2011, മേയ് 6, വെള്ളിയാഴ്‌ച

മാലക്കണ്ണന്‍റെ ധര്‍മസങ്കടങ്ങള്‍

വീണ്ടും  ഒരു  അവധി  കാലം . മനസിലേക്ക് പെയ്തിറങ്ങുന്ന ഓര്‍മകളില്‍ പച്ചപ്പ്‌ മണക്കുന്ന    ചില കുറുമ്പുകള്‍ ..കൈ കുമ്പിളിലൂടെ ഒഴുകിയൊലിച്ച കാലത്തിന്‍റെ തിരു ശേഷിപ്പുകള്‍ ... ഓര്‍മയുടെ കൊച്ചു പുസ്തകത്തില്‍ എഴുതി വച്ച ഒരു കഥ..    എന്‍റെ നിറം കറുപ്പാണ്‌. കലര്‍പ്പില്ലാത്ത നിറം. വെറും കറുപ്പല്ല കാക്ക കറുപ്പ്. കറുപ്പിന് ഏഴു അഴകാണെന്ന്  കവികള്‍ പറഞ്ഞപ്പോള്‍ ബാക്കി 93  അഴകും വെളുപ്പിനാണെന്ന് മനസിലാക്കിയ ശുഭാപ്തി വിശ്വാസക്കാരന്‍. ഈ കറുപ്പ് എനിക്ക് ജന്മ സിദ്ധമായി കിട്ടിയതല്ല. അതുകൊണ്ട് എന്‍റെ കലര്‍പ്പില്ലാത്ത നിറത്തെ എനിക്കിഷ്ടമാല്ലയിരുന്നു. അതിന്‍റെ കാരണം ഈ കറുപ്പിന് ഉത്തരവാദി ഞാന്‍ തന്നെയാണ്. എന്‍റെ പത്താം വയസുവരെ ഞാന്‍ വെളുത്തതായിരുന്നു. ശുദ്ധ ശ്വേതന്‍ , എന്ന് വച്ചാല്‍ ചുണ്ണാമ്പു പോലെ വെളുത്തവന്‍ എന്നല്ല . മറിച്ചു സായിപ്പിനെ പോലെ വെളുത്തവന്‍. നീഗ്രോയുടെ  ചുരുണ്ട മുടിയും ,  നീണ്ട മൂക്കും സായിപ്പിന്റെ നിറവും. ഒന്നാലോചിച്ചു നോക്ക് എത്ര സുന്ദരനായിരുന്നു ഞാന്‍ എന്ന്.  എന്നോ  എല്ലാം പോയി. പഴയ കറുത്ത ടെലിഫോണ്‍ ഓര്‍മ്മയുണ്ടോ ? അതെ നിറം എനിക്കിപ്പോള്‍ , തൊട്ടു കണ്ണെഴുതാം എന്ന് ചിലര്‍.  അതും വെറും മോഹം മാത്രം ആയി. ഒരു പെണ്ണും തൊട്ടു സുറുമ ഇട്ടില്ല .. അങ്ങനെ ആ സ്പര്‍ശന സുഖവും വെറും മോഹമായി.  കുട്ടി കാലത്ത് പിച്ചണ്ടി ( തിരുവിതാം കൂറില്‍ ഇളം പ്രായത്തിലുള്ള കശുവണ്ടിക്ക് പറയുന്ന പേര് ) പറിച്ചു കമ്പ് കൊണ്ട് കണ്ണ് കുത്തി തിന്നിട്ടു എടുത്തു കളയുന്ന പച്ച തോടിന്‍റെ ഷേയ്പ്പില്‍ ഉള്ള  മോന്ത , മേട മാസത്തിലെ വറ്റിയ കിണര്‍ പോലെ കുഴിഞ്ഞു താണ കണ്ണുകള്‍ , ബ്രാകെറ്റ്  പോലെ വളഞ്ഞ കാലുകള്‍ , ശേ ഇതെല്ലം സ്വയം വരുത്തി വച്ച വികൃതിയുടെ പരിണിത ഫലങ്ങള്‍ എന്ന് ആര്‍കും അറിയില്ല. ഇത് കൊണ്ട് തന്നെ കൊടുത്ത പ്രണയ ലേഖനങ്ങള്‍ വായിച്ചതു പെണ്ണുങ്ങളുടെ ആങ്ങളമാരോ  അച്ഛന്മാരോ ആയിരുന്നു. അതൊക്കെ സ്വകാര്യ ദുഃഖങ്ങള്‍ മാത്രം ... പോട്ടെ .." കണ്ട് കണ്ടിരിക്കുമ്പോള്‍ കഴുതയ്ക്കും സൌന്ദര്യം വരും " എന്ന പ്രണവ മന്ത്രം ഭാര്യ മാത്രമാണ് പ്രവര്‍ത്തികമാക്കിയത്  എന്ന് തോന്നുന്നു. അതും  തോന്നല്‍ മാത്രമോ ????/ 

