തുടര്‍ന്ന്. അടുത്ത മാസം പ്രോവിടെന്റ്റ്‌ ഫണ്ടില്‍ നിന്നും ലോണ്‍ എടുത്തിട്ട് ആറു മാസം ആകുന്നു. ഭാര്യ അറിയാതെ പി എഫ് ലോണ്‍ എടുത്തു കുറച്ചു കൂടി ഇന്‍വെസ്റ്റ്‌ ചെയ്യാം .. മന കോട്ട പലതും കെട്ടി.     ....

    ജനുവരി മാസത്തിലെ ആ തണുത്ത വെളുപ്പാന്‍ കാലത്ത് ഞാന്‍ നാലു മുത്ത്‌ മാലകളും തലേന്ന് ബുക്ക്‌ ചെയ്ത മൂന്നു സെറ്റ് മുത്തിനുള്ള രസീതും പി എഫില്‍ നിന്നും എടുത്ത 10000  രൂപയുമായി റൂബി ടവറില്‍ എത്തുമ്പോള്‍ ആകെ ഒരു ബഹളം... ഓഫിസ് അടഞ്ഞു കിടക്കുന്നു. ആരും ഇല്ല.. ഒരു തുണ്ട് കടലാസ്സില്‍ ഇത്ര മാത്രം എഴുതിയിരിക്കുന്നു ... പൊങ്കല്‍ പ്രമാണിച്ച് കമ്പനി മൂന്നു ദിവസം പ്രവര്‍ത്തിക്കുന്നതല്ല.. പക്ഷെ ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ ... ആരോട് ചോദിയ്ക്കാന്‍ ...  അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌ .. ഇന്ന് കൂടി പ്രവര്തിച്ചിരുന്നെങ്കില്‍ എന്റെ 10000 രൂപയും കൂടി സ്വാഹ ആയേനെ ...  അങ്ങനെ  ആടും , മാഞ്ചിയവും ,നാഗ മാണിക്യവും , രുദ്രാക്ഷവും , വാസ്തു വിളക്കും ,  ലിംഗ വര്‍ധന യന്ത്രവും കണ്ടു പഠിക്കാത്ത മലയാളിയുടെ      പറ്റിപ്പ്‌  നിഘണ്ടുവിലേക്ക്  പത്തനംതിട്ടയുടെ വക  മുത്ത്‌ മാലയും   .......


                                                                                                                                       വീജ്യോട്സ്

     


  
    

