2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ഉത്സവങ്ങള്‍ -ചില ചിന്തുകള്‍

              കുംഭം തുടങ്ങി. തുമ്പ കരിയുന്ന വെയില്‍ പെയ്യുന്നു. മകരത്തിന്റെ മറവി മാറാത്ത പ്രഭാതങ്ങളില്‍ ഇപ്പോഴും തണുപ്പ് കിനിയുന്നു.ഗ്രാമങ്ങള്‍ ഉണരുന്നു. ഉത്സവങ്ങളുടെ നാളുകള്‍. ആഹ്ലാദവും ആചാരവും വിശ്വാസവും സംഘ ശക്തിയും സമന്വയിക്കുന്ന ആഘോഷങ്ങള്‍. പൊങ്ങച്ച സംസ്കാരത്തില്‍ വീര്‍പ്പുമുട്ടുന്ന പുതിയ കാലത്തില്‍ ഉത്സവങ്ങള്‍ക്കും നിറഭേദങ്ങളും രൂപഭേദങ്ങളും സംഭവിച്ചിരിക്കുന്നു. എങ്കിലും ഓരോ മലയാളിയും അവന്‍റെ ഗ്രാമത്തിലെ ഉത്സവത്തിനായി കാത്തിരിക്കുന്നു. പൂരമെന്നോ, പാട്ടെന്നോ , വേലയെന്നോ , തെയ്യമെന്നോ, തിരു ഉത്സവമെന്നോ , മലക്കുടയെന്നോ എന്ത് പേര് ചൊല്ലിയാലും അവ ഒരു ജനതയുടെ ആത്മാവിഷ്കാരമാണ്. ഓര്‍മയുടെ തടയണകളില്‍ നിറഞ്ഞു നില്‍ക്കുന്ന മഴവില്ല് പോലെ മനോഹരമായ സ്വപനം . ടെലി വിഷനും മൊബൈലും സാര്‍വര്‍ ത്രികം അല്ലായിരുന്ന ഒരു കാലഘട്ടത്തില്‍ ചെണ്ട പ്പുറത്ത് കോലു വീഴുന്നതും നോക്കി ജനമിരുന്നു. പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പിള്ളാര്‌ സെറ്റും വലിയ സെറ്റും പോകുമായിരുന്നു. മണ്ണടിയില്‍ നിന്നും അന്ന് ഞങ്ങള്‍ കുളക്കട തിരുവാതിര, കീച്ച പള്ളി ഉത്സവം, പട്ടാഴിയിലെ കുംഭ തിരുവാതിര, മീന തിരുവാതിര, തലവൂര്‍ പൂരം, മലനട മലക്കുട (ദുര്യോധന ക്ഷേത്രം) , ഏഴംകുളം തൂക്കം , പെരിങ്ങനാട്ടു ഉത്സവം , പന്നിവിഴ ഉത്സവം , കളമല പള്ളിയിലെ ചന്ദന ക്കുടം  തുടങ്ങി എല്ലായിടത്തും    പരിപാടി കാണാന്‍ നടന്നു പോകുമായിരുന്നു.  സാംബ ശിവന്‍റെ കഥ പ്രസംഗം അക്കാലത്തെ വെടിക്കെട്ട്‌ പരിപാടി ആയിരുന്നു. അരവിന്ദാക്ഷ മേനോന്‍റെ ബാലൈ സൂപ്പര്‍ ഹിറ്റ്‌ ആയി നില കൊള്ളുന്ന കാലം . സൂര്യ സോമയും , സംഘ ചേതനയും , തുടങ്ങി നിരവധി നാടക ട്രൂപ്പുകളുടെ വമ്പന്‍ നാടകങ്ങള്‍ക്ക് നല്‍കിയ കൈയടി ഞാന്‍ ഓര്‍ക്കുന്നു. ഇന്നത്തെ തട്ട് പൊളിപ്പന്‍ ഗാന മേളകള്‍ക്ക് പ്രചാരം കിട്ടി തുടങ്ങിയിരുന്നില്ല. ഇന്ന് ഉത്സവത്തിനു പ്രധാനം മദ്യമാണ് . എന്നാല്‍ അക്കാലത്തു പിള്ളാര്‌ സെറ്റിനു മിനുങ്ങാന്‍ ഉള്ള അവസരമോ ചങ്കൂറ്റമോ ഇല്ലായിരുന്നു. " ബെവ്കോ " പെട്ടികടകള്‍ പോലെ തുറന്നിരുന്നില്ല . പാവപെട്ടവന്റെ സ്വപ്‌നങ്ങള്‍ ചാരായ ഷാപ്പുകളില്‍ ഒതുങ്ങിയിരുന്നു. ബാറില്‍ കയറുന്നത് സാധാരണക്കാരന്‍റെ സ്വപ്നങ്ങള്‍ക്ക് അപ്പുറമായിരുന്നു. " 96 ചാരായ നിരോധനവും തുടര്‍ന്ന് നടന്ന " അബ്കാരിസ്ട്ര "യും  കേരളത്തിലെ കുടിയന്‍ മാര്‍ക്ക് 
