2011, മാർച്ച് 17, വ്യാഴാഴ്‌ച

തിരഞ്ഞെടുപ്പ് : കാണാകാഴ്ചകള്‍

             കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാഷ്ട്രീയ മാമാങ്കത്തിന്റെ കേളി കൊട്ട് തുടങ്ങി. ഭരണ പക്ഷവും പ്രതി പക്ഷവും മോഹങ്ങളുടെ ചില്ലുമേടകള്‍ മോടി പിടിപ്പിക്കുന്നു. തുടര്‍ ഭരണത്തിന് ഭരണ പക്ഷവും ഒരു മാറ്റത്തിനു പ്രതിപക്ഷവും ശ്രമം തുടങ്ങി. മൂത്ത നേതാക്കളും മുറ്റിയ നേതാക്കളും  സീറ്റ് ഉറപ്പിക്കാന്‍ ചാണക്യ സൂത്രങ്ങള്‍ ഉരുക്കഴിക്കുന്നു. ഞാന്‍ മത്സരിക്കാനില്ല എന്നും,  പാര്‍ട്ടി പറഞ്ഞാല്‍  മത്സരിക്കും എന്നും പറയുന്നവരുടെ മനോ മുകുരത്തില്‍ മന്ത്രി മന്ദിരങ്ങളുടെ ആകര്‍ഷണവും അധികാരത്തിന്‍റെ ശക്തമായ ചിഹ്നങ്ങളും ലാസ്യ ഭാവങ്ങളുടെ മഴവില്ലുകള്‍ തീര്‍ക്കുന്നുണ്ടായിരിക്കാം....ആദര്‍ശത്തിന്റെ ദന്ത ഗോപുരങ്ങളില്‍ അധികാരത്തിന്റെയും സ്വജന പക്ഷപാതത്തിന്റെയും കരിനിഴലുകള്‍ മാറാല കെട്ടിയിരിക്കുന്നു. വനിതകളും യുവജന നേതാക്കളും മന്ത്രി കളത്രങ്ങളും  സ്ഥാനാര്‍ഥി കുപ്പായം തയ്പിച്ചു കാത്തിരിക്കുന്നു. ജാതിയും മതവും വര്‍ണവും വര്‍ഗ്ഗവും സ്വന്തവും ബന്ധവും അധികാരത്തിലേക്കുള്ള വഴിയിലെ ചവിട്ടുപടികള്‍ പോലെ പ്രവര്‍ത്തിക്കുന്നു.  അധികാരം ഒരു സുഖമാണ്. അനുസരിപ്പിക്കുന്നതിന്റെ സുഖം ...അംഗീകാരത്തിന്റെ സുഖം ....അത് വേണ്ടെന്നു വെക്കാന്‍  അനുഭവിച്ചവനു പെട്ടെന്ന് സാധിക്കില്ല ....അല്ലെങ്കില്‍ ആര്‍ക്കാണ്‌ അധികാരം ഇഷ്ടമല്ലാത്തത്‌ ... ദേവേന്ദ്രന്‍ മുതല്‍ ഡയറക്ടര്‍ വരെയും പഞ്ചായത്ത് മെമ്പര്‍ മുതല്‍ പ്രവാചകര്‍  വരെയും അധികാരം തന്‍റെ വലയില്‍ കുടുക്കിയിട്ടുണ്ടാകാം ...  

     തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സാമുദായിക സംഘടനകളും തങ്ങളുടെ ശക്തി വിളിച്ചറിയിക്കാന്‍ മാര്‍ച്ചും ധര്‍ണയും " വിവിധ യാത്രകളും " പൂര്‍ത്തിയാക്കി. ഈ യാത്രകളില്‍ ശ്രദ്ധിക്കപെട്ട ഒരു സംഗതി " ഫ്ലെക്സ് ബോര്‍ഡുകളിലെ " മുഖങ്ങളായിരുന്നു. കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യക്ഷപെട്ട ഫ്ലെക്സ് ബോര്‍ഡുകളില്‍ ഇടം പിടിച്ച മുഖങ്ങള്‍ ഏതെന്നു അറിയാന്‍ ജനങ്ങള്‍ നന്നേ ബുദ്ധി മുട്ടി. " ഇവനും നേതാവാണോ ?? എന്നാ ചോദ്യം പോലും ചില ഗ്രാമ വാസികള്‍ ചോദിച്ചു. സ്വന്തം കാശിനു ബോര്‍ഡ് അടിക്കുമ്പോള്‍ പ്രധാന നേതാവിന്‍റെ ഒപ്പം തന്‍റെ  പടം കൂടി വലുതായി കാണാന്‍   ആഗ്രഹിക്കാത്തവര്‍  ഉണ്ടോ ?? സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രം കൂടി ആയിരിക്കണം ഈ പരസ്യ പ്രചരണം. കണ്ടതില്‍ ഏറ്റവും വേറിട്ട രീതിയിലുള്ള ഒരു ഫ്ലെക്സ് ബോര്‍ഡ് കണ്ടത് പുനലൂര്‍ നഗരത്തില്‍ ആയിരുന്നു. ഒരു പടു കൂറ്റന്‍ ബോര്‍ഡില്‍ യാത്ര നയിക്കുന്ന നേതാവിന്റെ ചെവിയിലേക്ക് എന്തോ രഹസ്യം പറയുന്ന ഏതോ ഒരു ലോക്കല്‍ നേതാവ്. (എനിക്ക്  തിരിച്ചറിയാന്‍ കഴിഞ്ഞില്ല ) ഈ ബോര്‍ഡ് കണ്ടു കണ്ണ് തള്ളാത്തവര്‍ കുറവ്.  തിരുവനന്തപുരം ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഒരു ഉപകാരം ചെയ്തു. എല്ലാ മുഖങ്ങളുടെ അടിയിലും പേര് എഴുതി വച്ചു. അത് നന്നായി. അധികാരത്തിന്റെ  പടവുകള്‍ കയറാന്‍   എന്തെല്ലാം   അടവുകള്‍   വേണം . 

    ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ചാകര കണ്ടു തുടങ്ങിയിരിക്കുന്നു. പത്രങ്ങള്‍ക്കും  വാര്‍ത്താ   ചാനലുകള്‍ക്കും കൊയ്ത്തു കാലം. വാര്‍ത്തകള്‍ക്കു വേണ്ടി പാഞ്ഞു നടക്കേണ്ട... വാര്‍ത്തകള്‍ അവരെ തേടി എത്തുന്നു. നേതാക്കന്‍ മാരുടെ ഇന്റെര്‍വ്യുയും തിരഞ്ഞെടുപ്പ് പരിപാടികളും സുലഭം.  സാധാരണകാരും ബിസിനിസ്കാരും കൂലിപ്പണിക്കാരും ഒക്കെ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നു. ഇന്ത്യന്‍ പൌരന്‍ എന്ന അവകാശം വിനിയോഗിക്കാന്‍. ഓരോ വോട്ടും ചിലര്‍ക്ക് പ്രതീക്ഷയും ചിലര്‍ക്ക് പ്രതീകാരവും ചിലര്‍ക്ക് സിദ്ധാന്തവും ആകുമ്പോള്‍ മറ്റു ചിലര്‍ക്ക് അത് ആത്മ ഹര്‍ഷം നല്‍കുന്നു. മഹത്തായ ജനാധിപത്യ രാജ്യത്തില്‍ ജീവിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം. തിരഞ്ഞെടുപ്പ് കാലം പിരിവു കാലം കൂടിയാണ്.  എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും ജനാധിപത്യത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്ന തിരിച്ചറിവ്. 

         എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മനപ്രയാസം അനുഭവിക്കുന്ന വിഭാഗമാണ് കേരളത്തിലെ സര്‍കാര്‍ ജീവനക്കാര്‍ . കാരണം മറ്റൊന്നുമല്ല. ഇലെക്ഷന്‍  ഡ്യുട്ടിയെ കുറിച്ചുള്ള  പേടി. ഇലെക്ഷന്‍ ഡ്യുട്ടിയില്‍ നിന്നും ഒഴുവാകുവാന്‍ "മിടുക്കന്മാര്‍" സകല പണികളും പയറ്റുന്നു. റവന്യു വകുപ്പിലൂടെയുള്ള സ്വാധീനം , രാഷ്ട്രീയക്കാര്‍ മുഖേനയുള്ള സ്വാധീനം ( എന്തോ ഈ വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് വലിയ താല്പര്യം ഇല്ല , ) , പിന്നെ മെഡിക്കല്‍ സര്ടിഫിക്കറ്റ്  വച്ചുള്ള  ഊരല്‍ , ഈ പണിയില്‍ നിന്നും മാറാന്‍ തനിക്കു എയിഡ്സ് ഉണ്ടെന്നു പോലും പറയാന്‍ മടികാണിക്കാത്ത ഉദ്യോഗസ്ഥ രത്നങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇലെക്ഷന്‍ ഡ്യുട്ടിയില്‍ നിന്നും ഒഴിവാകാന്‍ ആറ്റുകാല്‍ അമ്മ മുതല്‍ പറശിനികടവ് മുത്തപ്പന്‍ വരെ ഉള്ള  ഈശ്വരന്മാര്‍ക്ക് വഴിപാട്‌ നേരുന്ന സാധാരണ ജീവനക്കാരുമുണ്ട്.  പല കാരണങ്ങളാണ് ഈ പേടിക്ക്‌ ആധാരം. ഇലക്ഷന്റെ തലേ ദിവസം രാവിലെ 7 മണിക്ക് തുടങ്ങുന്ന പണി പിറ്റേന്ന് രാത്രി 9 മണി വരെയെങ്കിലും കാണും. ഫലത്തില്‍  48  മണിക്കൂര്‍. പകുതിയിലധികം പോളിംഗ് ബൂത്തുകളിലും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൌകര്യങ്ങള്‍ പോലുമില്ല. ഒരു ഇലക്ട്രിക്‌ പോസ്റ്റിന്റെ  മറവുന്ടെകില്‍ നഗര മധ്യത്തില്‍ പോലും കണ്ണുമടച്ചു  പെടുക്കുന്നവര്‍ക്കും , തോട്ടരികത്തും കയ്യാല പാത്തിയിലും കുറ്റിക്കാട്ടിലും  "തിരുനൂലിറക്കി" പഠിച്ച പഴയ ഗ്രാമീണര്‍ക്കും ഇതൊരു പ്രശ്നം അല്ലെങ്കിലും ഇന്ന് ഭൂരി ഭാഗത്തിനും ഇതൊരു കീറാ മുട്ടിയാണ്.  എന്നാലും മുട്ടിയാല്‍ തടുക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് വീണിടം പുര്‍ഷന്മാര്‍ വിഷ്ണുലോകം ആക്കും.  പിന്നെ ഭക്ഷണത്തിന്‍റെ കാര്യം ഒരു പ്രശ്നം തന്നെ ആണ്. ഒരു ഗ്ലാസ്‌ ചായ പോലും കിട്ടാത്ത സ്ഥലങ്ങള്‍ ആണ് കൂടുതലും. വെളിയില്‍ നിന്നും വല്ലതും വാങ്ങി കഴിച്ചാല്‍ ചിലപ്പോള്‍ അറുപതു വോട്ടു പെട്ടിയില്‍ വീഴുമ്പോള്‍ പോളിംഗ് ഓഫീസര്‍  ആറു പ്രാവശ്യം വെളിക്കിറങ്ങിയിട്ടുണ്ടാകും.   ഭക്ഷണം ഇല്ലാതെ രണ്ടു പകലും ഒരു രാത്രിയും കഴിച്ചു കൂട്ടാന്‍ ഇത്തിരി പ്രയാസം ആണ്.  പിന്നെ അതാതു സ്ഥലങ്ങളില്‍ ശക്തമായ പാര്‍ട്ടിക്കാരുടെ കാരുണ്യം ഒന്ന് കൊണ്ടാണ് പല ബൂത്തിലെയും ജീവനക്കാര്‍ കഴിഞ്ഞു കൂടുന്നത് . പക്ഷെ ഇത് കാരണം പോളിംഗ് ബൂത്തില്‍ ഇവരുടെ മുഷ്ക് ജീവനക്കാര്‍ സഹിക്കേണ്ടി വരും എന്ന് തീര്‍ച്ച.     രാത്രിയിലെ ഉറക്കം പ്രശ്നം അല്ല. കാരണം ഒരുദിവസം ഉറങ്ങിയില്ല എന്ന് കരുതി ഒരു പ്രശനവും ഉണ്ടാകാന്‍ പോകുന്നില്ല. മാത്രമല്ല അപരിചിതമായ സഹചര്യങ്ങളില്‍,  ഒപ്പിട്ടു വാങ്ങിയിരിക്കുന്ന" ബോംബ്‌" തല കീഴില്‍ ഇരിക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍ കഴിയും. പ്രൈമറി സ്കൂള്‍ എങ്കിലും പോളിംഗ് സ്റ്റേഷന്‍ അയാള്‍ അല്പം ആശ്വാസം. നാട് നിവര്‍ത്താന്‍ ഒരു ബെഞ്ച്‌ എങ്കിലും ഇട്ടും. ചിലപ്പോള്‍ അങ്കന വാടികളും വായന ശാലകളും തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ ആകുമ്പോള്‍ പെരുച്ചാഴിയും, എലിയും , കടിചെന്നിരിക്കും. പട്ടിയും പൂച്ചയും നക്കിയെന്നിരിക്കും.   ഇലെക്ഷന്‍  ജോലിക്ക് പോയി പെരുച്ചാഴി കടിച്ചവരും , ഡങ്കി പനി പിടിച്ചവരും , പ്രണയ പനി പിടിച്ചവരുമൊക്കെ ധാരാളം ഉണ്ട്. എന്നാല്‍ ഇതൊന്നുമല്ല ഭയത്തിന്റെ മൂല കാരണം. അത് അക്രമമാണ്. നിര്‍ഭയമായി ജോലി ചെയ്യുവാന്‍ അല്പം പ്രയാസം ഉള്ള മേഖലയാണ്. ഇതില്‍ ഇടതു വലതു വ്യത്യാസം ഇല്ല. എവിടെ ആരു ശക്തരാണോ അവിടെ അവര്‍ നിയമങ്ങള്‍ നിശ്ചയിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പോളിംഗ് ഓഫീസര്‍ ആയിരുന്ന വനിതയുടെ കരണത്തടിച്ച സംഭവം ഇത്തരുണത്തില്‍ ഓര്‍ത്തെടുക്കാം. 