Friday, May 6, 2011

മാലക്കണ്ണന്‍റെ ധര്‍മസങ്കടങ്ങള്‍

വീണ്ടും  ഒരു  അവധി  കാലം . മനസിലേക്ക് പെയ്തിറങ്ങുന്ന ഓര്‍മകളില്‍ പച്ചപ്പ്‌ മണക്കുന്ന    ചില കുറുമ്പുകള്‍ ..കൈ കുമ്പിളിലൂടെ ഒഴുകിയൊലിച്ച കാലത്തിന്‍റെ തിരു ശേഷിപ്പുകള്‍ ... ഓര്‍മയുടെ കൊച്ചു പുസ്തകത്തില്‍ എഴുതി വച്ച ഒരു കഥ..    എന്‍റെ നിറം കറുപ്പാണ്‌. കലര്‍പ്പില്ലാത്ത നിറം. വെറും കറുപ്പല്ല കാക്ക കറുപ്പ്. കറുപ്പിന് ഏഴു അഴകാണെന്ന്  കവികള്‍ പറഞ്ഞപ്പോള്‍ ബാക്കി 93  അഴകും വെളുപ്പിനാണെന്ന് മനസിലാക്കിയ ശുഭാപ്തി വിശ്വാസക്കാരന്‍. ഈ കറുപ്പ് എനിക്ക് ജന്മ സിദ്ധമായി കിട്ടിയതല്ല. അതുകൊണ്ട് എന്‍റെ കലര്‍പ്പില്ലാത്ത നിറത്തെ എനിക്കിഷ്ടമാല്ലയിരുന്നു. അതിന്‍റെ കാരണം ഈ കറുപ്പിന് ഉത്തരവാദി ഞാന്‍ തന്നെയാണ്. എന്‍റെ പത്താം വയസുവരെ ഞാന്‍ വെളുത്തതായിരുന്നു. ശുദ്ധ ശ്വേതന്‍ , എന്ന് വച്ചാല്‍ ചുണ്ണാമ്പു പോലെ വെളുത്തവന്‍ എന്നല്ല . മറിച്ചു സായിപ്പിനെ പോലെ വെളുത്തവന്‍. നീഗ്രോയുടെ  ചുരുണ്ട മുടിയും ,  നീണ്ട മൂക്കും സായിപ്പിന്റെ നിറവും. ഒന്നാലോചിച്ചു നോക്ക് എത്ര സുന്ദരനായിരുന്നു ഞാന്‍ എന്ന്.  എന്നോ  എല്ലാം പോയി. പഴയ കറുത്ത ടെലിഫോണ്‍ ഓര്‍മ്മയുണ്ടോ ? അതെ നിറം എനിക്കിപ്പോള്‍ , തൊട്ടു കണ്ണെഴുതാം എന്ന് ചിലര്‍.  അതും വെറും മോഹം മാത്രം ആയി. ഒരു പെണ്ണും തൊട്ടു സുറുമ ഇട്ടില്ല .. അങ്ങനെ ആ സ്പര്‍ശന സുഖവും വെറും മോഹമായി.  കുട്ടി കാലത്ത് പിച്ചണ്ടി ( തിരുവിതാം കൂറില്‍ ഇളം പ്രായത്തിലുള്ള കശുവണ്ടിക്ക് പറയുന്ന പേര് ) പറിച്ചു കമ്പ് കൊണ്ട് കണ്ണ് കുത്തി തിന്നിട്ടു എടുത്തു കളയുന്ന പച്ച തോടിന്‍റെ ഷേയ്പ്പില്‍ ഉള്ള  മോന്ത , മേട മാസത്തിലെ വറ്റിയ കിണര്‍ പോലെ കുഴിഞ്ഞു താണ കണ്ണുകള്‍ , ബ്രാകെറ്റ്  പോലെ വളഞ്ഞ കാലുകള്‍ , ശേ ഇതെല്ലം സ്വയം വരുത്തി വച്ച വികൃതിയുടെ പരിണിത ഫലങ്ങള്‍ എന്ന് ആര്‍കും അറിയില്ല. ഇത് കൊണ്ട് തന്നെ കൊടുത്ത പ്രണയ ലേഖനങ്ങള്‍ വായിച്ചതു പെണ്ണുങ്ങളുടെ ആങ്ങളമാരോ  അച്ഛന്മാരോ ആയിരുന്നു. അതൊക്കെ സ്വകാര്യ ദുഃഖങ്ങള്‍ മാത്രം ... പോട്ടെ .." കണ്ട് കണ്ടിരിക്കുമ്പോള്‍ കഴുതയ്ക്കും സൌന്ദര്യം വരും " എന്ന പ്രണവ മന്ത്രം ഭാര്യ മാത്രമാണ് പ്രവര്‍ത്തികമാക്കിയത്  എന്ന് തോന്നുന്നു. അതും  തോന്നല്‍ മാത്രമോ ????/ 