ലഹരിയുടെ പുത്തെന്‍ അനുഭവങ്ങള്‍ തുറന്നു നല്‍കി . പട്ട ചാരായവും പുളിച്ച കല്ലും വാറ്റും മാത്രം അടിച്ചു നടന്ന തലമുറയ്ക്ക് "ഹെര്‍കുലിസും  ഓള്‍ഡ്‌ മങ്കും ബിജോയിസും തുടങ്ങി ആയിരകണക്കിന് വിദേശ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുവാനുള്ള അവസരം തുറന്ന 'കുടിയുടെ മാഗ്ന കാര്‍ട്ടാ' സമ്മാനിച്ചു.  കുടിച്ചു പൂസായി നടക്കുന്ന സ്കൂള്‍ കുട്ടികളെ കാണുമ്പോല്‍ നഷ്ട ബാല്യത്തിന്‍റെ "ഹാങ്ങ്‌ ഓവര്‍" എന്നെ ഉദാസീനനാക്കുന്നു. അക്കാലത്തു "കുടി" ജനകീയമല്ലായിരുന്നു.  ഉത്സവ കാലം ഒരു വര്‍ഷത്തെ അടിപിടി , വഴക്ക് , എന്നിവയുടെ കണക്കു തീര്‍ക്കുവാന്‍ ഉള്ള കാലം കൂടിയായിരുന്നു. " നിന്നെ പേച്ചു കളത്തില്‍ കണ്ടോളാം" മണ്ണടി കാരുടെ ഇടയിലെ ഒരു ചൊല്ല് തന്നെ ആണിപ്പോഴും" . കുളക്കടകാര്‍ക്ക്  മണ്ണടി ഉച്ചബലിക്ക് മുളം പത്തലിനു  തല്ലു കൊടുത്തതിനു പകരം കീച്ച പള്ളി ഉത്സവത്തിനു നീല കരിമ്പ് കൊണ്ട് തിരിച്ചു  അടിച്ചതുമൊക്കെ ചരിത്രം . തല്ലിയവരും തല്ലു കൊണ്ടവരും ഒക്കെ ചരിത്രമായി.    പല ഉത്സവങ്ങളും പ്രണയത്തിന്റെ ഹരി ശ്രീ കുറിക്കുന്ന നാളുകളാണ്. അല്ലെങ്കില്‍ മൊട്ടിട്ട പ്രണയങ്ങളില്‍ കുപ്പി വളയും ചാന്തും ചെറു ചിരിയും സമ്മാനിക്കുന്ന ദിനങ്ങള്‍.   അന്ന് ഏതെങ്കിലും ഒരു പെണ്‍കുട്ടി ഉത്സവ പറമ്പില്‍ വച്ച് ഒന്ന് നോക്കിയാല്‍ മതി " ജീവിതം ധന്യമായി. പ്രണയത്തിന്‍റെ സൂനങ്ങള്‍ വിടരുകയായി. കടക്കണ്ണില്‍ വിരിയുന്ന ഉറക്കചെടവില്‍ വരും വര്‍ഷങ്ങളിലേക്കുള്ള പ്രചോദനം കണ്ടിരുന്ന ഒരു തലമുറ. 
     
           കൊച്ചു കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ ഓണത്തെ പോലെ തന്നെ ഗ്രാമത്തിലെ ആഘോഷങ്ങളും സന്തോഷ ജനകമായിരുന്നു. പുത്തെന്‍ ഉടുപ്പും വയറു നിറയെ ചോറും പിന്നെ കളിപ്പാട്ടങ്ങളും. ഊതുമ്പോള്‍ " അമ്മാവാ" എന്ന് വിളിച്ചു കൂവുന്ന ബലൂണും, കടുക് ബലൂണും , പിന്നെ പൊട്ടാസ് തോക്കും തിരി കത്തിക്കുന്ന ബോട്ടും . ഇതൊക്കെ കുഞ്ഞുങ്ങളുടെ കുഞ്ഞു സ്വപ്നങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ആയിരുന്നു. ബെന്‍ ടെന്‍ ടോയ്സും , ചൈനീസ്‌ കാറുകളും , അന്ന് പിറന്നിരുന്നില്ല. 
