2011, ജൂലൈ 23, ശനിയാഴ്‌ച

ഒരു മീനും കുറെ ചെകിളകളും

      മടങ്ങിയെത്താത്ത ബാല്യത്തിന്റെ സ്മൃതി പഥങ്ങളില്‍ മുറിഞ്ഞു പോകാത്ത തുഷാര ബിന്ദുക്കള്‍ പോലെ ചില ഓര്‍മ്മകള്‍ .... ശൈശവത്തിലെ നിഷ്കളങ്കമായ പ്രവര്‍ത്തികളുടെ പൊരുള്‍ തേടി ..... മറവിയുടെ പെരുമ്പറ പെരുക്കങ്ങള്‍ക്കിടയില്‍ സ്മരണയുടെ നേര്‍ത്ത ശ്രുതി യുള്ള   ഒരു പഴയ നനുത്ത ഓര്‍മ ....  എന്‍റെ ഗുരു സ്ഥാനീയന്‍ ആണ്  രാമേട്ടന്‍. എന്ന് വച്ച് രാമേട്ടന്‍ എന്‍റെ വാധ്യാര്‍ ഒന്നും അല്ലായിരുന്നു. എന്‍റെ നാട്ടുകാരന്‍ . എന്റെ നാട്ടിലെ ആദ്യത്തെ സര്‍കാര്‍ ഗുമസ്തന്‍ ... അതും  റെവന്യൂ വകുപ്പില്‍  ഉദ്യോഗം നേടിയ ആള്‍. നാട്ടിലെ പല ബി എ ക്കാരും എം എ ക്കാരും കപ്പലണ്ടി വിറ്റും "തൂത്ത് വരിയല്‍ " കോളേജ് നടത്തിയും   നടന്ന കാലത്ത് ശ്രീ പദ്മനാഭ ചക്രം വാങ്ങാന്‍ യോഗം കിട്ടിയവന്‍ . അത്  കൊണ്ട് തന്നെ രാമേട്ടനെ എല്ലാവര്ക്കും   ഇഷ്ടമായിരുന്നു . സൌഹൃദങ്ങളുടെ മഹാ പ്രവാഹത്തില്‍ മടിച്ചു നടന്ന സാധാരണക്കാരന്‍. കൂടെ പഠിച്ച  മിടുക്കന്‍ മാര്‍ എല്ലാം തെക്ക് വടക്ക് ഈച്ച അടിച്ചു നടന്നപ്പോള്‍ രാമേട്ടന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗമയില്‍ നടന്നു. മിക്കവാറും ക്ലാസ്സുകളില്‍ രണ്ടു വര്‍ഷം വീതം പഠിച്ചു വളര്‍ന്നതിന്റെ പേര് ദോഷം ഒരു സര്‍കാര്‍ ജോലി മാറ്റി എടുത്തു. രാമേട്ടന്‍ പ്രീ ഡിഗ്രി തോറ്റതാണ്.. പക്ഷെ ആ ഗമ ഒന്നും ഇല്ല..  കുട്ടന്‍ മൊതലാളി യുടെ കടയിലെ കട്ടന്‍ ബീഡിയും , സോഡാ വെള്ളവും കുടിച്ചു നടന്ന രാമേട്ടന് കറക്കി കുത്തി കിട്ടിയ ജോലി ആണ് എന്ന് ചില അസൂയാലുക്കള്‍ പറയും..  നോക്കണേ ഒരു  ഭാഗ്യം.  ജോലി കിട്ടിയതോടെ രാമേട്ടന്‍ ആകെ മാറി.  കീറ കൈലിയും, ഊശാന്‍ താടിയും, പാറി പരന്ന മുടിയുമായി നടന്ന രാമേട്ടന്‍  സ്റ്റൈല്‍ മാറ്റി.    എല്ലാത്തിനും ഒരു രാമന്‍ ടച്ച്‌ വരുത്തി..   മുണ്ടുക്കുന്നതിനും മുറുക്കുന്നതിനും ഒക്കെ ഒരു പ്രത്യേക സ്റ്റൈല്‍. എപ്പോഴും ഒരു കാലന്‍ കുട കൈയില്‍ കൊണ്ട് നടക്കും. നെറ്റിയില്‍ ശോഭിക്കുന്ന ചന്ദന കുറി ഒരു സാത്വിക ലക്ഷണത്തിന്റെ നേരറിവു പോലെ തിളങ്ങും.

