Thursday, September 8, 2011

മാവേലി ഡല്‍ഹിയില്‍

     അപക്വമായ എന്‍റെ വമ്പന്‍ സ്വപ്നങ്ങളില്‍   ഞാന്‍ മാവേലിയെ കണ്ടത് ഡല്‍ഹിയില്‍ വച്ചാണ്..
സൂര്യ തേജസുള്ള ചിരി പൊഴിക്കുന്ന വെള്ള മന്ദാരം പോലെ മാവേലി....

 യാത്ര ഇപ്രാവശ്യം ഡല്‍ഹി വഴി ആണ്... കേരളമെന്ന "ട്ടാ " വട്ടത്തില്‍ കിടന്നു തായം കളിയ്ക്കാന്‍ താല്പര്യം ഇല്ലഞ്ഞിട്ടാണോ " സ്പെകട്രത്തിലും കോടികളിലും കോണകം നെയ്യുന്ന " ഡല്‍ഹിയെന്ന മഹാ നഗരത്തെ മാവേലി ലക്‌ഷ്യം വച്ചത് എന്ന് ചോദിച്ചപ്പോള്‍ " ഒരു ബിഗ്‌ നോ " ആയിരുന്നു ഉത്തരം...

പല കാരണങ്ങള്‍  ഉണ്ട്.. പൊട്ടിപൊളിഞ്ഞ റോഡ്‌ മാത്രമല്ല വിഷയം... പാതാളത്തില്‍ നിന്നുള്ള പല ഹൈ വേകളും അവസാനിക്കുന്ന  വയലേലകള്‍  മണ്ണിട്ട്‌  നികത്തി യിരുക്കുകയാണ്  .. ഏതു  വയലാണ്  നികത്തിയത്  എന്നറിയില്ല ... ഏതെങ്കിലും  റോഡ്‌ പിടിച്ചു  വന്നാല്‍  അവസാനം ടിപ്പരിന്റെ വായിലോ അല്ലെങ്കില്‍ മൂടി പോയ വയലിലോ എത്തും .  പിന്നെ റിട്ടേണ്‍ അടിച്ചു മടങ്ങി കേരളത്തില്‍ സമയത്തിന് എത്താന്‍ പ്രയാസം..അതാണ് കാരണം.. പല കേരള റോഡുകളിലെ കുഴികളില്‍ നിന്ന് പാതാളത്തിലേക്ക്‌ ബൈ പാസ്‌ ഉണ്ടെകിലും ആരെങ്കിലും അതില്‍ ഇടയ്ക്ക് വാഴയോ കല്ലോ ചേമ്പോ നാട്ടു പ്രതിക്ഷേധിച്ചാല്‍ സംഗതി പിന്നെ വഷളാകും ...

ഓലക്കുടയും അരപ്പട്ടയും കൊമ്പന്‍ മീശയും ഒക്കെ മാറി... ഇപ്പോള്‍ വയര്‍ ഒക്കെ അല്പം കുറഞ്ഞിട്ടുണ്ട്.. സല്‍മാന്‍ ഖാനെ പോലെ ഒരു സിക്സ് പായ്ക്ക് ...
അല്ലേലും മാവേലി അങ്ങനെ തന്നെ ആയിരിക്കും.. ഒന്ന് ആലോചിച്ചു നോക്കുക.. ദേവന്‍ മാരെ കിടു കിട വിറപ്പിച്ച ഈ അസുര ചക്രവര്‍ത്തി കുടവയറന്‍ ആകുമോ ?? ഇപ്പോള്‍ കൈയില്‍ ഒരു പോപ്പി നാനോ .. പഴയ ഓലക്കുട പുരവസ്തുക്കാര്‍ പിടിച്ചെടുത്തു..പിന്നെ നല്ല  വെള്ള  മുണ്ട് ..മുണ്ടിനു മാത്രം മാറ്റമില്ല.. കാലില്‍ "പരഗന്‍ ഓഫീസ് ചപ്പല്‍ " നടന്നു നടന്നു തെയേണ്ട എന്ന് കരുതി ...അങ്ങനെ പല മാറ്റങ്ങളും..