     പത്തില്‍ എത്തുന്നതിനു മുന്‍പ്    തന്നെ മരത്തില്‍ കയറ്റം , കവണയടി, ചില്ലറ മോഷണം , തെറി പറച്ചില്‍ , ചീട്ടുകളി , ബീഡി  വലി,  തുടങ്ങി  പല വിഷയങ്ങളിലും മോശമല്ലാത്ത രീതിയില്‍ വിദ്യഭ്യാസം നേടിയിരുന്നു. എന്നാല്‍ "മാല കണ്ണ്" എന്ന് പറയുന്ന അസുഖം എനിക്കുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ എനിക്ക് ഒന്നും കാണാന്‍ പറ്റിയിരുന്നില്ല. പ്രത്യേകിച്ചും പെണ്‍ കുട്ടികളെ. മാലക്കണ്ണന്‍റെ  ശുദ്ധ ഗതിയെ പലരും ചോദ്യം ചെയ്തു. പല പ്രാവശ്യം ഇത് മൂലം പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. " അവനു പെണ്‍ പിള്ളേരെ മാത്രമേ കാണാന്‍ വൈയ്യാതുള്ളൂ " പരാതി കൂടിയപ്പോള്‍ അച്ഛന്റെ വിശ്വ രൂപം കണ്ടു. ഞാനും മാല കണ്ണിനെ ശപിച്ചു. പല വൈദ്യന്‍ മാരെയും കാണിച്ചു. അങ്ങനെ  ഒരു വൈദ്യന്‍ പരിഹാരം കണ്ടെത്തി. " കാക്ക ഇറച്ചിയും കാക്ക മുട്ടയും കഴിക്കുക " " ദൈവമേ , ഓര്‍ത്തപ്പോള്‍ തന്നെ അറപ്പ്  തോന്നി " ഇന്നത്തെ   പോലെ   അന്ന്   കാക്കകള്‍    സുന്ദരന്‍മാര്‍   അല്ലായിരുന്നു  . കഴിക്കാന്‍   കാക്കകള്‍ക്   നൂഡില്‍സും   ചോറും   ഒന്നും  ഇല്ലായിരുന്നു . മനുഷ്യര്‍ക്ക്‌  തന്നെ  തിന്നാന്‍  ആഹാരം   ഇല്ലായിരുന്നു . ചീനി  പുഴുങ്ങിയതോ ചക്ക  വേവിച്ചതോ  ഒക്കെ  തിന്നു  പശി  അടക്കുന്ന  കാലം  .. " വെള്ള നിറമുള്ള കുഴിഞ്ഞ ഇരുമ്പു പിഞ്ഞാണത്തില്‍ വക്കിലെ നീര വര വരെ ചീനിയോ ചക്കയോ  , ഇവ തൊണ്ടയ്ക്കു ഇരിക്കതിര്‍ക്കാന്‍ എന്ന പേരില്‍ അല്പം ചോറ് , ഇന്ന് തോരന്‍ വിളമ്പുന്നത് പോലെ .. അതൊക്കെ പഴയ കാര്യം .. ആ ഇരുമ്പു  പിഞ്ഞാണം   തന്നെ എത്ര പേര്‍ കണ്ടിട്ടുണ്ട് ... എത്ര പേര്‍ ഓര്‍മ്മിക്കുന്നു..   " അന്ന് കാക്ക ചെയ്തിരുന്നത് തോട്ടി പണി തന്നെ യായിരുന്നു. "  എന്നാലും അച്ഛന്റെ പ്രയോഗങ്ങള്‍ ഓര്‍ത്തപ്പോള്‍ കാക്ക ഇറച്ചിയാണ് ഭേദം എന്ന് തോന്നി. അങ്ങനെ ഒരു ദിവസം വൈദ്യന്‍   എനിക്ക് കാക്ക ഇറച്ചിയും കാക്ക മുട്ടയുടെ ഓംലെറ്റ്‌ ഉം നല്‍കി. ഓംലെടിനു നല്ല രുചിയുണ്ടായിരുന്നു.