       രാമേട്ടനോട്‌ നേരിട്ട് ഞാന്‍ അധികം ഇടപെഴകിയിട്ടില്ലയിരുന്നു. ഏകദേശം ഇരുപത്തി അഞ്ചു വയസിന്റെ വ്യത്യാസം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. ഒരു ചിരിയിലോ മറ്റോ കാര്യങ്ങള്‍ തീരുമായിരുന്നു. എങ്കിലും നാട്ടിലെ പിള്ളര്‍ക്കെല്ലാം രാമേട്ടനെ ആരാധന ആയിരുന്നു. എന്നാല്‍ സംസാരിക്കാന്‍ പേടിയായിരുന്നു. പ്രായമായവര്‍ പറയുമായിരുന്നു അവനെ നോക്കി പഠിക്കൂ.. എന്തൊരു മിടുക്കനാ .. അവന്‍ ഇവിടുത്തെ തഹസില്‍ദാര്‍ ആകും... ഇത്ര തങ്കപെട്ട സ്വഭാവം ഉള്ള ഒരു വ്യക്തിയെ കണ്ടു കിട്ടാന്‍ പ്രയാസമാണ്.. എല്ലാ കുട്ടികളും രാമേട്ടനെ പോലെ ആകാന്‍ മണ്ണടിയിലെ  അമ്മമാര്‍ പ്രാര്‍ത്ഥിച്ചു..  പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കും.. എന്ത് ചോദിച്ചാലും കൃത്യമായി മറുപടി.. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നാടിന്‍റെ ഓജസ്സും തേജ്ജസും ഒക്കെ രാമേട്ടനായിരുന്നു. ഈ തിരക്കിനിടയില്‍ കുടുംബം എന്ന ചിന്ത രാമേട്ടന്‍ മറന്നു പോയി.. രാമേട്ടന്റെ അമ്മ യക്ഷി പാറുവിനെ പേടിച്ചിട്ടാണ് രാമേട്ടന്‍ കെട്ടാത്തത് എന്ന് ജന സംസാരം..

