2012, മാർച്ച് 9, വെള്ളിയാഴ്‌ച

മാര്‍ച്ച്‌ ,നീ മനോഹരിയാണ് ...

 "  അച്ഛാ , അടുത്തയാഴ്ച എന്‍റെ സ്കൂള്‍ അടക്കും ..എന്നെ 
വീഗാ ലാന്‍ഡില്‍ കൊണ്ട് പോകണം " 
എന്‍റെ കുഞ്ഞിന്‍റെ വാക്കുകള്‍ സമയത്തിന്‍റെ വേഗതയെ
എനിക്ക് വരച്ചു കാട്ടി.
 എത്ര വേഗത്തിലാണ് മാര്‍ച്ച്‌ വന്നെത്തിയത്.
 ഹൃത്തില്‍     കെടാതെ സൂക്ഷിച്ച
ഓര്‍മയുടെ ചിരാതുകള്‍ പടര്‍ന്നു കത്തുന്നു.

സ്ലേറ്റു തണ്ടും , കല്ല്‌ പെന്‍സിലും , വള്ളി    നിക്കറുമിട്ട പ്രൈമറി  കാലം..
  ഉച്ചയ്ക്ക് ഉപ്പുമാവു  വിളമ്പുമ്പോള്‍  ചട്ടി  പിടിക്കുന്ന  മണ്ടന്‍ കുഞ്ഞന്‍
നിന്‍റെ ഇലയില്‍അല്പം കൂടുതല്‍   വിളമ്പിയത്   നീ  ശ്രദ്ധിച്ചിരുന്നോ ??

സ്കൂളിനടുത്തുള്ള സര്‍പ്പ കാവില്‍ കയറി 
തൊണ്ടി പഴവും , മഞ്ചാടി മണിയും
കൊണ്ട് വന്നപ്പോള്‍ ഉള്ളു നിറഞ്ഞ നിന്‍റെ മന്ദസ്മിതം ..
 ചേമ്പിലയില്‍ വെള്ളാരം കല്ലുകള്‍ പോലെയാകുന്ന
വെള്ള തുള്ളികളെ നോക്കി നിന്ന ബാല്യ കൌതുകങ്ങള്‍ ..
വയല്‍ വരമ്പില്‍ മുഖമടിച്ചു വീണ കുഞ്ഞന്‍ ഗര്‍വുകളെ
നോക്കി പൊട്ടിച്ചിരിച്ച കൂട്ടുകാര്‍ .. 
ഏട്ടന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി  ഓണതുമ്പിയും ,
മാനത്ത് കണ്ണിയും പിടിച്ചു നടന്ന
ആകുലതകളില്ലാത്ത ബാല്യം  ...  
പുത്തെന്‍ കുപ്പായത്തില്‍ ചെളി തെറിപ്പിച്ചു കടന്നു 
പോയ കുറുമ്പ് കാലം ...

 ഒരിക്കലും    കാണാത്ത;   എന്നാല്‍   ഏറ്റവും    പേടിച്ച
   ഹെഡ്   മാസ്റ്ററുടെ മുറിയിലെ   ജമണ്ടന്‍   പെട്ടി  . . 
 ( വലിയ   കുഴപ്പകരെ   ഇതില്‍   അടക്കും   എന്ന്   പറഞ്ഞു   വിരട്ടിയിരുന്നു) .
മൂലപൊട്ടിയകല്ല്‌ സ്ലേറ്റില്‍ ചോക്ക് കൊണ്ടെഴുതിയ 
 അമ്പതില്‍ അമ്പത്  എന്ന മാര്‍ക്ക്‌
ആകാശത്തോളം ഉയര്‍ത്തി  വില്ലാളി വീരനെ
പോലെ നിന്നവര്‍ ..!!

ഏപ്രില്‍ അവസാന ആഴ്ച സ്കൂളിന്റെ കുമ്മായം പൂശിയ
ചുവരില്‍ ഒട്ടിച്ചു വയ്ക്കുന്ന  കടലാസ് കഷണത്തില്‍ പേര്
 കാണാതെ വിതുമ്പി നിന്നവര്‍   ,   നിന്‍റെ ഗോപി പൊട്ടും , പുഴുപല്ല് കാട്ടി
മോണ തുറന്ന ചിരിയും ,അതിരുകളില്ലാത്ത
       സൌഹൃദങ്ങളും   ഏതോ മാര്‍ച്ച്‌ എനിക്ക് നഷ്ടമാക്കി..