നാവില്‍  തങ്ങി  നിന്ന  രുചി  ഓര്‍ത്തു   ഒരു അവധികാലത്ത് ഞാന്‍ വീണ്ടും കാക്ക മുട്ട തപ്പി ഇറങ്ങി. തപ്പി തപ്പി തോമ സാറിന്‍റെ വീടിന്റെ പിറകിലുള്ള ആഞ്ഞിലി മരത്തില്‍ ഉള്ള കാക്ക കൂടിനെ കണ്ടെത്തി. നല്ല ഉയരമുള്ള മരത്തില്‍ വലിഞ്ഞു കേറി കാക്ക കൂടിന്‍റെ അടുത്തെത്തി. പെട്ടെന്ന് ഒരു  ശബ്ദം കേട്ട് താഴോട്ട് നോക്കി. എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. താഴെ  ഓല മറപ്പുരയില്‍ സ്നാനം ചെയ്യുന്ന  തോമ സാറിന്‍റെ മകള്‍ മോളിക്കുട്ടി . ഒന്നേ നോക്കിയുള്ളൂ. എവിടെ നിന്നോ ഒരു കാക്ക പ്രത്യേക ശബ്ദത്തില്‍ കരഞ്ഞു. കാ കാ .. പെട്ടെന്ന് കാക്കകളുടെ ഒരു പട ആഞ്ഞിലി മരത്തെ പൊതിഞ്ഞു.  പിന്നെ ഒരു പരാക്രമമായിരുന്നു. എന്റെ തലയിലും ദേഹത്തും മുഖത്തും ഒക്കെ കൊത്തി. കാ കാ വിളികള്‍ അന്തരീക്ഷത്തെ നിറച്ചു. ഞാന്‍ ഊഴ്ന്നിറങ്ങാന്‍ ഒരു പാഴ്ശ്രമം നടത്തി. പിടിവിട്ടു നേരെ കുളിപ്പുരയുടെ ചെറ്റതകര്‍ത്തു വീണു. മോളിക്കുട്ടി നിലവിളിച്ചു ഓടി , കാക്കകള്‍ അവളെയും ഞോണ്ടി . തോമ സാറും മക്കളും വടിയുമായി എന്നെ തല്ലാന്‍ എത്തി . കാക്കകള്‍ അവരെയും കൊത്തി. അര്‍ദ്ധ ബോധാവസ്ഥയില്‍ ഞാന്‍ പറക്കുകയായിരുന്നു. കാക്കകകള്‍ പിറകെയും.ഒരു കാക്ക എന്‍റെ ഉച്ചിയില്‍ കൊത്തി. അതിന്റെ ചുണ്ടുകള്‍ കളിമണ്ണ് നിറഞ്ഞ എന്‍റെ തലയിലേക്ക് താഴുന്നതും അതിന്‍റെ കറുപ്പ് നിറം എന്‍റെ തൊലിപ്പുറത്ത് വ്യാപിക്കുന്നതും വേദനയോടെ ഞാനറിയുമ്പോള്‍ എനിക്ക് ബോധം നഷ്ടപെട്ടിരുന്നു. 

        പിന്നീടറിഞ്ഞു ആ കാക്ക വെളുത്ത് രൂപ പരിണാമം വന്നു കൊക്കായി മാറി എന്ന്. ഞാനോ " കാക്കപാതി" എന്ന പേരും പേറി ജനങ്ങളുടെ തെറിയും കേട്ട് ജീവിച്ചു . " മുട്ടേന്നു വിരിയുന്നതിനു മുന്‍പേ " മുട്ട തേടി പോയ പാവം മാലക്കണ്ണന്‍റെ  ധര്‍മ സങ്കടങ്ങള്‍ ആരു വിശ്വസിക്കും . ഞാനീ കഥ ഒരിക്കല്‍ എന്‍റെ കുഞ്ഞുങ്ങളെ പറഞ്ഞു കേള്‍പ്പിച്ചു . പിറ്റേന്ന് രാവിലെ ഇളയ മകന്‍ മുറ്റത്തിറങ്ങി മരമായ മരമൊക്കെ അരിച്ചു നോക്കി നടന്നപ്പോള്‍ ഞാന്‍ ചോദിച്ചു " എന്താടാ " " അച്ഛാ ഞാന്‍   കാക്ക കൂട് നോക്കുകയാണ് " ഞാന്‍ ഞെട്ടി. " ഉരുണ്ടതിന്റെ മുട്ട പാഞ്ഞാല്‍ പാഞ്ഞതിന്റെ മുട്ട പറക്കുമോ " ????


                                                                                                                   വീജ്യോട്സ് 




3 അഭിപ്രായങ്ങൾ:

  1. ഉം!

    “കണ്ട് കണ്ടിരിക്കുമ്പോള്‍ കഴുതയ്ക്കും സൌന്ദര്യം വരും " എന്ന പ്രണവ മന്ത്രം ഭാര്യ മാത്രമാണ് പ്രവര്‍ത്തികമാക്കിയത് ”

    അതു മതി!

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