Saturday, January 21, 2012

നിലാതുമ്പിയുടെ ചിറകരിഞ്ഞതെന്തിനാണ്"

അമ്മേ നിനക്കെന്നെ കൊല്ലാന്‍ കഴിയുമോ??
കഴുത്തുറയ്ക്കാത്ത  കുഞ്ഞാറ്റക്കിളി ചോദിച്ചപ്പോള്‍
അമ്മ കിളിയുടെ ഉള്ളൊന്നു പിടഞ്ഞുകാണും 
 നെഞ്ചിന്‍ കൂടില്‍ നിന്നടര്‍ന്നു വീണ
 നൊമ്പരങ്ങള്‍ തീക്കാറ്റിന്റെ
 പ്രവേഗത്തില്‍ ആയിരിക്കാം .....

  എങ്കിലും അമ്മേ.. നീ കാച്ചെണ്ണ തേച്ചു 
  കോതിയൊതുക്കി രാജമല്ലിപ്പൂ  ചാര്‍ത്തി
  മനസ്സില്‍ നിറച്ച   ചുരുള്‍ മുടിയിഴകളെ
 കുത്തിപ്പിടിച്ചെന്‍   കരളറുക്കുവാന്‍
  നിന്‍റെ ദു:ഖങ്ങള്‍ക്ക്‌  കരുത്തുണ്ടാകുമോ ?
  കുഞ്ഞു നക്ഷത്രത്തിന്‍ കണ്ണ് ചിമ്മിയാല്‍ പോലും
  വേദന മൂടുന്ന ഭൌമ ഹൃദയത്തില്‍ കൊടും വേനലിന്‍റെ
  കനലാട്ടം തുടങ്ങിയിരിന്നോ ??

 വര്‍ണപെന്‍സിലില്‍ നീ വരച്ചുകാട്ടിയ 
 കുഞ്ഞു കഥകളില്‍ നീ പടുത്തുയര്‍ത്തിയ 
 സ്നേഹം പൊതിഞ്ഞ ചെറു പരിഭവങ്ങളില്‍
 വഴിവിട്ട കുറുംപുകളെ  വരുതിയിലാക്കിയ 
 ആകാശം മുട്ടെ നീ വളര്‍ത്തി വിട്ട
"എന്‍റെ   കിനാകുഞ്ഞുങ്ങളെ 
 ഈ പൂവാം കുരുന്നിലയിലെ 
 ത്രസിക്കുന്ന മോഹങ്ങളേ 
 നീ എനിക്കായി വിട്ടു തരുമോ "
 നിന്റെയൊരു   ചിറകൊടിഞ്ഞാലും
 നിന്നിലൊരു കടല്‍ പെരുത്ത്‌ തകര്‍ത്തു
വന്നാലുമമ്മേ ?

ചങ്കില്‍ പടരുന്ന കരിവീണ ചിന്തകള്‍ 
വാത്സല്യത്തിന്റെ അമൃത ബിന്ദുക്കളില്‍
നിസ്സഹായതുടെ കംബളം പൂഴ്ത്തിയപ്പോള്‍
അശനിപാതങ്ങളുടെ ചാവേര്‍ പ്രയോഗത്തില്‍  
ഉടഞ്ഞുപോയ പ്രാണന്റെ മറുപകുതിയിലണയുവാന്‍
വെമ്പല്‍പൂണ്ട  പെണ്‍കിളി
ആ കുഞ്ഞു സ്വപ്നങ്ങളെയും നുള്ളിയെടുത്ത്
സ്വയം ഉരുകിതീര്‍ന്നപ്പോള്‍
സ്വപ്‌നങ്ങള്‍ ചത്തുമലച്ച ആ കണ്ണുകള്‍ നനഞ്ഞിരുന്നോ ?
താലോലിച്ചു താരാട്ടുപാടിയ കൈകള്‍ വിറച്ചിരുന്നോ

എങ്കിലും
അലിവിന്‍റെ തരിയൊട്ടുമില്ലാത്ത
ശിലാ ഖണ്ധങ്ങളിലെ പരല്‍രൂപികള്‍ പോലും
അറിയാതെ ചോദിച്ചു " നീ   കുരുന്നു
നിലാതുമ്പിയുടെ  ചിറകരിഞ്ഞതെന്തിനാണ്"

  
5 comments:

 1. നന്നയി, വളരെ നന്നായി.
  (കവിതയുടെ താഴെ അധികമായുള്ള സ്പേസ് ഒഴിവാക്കൂ...)

  ReplyDelete
 2. @ kottottikkaran.... tks a lot for the comment....
  and guidelines..

  ReplyDelete
 3. അമ്മ കിളിയുടെ
  അമ്മക്കിളി എന്ന് തന്നെ എഴുതണം, അല്ലെങ്കില്‍ അര്‍ത്ഥം മാറുമേ..
  ആശംസകള്‍.
  കവിതയ്ക്കെന്താണ് പ്രചോദനം, അതറിയാതെ അഭിപ്രായം പറയാന്‍ മടിക്കുന്നു.

  ReplyDelete
 4. നല്ലൊരു കവിത ഓരോ വരിയിലും നിറഞ്ഞു നിന്ന ആശയം നന്നായിരിക്കുന്നു

  ReplyDelete
 5. @ നിശാസുരഭി... തെറ്റ് തിരുത്തിയതിനു വളരെ നന്ദി...
  ഞാന്‍ വളരെ അടുത്തറിയുന്ന ഒരു അമ്മ അവളുടെ കുഞ്ഞുമകളെ കഴുത്തുഞെരിച്ചു കൊന്നു... എന്നിട്ട് മരണത്തെ സ്വയം വരിച്ചു...

  @Kompan... വളരെ നന്ദി ... വായനക്കും പ്രോത്സാഹനത്തിനും

  ReplyDelete

മനസ്സു തുറക്കൂ ... മടി കൂടാതെ