2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഒഴിഞ്ഞു പോയ അടി

   മൂലമറ്റം സൂപ്പര്‍ ഫാസ്റ്റ് പ്രതീക്ഷിച്ചാണ് രഘുവണ്ണന്‍ ബസ്‌ സ്റ്റാന്‍ഡിന്റെ പടിഞ്ഞാറെ മൂലയില്‍ നിലയുറപ്പിച്ചത്.അവിടെ നിന്നാല്‍ പടിഞ്ഞാറു വശത്ത് നിന്നും ബസ്‌ സ്റ്റാന്‍ടിനുള്ളിലേക്ക് വരുന്ന ബസുകള്‍ പെട്ടെന്ന് കാണുവാന്‍ കഴിയുകയും ഓടി കയറി സീറ്റ് പിടിക്കുവാന്‍ കഴിയുകയും ചെയ്യും. സാധാരണ ഗതിയില്‍ മൂലമറ്റം സൂപ്പര്‍ വരുന്നത് അഞ്ചേ മുക്കാലിനാണ്.  സമയം അഞ്ചു മുപ്പത്തി അഞ്ചു എന്ന് സ്റ്റാന്‍ ഡിലെ പഴഞ്ചന്‍ ക്ലോക്ക് കാണിച്ചു കൊടുത്തു. സ്റ്റാന്‍ഡില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. രഘു അണ്ണന്റെ തൊട്ടു പുറകില്‍ ഉള്ള ചായ കടയിലെ തമിഴ് പയ്യന്‍ ഓരോ ബസ്‌ വരുമ്പോഴും "ചായ ചായ " എന്ന് പ്രത്യേക ഈണത്തില്‍ വിളിച്ചു കൊണ്ടിരുന്നു. കെ എസ് ആര്‍ ടി സി യുടെ ഒഫീഷ്യല്‍ അനൌന്‍സര്‍ ബസുകളുടെ പോക്ക് വരവുകള്‍ തൊണ്ട പൊട്ടി വിളിച്ചു കൂവുന്നത് രഘുവണ്ണന്‍ ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ അതിനെവിടെ സമയം. രണ്ടു 90 അടിച്ചതിന്റെ പച്ചയില്‍ ആണ് നില്പ്. സമയം ഇനിയും ഒത്തിരി ഉണ്ടെന്നു മനസിലാക്കിയിട്ടെന്നോണം അദ്ദേഹം തന്റെ ബാഗ്‌ തുറന്നു ഒരു പൊതി പുറത്തെടുത്തു. മറ്റൊന്നുമല്ല അതില്‍ ഉണ്ടായിരുന്നത്. സാധാരണ മുറുക്കാന്‍.. ഷൂസും പാന്റും ഇട്ടു  ഷര്‍ട്ട്‌ ഇന്‍ ചെയ്തു നടക്കുന്ന ആളാണെന്ന ഭാവം ഒന്നും ആ പാവത്തിനില്ല. സിമിന്ടു ബഞ്ചില്‍ ഇരുന്നു മുറുക്കാന്‍ പൊതി അഴിച്ചു. വെറ്റയുടെ ഞരമ്പ്  കളഞ്ഞു ചുണ്ണാമ്പു തേച്ചു പാക്ക് മുറിച്ചു , പോയിലയുടെ തുണ്ട് ചേര്‍ത്ത്  മാന്യമായി ഒന്ന് മുറുക്കി. മുറുക്കാന്‍ വായില്‍ നിറഞ്ഞപ്പോള്‍ വീണ്ടും എഴുനേറ്റു നില്പായി. ചുറ്റും നിന്ന ചിലര്‍ അണ്ണനെ വല്ലാതെ നോക്കി.. എന്ത് കാര്യം ?? ആരോടാ കളി... ഒന്നും മൈന്‍ഡ് ചെയ്യാതെ അണ്ണന്‍ നില്പ് തുടര്‍ന്നു.