 മുഖത്തിന്റെയും  മീശയുടെയും  ഷേപ്പ് മാറി,,.. മുഖം അല്പം പരന്നു പോയോ എന്ന്   സംശയം... നിരന്തരം ഫ്ലെക്സ് മെഷീനില്‍ കൂടി കയറി ഇറങ്ങി ഇങ്ങനെ മുഖത്തിന്‌ മീശയ്ക്കും ചില മാറ്റങ്ങള്‍ ഉണ്ടായതായി മാവേലിയും സമ്മതിച്ചു..
 ഇനി വയര്‍ കുറഞ്ഞതിനു കാരണം കഴിഞ്ഞ പ്രാവശ്യം വാങ്ങികൊണ്ട് പോയ "ലവണ തൈലമാണോ" ?? ഈ മുണ്ടിനു പകരം വല്ല സഫാരി സ്യുട്ടോ മറ്റു ആധുനിക യോയോ ശൈലിയിലോ വസ്ത്രങ്ങള്‍ ധരിക്കാത്തത് എന്താണ് കാരണം .. അതും ഗോസായിമാരുടെ നാട്ടില്‍ വരുമ്പോള്‍...  നമ്മുടെ സ്വന്തം മുണ്ടിനെ മലയാളി മറന്നാലും മാവേലി മറക്കുമോ.. ധൈര്യത്തിന്  ഇന്ദ്ര പ്രസ്ഥത്തിലും മുണ്ട് ഉടുത്ത് വിലസുന്ന മലയാളി മന്ത്രിമാര്‍ ഉണ്ട് എന്നാ ആശ്വാസം.. ഇനി മാവേലി വല്ല മുണ്ട്കമ്പനിക്കാരുടെ ബ്രാന്‍ഡ്‌ അംബസിടരും ആയതാണോ ... ?

        ആഗോള താപനത്തിനുള്ള മലയാളിയുടെ മറുപടി ആണ് മുണ്ട് എന്ന് മലയാളിക്കറിയില്ലെങ്കിലും മാവേലിക്ക് അറിയാം.. അത് മാത്രമല്ല മുണ്ടിന്റെ മഹത്വങ്ങള്‍ ഉടുക്കുന്നവ്നു  അറിയാം.. ഒരു ബഹു മുഖ പ്രതിഭയാണ് മുണ്ട്.. സങ്കടം , ദേഷ്യം, ബഹുമാനം , നാണം, ധൈര്യം   ഇത്യാതി വികാരങ്ങളെ സത്യസന്ധമായി പ്രകടിപ്പിക്കും... നാണം മറക്കുന്ന വസ്തു എന്നതിലുപരി കര്‍ചീഫ്‌, കുട, പുതപ്പു, ബാഗ്‌ എന്നി  കാര്യങ്ങള്‍ക്കു പകരം ആയി ഉപയോഗിക്കാവുന്ന ഓള്‍ ഇന്‍ വണ്‍...

    അത് മാത്ര മല്ല ഒരു മുണ്ട് കുറഞ്ഞത്‌ ഇരുപതു തവണ ഉടുക്കാന്‍ കഴിയും എന്ന് പഴമക്കാര്‍ 

                  തിരിച്ചഞ്ചു 
                     മറിച്ചഞ്ചു
                      കുടഞ്ഞഞ്ചു
                           കുടയാതഞ്ചു..                   എന്തായാലും മാവേലി മുണ്ടിനെ മറന്നില്ല ...

        കള്ളവും   ചതിയും   ഇല്ലാത്ത  "പകല്‍ കൊള്ള "മാത്രമുള്ള   നാട്ടിലെ  പുതിയ  മഹാരാജക്കള്‍ക്ക് വേണ്ടി "തീഹാറില്‍" സ്ഥാപിക്കുന്ന പുതിയ "സ്വിസ് ബാങ്ക് എ ടി എം"കൌണ്ടെര്‍ ഉത്ഘാടനം ചെയ്യാന്‍ എത്തിയതാണ് മാവേലി   , 