ഉത്സവങ്ങള്‍ക്ക് ബന്ധുക്കള്‍ ദൂര സ്ഥലങ്ങളില്‍  നിന്ന് പോലും വന്നിരുന്നു. രണ്ടും മൂന്നും ദിവസങ്ങള്‍ ഓരോ വീടിലും തങ്ങിയിരുന്നു. ഇന്നത്തെ പോലെ ഉച്ചയ്ക്ക് വന്നു ഉടനെ പോകുന്ന രീതി ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ബന്ധുക്കള്‍ തമ്മില്‍ നല്ല ബന്ധം ഉണ്ടായിരുന്നു. മാത്രമല്ല വല്ലപ്പോഴും കാണുന്ന മച്ചുനന്‍ മാരെയും മച്ചുനത്തികളെയും കൊതി തീരെ കാണുവാനും കഴിഞ്ഞിരുന്നു. 

     ഇപ്പോള്‍ ഉത്സവ കാലത്ത്  വഴിയിലൂടെ വണ്ടി ഓടിക്കുവാന്‍ പേടിയാണ്. " കല കെട്ടാന്‍ പിരിവ്‌, ഫ്ലോട്ടിനു   പിരിവ്‌, ഉത്സവ പിരിവ്‌ വേറെ , കര വരി, സംഭാവന തുടങ്ങി രസീതിന്റെ പ്രളയം. ചില സ്ഥലങ്ങളില്‍ നിര്‍ബന്ധിത പിരിവാണ്. ഒരുതരം നോക്ക് കൂലി പോലെ. 
എന്തൊക്കെ യാണെങ്കിലും മലയാളീ ഉത്സവങ്ങള്‍ക്കായി കാത്തിരിക്കുന്നു. മകര കൊയ്ത്തു കഴിഞ്ഞ മനസിന്റെ ഉര്‍വരതകളിലേക്ക് ചുരമാന്തി എത്തുന്ന കിനാവ് പോലെ...

     ഫ്ലോട്ടുകളും , ചിങ്കാരി മേളവും, കോടമ്പാക്കം മയിലാട്ടവും,  അമ്മന്‍ കുടവും, ഫാന്‍സി ഡ്രെസ്സും നമ്മുടെ ഉത്സവങ്ങളില്‍ നിറഞ്ഞാടുമ്പോള്‍ ഇന്നും മലയാള തനിമയില്‍, ദ്രാവിഡ സംസ്കൃതിയില്‍ വെള്ളം ചേര്‍ക്കാതെ ആഘോഷിക്കുന്ന ഒരു ഉത്സവത്തെ കുറിച്ച്, ഒരു നാടിനെ കുറിച്ച്, എഴുതാം .... അടുത്ത പ്രാവശ്യം ..


                                                                        വീജ്യോട്സ് 

         

2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ബാദ്ധ്യതയും ബക്ഷീഷും

ഇത് അഴിമതിയുടെ പൂക്കാലം ! ! ! പത്രത്തിലൂടെ പ്രാതലായും ടെലിവിഷനിലൂടെ ഐസ് ക്രീം പതയുന്ന വര്‍ത്തമാനങ്ങള്‍ ആയും  അഴിമതിയുടെ സുനാമികള്‍ നമ്മെ വിഴുങ്ങുവാന്‍ ഒരുങ്ങുന്നു. .. സ്പെക്ട്രത്തില്‍ കാലുകുത്തി ലാവ്‌ലിന്‍ കമ്പ് കൊണ്ടിളക്കിയപ്പോള്‍ ഭാരതമെന്ന പാലാഴിയില്‍ നിന്നും കോമണ്‍ വെല്‍ത്ത് രാക്ഷസനും ആദര്‍ശ സൌധങ്ങളും തുടങ്ങി സര്‍ക്കാര്‍  ജോലി വരെ ഉയര്‍ന്നു വന്നു. അഭിലാഷമുള്ളവരും രാജാക്കന്‍മാരും കലമൊടച്ചവനും കണ്ണില്‍ കണ്ടവനും അവയെല്ലാം സ്വന്തമാക്കി ...ഒടുവില്‍ ആകാശത്തിന്‍റെ അതിര്‍വരമ്പുകള്‍ താണ്ടി ബഹിരാകാശത്തിലേക്കും വര്‍ണ രാജികള്‍ പടര്‍ന്നു കയറുന്ന കഥകള്‍ ...  