         വളരെ മാന്യന്‍ ആണ് രഘു അണ്ണന്‍.  അല്പം മിനുങ്ങും എന്നല്ലാതെ മറ്റു സ്വഭാവ ദൂഷ്യം ഒന്നും ഇല്ല. സ്ത്രീകളോട് വളരെ മാന്യമായെ പെരുമാറൂ .. ടി യാന്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും സ്വല്പം ചരിഞ്ഞു നോക്കിയാല്‍ കാണുന്നത് സുലഭ് ഇന്‍റെര്‍ നാഷണല്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ള പൊതു കക്കൂസാണ്. അവിടേക്ക് പോകുന്നവരുടെ ചേഷ്ടകള്‍ സംബന്ദിച്ചു രഘുവണ്ണന്‍ ഒരു പഠനം നടത്തുകയാണ്. അകത്തോട്ടു പോകുന്നവരുടെ മുഖ ഭാവങ്ങള്‍ , ഇറങ്ങുന്നവരുടെ പെയ്തൊഴിഞ്ഞ മുഖങ്ങള്‍ , ഒന്നിനാണോ രണ്ടിനാണോ പോയത് ,  ഓട്ടത്തിന്റെ വ്യഗ്രത , ആള്‍ക്കാരുടെ ശരീര പ്രകൃതി, ശരിയായി പോയോ തുടങ്ങി പല കാര്യങ്ങളും ഇ പത്തു മിനിട്ട് കൊണ്ട് പഠിക്കും.. പിന്നീട് ചില സദസുകളില്‍ ഇതിനെ കുറിച്ച് ഒരു ഉളിപ്പും ഇല്ലാതെ വര്‍ണിക്കും. 
ഇത്തരം പ്രകൃതിയുടെ ലീലകളെ ചില ആപല്‍ ഘട്ടങ്ങളില്‍  എങ്ങനെ നിയന്ത്രിക്കാം എന്നൊക്കെ അണ്ണന്‍ പലരോടും പറഞ്ഞു കൊടുക്കുമായിരുന്നു. എല്ലാവരും അതൊക്കെ ചിരിച്ചു തള്ളും.  ഒരിക്കല്‍ ഞാന്‍ ഒരു യാത്ര കഴിഞ്ഞു വീട്ടിലേക്കു ബസ് ഇറങ്ങി വരുകയായിരുന്നു. ബസ്‌ സ്റ്റോപ്പില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റെര്‍ നടന്നു വേണം വീട്ടിലോട്ടു പോകാന്‍. ബസ്‌ ഇറങ്ങുന്നതിനു മുന്‍പ് തന്നെ എന്റെ വയറ്റില്‍ സുനാമിയുടെ വമ്പന്‍ തിരകള്‍ പിറവി എടുക്കുന്നത് ഞാന്‍ അറിഞ്ഞു. ആസന്നമായ ഒരു ചുഴലി കൊടുങ്കാറ്റിന്റെ സകല ശക്തിയും ഞാന്‍ അനുഭവിച്ചറിഞ്ഞു. സമയം ഏകദേശം 4 മണി കഴിഞ്ഞിരിക്കുന്നു. ഞാന്‍ ബസ്‌ ഇറങ്ങി ഈട് വഴിയിലേക്ക് കടന്നപ്പോള്‍  ഗുഹാമുഖങ്ങളില്‍ ഹുംകാരം ഉണര്‍ത്തി കരി മേഘങ്ങള്‍ അട്ടഹസിച്ചു. സ്കൂള്‍ വിട്ട സമയം. പാടത്തും ഈടുവഴിയിലും ധാരാളം ആള്‍ക്കാര്‍. ഞാന്‍ വിയര്‍ത്തു. ഞെരി പിരി കൊണ്ട്. ഭൂമി പിളര്‍ന്നു കുറച്ചു സമയം താഴ്ന്നിരുന്നെങ്കില്‍ എന്നാശിച്ചു. ഒരു വെളിപാട്‌ പോലെ , ഒരു ഈശ്വര കൃപ പോലെ പെട്ടെന്ന് രഘു അണ്ണന്റെ വാക്കുകള്‍ ഓര്‍മ വന്നു " മനസാണ് ശരീര പ്രവര്‍ത്തനങ്ങളെ  നിയന്ത്രിക്കുന്നത് , അടിയന്തിര ഘട്ടങ്ങളില്‍ മനസിനെ നിയന്ത്രിക്കാന്‍ പഠിക്കണം ,  നിങ്ങള്‍ ഒരു ചെറിയ കല്ല്‌ എടുക്കുക , അത് കക്ഷത്തിനിടയില്‍ വയ്ക്കുക , എന്നിട്ട് ആ  കല്ല്‌ താഴെ വീഴാതെ  അല്പം ശ്വാസം  പിടിച്ചു വേഗത്തില്‍ നടക്കുക"  .. എനിക്ക് കീഴ് മേല്‍ നോക്കാന്‍ ഉണ്ടായിരുന്നില്ല .. അടുത്ത് കണ്ട ചെറിയ ഉരുളന്‍ കല്ല്‌ കക്ഷത്തിലാക്കി ഞാന്‍ പാഞ്ഞു..... ദൈവം എന്‍റെ കൂടെ ആയിരുന്നു.. ഞാന്‍ അന്ന് രഘുവേട്ടന് നന്ദി പറഞ്ഞു.

