2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ഉത്സവങ്ങള്‍ -ചില ചിന്തുകള്‍

              കുംഭം തുടങ്ങി. തുമ്പ കരിയുന്ന വെയില്‍ പെയ്യുന്നു. മകരത്തിന്റെ മറവി മാറാത്ത പ്രഭാതങ്ങളില്‍ ഇപ്പോഴും തണുപ്പ് കിനിയുന്നു.ഗ്രാമങ്ങള്‍ ഉണരുന്നു. ഉത്സവങ്ങളുടെ നാളുകള്‍. ആഹ്ലാദവും ആചാരവും വിശ്വാസവും സംഘ ശക്തിയും സമന്വയിക്കുന്ന ആഘോഷങ്ങള്‍. പൊങ്ങച്ച സംസ്കാരത്തില്‍ വീര്‍പ്പുമുട്ടുന്ന പുതിയ കാലത്തില്‍ ഉത്സവങ്ങള്‍ക്കും നിറഭേദങ്ങളും രൂപഭേദങ്ങളും സംഭവിച്ചിരിക്കുന്നു. എങ്കിലും ഓരോ മലയാളിയും അവന്‍റെ ഗ്രാമത്തിലെ ഉത്സവത്തിനായി കാത്തിരിക്കുന്നു. പൂരമെന്നോ, പാട്ടെന്നോ , വേലയെന്നോ , തെയ്യമെന്നോ, തിരു ഉത്സവമെന്നോ , മലക്കുടയെന്നോ എന്ത് പേര് ചൊല്ലിയാലും അവ ഒരു ജനതയുടെ ആത്മാവിഷ്കാരമാണ്. ഓര്‍മയുടെ തടയണകളില്‍ നിറഞ്ഞു നില്‍ക്കുന്ന മഴവില്ല് പോലെ മനോഹരമായ സ്വപനം . ടെലി വിഷനും മൊബൈലും സാര്‍വര്‍ ത്രികം അല്ലായിരുന്ന ഒരു കാലഘട്ടത്തില്‍ ചെണ്ട പ്പുറത്ത് കോലു വീഴുന്നതും നോക്കി ജനമിരുന്നു. പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പിള്ളാര്‌ സെറ്റും വലിയ സെറ്റും പോകുമായിരുന്നു. മണ്ണടിയില്‍ നിന്നും അന്ന് ഞങ്ങള്‍ കുളക്കട തിരുവാതിര, കീച്ച പള്ളി ഉത്സവം, പട്ടാഴിയിലെ കുംഭ തിരുവാതിര, മീന തിരുവാതിര, തലവൂര്‍ പൂരം, മലനട മലക്കുട (ദുര്യോധന ക്ഷേത്രം) , ഏഴംകുളം തൂക്കം , പെരിങ്ങനാട്ടു ഉത്സവം , പന്നിവിഴ ഉത്സവം , കളമല പള്ളിയിലെ ചന്ദന ക്കുടം  തുടങ്ങി എല്ലായിടത്തും    പരിപാടി കാണാന്‍ നടന്നു പോകുമായിരുന്നു.  സാംബ ശിവന്‍റെ കഥ പ്രസംഗം അക്കാലത്തെ വെടിക്കെട്ട്‌ പരിപാടി ആയിരുന്നു. അരവിന്ദാക്ഷ മേനോന്‍റെ ബാലൈ സൂപ്പര്‍ ഹിറ്റ്‌ ആയി നില കൊള്ളുന്ന കാലം . സൂര്യ സോമയും , സംഘ ചേതനയും , തുടങ്ങി നിരവധി നാടക ട്രൂപ്പുകളുടെ വമ്പന്‍ നാടകങ്ങള്‍ക്ക് നല്‍കിയ കൈയടി ഞാന്‍ ഓര്‍ക്കുന്നു. ഇന്നത്തെ തട്ട് പൊളിപ്പന്‍ ഗാന മേളകള്‍ക്ക് പ്രചാരം കിട്ടി തുടങ്ങിയിരുന്നില്ല. ഇന്ന് ഉത്സവത്തിനു പ്രധാനം മദ്യമാണ് . എന്നാല്‍ അക്കാലത്തു പിള്ളാര്‌ സെറ്റിനു മിനുങ്ങാന്‍ ഉള്ള അവസരമോ ചങ്കൂറ്റമോ ഇല്ലായിരുന്നു. " ബെവ്കോ " പെട്ടികടകള്‍ പോലെ തുറന്നിരുന്നില്ല . പാവപെട്ടവന്റെ സ്വപ്‌നങ്ങള്‍ ചാരായ ഷാപ്പുകളില്‍ ഒതുങ്ങിയിരുന്നു. ബാറില്‍ കയറുന്നത് സാധാരണക്കാരന്‍റെ സ്വപ്നങ്ങള്‍ക്ക് അപ്പുറമായിരുന്നു. " 96 ചാരായ നിരോധനവും തുടര്‍ന്ന് നടന്ന " അബ്കാരിസ്ട്ര "യും  കേരളത്തിലെ കുടിയന്‍ മാര്‍ക്ക് 
ലഹരിയുടെ പുത്തെന്‍ അനുഭവങ്ങള്‍ തുറന്നു നല്‍കി . പട്ട ചാരായവും പുളിച്ച കല്ലും വാറ്റും മാത്രം അടിച്ചു നടന്ന തലമുറയ്ക്ക് "ഹെര്‍കുലിസും  ഓള്‍ഡ്‌ മങ്കും ബിജോയിസും തുടങ്ങി ആയിരകണക്കിന് വിദേശ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുവാനുള്ള അവസരം തുറന്ന 'കുടിയുടെ മാഗ്ന കാര്‍ട്ടാ' സമ്മാനിച്ചു.  കുടിച്ചു പൂസായി നടക്കുന്ന സ്കൂള്‍ കുട്ടികളെ കാണുമ്പോല്‍ നഷ്ട ബാല്യത്തിന്‍റെ "ഹാങ്ങ്‌ ഓവര്‍" എന്നെ ഉദാസീനനാക്കുന്നു. അക്കാലത്തു "കുടി" ജനകീയമല്ലായിരുന്നു.  ഉത്സവ കാലം ഒരു വര്‍ഷത്തെ അടിപിടി , വഴക്ക് , എന്നിവയുടെ കണക്കു തീര്‍ക്കുവാന്‍ ഉള്ള കാലം കൂടിയായിരുന്നു. " നിന്നെ പേച്ചു കളത്തില്‍ കണ്ടോളാം" മണ്ണടി കാരുടെ ഇടയിലെ ഒരു ചൊല്ല് തന്നെ ആണിപ്പോഴും" . കുളക്കടകാര്‍ക്ക്  മണ്ണടി ഉച്ചബലിക്ക് മുളം പത്തലിനു  തല്ലു കൊടുത്തതിനു പകരം കീച്ച പള്ളി ഉത്സവത്തിനു നീല കരിമ്പ് കൊണ്ട് തിരിച്ചു  അടിച്ചതുമൊക്കെ ചരിത്രം . തല്ലിയവരും തല്ലു കൊണ്ടവരും ഒക്കെ ചരിത്രമായി.    പല ഉത്സവങ്ങളും പ്രണയത്തിന്റെ ഹരി ശ്രീ കുറിക്കുന്ന നാളുകളാണ്. അല്ലെങ്കില്‍ മൊട്ടിട്ട പ്രണയങ്ങളില്‍ കുപ്പി വളയും ചാന്തും ചെറു ചിരിയും സമ്മാനിക്കുന്ന ദിനങ്ങള്‍.   അന്ന് ഏതെങ്കിലും ഒരു പെണ്‍കുട്ടി ഉത്സവ പറമ്പില്‍ വച്ച് ഒന്ന് നോക്കിയാല്‍ മതി " ജീവിതം ധന്യമായി. പ്രണയത്തിന്‍റെ സൂനങ്ങള്‍ വിടരുകയായി. കടക്കണ്ണില്‍ വിരിയുന്ന ഉറക്കചെടവില്‍ വരും വര്‍ഷങ്ങളിലേക്കുള്ള പ്രചോദനം കണ്ടിരുന്ന ഒരു തലമുറ. 
     