കള്ളവും ചതിവും ഇല്ലാതിരുന്നിട്ടും തന്‍റെ തലയെ സര്‍വേ കല്ലാക്കിയ വാമനന്‍.. അന്ന് സെന്റും ആറും ഹെക്ടറും ഒന്നും ഇല്ലാതിരുന്ന കാലം.. ക്രോസ് സ്റ്റാഫ്‌ , തിയടോലൈറ്റ് , ടോട്ടല്‍സ്റ്റേഷന്‍ തുടങ്ങിയ കുന്ത്രാണ്ടങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം.. പക്ഷെ പണി കിട്ടി..റിയല്‍  എസ്റ്റേറ്റ്‌  മാഫിയാകളുടെ  ചതി കുഴിയില്‍ വീണ  ലോകത്തിലെ ആദ്യത്തെ മഹാ   ചക്ര വര്‍ത്തി ആണ്   മാവേലി എന്ന് പണ്ട് ആരോ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചുരുന്നില്ല .. കാരണം  അന്ന് റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ തല പോക്കിയിരുന്നില്ല.. റാം ലീലയില്‍ നീളം  കുറഞ്ഞ വ്യക്തിയെ കണ്ടപ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തനിക്കു പറ്റിയ അമളി ഓര്‍ത്തു.. ആളില്‍ കുറുകിയവരെ സൂക്ഷിക്കണം... 

          കേരളത്തിലേക്ക് വരുമോ ഇപ്രാവശ്യം എന്ന് ചോദിച്ചപ്പോള്‍ " എന്ത് ചോദ്യം " കേരളമില്ലാതെ നോം ഉണ്ടോ ?? നാടും നാട്ടാരെയും  കാണാനുള്ള മോഹം മാത്രമല്ല കേട്ടോ.. കഴിഞ്ഞ പ്രാവശ്യം മാര്‍ട്ടിന്‍ കൊണ്ടുപോയ ആസ്തികള്‍ തിരിച്ചു പിടിക്കാനുള്ള ഒരു ഉത്സാഹം ഞാന്‍ ആ  മുഖത്ത് കണ്ടു.. പക്ഷെ ഇപ്പോള്‍ നാട്ടില്‍ മാര്‍ട്ടിന്റെ ലോട്ടറി ഇല്ല എന്നറിഞ്ഞപ്പോള്‍ ആ മുഖത്ത് ഒരു നീരസം.. എന്നാലും കാണം വിറ്റും ഓണം ഉണ്ണുന്നവരുടെ നാട്ടില്‍ " നെറ്റ്‌വര്‍ക്ക് കച്ചവടം " എങ്കിലും കാണും എന്ന് അദ്ദേഹത്തിനു  അറിയാം.. പൂവിനു പകരം പൈന്റ്റ് നല്‍കുന്ന സ്വന്തം പ്രജകളെ മറക്കാന്‍ കഴിയുമോ....മഴയത്തും വെയിലത്തും തളരാതെ ക്യൂ നിന്ന്
റെക്കോര്ഡ് ഇടുന്ന "കള്ള് "നാഗപ്പള്ളി ക്കാരെയും ചാല "ക്കുടി"ക്കാരെയും  തമ്പുരാന് മറക്കാന്‍ കഴിയുമോ...


 പണ്ടൊരിക്കല്‍ മാഞ്ചിയത്തിനു മുള വന്നോ എന്ന് നോക്കാന്‍ പോയ മാവേലി റബ്ബര്‍ പാലില്‍ മുങ്ങി താണപ്പോള്‍ സ്വര്‍ണ കടക്കാരും തുണി കടക്കാരും കുറെ തമിഴ് നാട്ടിലെ കര്‍ഷകരും കൂടി ചേര്‍ന്ന് രക്ഷിച്ച കഥ  ഞാന്‍  കുട്ടികളോടെ  തമാശ  രൂപേണ   പറഞ്ഞപ്പോള്‍  വിശ്വസിച്ചില്ല ... കാരണം  മഞ്ചിയത്തിനു കേരളത്തില്‍  മുള വന്ന  കാലത്ത് അവര്‍   ഈ  ഭൂമുഖത്  മുളച്ചിരുന്നില്ല ..മാത്രമല്ല സ്വര്‍ണവും തുണിയും പച്ചക്കറികളും നമ്മെ ഭയപെടുത്തിയിരുന്നുമില്ല  ...  അന്ന് കഷ്ടിച്ചാണ് രക്ഷപെട്ടെതെന്നു അദ്ദേഹം പറഞ്ഞു നിര്‍ത്തി..