    എങ്കിലും എന്‍റെ കുട്ടിക്കാലത്ത്   ഒരു ദിവസം രാമേട്ടന്‍  പരോക്ഷമായി ഒരു പണി എനിക്ക് നല്‍കി.  അന്ന് കാലത്ത് ഐ സി ഡി എസ് പദ്ധതി പ്രകാരം ഉച്ചയ്ക്ക് ഉപ്പുമാവും പാലും കൊടുക്കുന്നത് ഞങ്ങളുടെ വീടിന്‍റെ  അടുത്തുള്ള  ഒരു മഠത്തില്‍ വച്ചായിരുന്നു. കുട്ടികള്‍ മാത്രമല്ല മുറ്റിയതും പറ്റിയതും മുതുക്കികളും ഒക്കെ അവിടെ വന്നു നിന്ന് ഉപ്പു മാവില്‍ ഒരു പങ്കു വാങ്ങുമായിരുന്നു. അവധി ദിവസങ്ങളില്‍ ഗ്രാമത്തിലെ മിക്കവാറും ആള്‍ക്കാര്‍ അവിടെ രാവിലെ തന്നെ ഒത്തു കൂടുമായിരുന്നു. അവിടെ ഒരു പൊതുകുളം ഉണ്ടായിരുന്നു. അന്ന് മിക്കവാറും ആള്‍ക്കാര്‍ കുളിക്കുന്നത് അവിടെ ആയിരുന്നു. പെണ്ണുങ്ങള്‍ കുളിക്കുന്ന കടവിലേക്ക് ഇടിഞ്ഞു പൊളിഞ്ഞ കുളിപ്പുര മാളികയില്‍ ഇരുന്നു  ഒളിഞ്ഞു നോക്കുന്ന വിരുതന്‍മാരുടെ വിക്രിയകളുടെ പൊരുള്‍ മനസിലാക്കാന്‍ ഒരുപാടു വൈകി പോയി. അപ്പോഴേക്കും ആ മാളിക പൊളിച്ചു വിറ്റിരുന്നു...   എല്ലാവര്ക്കും പ്രിയങ്കരനായ രാമേട്ടനെ ഒരിക്കല്‍ കുളിക്കടവില്‍  വച്ച് കുട്ടി പണിക്കത്തിയുടെ മകള്‍ " സുശീല " ഫ്ഫാ പട്ടീ , തെമ്മാടിത്തരം കാണിക്കുന്നോ " എന്നൊരു ആട്ടു ആട്ടുന്നത്‌ കേട്ടപ്പോഴും കുഞ്ഞായിരുന്ന എന്‍റെ തലയില്‍ ഒന്നും കത്തിയിരുന്നില്ല... അവടെ ഒരു നിഷേധം ഞാന്‍ അന്ന് മനസ്സില്‍ കരുതി.. അന്ന് ഒരു അവധി ദിവസം ആയിരുന്നു.   എല്ലാവരും കുളികടവില്‍ ഉണ്ടായിരുന്നു. മെമ്പര്‍ ശിവനും, മോഹനന്‍ പിള്ളയും, തൂട്ട ശശിയും , വെരുക് ബാലനും , കാവില്‍ തൂറി അരവിന്ദാക്ഷനും പിന്നെ നമ്മുടെ രാമേട്ടനും ഒക്കെ കിഴക്കേ കരയില്‍ ഇരുന്നു ചൂണ്ട ഇടുകയായിരുന്നു. ഒരുപാടു പിള്ളേര്‍ അവര്‍ക്ക് ചുറ്റും കൂടി നിന്ന് മീന്‍ പിടിക്കുന്നതിന്റെ രഹസ്യങ്ങള്‍ പഠിച്ചു തുടങ്ങി. വായ്താരിയിലൂടെയും അറിവുകളിലൂടെയും കൈമാറുന്ന നാട്ടറിവിന്റെ രഹസ്യങ്ങള്‍ പുതിയ തലമുറ സ്വായത്തമാക്കി കൊണ്ടിരുന്നു. "ചൂണ്ടയില്‍ മണ്ണിരയെ കൊരുക്കുംപോള്‍ " ഇര" എന്ന് പറയുന്നത് നിഷേധം .. പകരം " തീറ്റ " എന്ന് പറഞ്ഞാലേ മീന്‍ കിട്ടുകയുള്ളൂ. തീറ്റയില്‍ അല്പം തുപ്പി വയ്കെണ്ടാ ആവശ്യം , പൊങ്ങുതടിയുടെ വലുപ്പം , ചൂണ്ടയില്‍ നിന്നും അതിനുള്ള അകലം , ഓരോ തരത്തിലുള്ള മീനും അതിന്‍റെ പ്രത്യേകതകളും, സാധാരണം മീന്‍ കാണുന്ന സ്ഥലങ്ങള്‍,  എല്ലാം ഞാന്‍ പഠിച്ചു കൊണ്ടിരുന്നു.. എന്നെങ്കിലും ഒരു നല്ല ചൂണ്ടക്കാരന്‍ ആകണം എന്ന വിചാരത്തോടെ.. പെട്ടെന്നാണ് മെമ്പര്‍ അണ്ണന്റെ ചൂണ്ടയില്‍ ഒരു മീന്‍ പിടിച്ചത്.." കൈതക്കോര  " എന്ന് നാട്ടില്‍ പറയും , കുറെ മുള്ളുകള്‍ ഉള്ള കറുത്ത കരിമീന്‍ പോലെത്തെ ഒരു മീന്‍.. പിടയുന്ന മീനിനെ ചവിട്ടി പിടിച്ചു അണ്ണന്‍ അതിന്‍റെ ചൂണ്ട ഊരാന്‍ ശ്രമിച്ചു. കൈയില്‍ മുള്ള് കൊണ്ടു.. ദേഷ്യത്തോടെ ചൂണ്ട വലിച്ചു ഊറി..  ആ മീനിന്‍റെ ചെകിളയും കണ്ണും ഒക്കെ അടര്‍ന്നു മാറി..  ആകെ ചോര മായം.. അപ്പോള്‍ അവിടെ നിന്ന രാമേട്ടന്‍ പറഞ്ഞു.. " ഇതിന്റെ  മ ...( ഡാഷ് ) എല്ലാം പോയല്ലോ മെമ്പറെ... ഇനി ഇത് എന്തിനു കൊള്ളാം !   അപ്പോഴേക്കും ഉപ്പു മാവ് തിന്നാന്‍ സമയമായി എന്ന് ആരോ വിളിച്ചു പറഞ്ഞു.. പിള്ളാരെല്ലാം കൂട്ടത്തോടെ ഓടി. 