 പ്രണയ  മന്ത്രങ്ങളുടെ ആദ്യ ധ്വനി ഉണരുന്ന ഹൈ സ്കൂള്‍ ..
ക്ലാസ്സ്‌ പരീക്ഷകളില്‍ മാര്‍ക്കുകുറഞ്ഞു പോയതില്‍
ഉതിര്‍ന്ന കണ്ണീര്‍ കണങ്ങള്‍ ..  
ആരോ തന്ന കൊച്ചു പുസ്തകം കണ്ടു മാറി മറിഞ്ഞ
 ചിന്തകളും അന്തം വിട്ട മനസും ... !!

ക്ലാസ്സില്‍  കാട്ടുന്ന   വികൃതികള്‍ സാറിനോട് പറഞ്ഞു കൊടുക്കാതിരിക്കാന്‍ ക്ലാസ്
 " മോണിട്ടരിനു " 'ബോണ്ട' വാങ്ങി കൊടുക്കേണ്ടി  വന്ന   ഗതി കേടുകള്‍ ...
ക്ലാസ്സിലെ  കുട്ടിയുടെ  ഞോറിവുള്ള   പട്ടു പാവാടയും  ,
 മുല്ല  പൂ  മാലയും   ,ഈ  മൂക്കുത്തിയും   ഇഷ്ടമാണെന്ന്
 പറഞ്ഞതിന്  ചൂരല്‍ പെരുമഴ നനഞ്ഞ മനസുകള്‍ ...
ഊടുവഴിയിലെ     കയ്യാലയിലും  , സ്കൂള്‍ ഭിത്തിയിലും ,
 സ്വന്തം   പേരിനോടൊപ്പം അധിക  ചിഹ്നം ഉപയോഗിച്ച്  
  ചേര്‍ത്തെഴുതിയ   പേരുകാരി   ...!!

അടുത്ത   വീട്ടിലെ   പെര്‍ഷ്യാക്കാരന്‍  നല്‍കിയഹീറോ 
   പേന  ഉയര്‍ത്തി    കാട്ടുന്ന   കുഞ്ഞു   പൊങ്ങച്ചങ്ങള്‍   ...
.. പറ്റ  വെട്ടിയ  മുടിയില്‍  കുരുവി കൂട്  പണിയാന്‍ 
 വെമ്പല്‍  കൊള്ളുന്ന മനസ് ..
കളി  കളത്തിലെ  ചെറു  വഴക്കുകള്‍  ...
കണക്കു സാറിന്റെ ക്ലാസ്സില്‍ വിറച്ചു നിന്ന നിമിഷങ്ങള്‍ ...
 പഠിച്ചിട്ടും പഠിച്ചിട്ടും തീരാത്ത    പോര്‍ഷനുകള്‍ ..
 പത്താം   ക്ലാസ് പരീക്ഷയുടെ വ്യാകുലതകള്‍..  ഇതെല്ലം  അപഹരിച്ചു
 കടന്നു  കളഞ്ഞ   മാര്‍ച്ച്‌  ,നീ  ഇപ്പോള്‍  മനോഹരിയാണ് ...

ഹോസ്റ്റല്‍ മുറികളില്‍ സ്വപ്നവും പഠനവും
വേലത്തരങ്ങളും കാട്ടി പറന്നുപോയ കൌമാരം  ..
പഞ്ചാര മണലുള്ള കടല്‍ തീരങ്ങളിലെ സിമിന്ട്‌ 
ബഞ്ചുകളില്‍ സൊറ പറഞ്ഞു തുടുത്ത കൂട്ട് കെട്ടുകള്‍ ..
ഞാനും നീയും മോഹിച്ചത് അവളെ തന്നെ ആയപ്പോള്‍ ... ഞാന്‍ ആഗ്രഹിച്ചത് നിനക്ക് 
കൈ വന്നപ്പോള്‍ നിന്നോട് തോന്നിയ കഴമ്പില്ലാത്ത കെറുവുകള്‍ ..

പാര വച്ചവന് പണി കൊടുത്ത കൂട്ടായ്മകള്‍ ..
എല്ലാ കുറുമ്പുകളും ഒരു സിഗരട്ട് ഷെയര്‍ ചെയ്ത
പുകയില്‍ മറഞ്ഞുപോയ നാളുകള്‍ ....
 ദുഃഖങ്ങള്‍ അണ പൊട്ടിയൊഴികിയപ്പോള്‍ കുടിച്ചു
 ലക്ക് കേട്ട് തെറിപ്പാട്ട് പാടിയ കായലോരങ്ങള്‍ ...
ലേഡീസ് ഹോസ്റ്റെലിലെ സൌന്ദര്യം കാണുവാന്‍ 
തേന്‍ മാവിന്‍ കൊമ്പത്ത് മഞ്ഞു കൊണ്ടിരുന്ന കൊച്ചു വെളുപ്പാന്‍ കാലങ്ങള്‍ ..!!