           കൊച്ചു കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ ഓണത്തെ പോലെ തന്നെ ഗ്രാമത്തിലെ ആഘോഷങ്ങളും സന്തോഷ ജനകമായിരുന്നു. പുത്തെന്‍ ഉടുപ്പും വയറു നിറയെ ചോറും പിന്നെ കളിപ്പാട്ടങ്ങളും. ഊതുമ്പോള്‍ " അമ്മാവാ" എന്ന് വിളിച്ചു കൂവുന്ന ബലൂണും, കടുക് ബലൂണും , പിന്നെ പൊട്ടാസ് തോക്കും തിരി കത്തിക്കുന്ന ബോട്ടും . ഇതൊക്കെ കുഞ്ഞുങ്ങളുടെ കുഞ്ഞു സ്വപ്നങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ആയിരുന്നു. ബെന്‍ ടെന്‍ ടോയ്സും , ചൈനീസ്‌ കാറുകളും , അന്ന് പിറന്നിരുന്നില്ല. 
ഉത്സവങ്ങള്‍ക്ക് ബന്ധുക്കള്‍ ദൂര സ്ഥലങ്ങളില്‍  നിന്ന് പോലും വന്നിരുന്നു. രണ്ടും മൂന്നും ദിവസങ്ങള്‍ ഓരോ വീടിലും തങ്ങിയിരുന്നു. ഇന്നത്തെ പോലെ ഉച്ചയ്ക്ക് വന്നു ഉടനെ പോകുന്ന രീതി ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ബന്ധുക്കള്‍ തമ്മില്‍ നല്ല ബന്ധം ഉണ്ടായിരുന്നു. മാത്രമല്ല വല്ലപ്പോഴും കാണുന്ന മച്ചുനന്‍ മാരെയും മച്ചുനത്തികളെയും കൊതി തീരെ കാണുവാനും കഴിഞ്ഞിരുന്നു. 

