Sunday, September 4, 2011

ഓണസദ്യ

 കള്ള    കര്‍ക്കിടകത്തിന്റെ  കാര്‍മേഘങ്ങള്‍  ഒഴിഞ്ഞു  പൊന്‍വെയില്‍  പരക്കുന്ന   ചിങ്ങമാസം സ്വപ്നം കാണുന്ന കൈരളി... നഷ്ട സ്മൃതികളുടെ കാഹളമൂതി  ഓണതേരില്‍ എഴുന്നെള്ളുന്ന ഓണത്തപ്പനെ എതിരേല്ക്കുവാന്‍ കേരള ജനത വെമ്പല്‍ കൊള്ളുന്ന ഓണമാസം... വറുതികളുടെയും   വിഷമതകളുടെയും   പേമാരിക്കൊടുവില്‍    നന്മയുടെയും സമൃദ്ധിയുടെയും  വസന്തകാലം വിളിച്ചറിയിക്കുന്ന പൂക്കാലം... കൈക്കുടന്നയിലെ നിലാവുപോലെ നമ്മളറിയാത്ത മനോഹര സ്വപ്നം ... കാലവും കോലവും മാറിയിട്ടും മനസിന്റെ അകകാമ്പുകളില്‍ തളിരിടുന്ന കുട്ടിത്തം ....ഊഞ്ഞാലും ഊഞ്ഞാല്‍ പാട്ടുകളും മനസിന്‍റെ പടി കടന്നു പോയ  ഗവേഷണ വിഷയങ്ങള്‍ മാത്രമാകുമ്പോള്‍ , പൂവിളിയിലും പൂക്കളത്തിലും സ്പര്‍ദ്ധയുടെ വിഷ രേണുക്കളെ ചികഞ്ഞെടുക്കുമ്പോള്‍ , തട്ടിപ്പുകളുടെ സ്വന്തം നാട്ടിലേക്കു വീണ്ടും മഹാബലി തിരുമേനി എത്തുന്ന പുണ്യകാലം ..

  അതെ ,  ഇവിടെ പുലരിക്കിപ്പോള്‍ പുതിയ പ്രതീക്ഷകളും സന്ധ്യക്കിപ്പോള്‍ പുതിയ വര്‍ണങ്ങളും ആണ്... നാടിനൊപ്പം നാട്ടാര്‍ക്കൊപ്പം ഓണവും മാറിയിരിക്കുന്നു... അതൊന്നു കാര്യമാക്കാതെ കുതൂഹല നിര്‍ഭരമായ എന്റെ മനസ്സ് വളരെ പുറകോട്ടു ഓടി പോകുന്നു.... ഇന്നത്തെ പോലെ ഓണം എന്ന് പറഞ്ഞാല്‍  പാര്‍ട്ടിയും ടൂറും സിനിമയും ഒന്നും അല്ലായിരുന്നു അന്ന്... സത്യം പറഞ്ഞാല്‍ വയര്‍ നിറയെ ചോര്‍ഉണ്ണാന്‍  കഴിയുന്ന നല്ല സമയം .. പൊട്ടന്‍  കരുണാകരന്‍റെ  ഭാഷയില്‍ പറഞ്ഞാല്‍ " വയറ്റിലെ കൃമി അടങ്ങി ആഹാരം കഴിക്കുന്ന ദിവസം " 360  ദിവസം ചീനിയും ചക്കയും  ഒക്കെ  തിന്നു മടുത്തിട്ട് വയറു നിറയെ തൂശനിലയില്‍ ചോറ് കഴിക്കുന്ന ദിവസം ( അക്കാലത്തു ഞങ്ങളെ പോലെ പാവങ്ങള്‍ക്ക് ചോറ് ഒരു ആഡംബരം ആയിരുന്നു...  ഒരു പിഞ്ഞാണം  നിറയെ ചക്കയോ ചീനിയോ വിളമ്പിയിട്ടു അതിന്‍റെ സൈഡില്‍  അല്പം ചോറ് തോരന്‍ (ഉപ്പേരി എന്ന് ചിലര്‍ ) വിളമ്പുന്നത് പോലെ വിളമ്പും ) അതുകൊണ്ട് തന്നെ ഞങ്ങളുടെ നാട്ടില്‍ ഒരു പഴം ചൊല്ലുണ്ട്

 " ഓണം ഉണ്ട  വയറേ  ഇനി  ചൂളം പാടുക നീയും " 