    അടുത്ത ദിവസം അമ്മ മത്തി കഴുകി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു.. അച്ഛന്‍ വാഴയ്ക്ക് വളം ഇട്ടു കൊണ്ടു അപ്പുറത്ത് ഉണ്ടായിരുന്നു.. അമ്മ മത്തിയുടെ ചെകിളയും പൂവും ഒക്കെ എടുത്തു കളയുന്നത് കണ്ടു ഞാന്‍ ചോദിച്ചു..അമ്മെ ഇതിന്‍റെ .....(ഡാഷ് ) കളയുവാനോ... അമ്മ എന്നെ ഒന്ന് നോക്കി ഒന്നും പറഞ്ഞില്ല
അടുത്ത മത്തിയുടെ ചെകിളയും പോയപ്പോള്‍ എനിക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല .." ......(ഡാഷ്) പോയ മീന്‍ എന്തിനു കൊള്ളാം ?? പെട്ടെന്ന് പുറത്തൊരു പുകച്ചില്‍... നീറ്റല്‍... പാഞ്ചി കമ്പിന്റെ പ്രഹരത്തില്‍ ഞാന്‍ ഞെരി പിരി കൊണ്ടു... എവിടുന്നു പഠിച്ചു ഇതൊക്കെ?? അച്ഛന്‍ കലി തുള്ളി... " രാമേട്ടന്‍ " നാവില്‍ വന്നെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് അടുത്ത അടി വീണു.....

എങ്കിലും എന്‍റെ പദസമ്പത്തില്‍ ഒന്ന് കൂടിയതില്‍ പില്‍കാലത്ത് ഞാന്‍ രാമേട്ടനോട്‌ നന്ദി പറഞ്ഞു.. രമേട്ടനല്ല ദൈവം തന്നെ പറഞ്ഞാലും അര്‍ഥം അറിയാതെ ഒരു വാക്കും എങ്ങും പ്രയോഗിക്കില്ല എന്ന ശപഥവും അന്ന് ഞാന്‍ എടുത്തു... 
    
                                                                                                         വീജ്യോട്സ് 
      

10 അഭിപ്രായങ്ങൾ:

  1. ഹഹാ...:)
    പതിവുപോലെ വായന സുഖമുള്ളതായിരുന്നു. രാമേട്ടന്‍‌റെ ഡയകോല് കേട്ടപ്പൊ വെറുതെ ഒരു സംസാരം എന്നേ കരുതിയിള്ളൂ. അതില്‍ നിന്ന് ക്ലൈമാക്സിലെത്തിയപ്പൊ ചിരിച്ചൊരു വശായി. ഇഷ്ടപെട്ടൂട്ടാ.

    ഇഷ്ടപെടുന്നവരെ അനുകരിക്കുന്നതും, അവരില്‍ നിന്ന് അറിയാതെ വീഴുന്ന ഓരോ കാര്യവും മനസ്സില്‍ സൂക്ഷിക്കുന്നതാണ് കുട്ടികളുടെ സ്വഭാവം. അത് മാതാപിതാക്കളാണെങ്കിലും ഗുരുസ്ഥാനീയരാണെങ്കിലും അത്തരം അവസ്ഥകളില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തുക തന്നെ വേണം. അല്ലെങ്കില്‍ ഇങ്ങനിരിക്കും ;)

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം. അങ്ങനെ ഒരു പാഠം പഠിച്ചു അല്ലെ?
    പാഞ്ചി കമ്പിന്റെ വേദന ഇപ്പോഴും ഉണ്ടോ?
    അല്ല, എന്തോന്നാ ഈ പാഞ്ചി കമ്പ്?