ഇത് വെറും കഥയാകാം ...ഉന്നതങ്ങിലെ കഥ ... പക്ഷേ ശരാശരി ഇന്ത്യാ കാരില്‍ എത്ര പേര്‍ കൈകൂലി കൊടുത്തു കാണും ? എത്ര പേര്‍ വാങ്ങി കാണും ?? കൈക്കൂലി , സ്വജന  പക്ഷപാതം , ക്രമക്കേട്, പാരിതോഷികം ,തിരിമറി, നോക്ക് കൂലി , ചെലവു ചെയ്യല്‍     തുടങ്ങി ഒരുപാടു വിളിപ്പേരുകള്‍ അഴിമതിക്കുണ്ട്. സര്‍കാര്‍ ഉദ്യോഗസ്ഥന് "ടിപ് " കൊടുത്തു എന്ന് മാത്രം ആരും പറഞ്ഞു കേട്ടിട്ടില്ല . അത് ബാറില്‍ മാത്രം കൊടുക്കുന്നതാണല്ലോ ??? " ബംഗാളിലെ വേശ്യകള്‍ക്കിടയില്‍ " ബക്ഷീഷ്" എന്നൊരു പ്രയോഗമുണ്ട്. കസ്റ്റമര്‍ സംതൃപ്തനായാല്‍ നല്‍കുന്ന തുക . " ഒരിക്കലും ബക്ഷീഷ് കൈയില്‍ വാങ്ങുകയില്ല. സന്തോഷത്തോടെ അവരുടെ ബ്രായുടെ ഉള്ളിലേക്ക് വച്ച് കൊടുക്കണം. അപ്പോള്‍ അവള്‍ ആ കൈ  നെഞ്ചോട്‌  അമര്‍ത്തി പിടിച്ചു സ്വപ്നങ്ങള്‍ ചത്ത്‌ പൊങ്ങിയ മിഴിയിണകളില്‍ പ്രാര്‍ത്ഥനയുടെ അദൃശ്യ സങ്കല്‍പ്പങ്ങള്‍  വിരിയിച്ചുകൊണ്ട്‌ പറയും " ഫിര്‍ ആന മേരി ജാന്‍ "    . സോനാ ഗച്ചിയിലെയും ഇസ്ലാമ്പുരിലെയും അതുപോലെ തന്നെ സിലിഗുരിയിലെയും ക്ഹോട്ടികളിലെ പുണ്യ ജന്മങ്ങള്‍ക്ക് "മാലിക്കിന്‍ " അറിയാതെ സ്വന്തമായി കിട്ടുന്ന തുക ...അതൊക്കെ വഴിക്ക് വന്ന ഓര്‍മ്മകള്‍ , വേവലാതികള്‍, അത്  പോകട്ടെ ....  സാധാരണ മലയാളികളില്‍ കൈക്കൂലി നല്കാത്തവര്‍ വിരളമാണ്... പക്ഷേ അഴിമതിയുടെ സാന്ദ്രത കേരളത്തിലെ ഓഫീസുകളില്‍ തുലോം കുറവാണു  ! ! ! ഞെട്ടി പോയി അല്ലെ ?? അതെ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ വളരെ നല്ല കാലാവസ്ഥയാണ്. .. തമിഴ് നാട്ടിലോ ബീഹാറിലോ രാജസ്ഥാനിലോ പോയാല്‍ കാര്യങ്ങള്‍ മനസിലാകും ...
കൈക്കൂലി സന്തോഷടോടെ കൊടുക്കുവാന്‍ നമ്മള്‍ തയ്യാറാണ് . നമ്മുടെ കാര്യം താമസിപ്പിക്കാതെ ചെയ്തുതന്നാല്‍ ... പെട്ടെന്ന് ചെയ്തു തന്നാല്‍ കൂടുതല്‍ സന്തോഷം ... അങ്ങനെ സന്തോഷത്തോടെ നമ്മള്‍ " പണം " കൊടുക്കുന്നു. " ഇതിനെയും ബക്ഷീഷ് എന്ന് വിളിക്കാമോ ? ക്ഷമിച്ചു കള ... ഇനി എന്‍റെ ഒരു കഥ പറയാം ...അഴിമതിയെന്ന മഹാസാഗരത്തിലെ ചെറുമീനുകള്‍ക്ക് തീറ്റ കൊടുത്ത കഥ .. ഞാന്‍ കൊടുത്ത ആദ്യ കൈക്കൂലി ....