 എന്‍റെ പ്രൈമറി ക്ലാസ്സുകളുടെ കാലഘട്ടത്തിലെതോ കടന്നുപോയ ഒരു ഓണക്കാലം .. വഞ്ഞിപ്പുഴ മഠത്തിലെ മാളികയുടെ മുന്‍പില്‍ വലിയ ഒരു പുളിമരം ഉണ്ടായിരുന്നു..  വളരെ ഉയരത്തില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വലിയ  പുളിമരം.. അത്രയും ചുറ്റു വണ്ണം ഉള്ള പുളിമരം വേറെ എങ്ങും കണ്ടിട്ടില്ല.. (ഇന്ന് ആ പുളിയും മാളികയും ഒക്കെ ഓര്‍മ്മകള്‍ മാത്രം) ആ മരത്തിന്റെ ഉയരമുള്ള ചില്ലയില്‍ ചുണ്ണാമ്പു വള്ളിയില്‍ ( ഒരുതരം കാട്ടു വള്ളി) ഉപയോഗിച്ച്  ഇട്ടിരിക്കുന്ന വലിയ ഊഞ്ഞാലില്‍ ചുവട്ടില്‍ ഞങ്ങളുടെ പ്രദേശത്തെ പിള്ളാര്‌ സെറ്റെല്ലാം ഉണ്ടായിരുന്നു.. പാട്ടും കൂത്തും തുമ്പിതുള്ളലും , കുറ്റിയും പന്തും കളിയും , ഓലഞ്ഞാലി കളിയും ഒക്കെ നടന്നു കൊണ്ടേയിരുന്നു..  ഊഞ്ഞാലില്‍ ചില്ലിആട്ടം ( എഴുനേറ്റു നിന്നുള്ള ആട്ടം ) പറന്നു ഉയരത്തിലുള്ള കൊമ്പിലെ ഇല പറിക്കാന്‍ വലിയ അണ്ണന്‍മാരും ചേച്ചി മാരും മത്സരിച്ചു..  ഊഞ്ഞാലില്‍ ആടുമ്പോള്‍ ആക്കം കിട്ടാന്‍ മറ്റുള്ളവര്‍ സഹായിക്കുന്ന ഒരു പ്രയോഗമാണ്  ഉണ്ടയിഡീല്‍...  ഊഞ്ഞാലിന്റെ കമ്പില്‍ ആള്‍ ഇരുന്നു കഴിഞ്ഞാല്‍ ഒരാള്‍ പിറകില്‍ വന്നു കമ്പില്‍ പിടിച്ചു ഉയര്‍ത്തി അധി വേഗം ഓടി തലയ്ക്കു മുകളിലൂടെ ഊഞ്ഞാലിനെ തള്ളി വിടുന്നു.. ഇതാണ് ഉണ്ടയിടീല്‍ എന്ന്  എന്റെ നാട്ടില്‍ അറിയപെടുന്നത്.. ഈ ഉണ്ട ഇടീലിലും ചില ചുറ്റി കളികള്‍ ഉള്ളതായി വളര്‍ന്നപ്പോള്‍ ആണ് മനസിലായത്.. പത്തില്‍ പഠിക്കുന്ന പുഷ്പയെ ആനന്ദന്‍ ചേട്ടന്‍ ഊഞ്ഞാലില്‍ നിന്നും തള്ളിയിട്ടതിന് പുഷ്പ ചേച്ചിയുടെ അമ്മ സുമതികുട്ടി  ആനന്ദന്‍ ചേട്ടനെ ചീത്ത വിളിച്ചു.. ഉണ്ടായിട്ടത് കൊണ്ടല്ല ചന്തിക്ക് പിടിച്ചപ്പോള്‍ ഇക്കിളി എടുത്താണ്   പുഷ്പ വീണതെന്ന് പറഞ്ഞു അവര്‍ കലിതുള്ളി.. അതെ സമയം ഒരു ഭാഗത്ത്‌ ഓലഞ്ഞാലി കളി പെണ്‍കുട്ടികള്‍ തുടങ്ങി..
      " ഓലാം  ഞാലിയെ തരുമോടി ..... ചുണ ഉണ്ടെങ്കില്‍ കൊണ്ടുപോടി " 
                        താളാത്മകമായ പാട്ടുകള്‍ ഓണത്തിന് മിഴിവേകി പരന്നു.. 