    എന്നിരുന്നാലും നമ്മള്‍ ഒന്ന് ഓര്‍ക്കണം. നാലു വര്‍ഷവും മുന്നുറ്റി അറുപത്തി മൂന്ന് ദിവസം അനുഭവിക്കുന്ന സുഖത്തിനു വേണ്ടി  രണ്ടു ദിവസം  നല്‍കുന്നതില്‍ വിഷമിക്കരുത്. നമ്മുടെ സ്വാതന്ത്ര്യം അത് നില നിര്‍ത്താന്‍ ജനാധിപത്യം ആവശ്യമാണ്. നമ്മുടെ ഓരോ വ്യക്തിയുടെയും കടമ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ്. ഈ കര്‍മത്തില്‍ നേരിട്ട് ഭാഗഭക്കാകുവാന്‍ സര്‍കാര്‍ ജീവനകാരന് ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച അറിയപെടാത്ത എത്രയോ ധീര ദേശാഭിമാനികള്‍ ഉണ്ട്. പദവിയും അധികാരവും അംഗീകാരവും സ്വപ്നം കാണാത്ത ഭാരതാംബയുടെ ധീര പുത്രന്മാര്‍. ഇന്ത്യകാര്‍ക്ക് വേണ്ടി കല്‍ തുറങ്കില്‍ ജീവിതം ഹോമിച്ച വിപ്ലവകാരികളെ കുറിച്ചോര്‍ക്കുമ്പോള്‍ ഈ രണ്ടു ദിവസത്തെ കഷ്ടപാട് നിസ്സാരമല്ലേ... ഇനി ലോകത്തിലേക്ക്‌ കണ്ണുകള്‍ തുറന്നു പിടിക്കുമ്പോള്‍ ഈജിപ്തിലും യമനിലും ലിബിയയിലും ചൈനയിലും കൊട്ടിയടക്കപെട്ട ജനാധിപത്യത്തിന്റെ , കൂച്ച് വിലങ്ങിട്ട സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ ആണ് കാണുന്നത്. തീ തുപ്പുന്ന യന്ത്ര തോക്കുകള്‍ക്ക് മുന്‍പില്‍ പിടഞ്ഞു വീഴുന്ന നിസ്സഹായരായ മനുഷ്യരെ ഓര്‍ക്കുമ്പോള്‍ നമ്മളുടെ വേവലാതികള്‍ അടിസ്ഥാനമുള്ളതാണോ ?? മുല്ല പൂക്കളെ ഭയക്കുന്ന ഭരണാധികാരികളെ നമ്മള്‍ കണ്ടു കഴിഞ്ഞു...  വോട്ടവകാശം കാറ്റില്‍ പറത്തിയ ഭരണകൂടത്തിനെതിരെ , രയിസീന കുന്നിലും, ഇന്ത്യ ഗേറ്റിലും, ചുവപ്പ് കോട്ടയിലും   സ്വാതന്ത്ര്യ മോഹികളായ ഇന്ത്യക്കാര്‍ തമ്പടിക്കുന്നതും ഇത്തിരി ജനധിപത്യത്തിന് വേണ്ടി യാചിക്കുന്നതും ലൂട്ടിന്സിന്റെ ചെങ്കല്‍ നഗരം നിരപരാധികളുടെ നിണം വീണു ചുവക്കുന്നതും  അസത്യവും അസംഭാവ്യവുമായ  ഭ്രാന്തന്‍ പേക്കിനാക്കളിലെ അപക്വമായ  ജല്പനങ്ങള്‍ മാത്രമാകാന്‍  നമ്മുടെ കടമ സന്തോഷത്തോടെ  നിര്‍വഹിക്കാം.    ഈ തിരഞ്ഞെടുപ്പില്‍ പങ്കാളിയാകാം .. ഒരു വോട്ടര്‍ ആയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായും ...    ഇത് ഇന്ത്യക്കാരന്റെ മാത്രം സൌഭാഗ്യമാണ്. ജയ് ഹിന്ദ്‌.

   
                                                                                                         വീജ്യോട്സ് 
       

2 അഭിപ്രായങ്ങൾ:

  1. ജാലകം അഗ്രിഗേറ്ററിന്റെ ലിങ്ക കൊടുത്ത് അതില്‍ ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്യുക ..എന്നാലേ ബ്ലോഗുകള്‍ വായനക്കാരുടെ കണ്ണില്‍ പെടുകയുള്ളൂ ..

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