അവസാന ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ , 
കൂട്ടുകാരിയുടെ കണ്‍ മുനകളില്‍ ഘനീഭവിച്ച  
ജല ബിന്ദുക്കളില്‍ മറച്ചു വച്ച ഇഷ്ടത്തിന്റെ  മഴവില്ലുകള്‍   കണ്ട കൂട്ടുകാരന്‍ ...
റിക്കാര്‍ഡ് ബുക്കില്‍ ഒളിച്ചു വച്ച് അവന്‍ കൊടുത്ത
 അനുരാഗ ചിഹ്നങ്ങള്‍ അവള്‍ കണ്ടിരുന്നോ  ??.

വര്‍ഷങ്ങള്‍  പലതു കഴിഞ്ഞിരിക്കുന്നു...
എങ്കിലും ഓര്‍മ്മത്താളിന്റെ   നടുവില്‍  കാലം
 കോറിയിട്ടിരിക്കുന്ന മഷി  തണ്ടുകളും,  മയില്‍പീലികളും...
 വാഗ്വാദങ്ങള്‍ക്കും വഴക്കുകള്‍ക്കുമോടുവില്‍ ...
വെല്ലു വിളിച്ചവരും വീമ്പു പറഞ്ഞവരുംമടക്കയാത്ര തുടങ്ങി ..
പരസ്പരം വാരി എറിഞ്ഞ ചെളിയും തെറികളും
  ഒക്കെ ചെറു ചിരിയില്‍ ഒതുക്കി കെട്ടി പിടിച്ചു
"വീണ്ടും കാണാം" എന്ന് ചൊല്ലി പിരിഞ്ഞു പോയവര്‍..

മനസ്   കടലാസ്സില്‍ പകര്‍ത്തി എഴുതി    പിടിപ്പിക്കുവാന്‍ 
  ശ്രമിച്ചു പരാജയ പെട്ട    ദിനങ്ങള്‍  ,  പിറക്കാതെ പോയ പ്രണയ ലേഖനങ്ങള്‍   ..
 കൈ കുടന്നയിലൂടെ ഒഴുകി പോയ കൌമാര നിലാവ്..
കെമിസ്ട്രി ലാബിന്റെ ആളൊഴിഞ്ഞ ഇടനാഴിയില്‍
വിതുമ്പുന്ന നിന്നെചേര്‍ത്ത് നിര്‍ത്തി അവന്‍
നല്‍കിയ മധുര ചുംബനത്തില്‍ "ബ്ലീഡിംഗ് ഹാര്‍ട്ട്‌ "
പോലെ തുടുത്ത  നിന്‍റെ കവിള്‍  തടങ്ങള്‍ ..

   അവസാനം   ഓട്ടോഗ്രാഫിന്റെ  കട്ടി പേപ്പറില്‍ 
 കടമെടുത്ത  വരികളാല്‍യാത്രാ മംഗളം ചൊല്ലി പിരിഞ്ഞുപോയവര്‍ ‍  .. !!
പിന്നീട്  ജീവിതത്തിന്റെ ദശാ സന്ധികളിലെവിടെയെങ്കിലും ...
ആള്‍ക്കൂട്ടത്തിലെ  ചെറു ചിരിയായോ,
ഒരു ഫോണ്‍ വിളിയിലെ പരിഭവമായോ,
ക്ഷണ കത്തിലെ വിലാസമായോ,
 ഇല കൊഴിഞ്ഞ മരങ്ങളുടെ തനിയാവര്‍ത്തനം പോലെയോ,
കുതൂഹല നിര്‍ഭരമായ മനസ്സുമായോ,
 വിഹ്വലതകളിലെ കൈ താങ്ങായോ ,ഒക്കെ ഒക്കെ ....
കണ്ടു മുട്ടിയിട്ടുണ്ടാകാം . തിരിച്ചറിഞ്ഞിട്ടുണ്ടാകാം ..മറിച്ചും !! 