ഓണം വന്നാലും സംക്രാന്തി വന്നാലും നാട്ടിലെ കുടിയന്‍ മാര്‍ക്ക് പ്രത്യേകത ഇല്ലായിരുന്നു.. അവര്‍ക്ക് എന്നും ഓണം ആയിരുന്നു .. കരുപ്പോട്ടി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒരു സംഘം കുടിയന്‍ മാര്‍ ഓണപ്പാട്ട് പാടി അത് വഴി വന്നു.. ഊഞ്ഞാലിന്‍ ചുവട്ടില്‍ എത്തിയപ്പോള്‍ താത്വിക ശിരോമണി കൃഷ്ണപിള്ള ഇങ്ങനെ പാടി 
 " മാവേലി നാട് വാണിടും കാലം 
മനുഷ്യരെല്ലാരും ഒന്നുപോലെ 
കള്ളവുമില്ല ചതിവുമില്ല 
എള്ളോളം ഇല്ല പൊളി വചനം 
കള്ളപ്പറയും ചെറുനാഴിയും 
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല 
..... സത്യമോ കള്ളമോ ആര്‍ക്കറിയാം "   ( കൃഷ്ണപിള്ളയുടെ വരികള്‍ )... കുടിയന്റെ മനസിലെ തെളിഞ്ഞ ചിന്തകള്‍ തന്ന നാല് വാക്കുകളുടെ  അര്‍ത്ഥ വ്യാപ്തി ഇപ്പോള്‍ എനിക്ക് മനസിലാകുന്നു..

  ഞങ്ങള്‍ കുട്ടികളുടെ ശ്രദ്ധ അവരവരുടെ വീട്ടിലേക്കായിരുന്നു.. അക്കാലത്തു തിരുവോണ സദ്യ പതിനൊന്നു മണിക്കകം നടക്കുമായിരുന്നു.... പപ്പടത്തിന്റെയും പരിപ്പിന്റെയും സാമ്പാറിന്റെയും മണം മൂക്കിലേക്ക് ഇരച്ചു കയറി.. അമ്മ വിളിക്കുന്ന ശബ്ദത്തിനു വേണ്ടി ഓരോ കുഞ്ഞും കാതോര്‍ത്തിരുന്നു.. അങ്ങനെ ആ ശുഭ മുഹൂര്‍ത്തം വന്നെത്തി... എടാ..... വാടാ ... പിന്നെ എല്ലാവരും വാണം വിട്ടപോലെ ഓടി.. ഞാനും .. 

      തിരുവോണ സദ്യ വിളമ്പുന്നതിന് മുന്‍പ് എല്ലാ വീട്ടിലും ഒരു ചടങ്ങ് ഉണ്ടായിരുന്നു.. മൂന്നു തൂശനിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പി , അതിനു മുന്‍പില്‍ വിളക്ക് കത്തിച്ചു വച്ച് കതകടച്ചു അഞ്ചു മിനിട്ട് മാറി നിന്ന് പ്രാര്‍ത്ഥിക്കും ..  വീട്ടില്‍ അച്ഛന്‍ മൂന്നു തൂശന്‍   ഇലയില്‍   ചോറും കറികളും വിളമ്പി ... വിളക്ക് കത്തിച്ചു.. എന്‍റെ സംശയത്തില്‍ നിന്നും ഒരു ചോദ്യം ഉയര്‍ന്നു... അച്ഛാ  എന്തിനാണ് ഈ മൂന്നില... അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു... നടുക്കലത്തെ ഇല മാവേലി തമ്പുരാന്... ഇടതു വശത്ത് ദേവതമാര്‍... വലതു വശത്ത് അപ്പൂപ്പന് ( പിതൃക്കള്‍ ) ഇനി എല്ലാവരും പുറത്തു നില്‍ക്കണം .. അച്ഛനും അമ്മയും ഞാനും പെങ്ങളും ഒക്കെ ഞങ്ങളുടെ ചെറ്റ പുരയ്ക്ക് പുറത്തിറങ്ങി.. 

