Friday, January 14, 2011

എന്‍റെ അച്ഛന്

   തിരക്കൊഴിഞ്ഞ    ഞായറാഴ്ച്ചയുടെ പകുതി പകല്‍ കടന്നുപോയപ്പോള്‍ ഞാന്‍ ബസ്സിറങ്ങി  . ഉച്ചയ്ക്കടിച്ച രണ്ടു പെഗ്  നാലിന്‍റെ കിനാവ് കാട്ടിയപ്പോള്‍ വിഷാദത്തിന്‍റെ കരിവാവുകള്‍ വിസ്മയങ്ങള്‍ക്ക് വഴിമാറി. മഴയില്‍ തകര്‍ന്ന വെട്ടുവഴിയിലെ ചെളികുണ്ടുകളില്‍ തപ്പി തടഞ്ഞ് , കാട്ടു കല്ലിന്‍റെ പടികള്‍ ചവുട്ടി ഞാന്‍ മുറ്റത്തേക്ക് കയറി."തിന്നെടാ ചോറ് " എന്‍റെ നല്ല പകുതിയുടെ അലര്‍ച്ച കേട്ടപ്പോള്‍ എന്‍റെ നല്ല ജീവന്‍ പമ്പ കടന്നു. ഫിറ്റ്‌ ആയവന്‍ പുളി കുടിച്ച അവസ്ഥ . മുരടനക്കം കേട്ടപ്പോള്‍ എന്‍റെ രണ്ടു മക്കളും ഓടി വന്നു . ഊണ് കഴിപ്പിക്കാനുള്ള   പടയൊരുക്കം    "  അച്ഛനിന്നും ഫിറ്റാണ്," എന്‍റെ കുഞ്ഞു മകന്‍റെ വായ്താരിയുടെ പൊരുള്‍ എനിക്ക് മനസിലായില്ല. എന്‍റെ രണ്ട്‌ മക്കളും  എന്നെ കെട്ടിപിടിച്ചു ." അച്ഛാ ഞങ്ങള്‍ക്ക് ചോറ് വേണ്ടാ ചീട്ടൂസ് മതി '   " ചോറ് ഉണ്ണാം എങ്കില്‍ അച്ഛന്‍ ചീടൂസ് തരാം "  " പിള്ളേരെ നിങ്ങള്‍ ആണ് വഷളാക്കുന്നത് " പിള്ളാരുടെ തള്ള  യുദ്ധ സന്നാഹം കൂട്ടിയപ്പോള്‍ പറഞ്ഞത് കള്ളം ആണെങ്ങില്‍  കൂടി ഞാന്‍ പിന്‍വലിഞ്ഞു . എങ്കിലും    വാല്സല്യത്തിന്റെ നീരുരവയില്‍ മദ്യത്തിന്‍റെ മേമ്പൊടി ചേര്‍ന്നപ്പോള്‍ ഞാനും എന്‍റെ സങ്കല്പങ്ങളെ വര്‍ണാഭാമാക്കി . ചീടുസും, ഐസ് ക്രീമും, കിന്ടെര്‍ജോയിയും     അന്യമായിരുന്ന ബാല്യത്തിന്റെ നിറകൂട്ടുകളില്‍   നിറഞ്ഞു നിന്ന ബോണ്ടായും, ഗ്യാസുമുട്ടായിയും , കോലൈസും എന്നെ പിറകോട്ടു വലിച്ചു.  ലഹരി വീണ മീട്ടുന്ന സ്മരണകള്‍ മൂന്നര പതിറ്റാണ്ട്‌ പുറകോട്ട് പായുകയാണ് . അശ്വ ഹൃദയത്തിന്‍റെ പൊരുളറിയാത്ത നേര്‍ ബുദ്ധി പരിഭ്രമിചിരിക്കാം....

          കാലത്തിന്‍റെ കാമനകള്‍ പൊഴിച്ച പരാഗ രേണുക്കള്‍ എന്നില്‍ സൃഷ്‌ടിച്ച പുതുമയുടെ കിന്നരിപ്പുകളില്‍ വാവലുകളെ പോലെ തൂങ്ങി കിടക്കുന്ന ഓജ്ജസ്സുള്ള ഓര്‍മകള്‍ക്ക് ഏക സാക്ഷിയായ ആ പടുവൃദ്ധന്‍ ആഞ്ഞിലി മരം    മൊഴി നല്കാന്‍ കൂട്ടാക്കാതെ നിരാസത്തിന്റെ പ്രതിരൂപമായപ്പോള്‍ ,   സ്വന്തം  പുത്രിയുടെ മാംസം ഭക്ഷിച്ച വേട്ടനായിക്കനുകൂലമായി തെളിവേകാന്‍ പ്രേരിപ്പിക്കപ്പെട്ട പെറ്റമ്മയുടെ ധര്‍മസങ്കടത്തിന്‍റെ അഗോചരമായ പരിചേദം എനിക്കന്യമായില്ല.