     ഇപ്പോള്‍ ഉത്സവ കാലത്ത്  വഴിയിലൂടെ വണ്ടി ഓടിക്കുവാന്‍ പേടിയാണ്. " കല കെട്ടാന്‍ പിരിവ്‌, ഫ്ലോട്ടിനു   പിരിവ്‌, ഉത്സവ പിരിവ്‌ വേറെ , കര വരി, സംഭാവന തുടങ്ങി രസീതിന്റെ പ്രളയം. ചില സ്ഥലങ്ങളില്‍ നിര്‍ബന്ധിത പിരിവാണ്. ഒരുതരം നോക്ക് കൂലി പോലെ. 
എന്തൊക്കെ യാണെങ്കിലും മലയാളീ ഉത്സവങ്ങള്‍ക്കായി കാത്തിരിക്കുന്നു. മകര കൊയ്ത്തു കഴിഞ്ഞ മനസിന്റെ ഉര്‍വരതകളിലേക്ക് ചുരമാന്തി എത്തുന്ന കിനാവ് പോലെ...

     ഫ്ലോട്ടുകളും , ചിങ്കാരി മേളവും, കോടമ്പാക്കം മയിലാട്ടവും,  അമ്മന്‍ കുടവും, ഫാന്‍സി ഡ്രെസ്സും നമ്മുടെ ഉത്സവങ്ങളില്‍ നിറഞ്ഞാടുമ്പോള്‍ ഇന്നും മലയാള തനിമയില്‍, ദ്രാവിഡ സംസ്കൃതിയില്‍ വെള്ളം ചേര്‍ക്കാതെ ആഘോഷിക്കുന്ന ഒരു ഉത്സവത്തെ കുറിച്ച്, ഒരു നാടിനെ കുറിച്ച്, എഴുതാം .... അടുത്ത പ്രാവശ്യം ..


                                                                        വീജ്യോട്സ് 

         

2 അഭിപ്രായങ്ങൾ:

  1. ഞാനും ഓര്‍ത്തു പോയി നാട്ടിലെ ഉത്സവകാലങ്ങളെ...ഗാനമേളയും ഓട്ടന്‍ തുള്ളലും ബാലെയും ...അന്ന് ഗാനമേളയ്ക്ക് ആണ് മുന്‍ഗണന.ഓട്ടന്‍തുള്ളല്‍ അത്ര ഇഷ്ടം ആയിരുന്നില്ല... ഇന്ന് പക്ഷെ അതൊക്കെ ആലോചികുമ്പോള്‍ ഓട്ടന്‍തുള്ളല്‍ കാണാന്‍ കൊതിയാവുന്നു... നല്ല പോസ്റ്റ്‌....

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