" എല്ലാവരും വന്നു കഴിച്ചു അനുഗ്രഹിക്കണം "  എന്ന് പറഞ്ഞു അച്ഛന്‍ ചെറ്റ കൊണ്ടുള്ള കതകു ചേര്‍ത്തടച്ചു... ഈ ചോറ് എല്ലാം ദൈവങ്ങള്‍ കഴിച്ചാല്‍ ഞങ്ങള്‍ക്ക് എന്ത് കിട്ടും ?? ഞാനും പെങ്ങളും പരസ്പരം നോക്കി.
 അച്ഛാ മാവേലി വരുമോ ?? അച്ഛന്‍ കണ്ടിടുണ്ടോ ?? എന്റെ ബുദ്ധി ഉറക്കാത്ത ചോദ്യങ്ങള്‍ അച്ഛന്‍ ഒരു നോട്ടം കൊണ്ട് നേരിട്ടു....   അകത്തോട്ടു നോക്കരുത്... അച്ഛന്‍ കല്പിച്ചു..
ദൈവമേ ഇതെന്തു പരീക്ഷണം ?? ഇനി എത്ര നേരം നില്‍ക്കണം ?? ഞാന്‍ എല്ലാവരെയും പ്രാകി .. ഒരിക്കലും കാണാത്ത എന്‍റെ അച്ഛന്റെ അച്ഛനെയും .. സമയം ഇഴഞ്ഞു നീങ്ങി.. ഒളിഞ്ഞു വീശിയ തെക്കന്‍ കാറ്റിന്റെ മടിയില്‍ പുളിശേരിയുടെ ഗന്ധം... സര്‍വ ശക്തനായ സൂര്യ ദേവന്റെ കിരണങ്ങള്‍ ചെറ്റമറ ഭേദിച്ച്  അകത്തേക്ക് പോകുന്നത് ഞാന്‍ കണ്ടു.. ഒരു നിമിഷത്തേക്ക് ആ സുവര്‍ണ വെളിച്ചം ആയിരുന്നെങ്കില്‍ .. ഞാന്‍ മോഹിച്ചു പോയി... അച്ഛന്‍ അങ്ങേലെ പരമു പിള്ളയോട് കാര്യം പറയുന്ന തിരക്കിലാണ്.. മാവേലി തമ്പുരാനേ കാണുവാന്‍ ഉള്ള എന്‍റെ മോഹങ്ങള്‍ ... ഞാന്‍ ഏതോ ശക്തിയുടെ പ്രേരണയാല്‍ ആരും കാണാതെ ചെറ്റ മറയിലൂടെ എത്തി നോക്കി... ഓലക്കിടയിലൂടെ അരിച്ചിറങ്ങുന്ന വര്‍ണ രാജികള്‍ മാവേലി തമ്പുരാന്‍റെ ഇലയില്‍ ഒരു ദൈവിക പ്രഭ ചാര്‍ത്തി... എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല..ഓലമറക്കിടയിലൂടെ  ഊഴ്ന്നിറങ്ങുന്ന   പിതൃവിനെ   നോക്കി    ഞാന്‍ ഉറക്കെ വിളിച്ചു  ചോദിച്ചു " അച്ഛാ, അച്ഛന്‍റച്ഛന്   വാലുണ്ടോ അച്ഛാ " ഏതായാലും അന്നുമുതല്‍ തട്ടാര് വീട്ടിലെ " കോന്നന്‍" എന്നാ പട്ടി ഞങ്ങളുടെ കുടുംബ ശത്രുവായി... 


6 comments:

 1. പാലക്കാടന്‍ ഭാഗങ്ങളില്‍ ഉണ്ടയിടലിന്ന് തല മറിക്കുക എന്നാണ് പറയാറ്. അതുപോലെ ശ്രാര്‍ദ്ധം ഊട്ടുന്ന ദിവസം പിതൃക്കളെ സങ്കല്‍പ്പിച്ചു വിളമ്പിയ ഇലയിലെ വിഭവങ്ങള്‍ നായ തിന്നതായും
  കഥയുണ്ട്.

  ReplyDelete
 2. the initial part of this post sounded a bit cliched..neways on the whole, a gud one...

  ReplyDelete
 3. @ kraladasanunni sir..വളരെ നന്ദി ... ഇത്തിരി ഓര്‍മയും അതിലേറെ കേട്ട് കേള്‍വിയും , കുറച്ചു വായനയും പിന്നെ അല്പം ഗൃഹാതുരത്വവും ... അത് തന്നെ യാണ്...

  @ nikhimenon... tks a lot.. onam is after all a nostalgia .....

  ReplyDelete
 4. കേട്ടിട്ടുള്ള കഥ ആണ് അവസാനം പറഞ്ഞത്. എന്നാലും ഓണ അനുഭവങ്ങള്‍ ഹൃദ്യമായി അവതരിപ്പിച്ചു.

  ReplyDelete
 5. ഓണം ഓർമ്മ ഒരു വിങ്ങലായി അല്ലേ
  ഓണാശംസകൾ

  ReplyDelete
 6. @sony... tks and happy onam
  @ kilukkampetti... tks a lot and happy onam

  ReplyDelete

മനസ്സു തുറക്കൂ ... മടി കൂടാതെ