       വളരെ പണ്ടൊന്നുമല്ല ഈ കഥ നടന്നത്...  , ഒരു വ്യാഴ വട്ടം മുന്‍പാണ്‌. വളരെ ചെറു പ്രായത്തില്‍ കേരളം വിട്ടു പോകേണ്ടിവന്നതിനാല്‍ പല സന്ദര്‍ഭങ്ങളിലും മലയാള നാടിന്‍റെ " പള്‍സ്"  തിരിച്ചറിയുവാന്‍ സാധിച്ചിരുന്നില്ല . അതിനാല്‍ ഓരോ ലീവ് കാലവും ഓരോ പഠന ക്ലാസ്സുകള്‍ ആയിരുന്നു.  വര്‍ഷത്തില്‍ ഒരിക്കല്‍ അവധിക്കു വരുമ്പോള്‍ നാട്ടുകാരുടെ  കുശലങ്ങളില്‍ പ്രധാനം  " കല്യാണം"  തന്നെ ആയിരുന്നു . " എന്താ കെട്ടാത്തതു " ചോദ്യം കേട്ട് മടുത്ത കാലം . ആഗ്രഹം ഇല്ലാത്തതു കൊണ്ടായിരുന്നില്ല . വയസു 30 കഴിഞ്ഞിരിന്നു. പക്ഷെ കേറി കിടക്കുവാന്‍ കൂരയില്ലാത്തവന്‍ കൂടെ കിടക്കുവാന്‍ പെണ്ണിനെ തിരയുന്നതിലെ ഔചിത്യം എന്നെ പിറകൊട്ടടിച്ചു. അക്കാലത്തു മൊബൈല്‍ ക്യാമറ ഇല്ലായിരുന്നെങ്ങിലും മനുഷ്യ ശക്തിയുടെ വക്ര പ്രവാഹത്തിന് കുറവില്ലായിരുന്നു എന്നറിയുക  . സ്വഭാവ ദൂഷ്യമോ ജാതക ദോഷമോ അല്ല മറിച്ച് വീടില്ലാത് കൊണ്ടാണ് മംഗല്യം താമസിക്കുന്നത് എന്നെനിക്കു ബോധ്യമായി .  ഈ അവസ്ഥയില്‍ എന്‍റെ അടങ്ങാത്ത അഭിനിവേശവും നാട്ടുകാരുടെ ചോദ്യങ്ങളുമാണ്‌  ഒരു വീട്    വയ്ക്കണം  എന്ന ചിന്ത എന്‍റെ  ചെറിയ  മനസിലേക്ക് കോപ്പി ചെയ്യിച്ചത് . ആ പരിപാടിക്ക് മുന്നോടിയായി അന്നും ഇന്നത്തെ പോലെ ലോണ്‍ തന്നെ ആയിരുന്നു  ആശ്രയം. മനുഷ്യ കുലത്തില്‍ ഒരുപക്ഷെ വീട് വയ്ക്കുവാന്‍ വായ്പ എടുക്കാത്തവര്‍ വിരളമായിരിക്കും. അങ്ങനെ ഒരു അവധികാലത്ത് എന്‍റെ മോഹവും പേറി ഞാന്‍ വീട് പണിക്കുള്ള പണം കണ്ടെത്താന്‍ ബാങ്കായ ബാങ്കൊക്കെ കയറി ഇറങ്ങി. " ഇത്രയേറെ ഗുലുമാല് പിടിച്ച പണിയാണ്‌ ഇതെന്ന് അന്ന് എനിക്ക് മനസിലായി. ജാമ്യം , കടപത്രം , ബാദ്ധ്യത. , ലീഗല്‍ ഒപ്പിനിഒന്‍,  കൈവശം , പറ്റു ചിട്ടി (കരചീട്ട് ) ,ഗഗാന്‍ , സ്കെച് , പ്ലാന്‍ ,തുടങ്ങിയ സാങ്കേതിക പദങ്ങള്‍   കേട്ട് ഞാന്‍ ഞെട്ടി. തീര്‍ച്ചയായും ഒരു തുടക്കകാരനെ ഞെട്ടിക്കുവാന്‍ ഈ പദങ്ങള്‍ക്കും അവിടുത്തെ സാറിന്മാര്‍ക്കും കഴിഞ്ഞു. പക്ഷേ എന്‍റെ ഉള്ളിലെ തീവ്ര കാമനകളെ കൈയാമം വയ്ക്കുവാന്‍ ഈ  പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് എന്‍റെ സ്വന്തം എന്ന് അഭിമാനിച്ചിരുന്ന നാഴി മണ്ണിന്റെ ആധാരവും മറ്റു അനസാരികളും പേറി  "ബാദ്ധ്യത.