         തന്‍റെ രാജ സദസ്സിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ കാണിക്കുവാന്‍ ഉള്ള  ഏര്‍പ്പാടുകള്‍ ചെയ്യാനും റബ്ബര്‍  കൃഷി പാതാളത്തിലേക്ക്‌ വ്യപിക്കുവാനും ഉള്ള ഒരു കരാറില്‍ കേരള സര്‍ക്കാരുമായി ഒപ്പുവെക്കുന്ന കാര്യം അദ്ദേഹതിന്റെ ചിന്ത പദ്ധതിയില്‍ ഉണ്ട്..  എന്തായാലും മാവേലി എത്തും.. 

മനസിന്‍റെ തിരു മുറ്റങ്ങളില്‍ പ്രതീക്ഷയുടെ പൂക്കളമൊരുക്കി സൌഹൃദത്തിന്റെ ഊഞ്ഞാല്‍ പാട്ട് പാടി നമുക്ക് എതിരേല്‍ക്കാം .. നമ്മുടെ സ്വന്തം മാവേലിയെ...            മനം നിറഞ്ഞ ഓണാശംസകള്‍            
   
      

       
    

Sunday, September 4, 2011

ഓണസദ്യ

 കള്ള    കര്‍ക്കിടകത്തിന്റെ  കാര്‍മേഘങ്ങള്‍  ഒഴിഞ്ഞു  പൊന്‍വെയില്‍  പരക്കുന്ന   ചിങ്ങമാസം സ്വപ്നം കാണുന്ന കൈരളി... നഷ്ട സ്മൃതികളുടെ കാഹളമൂതി  ഓണതേരില്‍ എഴുന്നെള്ളുന്ന ഓണത്തപ്പനെ എതിരേല്ക്കുവാന്‍ കേരള ജനത വെമ്പല്‍ കൊള്ളുന്ന ഓണമാസം... വറുതികളുടെയും   വിഷമതകളുടെയും   പേമാരിക്കൊടുവില്‍    നന്മയുടെയും സമൃദ്ധിയുടെയും  വസന്തകാലം വിളിച്ചറിയിക്കുന്ന പൂക്കാലം... കൈക്കുടന്നയിലെ നിലാവുപോലെ നമ്മളറിയാത്ത മനോഹര സ്വപ്നം ... കാലവും കോലവും മാറിയിട്ടും മനസിന്റെ അകകാമ്പുകളില്‍ തളിരിടുന്ന കുട്ടിത്തം ....ഊഞ്ഞാലും ഊഞ്ഞാല്‍ പാട്ടുകളും മനസിന്‍റെ പടി കടന്നു പോയ  ഗവേഷണ വിഷയങ്ങള്‍ മാത്രമാകുമ്പോള്‍ , പൂവിളിയിലും പൂക്കളത്തിലും സ്പര്‍ദ്ധയുടെ വിഷ രേണുക്കളെ ചികഞ്ഞെടുക്കുമ്പോള്‍ , തട്ടിപ്പുകളുടെ സ്വന്തം നാട്ടിലേക്കു വീണ്ടും മഹാബലി തിരുമേനി എത്തുന്ന പുണ്യകാലം ..

  അതെ ,  ഇവിടെ പുലരിക്കിപ്പോള്‍ പുതിയ പ്രതീക്ഷകളും സന്ധ്യക്കിപ്പോള്‍ പുതിയ വര്‍ണങ്ങളും ആണ്... നാടിനൊപ്പം നാട്ടാര്‍ക്കൊപ്പം ഓണവും മാറിയിരിക്കുന്നു... അതൊന്നു കാര്യമാക്കാതെ കുതൂഹല നിര്‍ഭരമായ എന്റെ മനസ്സ് വളരെ പുറകോട്ടു ഓടി പോകുന്നു.... ഇന്നത്തെ പോലെ ഓണം എന്ന് പറഞ്ഞാല്‍  പാര്‍ട്ടിയും ടൂറും സിനിമയും ഒന്നും അല്ലായിരുന്നു അന്ന്... സത്യം പറഞ്ഞാല്‍ വയര്‍ നിറയെ ചോര്‍ഉണ്ണാന്‍  കഴിയുന്ന നല്ല സമയം .. പൊട്ടന്‍  കരുണാകരന്‍റെ  ഭാഷയില്‍ പറഞ്ഞാല്‍ " വയറ്റിലെ കൃമി അടങ്ങി ആഹാരം കഴിക്കുന്ന ദിവസം " 360  ദിവസം ചീനിയും ചക്കയും  ഒക്കെ  തിന്നു മടുത്തിട്ട് വയറു നിറയെ തൂശനിലയില്‍ ചോറ് കഴിക്കുന്ന ദിവസം ( അക്കാലത്തു ഞങ്ങളെ പോലെ പാവങ്ങള്‍ക്ക് ചോറ് ഒരു ആഡംബരം ആയിരുന്നു...  ഒരു പിഞ്ഞാണം  നിറയെ ചക്കയോ ചീനിയോ വിളമ്പിയിട്ടു അതിന്‍റെ സൈഡില്‍  അല്പം ചോറ് തോരന്‍ (ഉപ്പേരി എന്ന് ചിലര്‍ ) വിളമ്പുന്നത് പോലെ വിളമ്പും ) അതുകൊണ്ട് തന്നെ ഞങ്ങളുടെ നാട്ടില്‍ ഒരു പഴം ചൊല്ലുണ്ട്