ഇപ്പോള്‍ മാര്‍ച്ച്‌ സര്‍ക്കാര്‍ ജോലിക്കാരെ സംബന്ധിച്ചിടത്തോളം 
വിരമിക്കലിന്റെ മാസം കൂടിയാണ് ..
ഓര്‍മകളില്‍ പിടയുന്ന പണിമുടക്കുകളും
ഡയസ് നോണിന്റെ പേടി പെടുത്തലുകളും
പിരിവു കാരെ ഭയന്ന് ബാത്ത് റൂമില്‍ ഒളിച്ച നാളുകളും
അടക്കാത്ത ഹൌസിംഗ് ലോണ്‍ കുടിശിക ശമ്പളത്തില്‍
നിന്നും പിടിക്കരുതെന്ന് ഒഫീസറോടെ കെഞ്ചി പറഞ്ഞ
നാളുകള്‍ക്കുമോടുവില്‍ പടിയിറങ്ങുന്ന മാര്‍ച്ച്‌...

ആദ്യമായീ ജോയിന്‍ ചെയ്യാനെത്തിയ കൊലുന്നെനെയുള്ള
വട്ടമുഖക്കാരിയുടെ മനസ്സില്‍  എഴുതി തീര്‍ത്ത ഫയലില്‍
"ക്വോറി" ഇട്ടു അവള്‍ മടക്കിയ ജാള്യതകള്‍
റിക്കാര്‍ഡ് റൂമിന്റെ ചിലന്തി വലക്കിടയില്‍
പ്രണയപെരുക്കത്തില്‍ വിയര്‍ത്തു കുളിച്ച ചാപല്യങ്ങള്‍ !!
സ്വന്ത്വനത്തിന്റെ കാവലാളുകളും ആര്‍ത്തിയുടെ മുഖപടങ്ങളും
ഇവിടെ തുല്യരാണ് ...
ഭര്‍ത്താവിന്റെ ക്രൂരതകള്‍ നെഞ്ചില്‍ പറ്റിനിന്ന് കരഞ്ഞു
പറഞ്ഞപ്പോള്‍ , നിനക്ക് പകരം തരാന്‍ എനിക്കൊരു ജീവിതം ഇല്ലെന്നും
എന്നാല്‍ നീ എനിക്കായി ജീവിക്കണമെന്നും പ്രണയത്തിന്റെ
മേമ്പൊടി ചേര്‍ത്ത് പറഞ്ഞ ഉച്ച നേരങ്ങളും ഇവിടെ അവസാനിക്കുന്നു..
മെമ്മോകളും സസ്പെന്ഷനുകളും ഇന്സ്പെക്ഷനുകളും
ഇനി ഓര്‍മകളില്‍ ......
കെട്ടുപ്രായം തികഞ്ഞ മകളെയും തൊഴില്‍ രഹിതനായ
മകനെയുമോര്‍ത്തു പിടയ്ക്കുന്ന മനസുമായി
ശൈലീ രോഗങ്ങളുടെ ഭാണ്ടവുമായി   പടിയിറങ്ങുന്ന പെന്‍ഷന്‍ കാരന്‍...

"മാര്‍ച്ചിന്റെ വിടവാങ്ങല്‍ ... അത് പണ്ടു മുതല്‍ക്കേ
തേങ്ങലുകളും ഗദ്ഗദങ്ങളും സമ്മാനിക്കുന്നു.
 പ്രണയതിന്റെ നറു നിലാവില്‍ പൂത്ത ഗുല്‍മോഹര്‍ മരങ്ങളും ,
 സൌഹൃദത്തിന്റെ കടക്കണ്ണുകള്‍ കോര്‍ത്ത കല്‍പടവുകളും,
വിദ്വേഷത്തിന്റെ   സ്ഫോടനങ്ങളില്‍  പുക നിറഞ്ഞ മനസുകളും  ,
സമരത്തിന്‍റെ സുനാമിയില്‍ ഒലിച്ചുപോയ ക്ലാസ്സ്‌ മുറികളും 
വിടവാങ്ങുന്ന മാര്‍ച്ച്‌.

 എന്തിനു  വേണ്ടിയായിരുന്നു ...  
ജയിച്ചും  തോറ്റും തോല്പിച്ചും  ...
അതെ  ഈ  ഓര്‍മകള്‍ക്ക്  വേണ്ടി  മാത്രം  .
 ഇത്  മാത്രമാണ്  സമ്പാദ്യം  ...
പഠിച്ചതെല്ലാം   മറന്നു  കഴിഞ്ഞപ്പോള്‍  അവശേഷിച്ച  
ഈ  ഓര്‍മ്മകള്‍  .. ഇതാണ്  പഠനം  ... 
ജീവിതം കൊണ്ടുള്ള പഠനം ..
. മറക്കാനും പൊറുക്കാനും വേദനകളില്‍ സഹിക്കാനുമുള്ള    പഠനം..