     പത്തില്‍ എത്തുന്നതിനു മുന്‍പ്    തന്നെ മരത്തില്‍ കയറ്റം , കവണയടി, ചില്ലറ മോഷണം , തെറി പറച്ചില്‍ , ചീട്ടുകളി , ബീഡി  വലി,  തുടങ്ങി  പല വിഷയങ്ങളിലും മോശമല്ലാത്ത രീതിയില്‍ വിദ്യഭ്യാസം നേടിയിരുന്നു. എന്നാല്‍ "മാല കണ്ണ്" എന്ന് പറയുന്ന അസുഖം എനിക്കുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ എനിക്ക് ഒന്നും കാണാന്‍ പറ്റിയിരുന്നില്ല. പ്രത്യേകിച്ചും പെണ്‍ കുട്ടികളെ. മാലക്കണ്ണന്‍റെ  ശുദ്ധ ഗതിയെ പലരും ചോദ്യം ചെയ്തു. പല പ്രാവശ്യം ഇത് മൂലം പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. " അവനു പെണ്‍ പിള്ളേരെ മാത്രമേ കാണാന്‍ വൈയ്യാതുള്ളൂ " പരാതി കൂടിയപ്പോള്‍ അച്ഛന്റെ വിശ്വ രൂപം കണ്ടു. ഞാനും മാല കണ്ണിനെ ശപിച്ചു. പല വൈദ്യന്‍ മാരെയും കാണിച്ചു. അങ്ങനെ  ഒരു വൈദ്യന്‍ പരിഹാരം കണ്ടെത്തി. " കാക്ക ഇറച്ചിയും കാക്ക മുട്ടയും കഴിക്കുക " " ദൈവമേ , ഓര്‍ത്തപ്പോള്‍ തന്നെ അറപ്പ്  തോന്നി " ഇന്നത്തെ   പോലെ   അന്ന്   കാക്കകള്‍    സുന്ദരന്‍മാര്‍   അല്ലായിരുന്നു  . കഴിക്കാന്‍   കാക്കകള്‍ക്   നൂഡില്‍സും   ചോറും   ഒന്നും  ഇല്ലായിരുന്നു . മനുഷ്യര്‍ക്ക്‌  തന്നെ  തിന്നാന്‍  ആഹാരം   ഇല്ലായിരുന്നു . ചീനി  പുഴുങ്ങിയതോ ചക്ക  വേവിച്ചതോ  ഒക്കെ  തിന്നു  പശി  അടക്കുന്ന  കാലം  .. " വെള്ള നിറമുള്ള കുഴിഞ്ഞ ഇരുമ്പു പിഞ്ഞാണത്തില്‍ വക്കിലെ നീര വര വരെ ചീനിയോ ചക്കയോ  , ഇവ തൊണ്ടയ്ക്കു ഇരിക്കതിര്‍ക്കാന്‍ എന്ന പേരില്‍ അല്പം ചോറ് , ഇന്ന് തോരന്‍ വിളമ്പുന്നത് പോലെ .. അതൊക്കെ പഴയ കാര്യം .. ആ ഇരുമ്പു  പിഞ്ഞാണം   തന്നെ എത്ര പേര്‍ കണ്ടിട്ടുണ്ട് ... എത്ര പേര്‍ ഓര്‍മ്മിക്കുന്നു..   " അന്ന് കാക്ക ചെയ്തിരുന്നത് തോട്ടി പണി തന്നെ യായിരുന്നു. "  എന്നാലും അച്ഛന്റെ പ്രയോഗങ്ങള്‍ ഓര്‍ത്തപ്പോള്‍ കാക്ക ഇറച്ചിയാണ് ഭേദം എന്ന് തോന്നി. അങ്ങനെ ഒരു ദിവസം വൈദ്യന്‍   എനിക്ക് കാക്ക ഇറച്ചിയും കാക്ക മുട്ടയുടെ ഓംലെറ്റ്‌ ഉം നല്‍കി. ഓംലെടിനു നല്ല രുചിയുണ്ടായിരുന്നു.