 " ഓണം ഉണ്ട  വയറേ  ഇനി  ചൂളം പാടുക നീയും " 

 എന്‍റെ പ്രൈമറി ക്ലാസ്സുകളുടെ കാലഘട്ടത്തിലെതോ കടന്നുപോയ ഒരു ഓണക്കാലം .. വഞ്ഞിപ്പുഴ മഠത്തിലെ മാളികയുടെ മുന്‍പില്‍ വലിയ ഒരു പുളിമരം ഉണ്ടായിരുന്നു..  വളരെ ഉയരത്തില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വലിയ  പുളിമരം.. അത്രയും ചുറ്റു വണ്ണം ഉള്ള പുളിമരം വേറെ എങ്ങും കണ്ടിട്ടില്ല.. (ഇന്ന് ആ പുളിയും മാളികയും ഒക്കെ ഓര്‍മ്മകള്‍ മാത്രം) ആ മരത്തിന്റെ ഉയരമുള്ള ചില്ലയില്‍ ചുണ്ണാമ്പു വള്ളിയില്‍ ( ഒരുതരം കാട്ടു വള്ളി) ഉപയോഗിച്ച്  ഇട്ടിരിക്കുന്ന വലിയ ഊഞ്ഞാലില്‍ ചുവട്ടില്‍ ഞങ്ങളുടെ പ്രദേശത്തെ പിള്ളാര്‌ സെറ്റെല്ലാം ഉണ്ടായിരുന്നു.. പാട്ടും കൂത്തും തുമ്പിതുള്ളലും , കുറ്റിയും പന്തും കളിയും , ഓലഞ്ഞാലി കളിയും ഒക്കെ നടന്നു കൊണ്ടേയിരുന്നു..  ഊഞ്ഞാലില്‍ ചില്ലിആട്ടം ( എഴുനേറ്റു നിന്നുള്ള ആട്ടം ) പറന്നു ഉയരത്തിലുള്ള കൊമ്പിലെ ഇല പറിക്കാന്‍ വലിയ അണ്ണന്‍മാരും ചേച്ചി മാരും മത്സരിച്ചു..  ഊഞ്ഞാലില്‍ ആടുമ്പോള്‍ ആക്കം കിട്ടാന്‍ മറ്റുള്ളവര്‍ സഹായിക്കുന്ന ഒരു പ്രയോഗമാണ്  ഉണ്ടയിഡീല്‍...  ഊഞ്ഞാലിന്റെ കമ്പില്‍ ആള്‍ ഇരുന്നു കഴിഞ്ഞാല്‍ ഒരാള്‍ പിറകില്‍ വന്നു കമ്പില്‍ പിടിച്ചു ഉയര്‍ത്തി അധി വേഗം ഓടി തലയ്ക്കു മുകളിലൂടെ ഊഞ്ഞാലിനെ തള്ളി വിടുന്നു.. ഇതാണ് ഉണ്ടയിടീല്‍ എന്ന്  എന്റെ നാട്ടില്‍ അറിയപെടുന്നത്.. ഈ ഉണ്ട ഇടീലിലും ചില ചുറ്റി കളികള്‍ ഉള്ളതായി വളര്‍ന്നപ്പോള്‍ ആണ് മനസിലായത്.. പത്തില്‍ പഠിക്കുന്ന പുഷ്പയെ ആനന്ദന്‍ ചേട്ടന്‍ ഊഞ്ഞാലില്‍ നിന്നും തള്ളിയിട്ടതിന് പുഷ്പ ചേച്ചിയുടെ അമ്മ സുമതികുട്ടി  ആനന്ദന്‍ ചേട്ടനെ ചീത്ത വിളിച്ചു.. ഉണ്ടായിട്ടത് കൊണ്ടല്ല ചന്തിക്ക് പിടിച്ചപ്പോള്‍ ഇക്കിളി എടുത്താണ്   പുഷ്പ വീണതെന്ന് പറഞ്ഞു അവര്‍ കലിതുള്ളി.. അതെ സമയം ഒരു ഭാഗത്ത്‌ ഓലഞ്ഞാലി കളി പെണ്‍കുട്ടികള്‍ തുടങ്ങി..
      " ഓലാം  ഞാലിയെ തരുമോടി ..... ചുണ ഉണ്ടെങ്കില്‍ കൊണ്ടുപോടി " 
                        താളാത്മകമായ പാട്ടുകള്‍ ഓണത്തിന് മിഴിവേകി പരന്നു.. 