സര്ട്ടിഫിക്കറ്റ് " വാങ്ങുവാന്‍ ഞാന്‍ കടമ്പനാട് രജിസ്ട്രാര്‍ ഓഫീസില്‍ എത്തുന്നത്‌ . വൈദേശിക ആധിപത്യത്തിന്റെ  ഒഴിഞ്ഞു മാറാത്ത ആടയാഭരണങ്ങള്‍ പോലെ മനുഷ്യനെ ഭയപ്പെടുത്തുന്ന കറുത്ത നോട്ടിസ് ബോര്‍ഡിലെ നരച്ച ആജ്ഞകളും,  പൊടിപിടിച്ച ഫയലുകളും , മാറാല പിടിച്ച ഫാനും , തടിച്ച രജിസ്റ്റെരുകളും, അധികാര പ്രമത്തതയുടെ  മുനയൊടിഞ്ഞ ഗര്‍വുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത മരവിച്ച മുഖങ്ങളും, ഗതകാല ഭരണ കൂടങ്ങളുടെ  വിദൂര പ്രതിബിംബമായപ്പോള്‍ സട കൊഴിഞ്ഞ ബൂര്‍ഷ്വാസിയും സിംഹാസനത്തിലേറിയ മര്‍ദ്ദിതനും കറുത്ത പൂച്ചകളുടെ കാവലോടെ പളുങ്ക് പാത്രങ്ങളില്‍ അമൃത് നുണഞ്ഞു അരണ്ട വെളിച്ചത്തില്‍ കാത്തിരുന്നു... മെതിയടിയിലെ ചെളി കളയുവാന്‍ എന്നെയും  കാത്ത്.... അപേക്ഷ എവിടെ കൊടുക്കണം എന്ന് പോലും അറിയില്ല. ഇന്ത്യക്കാരെ നോക്കുന്ന പാക്കിസ്ഥാന്‍ പട്ടാളക്കാരെ പോലെ പല സാറിന്മാരും സാറത്തികളും എന്നെ ചൂഴ്ന്നു നോക്കി. കൂട്ടത്തില്‍ അല്പം പ്രായം ചെന്ന സാറിന്റെ കസേരയ്കരികിലേക്ക് ഞാന്‍ നീങ്ങി. എന്തോ പറയാന്‍ ഞാന്‍ ശ്രമിക്കുന്നതിനു മുന്‍പ് കനത്ത ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു " ബാദ്ധ്യത ആണോ " ഞാന്‍ തല കുലുക്കി. മുഖം പ്രത്യേക രീതിയില്‍ കോട്ടി അദ്ദേഹം പുറകോട്ടു ചൂണ്ടി ഒരു സീറ്റ്‌ കാട്ടി. അങ്ങോട്ട്‌ ചെല്ലാന്‍ അങ്ങ്യം കാണിച്ചു. ഞാന്‍ അവിടേക്ക് ചെന്നു . സത്യം പറഞ്ഞാല്‍ ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു. അവിടെ സുന്ദരിയായ ഒരു പെണ്‍കുട്ടി ആയിരുന്നു ഇരുന്നത്. ഞാന്‍ അപേക്ഷ കാണിച്ചു. കാര്യം പറഞ്ഞു. ആ കുട്ടി  പൂര്‍ണ ചന്ദ്രനെ പോലെ ചിരിച്ചു. എന്‍റെ മനസ്സില്‍ നിലാവ് നിറഞ്ഞു. " എനിക്ക് അത്യാവശ്യമാണ്" " ശരി താമസിപ്പിക്കാതെ തരാം "ഭവതി പറഞ്ഞു. " ഞാന്‍ നാളെ വരട്ടെ " എന്‍റെ ചോദ്യത്തിന് പഞ്ച ബാണങ്ങള്‍ നിറച്ച പുഞ്ചിരി പകരം സമ്മാനിച്ചു. " ദൈവമേ ധന്യമായി , ഈ സുന്ദരിയെ പോലെ എല്ലാ ജീവനക്കാരും ആയിരുന്നുവെങ്കില്‍ കേരള സര്‍വിസ് എത്ര നന്നായേനെ.
രാത്രിയില്‍ ഉറക്കം വന്നില്ല . ആ കുട്ടിയെ തന്നെ ഓര്‍ത്തു കിടന്നു. വേണ്ടാത്ത മോഹങ്ങള്‍ ഉള്ളിലേക്ക് പതഞ്ഞുയരുന്നു.
ഏകാന്തതയുടെ ചില്ല് ജാലകങ്ങളില്‍ അവാച്യമായ അനുഭുതികളുടെ തുഷാര ബിന്ദുക്കള്‍ ഉറകൂടുന്നത് ഞാനറിഞ്ഞു .