    അപ്പോഴും മൂലമറ്റം സൂപ്പര്‍ വന്നിരുന്നില്ല. തോളില്‍ ബാഗും  തൂക്കി , മുറുക്കാന്‍ ചവച്ചു ഒരു കവിളിലേക്കു  മാറ്റി , പല്ലുകൊണ്ട് കീഴ്ചുണ്ട് കടിച്ചു പിടിച്ചു,  കൈ രണ്ടും നെഞ്ചത്ത്‌ പിണച്ചു കെട്ടി , ഒരുകാല്‍ നിലത്തൂന്നി , മറു കാലിന്‍റെ ഉപ്പുറ്റി ഉയര്‍ത്തി , രഘുവണ്ണന്‍ ഒറ്റ നില്‍പ്പാണ്. സ്റ്റാന്‍ഡിലെ  തിരക്ക് അല്പം കൂടിയിരുന്നു. അണ്ണന്റെ ഇരു വശങ്ങളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇടതു ഭാഗത്ത്‌ രണ്ടുമൂന്നു സ്ത്രീകള്‍ നില്പുണ്ടായിരുന്നു. ഓരോ ബസ്‌ വരുമ്പോഴും ഇവരുടെ മുന്‍പിലൂടെ യാത്രക്കാര്‍ നെട്ടോട്ടം. പെട്ടെന്ന് ഒരു സ്ത്രീ അതി വേഗത്തില്‍ രഘുവേട്ടന്റെ മുന്‍പിലൂടെ കുതിച്ചു പാഞ്ഞു... " ടപ്പേ " അവരുടെ സാരിയില്‍ പൊതിഞ്ഞ ലാസ്യ നിതംബത്തില്‍ ഒരടി വീണു... വെട്ടിത്തിരിഞ്ഞ് അവര്‍ ചീറ്റി അടുത്തു " എടാ പട്ടി " വളയിട്ട കൈകള്‍ " ആഫ്രിക്കന്‍ മുഷി " പോലെയുള്ള രഘു അണ്ണന്റെ മോന്തായത്തില്‍ പതിക്കുന്നതിനു മുന്‍പ് " എഡി.. നീ എവിടയിരുന്നെടി ഇത്രയും കാലം " ഇടതു ഭാഗത്ത്‌ നിന്ന പെണ്ണുങ്ങളില്‍ ഒരാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോള്‍ " അടികൊണ്ട കിടാത്തി"  നിശ്ചലയായി..." സോറി " അവള്‍ രഘു അണ്ണനോട് പറഞ്ഞു.. വായിലെ മുറുക്കാന്‍ അഡ്ജസ്റ്റ് ചെയ്തു രഘു അണ്ണന്‍ പറഞ്ഞു " അയ്യോ ഞാന്‍ അത്തരക്കാരന്‍ അല്ല , വീട്ടിലെ പഴഞ്ചന്‍ സൈക്കിള്‍ ഓടിക്കാന്‍ പടുപെടുന്നവന്‍ "ബുള്ളെറ്റ്" തള്ളുവാന്‍ വരുമോ ????








18 അഭിപ്രായങ്ങൾ:

  1. വീട്ടിലെ പഴഞ്ചന്‍ സൈക്കിള്‍ ഓടിക്കാന്‍ പടുപെടുന്നവന്‍ "ബുള്ളെറ്റ്" തള്ളുവാന്‍ വരുമോ ????

    അത് ഗംഭീരമായി.

    മറുപടിഇല്ലാതാക്കൂ
  2. ചിരിച്ചുചിരിച്ചൊരു വഴിക്കായി

    മറുപടിഇല്ലാതാക്കൂ
  3. അണ്ണന്‍‌റെ അവസാന ഡയകോല് ചിരിപ്പിച്ചു.
    അവശ്യസമയത്തുപകാരപെട്ട ആ സൂത്രോം :)

    മറുപടിഇല്ലാതാക്കൂ
  4. ഉരുളന്‍ കല്ലിന്റെ ആ ഉപായം പരീക്ഷിച്ച് നോക്കി തെളിഞ്ഞതാണോ... അത്യാവശ്യത്തിന് പ്രയോഗിക്കാമല്ലോ.

    മറുപടിഇല്ലാതാക്കൂ
  5. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്,
    ചിരിപ്പിക്കാതെ ചിരിപ്പിക്കാതെ, ഉവ്വാ, നമ്മ ചിരിച്ചില്ലാട്ടാ‍ാ.. ങെ?

    മറുപടിഇല്ലാതാക്കൂ
  6. പ്രാവൊന്നും പറയണില്ല. പ്രാവിന് "കലി"കയറുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ
  7. എനിക്ക് കിക്കായി.സൂപ്പര്‍.ഓണത്തിന് ഒരു-കിളവന്‍ സാമി(tamilnadu)യുടെ കഴുത്തുഞെരിക്കാന്‍ തീരുമാനമായിട്ടുണ്ട്.ഒരു പോസ്റ്റിനുള്ള വക കിട്ടുമോന്ന് നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