          സിമിന്ട്‌ കാടുകളില്‍ പെയ്ത വാഹന പെരുമഴ നനയാതെ ഓര്‍മയുടെ നിഴലുകള്‍ തേടി ഞാന്‍ പാഞ്ഞു . സര്‍പ്പ   കാവുകളും പുല്ലാഞ്ഞി പൊന്തകളും വെട്ടുവഴികളും കുശുമ്പും കുന്നായ്മയും ഇണ ചേര്‍ന്നൊഴുകുന്ന എന്‍റെ നാട്ടിലേക്ക് ... പഴയ ഗ്രാമത്തിലേക്ക് .....മകര മഞ്ഞിന്‍റെ കാമനകള്‍ കെട്ടടങ്ങാത്ത പ്രഭാതത്തില്‍ ശീഖ്ര സ്ഖലനത്തില്‍ ഇളഭ്യനായ ഭര്‍ത്താവിന്‍റെ നിഴല്‍ പോലെ സുര്യന്‍ നിഷ്പ്രഭനായിരുന്നു. എങ്കിലും പെയ്യാനിരിക്കുന്ന അരുണ കിരണങ്ങളുടെ ശക്തിയെ സ്വപ്നം കണ്ട് തുള വീണ ശംഖു മാര്‍ക്ക്‌ കൈലിയില്‍ സ്വദേഹം മറച്ച് കൂനി കൂടിയിരിക്കുന്ന ചെറു കുഞ്ഞിനെ  ഞാനോര്‍ക്കുന്നു. കരപ്പന്‍ പിടിച്ച ശരീരത്തിലെ പൊറ്റകള്‍ ചൊറിന്ജിറക്കി വെയില് കായുവാനിരിക്കുന്ന പ്രതിമാ  രൂപത്തിന്‍റെ   പുറത്തു കാണുവാന്‍ കഴിയുന്ന കുഴിഞ്ഞു താണ കണ്ണുകളില്‍ എന്‍റെ ബാല്യത്തിന്‍റെ നേര്‍കാഴ്ചകള്‍ വിഷാദഭരിതങ്ങളായ സ്വപ്നങ്ങളില്‍ പടര്‍ന്നു കയറുന്ന രാക്കോലങ്ങളായി.   സൂര്യന്‍ തന്‍റെ മഞ്ഞു കമ്പളത്തില്‍ നിന്നും ആലസ്യത്തോട് പുറത്തു വന്നു. എന്‍റെ ഓല മേഞ്ഞ വീടിന്‍റെ ചിതല്‍ തിന്ന വാരിക്കുള്ളിലൂടെ അകത്തു കടന്ന സൂര്യ രശ്മികളുടെ ഗര്‍വിലേക്ക്  അടുപ്പില്‍ നിന്നുയര്‍ന്ന അണ്ടിതോടിന്‍റെ പുക പടര്‍ന്നു കയറി. അപ്സരസുകളെ ചുറ്റി പിണയുന്ന നാടോടികളുടെ സംഘ നൃത്തം പോലെ .... രാവിലെ കാപ്പി കുടി, പലഹാരം ഇതൊക്കെ ഓണത്തിന് മാത്രം പതിവുള്ള കാര്യങ്ങളായിരുന്നു ഞങ്ങള്‍ക്ക് ... എന്‍റെ നാട്ടിലെ മിക്കവാറും എല്ലാ വീട്ടുകാര്‍ക്കും ... പഴം ചീനിയോ, ചക്കയോ , ഏറിയാല്‍ ഇത്തിരി പഴം കഞ്ഞിയോ ഇത് കൊണ്ടെല്ലാം ഞങ്ങള്‍ സന്തുഷ്ടരായിരുന്നു. എന്നാല്‍ ഭാഗ്യം അനുകൂലിച്ചാല്‍ അച്ഛന് പണി കിട്ടിയാല്‍ ചിലപ്പോള്‍ കാപ്പികടയില്‍   നിന്നും എന്തെങ്കിലും വാങ്ങി തരുമായിരുന്നു. അത് അത്യപൂര്‍വ്വവും ആഹ്ലാദ ദായകവും ആയിരുന്നു. 