           പിറ്റേന്ന് രാവിലെ തന്നെ ഉണര്‍ന്നു. കൂടുതല്‍ പ്രസരിപ്പുള്ളത് പ്രഭാതത്തിനോ എനിക്കോ എന്ന് വ്യക്തമല്ലായിരുന്നു .
പത്തു മണിക്ക് മുന്‍പ് തന്നെ ഓഫീസിന്റെ വരാന്തയില്‍ ഇരിപ്പുറപ്പിച്ചു. എന്തിനാണ് എത്ര നേരത്ത് വന്നത് എന്ന എന്‍റെ ചോദ്യത്തിന് എനിക്ക് തന്നെ ഉത്തരം ഇല്ലായിരുന്നു. കേരളത്തിലെ ഓഫീസ് സമയം 10 ആണെങ്കിലും പണി 11 മണിക്കേ തുടങ്ങു എന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ ആ സുന്ദരിയെ ദൂരെ നിന്നും കാണാന്‍ എന്‍റെ മനസ് മോഹിച്ചു പോയി. പത്തു മണി മുതല്‍ ജീവനക്കാര്‍ വന്നു തുടങ്ങി. പക്ഷേ ഞാന്‍ പ്രതീക്ഷിച്ച  ആള്‍ മാത്രം വന്നില്ല. സമയം മുന്നോട്ടു പോയി. എന്‍റെ മോഹങ്ങളില്‍ കരിവാവ് കലര്‍ന്ന പ്രതീതി . പെട്ടെന്ന് ഞാന്‍ " ബാദ്ധ്യത " ഓര്‍ത്തു പോയി. ഓഫീസിന്‍റെ ഉള്ളിലേക്ക് ഞാന്‍ ചെന്നു. " ആ പെണ്‍കുട്ടിയുടെ സീറ്റിലേക്ക് കൈ ചൂണ്ടി ചോദിച്ചു" " ആ സാര്‍ വന്നിട്ടില്ലേ" " " ഇല്ലാ , ഇന്ന് ലീവിലാണ്‌ " എന്‍റെ മനസ്സില്‍ പെരുമ്പറ കൊട്ടി. എന്നിട്ട് ഇന്നലെ പറയാഞ്ഞത് എന്താണ് ? രാവിലെ ഞാന്‍ ഒരുങ്ങി കെട്ടി വന്നില്ലേ . ദേഷ്യവും സങ്കടവും അടക്കാനാവാതെ ഞാന്‍ വീട്ടിലേക്കു  പോയി. അന്നും ഞാന്‍ കണ്ട കിനാവില്‍ അവള്‍ കടന്നു വന്നു. ക്ഷണിക്കാത്ത അതിഥി ആയി . അടുത്ത ദിവസം രാവിലെ തന്നെ രജിസ്ട്രാര്‍ ഓഫീസിന്‍റെ തിണ്ണയില്‍ സ്ഥാനം പിടിച്ചു. പത്തുമണിക്ക് തന്നെ എന്‍റെ സ്വപ്ന സുന്ദരി എത്തി. ആ മുഖം കണ്ടപ്പോള്‍ എന്‍റെ സകല പ്രയാസങ്ങളും മാറി.  അലാസ ഗമനിയായ ഈ അപ്സരസിനോടാണോ താന്‍ മനസാ നീരസം പ്രകടിപ്പിച്ചത് . തിലകക്കുറി ചാര്‍ത്തിയ ആ സുന്ദര മുഖം എന്‍റെ ഉള്ളില്‍ കിനാക്കളുടെ മന്ദാര പുഷ്പങ്ങള്‍ വിരിയിച്ചു. എങ്കിലും പെട്ടെന്ന് ഞാന്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞു. എന്‍റെ " ബാധ്യത "  ഞാന്‍ ഓര്‍ത്തു. ഉള്ളില്‍ പ്രണയം കിനിയുന്ന പ്രണയം പൊത്തിയമര്‍ത്തി ഞാന്‍ വന്ന കാര്യം പറഞ്ഞു. സുസ്മേര വദനയായി അവള്‍ പറഞ്ഞു " അയ്യോ റെഡി ആയില്ല" " ഇന്നലെ ഞാന്‍ ലീവ് ആയിരുന്നു" എനിക്ക് സന്തോഷം ആയി . ഞാന്‍ ചോദിച്ചു " എപ്പോള്‍ വരണം "? " രണ്ടാഴ്ച കഴിഞ്ഞു വരൂ , ഇവിടെ ഇപ്പോള്‍ ഓഡിറ്റ്‌ നടക്കുകയാണ്‌ " ഞാന്‍ ഞെട്ടിപ്പോയി " "അയ്യോ" അറിയാതെ ഒരു വിളി ഉള്ളിലുണരുന്നത് ഞാനറിഞ്ഞു.  