    മറുപടിഇല്ലാതാക്കൂ
  3. @ comicola - വളരെ നന്ദി
    @ ചെറുത്‌... ശരിയാണ്.. കുട്ടികള്‍ ഇഷ്ട്ടപെട്ടവരെ അനുകരിക്കുന്നു.. ഇപ്പോള്‍ സിനിമ നായകന്‍ മാരുടെ ഡയലോഗുകള്‍ അവര്‍ കൂടുതല്‍ ആയി ഉപയോഗിക്കുന്നു എന്ന് മാത്രം

    @ സോണി... തീര്‍ച്ചയായും ഇപ്പോഴും ആ സുഖമുള്ള വേദന ഉണ്ട്... പാഞ്ചി എന്ന് പറയുന്നത് ഒരു കുറ്റിച്ചെടിയാണ്... അതിന്റെ ഇല ഉപയോഗിച്ച് കുട്ടികള്‍ വിസില്‍ (ഊത്ത്‌) ഉണ്ടാക്കും.. അമ്മ മാര്‍ ഇതിന്റെ ഇല ഓതി ( മന്ത്രം ഉരുവിട്ട്) വെള്ളം തിളപ്പിച്ച്‌ കുട്ടികളെ കുളിപ്പിക്കും ... കണ്ണ് ദോഷം മാറാന്‍...

    എല്ലാവര്ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  4. നിങ്ങള്‍ വാക്ക് വെച്ചപ്പോള്‍ അച്ഛന്‍ വടിവെച്ചു
    ഇപ്പോള്‍ മനസിലായില്ലേ വാക്കും വടിയും വെക്കെണ്ടിടത്തെ വെക്കാവൂ ന്നു

    പിന്നെ നിങള്‍ പറഞ്ഞ ആചെടിക്ക് കൊമ്പന്റെ നാട്ടില്‍ പാണല്‍ എന്ന് പറയും

    മറുപടിഇല്ലാതാക്കൂ
  5. പാണല്‍ എന്നൊരു ചെടി എനിക്കറിയാം. ഔഷധഗുണമുള്ളതാണ്. പക്ഷെ മേല്‍പ്പറഞ്ഞ ഉപയോഗങ്ങള്‍ ഉള്ളതായി കേട്ടിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  6. ഹ ഹ ഹ കല്ല്യാണത്തിനു ഇരിക്കുന്ന ചേച്ചിയുടെ വായിലേക്കു പറന്നു കിടക്കുന്ന ഒരു മുടി കണ്ടിട്ട്‌ അനിയന്‍ ഇതുപോലെ പുറമെ നിന്നു പഠിച്ച രണ്ടു പദങ്ങള്‍ പ്രയോഗിച്ച കഥ ചെറുപ്പത്തിലെ കേട്ടിരുന്നു --

    ( അവന്‍ തെറി പഠിക്കാതിരിക്കാന്‍ അവന്റെ അമ്മ തന്നെ കൂട്ടുകാര്‍ പറഞ്ഞ പദങ്ങള്‍ക്ക്‌ മുടി എന്നും വായ എന്നും അര്‍ത്ഥം പറഞ്ഞു കൊടുത്തതാണത്രെ -
    ആ ചെറുക്കനും ഇതുപോലെ അന്നു പുറം പുകച്ചിരുന്നെകില്‍ !!)

    ഇതിനാ പറയുന്നത്‌ കൂട്ടുകാരുടെ കയ്യില്‍ നിന്നും നാലിലൊന്നു പഠിക്കണം എന്ന്
    ഇല്ലെങ്കില്‍ പുറം പുകയും

    മറുപടിഇല്ലാതാക്കൂ
  7. @ കൊമ്പന്‍ ... വാക്കിനൊരു വടി ... കൊള്ളാം... പരസ്പര പൂരകങ്ങള്‍ അല്ലെ
    @ ponmalakkaran - ഇതുവരെയും അത് മറന്നില്ല
    @ മുല്ല ... വളരെ നന്ദി..
    @ India Heritage ... അത് കലക്കി ... പിള്ളരോടെ പറയേണ്ടത് പറയേണ്ട സമയത്ത് പറയണം..

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