ഓണം വന്നാലും സംക്രാന്തി വന്നാലും നാട്ടിലെ കുടിയന്‍ മാര്‍ക്ക് പ്രത്യേകത ഇല്ലായിരുന്നു.. അവര്‍ക്ക് എന്നും ഓണം ആയിരുന്നു .. കരുപ്പോട്ടി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒരു സംഘം കുടിയന്‍ മാര്‍ ഓണപ്പാട്ട് പാടി അത് വഴി വന്നു.. ഊഞ്ഞാലിന്‍ ചുവട്ടില്‍ എത്തിയപ്പോള്‍ താത്വിക ശിരോമണി കൃഷ്ണപിള്ള ഇങ്ങനെ പാടി 
 " മാവേലി നാട് വാണിടും കാലം 
മനുഷ്യരെല്ലാരും ഒന്നുപോലെ 
കള്ളവുമില്ല ചതിവുമില്ല 
എള്ളോളം ഇല്ല പൊളി വചനം 
കള്ളപ്പറയും ചെറുനാഴിയും 
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല 
..... സത്യമോ കള്ളമോ ആര്‍ക്കറിയാം "   ( കൃഷ്ണപിള്ളയുടെ വരികള്‍ )... കുടിയന്റെ മനസിലെ തെളിഞ്ഞ ചിന്തകള്‍ തന്ന നാല് വാക്കുകളുടെ  അര്‍ത്ഥ വ്യാപ്തി ഇപ്പോള്‍ എനിക്ക് മനസിലാകുന്നു..

  ഞങ്ങള്‍ കുട്ടികളുടെ ശ്രദ്ധ അവരവരുടെ വീട്ടിലേക്കായിരുന്നു.. അക്കാലത്തു തിരുവോണ സദ്യ പതിനൊന്നു മണിക്കകം നടക്കുമായിരുന്നു.... പപ്പടത്തിന്റെയും പരിപ്പിന്റെയും സാമ്പാറിന്റെയും മണം മൂക്കിലേക്ക് ഇരച്ചു കയറി.. അമ്മ വിളിക്കുന്ന ശബ്ദത്തിനു വേണ്ടി ഓരോ കുഞ്ഞും കാതോര്‍ത്തിരുന്നു.. അങ്ങനെ ആ ശുഭ മുഹൂര്‍ത്തം വന്നെത്തി... എടാ..... വാടാ ... പിന്നെ എല്ലാവരും വാണം വിട്ടപോലെ ഓടി.. ഞാനും .. 