ലീവ് തീരുവാന്‍ കുറച്ചു ദിവസമേ ഉള്ളു. അതിനുമുന്‍പ്‌ ലോണ്‍ ശരിയാക്കണം. " എനിക്ക് വളരെ അത്യാവശ്യമാണ് ' ഞാന്‍ കെഞ്ചി നോക്കി . " പരമാവധി ശ്രമിക്കാം " അവള്‍ ഉറപ്പു പറഞ്ഞു " എവിടെ നിന്നു തിരിയാന്‍ സമയമില്ല" ആ കുട്ടി പറഞ്ഞപ്പോള്‍ ഞാന്‍ അവിസ്വസിച്ചില്ല. പ്രത്യേകിച്ചും എന്‍റെ ഉള്ളില്‍ പ്രതിഷ്ടിച്ച കനക വിഗ്രഹത്തിന്റെ വാക്കുകളെ.  ഇച്ഛാഭംഗത്തിന്റെ കരിമഷി എന്‍റെ ചിന്തകളില്‍  പടര്‍ന്നു കയറി  . ഉച്ച വെയിലിനെ കൂസാതെ കവലയിലേക്കു നടന്നു. അപ്പോഴാണ് ആധാരമെഴുതുന്ന മത്തായി കുട്ടി ചേട്ടനെ കണ്ടത്. അദ്ദേഹം കുശലം  ചോദിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു . " ആ വട്ട മുഖമുള്ള ക്ലെര്‍ക്ക്‌ ആണോ ? നോട്ട് കിട്ടാതെ അവള്‍ ഒന്നും ചെയ്യില്ല " 'ദൈവമേ' എന്‍റെ സകല മോഹവും തകരുകയാണോ ? ഞാന്‍ നെയ്ത കിനാക്കള്‍ ? അവള്‍ കൈക്കൂലി വാങ്ങുകയോ ? 'ഇല്ലാ ' .എന്‍റെ മനസ് മന്ത്രിച്ചു. വീണ്ടും ഞാന്‍ സ്വപ്നത്തിന്റെ നീല മേഘ മേലാപ്പുകളില്‍ നിന്നും താഴെ ഇറങ്ങി. പരുക്കന്‍ ഭൂമിയിലൂടെ വീണ്ടും രജിസ്ട്രാര്‍ ഓഫീസിന്‍റെ പടവുകള്‍ കയറി. ഞാന്‍ ആ സുന്ദരിയുടെ അടുത്ത് ചെന്നു. അവള്‍ വീണ്ടും ചിരിച്ചു. ഉള്ളു നിറയ്ക്കുന്ന ചിരി. പോക്കെറ്റില്‍  നിന്നും ഒരു നൂറു രൂപ നോട്ട് എടുത്തു  അവള്‍ക്കു നേരെ നീട്ടി. എന്‍റെ ശരീരത്തില്‍ ഒരു വിറയല്‍ ബാധിച്ചു. എന്‍റെ പ്രണയ സങ്കല്പങ്ങളുടെ ശവ പറമ്പിലെക്കുള്ള  പ്രയാണത്തില്‍ ആ നൂറു രൂപ നോട്ടിരുന്നു വിറച്ചു. ഒരു പൂക്കാവടി പോലെ.. പെട്ടെന്ന് അവള്‍ മേശ വലിപ്പു തുറന്നു. രൂപ അതിലിടാന്‍ ആംഗ്യം കാട്ടി.   തുറന്നു കിടന്ന മേശ വിരിപ്പിലേക്ക് ഇട്ടുകൊടുത്തു. "അല്പം വെയിറ്റ് ചെയ്യൂ "  അര  മണിക്കൂറിനകം എനിക്ക് സര്‍ടിഫിക്കറ്റ് കിട്ടി. അവള്‍ വീണ്ടും ചിരിച്ചു. അവളുടെ സുന്ദര മുഖത്തെ  ആര്‍ത്തിയുടെ വിഷ തേളുകള്‍ ബീഭല്‍സമാക്കുന്നത് ഞാന്‍ കണ്ടു.    എന്‍റെ മനസ്സില്‍ അപ്പോള്‍ നിസംഗത മാത്രമായിരുന്നു. "ബക്ഷീഷ്" നല്‍കിയവന്റെ നിസംഗത ..........

                                                                                വീജ്യോട്സ്