നാവില്‍  തങ്ങി  നിന്ന  രുചി  ഓര്‍ത്തു   ഒരു അവധികാലത്ത് ഞാന്‍ വീണ്ടും കാക്ക മുട്ട തപ്പി ഇറങ്ങി. തപ്പി തപ്പി തോമ സാറിന്‍റെ വീടിന്റെ പിറകിലുള്ള ആഞ്ഞിലി മരത്തില്‍ ഉള്ള കാക്ക കൂടിനെ കണ്ടെത്തി. നല്ല ഉയരമുള്ള മരത്തില്‍ വലിഞ്ഞു കേറി കാക്ക കൂടിന്‍റെ അടുത്തെത്തി. പെട്ടെന്ന് ഒരു  ശബ്ദം കേട്ട് താഴോട്ട് നോക്കി. എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. താഴെ  ഓല മറപ്പുരയില്‍ സ്നാനം ചെയ്യുന്ന  തോമ സാറിന്‍റെ മകള്‍ മോളിക്കുട്ടി . ഒന്നേ നോക്കിയുള്ളൂ. എവിടെ നിന്നോ ഒരു കാക്ക പ്രത്യേക ശബ്ദത്തില്‍ കരഞ്ഞു. കാ കാ .. പെട്ടെന്ന് കാക്കകളുടെ ഒരു പട ആഞ്ഞിലി മരത്തെ പൊതിഞ്ഞു.  പിന്നെ ഒരു പരാക്രമമായിരുന്നു. എന്റെ തലയിലും ദേഹത്തും മുഖത്തും ഒക്കെ കൊത്തി. കാ കാ വിളികള്‍ അന്തരീക്ഷത്തെ നിറച്ചു. ഞാന്‍ ഊഴ്ന്നിറങ്ങാന്‍ ഒരു പാഴ്ശ്രമം നടത്തി. പിടിവിട്ടു നേരെ കുളിപ്പുരയുടെ ചെറ്റതകര്‍ത്തു വീണു. മോളിക്കുട്ടി നിലവിളിച്ചു ഓടി , കാക്കകള്‍ അവളെയും ഞോണ്ടി . തോമ സാറും മക്കളും വടിയുമായി എന്നെ തല്ലാന്‍ എത്തി . കാക്കകള്‍ അവരെയും കൊത്തി. അര്‍ദ്ധ ബോധാവസ്ഥയില്‍ ഞാന്‍ പറക്കുകയായിരുന്നു. കാക്കകകള്‍ പിറകെയും.ഒരു കാക്ക എന്‍റെ ഉച്ചിയില്‍ കൊത്തി. അതിന്റെ ചുണ്ടുകള്‍ കളിമണ്ണ് നിറഞ്ഞ എന്‍റെ തലയിലേക്ക് താഴുന്നതും അതിന്‍റെ കറുപ്പ് നിറം എന്‍റെ തൊലിപ്പുറത്ത് വ്യാപിക്കുന്നതും വേദനയോടെ ഞാനറിയുമ്പോള്‍ എനിക്ക് ബോധം നഷ്ടപെട്ടിരുന്നു. 

        പിന്നീടറിഞ്ഞു ആ കാക്ക വെളുത്ത് രൂപ പരിണാമം വന്നു കൊക്കായി മാറി എന്ന്. ഞാനോ " കാക്കപാതി" എന്ന പേരും പേറി ജനങ്ങളുടെ തെറിയും കേട്ട് ജീവിച്ചു . " മുട്ടേന്നു വിരിയുന്നതിനു മുന്‍പേ " മുട്ട തേടി പോയ പാവം മാലക്കണ്ണന്‍റെ  ധര്‍മ സങ്കടങ്ങള്‍ ആരു വിശ്വസിക്കും . ഞാനീ കഥ ഒരിക്കല്‍ എന്‍റെ കുഞ്ഞുങ്ങളെ പറഞ്ഞു കേള്‍പ്പിച്ചു . പിറ്റേന്ന് രാവിലെ ഇളയ മകന്‍ മുറ്റത്തിറങ്ങി മരമായ മരമൊക്കെ അരിച്ചു നോക്കി നടന്നപ്പോള്‍ ഞാന്‍ ചോദിച്ചു " എന്താടാ " " അച്ഛാ ഞാന്‍   കാക്ക കൂട് നോക്കുകയാണ് " ഞാന്‍ ഞെട്ടി. " ഉരുണ്ടതിന്റെ മുട്ട പാഞ്ഞാല്‍ പാഞ്ഞതിന്റെ മുട്ട പറക്കുമോ " ????


                                                                                                                   വീജ്യോട്സ്