      തിരുവോണ സദ്യ വിളമ്പുന്നതിന് മുന്‍പ് എല്ലാ വീട്ടിലും ഒരു ചടങ്ങ് ഉണ്ടായിരുന്നു.. മൂന്നു തൂശനിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പി , അതിനു മുന്‍പില്‍ വിളക്ക് കത്തിച്ചു വച്ച് കതകടച്ചു അഞ്ചു മിനിട്ട് മാറി നിന്ന് പ്രാര്‍ത്ഥിക്കും ..  വീട്ടില്‍ അച്ഛന്‍ മൂന്നു തൂശന്‍   ഇലയില്‍   ചോറും കറികളും വിളമ്പി ... വിളക്ക് കത്തിച്ചു.. എന്‍റെ സംശയത്തില്‍ നിന്നും ഒരു ചോദ്യം ഉയര്‍ന്നു... അച്ഛാ  എന്തിനാണ് ഈ മൂന്നില... അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു... നടുക്കലത്തെ ഇല മാവേലി തമ്പുരാന്... ഇടതു വശത്ത് ദേവതമാര്‍... വലതു വശത്ത് അപ്പൂപ്പന് ( പിതൃക്കള്‍ ) ഇനി എല്ലാവരും പുറത്തു നില്‍ക്കണം .. അച്ഛനും അമ്മയും ഞാനും പെങ്ങളും ഒക്കെ ഞങ്ങളുടെ ചെറ്റ പുരയ്ക്ക് പുറത്തിറങ്ങി.. 

" എല്ലാവരും വന്നു കഴിച്ചു അനുഗ്രഹിക്കണം "  എന്ന് പറഞ്ഞു അച്ഛന്‍ ചെറ്റ കൊണ്ടുള്ള കതകു ചേര്‍ത്തടച്ചു... ഈ ചോറ് എല്ലാം ദൈവങ്ങള്‍ കഴിച്ചാല്‍ ഞങ്ങള്‍ക്ക് എന്ത് കിട്ടും ?? ഞാനും പെങ്ങളും പരസ്പരം നോക്കി.
 അച്ഛാ മാവേലി വരുമോ ?? അച്ഛന്‍ കണ്ടിടുണ്ടോ ?? എന്റെ ബുദ്ധി ഉറക്കാത്ത ചോദ്യങ്ങള്‍ അച്ഛന്‍ ഒരു നോട്ടം കൊണ്ട് നേരിട്ടു....   അകത്തോട്ടു നോക്കരുത്... അച്ഛന്‍ കല്പിച്ചു..
ദൈവമേ ഇതെന്തു പരീക്ഷണം ?? ഇനി എത്ര നേരം നില്‍ക്കണം ?? ഞാന്‍ എല്ലാവരെയും പ്രാകി .. ഒരിക്കലും കാണാത്ത എന്‍റെ അച്ഛന്റെ അച്ഛനെയും .. സമയം ഇഴഞ്ഞു നീങ്ങി.. ഒളിഞ്ഞു വീശിയ തെക്കന്‍ കാറ്റിന്റെ മടിയില്‍ പുളിശേരിയുടെ ഗന്ധം... സര്‍വ ശക്തനായ സൂര്യ ദേവന്റെ കിരണങ്ങള്‍ ചെറ്റമറ ഭേദിച്ച്  അകത്തേക്ക് പോകുന്നത് ഞാന്‍ കണ്ടു.. ഒരു നിമിഷത്തേക്ക് ആ സുവര്‍ണ വെളിച്ചം ആയിരുന്നെങ്കില്‍ .. ഞാന്‍ മോഹിച്ചു പോയി... അച്ഛന്‍ അങ്ങേലെ പരമു പിള്ളയോട് കാര്യം പറയുന്ന തിരക്കിലാണ്.. മാവേലി തമ്പുരാനേ കാണുവാന്‍ ഉള്ള എന്‍റെ മോഹങ്ങള്‍ ... ഞാന്‍ ഏതോ ശക്തിയുടെ പ്രേരണയാല്‍ ആരും കാണാതെ ചെറ്റ മറയിലൂടെ എത്തി നോക്കി... ഓലക്കിടയിലൂടെ അരിച്ചിറങ്ങുന്ന വര്‍ണ രാജികള്‍ മാവേലി തമ്പുരാന്‍റെ ഇലയില്‍ ഒരു ദൈവിക പ്രഭ ചാര്‍ത്തി... എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല..ഓലമറക്കിടയിലൂടെ  ഊഴ്ന്നിറങ്ങുന്ന   പിതൃവിനെ   നോക്കി    ഞാന്‍ ഉറക്കെ വിളിച്ചു  ചോദിച്ചു " അച്ഛാ, അച്ഛന്‍റച്ഛന്   വാലുണ്ടോ അച്ഛാ " ഏതായാലും അന്നുമുതല്‍ തട്ടാര് വീട്ടിലെ " കോന്നന്‍" എന്നാ പട്ടി ഞങ്ങളുടെ കുടുംബ ശത്രുവായി...