ഈ  തൂ  വെളിച്ചം  മനസിന്റെ  ഇടനാഴിയില്‍  
തോരണങ്ങള്‍ ചാര്‍ത്തുന്നു   ..
ഈ സൌപര്‍ണിക തീരങ്ങളില്‍ കിനാക്കള്‍
 നെയ്യാത്തവര്‍  ചുരുക്കം ...
സ്മരണകളുടെ  ചെറു തെന്നല്‍ കുളിരണിയിക്കുംപോള്‍ ..
മനസിന്റെ കോണില്‍ ഉറഞ്ഞു പോയ
മാര്‍ച്ചിന്റെ മഞ്ചാടി മണികള്‍ 
തുടച്ചു മിനുക്കാത്തവര്‍ വിരളം ...
 മാര്‍ച്ചേ  നിനക്ക്  നന്ദി ... വീണ്ടും  എത്തിയതിന് ..
ഇപ്പോള്‍ എനിക്ക് മാര്‍ച്ച്‌ മധുരിക്കുന്നതാണ് ...
                                      

10 അഭിപ്രായങ്ങൾ:

  1. എന്തിനു വേണ്ടിയായിരുന്നു ...
    ജയിച്ചും തോറ്റും തോല്പിച്ചും ...
    അതെ ഈ ഓര്‍മകള്‍ക്ക് വേണ്ടി മാത്രം .

    മനസ്സില്‍ തട്ടി ഈ വരികള്‍.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട സുഹൃത്തേ,
    ഹൃദയത്തില്‍ നിന്നുള്ള വരികള്‍ എത്ര മനോഹരം. ബാല്യം മുതല്‍ എല്ലാം ഓര്‍ത്തു വെച്ചിരിക്കുന്നല്ലോ. അത്ഭുതം തന്നെ. ആ ഓര്‍മ്മകള്‍ മനോഹരമായി വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയതില്‍ അഭിനന്ദനങ്ങള്‍!
    മാര്‍ച്ച് മാസത്തിന്റെ മാധുര്യം നുണഞ്ഞു ജീവിക്കു.
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്നായി എഴുതി. മനസ്സ് പഴയ കാലത്തിലൂടെ ഒന്നൂടെ സഞ്ചരിച്ചു, നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. എന്ത് ഭംഗിയായിട്ടാ എഴുതിയിരിക്കുന്നത്, വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായ് താണ്ടുന്നത് നന്നായ് എഴുതിയിരിക്കുന്നു,ഒപ്പം നമുക്ക് നഷ്ടമാകുന്നതിനെ പറ്റിയും...
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  5. മനോഹരവാക്കുകള്‍ കൊണ്ട് ഒരു ഓര്‍മ്മച്ചിത്രം

    മറുപടിഇല്ലാതാക്കൂ
  6. നന്നായി. കുറെ ഓര്‍മ്മകളെ തിരികെ കൊണ്ടുവന്നു. ഒരുപാട് ഓര്‍മ്മകള്‍ ...
    തിരിച്ചു വരാത്ത ഒരു കാലഘട്ടം.
    മനസ്സിനെ പിടിച്ചു നിര്‍ത്തിയ ഈ എഴുത്തിന് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  7. മാര്‍ച്ചിന്റെ ഓര്‍മ്മകളെ നന്നായി അവതരിപ്പിച്ചു.. തിരിച്ചുകിട്ടാത്ത കാലഘട്ടമാണെന്നുമാത്രമല്ല. വീണ്ടുമൊന്നു കണ്ടു മനസ്സുകുളിര്‍പ്പിക്കാന്‍ പോലുമാവാത്തരീതിയില്‍ നമ്മുടെ വിദ്യാലയാന്തരീക്ഷവും നമ്മുടെ രീതികളും മാറിപ്പോയില്ലേ.. നല്ല പോസ്റ്റിന് ആശംസകള്‍.. ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2015, ജൂൺ 22 6:10 AM

    പഴയ കാല മാര്‍ച്ചിന്റെ ഓര്‍മ്മകളെ തിരികെ കൊണ്ടുവന്നു.മാര്‍ച്ചിന്റെ വിടവാങ്ങല്‍ ... അത് പണ്ടു മുതല്‍ക്കേ
    തേങ്ങലുകളും ഗദ്ഗദങ്ങളും സമ്മാനിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. മാർച്ചിന് ഇത്ര പ്രാധാന്യം ഉണ്ടായിരുന്നൊ? ??

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