     " കൊളുത്ത്" എന്ന് വിളിച്ചിരുന്ന ദാമോദരന്‍ നായരുടെ കാപ്പി കട നാടിന്‍റെ ജീവ രേഖ ആയിരുന്നു. നാട്ടുവര്‍ത്തമാനങ്ങള്‍ , കൊച്ചു വര്‍ത്തമാനങ്ങള്‍ , രാഷ്ട്രിയ പോര്‍വിളികള്‍ , ഇവയെല്ലാം കടയെ ജീവനുള്ളതാക്കി. ആറടി നീളമുണ്ടയിരുന്നെങ്ങിലും   വളഞ്ഞു കുത്തി നില്കുന്നത് കൊണ്ടാണ് ടി യാനെ കൊളുത്ത് എന്ന് വിളിച്ചിരുന്നത്‌. കൈകള്‍ പൊക്കി ചായ കോപ്പ ഉയര്‍ത്തി  ചായ അടിച്ചു പതപ്പിക്കുംപോള്‍ വള്ളിപോലെ വീഴുന്ന ചായ കൊളുത്തില്‍ കെട്ടിയ ഞാണ്‍ പോലെ ആണെന്ന് ദൂര കഴ്ചകാര്‍ പറഞ്ഞിരുന്നു. എന്‍റെ ഓര്‍മയില്‍ ഇന്നും ഉള്ളത് അവിടുത്തെ " പാലപ്പം " ആണ്. " പെറോട്ട അന്ന് നാട്ടില്‍ എത്തിയിരുന്നില്ല  " ഏടാകൂടം പരമു പിള്ളയുടെ "ഭാഷയില്‍ പറഞ്ഞാല്‍ " ചിലന്തി അപ്പം " . നടുവില്‍ മാത്രം അല്പം മാവു  കാണാം .പിന്നെ ചിലന്തി വലപോലെ വശങ്ങള്‍. ഒരു അച്ചില്‍ വാര്‍ത്ത‍ പോലെ എല്ലാം. എങ്കിലും ആ അപ്പത്തിനും തേങ്ങ പീര ചമ്മന്തിക്കും ഒരു പ്രത്യേക രുചി ആയിരുന്നു. ഇപ്പോഴും വായ് നിറയുന്നു...  ഞാനിന്നും ഓര്‍ക്കുന്നു ആ ദിവസം ... എന്‍റെ വീടിന്‍റെ ചാണകം മെഴുകിയ തറയില്‍ ഞാനിരിക്കുന്നു. ദുര്‍ബലമായ സൂര്യ രശ്മികളില്‍ പഴയ ശംഖു മാര്‍ക്ക്‌ കൈലിയില്‍ പറ്റിയ കരപ്പന്റെ ചോരയും പഴുപ്പും കൂടുതല്‍ എടുപ്പ് കാട്ടി. പ്രശസ്തമായ സര്‍ റിയലിസ്റ്റ് ചിത്രങ്ങളുടെ തനി പകര്‍പ്പുകള്‍ പ്രത്യേക ഭാവ ഭേദങ്ങള്‍ ഇല്ലാതെ എന്‍റെ  കൈലി തുണ്ടില്‍ കരപ്പന്‍ പോട്ടയുടെ കിന്നരിപ്പില്‍ വിലസി നിന്നത് അന്ന് ഒരു പക്ഷേ എന്‍റെ കുഞ്ഞു മനസ്സിന് മനസിലായില്ല . അകത്തു പനിപിടിച്ച അച്ഛന്‍റെ പുല്ലു പായിലേക്ക്‌ ചെറ്റ മറയുടെ കവചം തുളച്ചു വട്ടത്തില്‍ വീഴുന്ന സൂര്യ ബിംബങ്ങള്‍ ഞാന്‍ കണ്ടു.
"എനിക്ക് പാലപ്പം വേണം" അച്ഛനോട് ഞാന്‍ പറഞ്ഞു. " എന്‍റെ കൈയില്‍ പൈസ ഇല്ല " പിന്നെ വാങ്ങി തരാം " മറുപടി എന്‍റെ വാശിയേ ഉദ്ദിപിപിച്ചു. കൊച്ചു കുഞ്ഞിന്‍റെ കരച്ചില്‍ എന്ന ബ്രഹ്മാസ്ത്രം ഞാനും പുറത്തെടുത്തു. അച്ഛന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. " ഇന്ന് പറ്റില്ല" . " ചൊറി പിടിച്ച കുഞ്ഞാണ് , അവനെ കരയിപ്പിക്കരുത്‌" അമ്മ ഇടപെട്ടു. " നമുക്ക് കടം വാങ്ങി കൊടുക്കാം " " പറ്റില്ല" അച്ഛന്‍ തീര്‍ത്തു പറഞ്ഞു. അമ്മ എനിക്ക് കഞ്ഞി തന്നു. ഞാന്‍ കുടിച്ചില്ല. എന്‍റെ കരച്ചില്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.അവസാനം കരഞ്ഞു തളര്‍ന്ന എനിക്ക് അമ്മ കഞ്ഞി  വെള്ളം തന്നു. വിശപ്പിന്‍റെ കോമരം തകര്‍ത്തു തുടങ്ങിയപ്പോള്‍ ഞാന്‍ കഞ്ഞി വെള്ളം കുടിച്ചു. പിന്നെ കഞ്ഞിയും. ഇല്ലായ്മയുടെ പൊരുള്‍ എന്നെ അറിയിച്ച എന്‍റെ അച്ഛന്‍റെ മഹാ മനസ് ഇന്നെനിക്കു മനസിലാകുന്നു.അനുഭവങ്ങളുടെ ആവനാഴിയിലെ ഒടുങ്ങാത്ത തീഷ്ണമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാനിന്നു ജീവിക്കുന്നു. പ്രശസ്തിയോ കുപ്രശസ്തിയോ ഇല്ലാതെ ആരെയും തോല്‍പിക്കാതെ , ആരോടും തോല്‍ക്കാതെ സൌഹൃദങ്ങളുടെ ചെറുവട്ടങ്ങളില്‍ അഭിരമിച്ചു സന്തോഷത്തോടെ .... എന്‍റെ അച്ഛന്‍ എനിക്ക് നല്‍കിയ ജീവിത പാഠങ്ങള്‍ എന്നെ മുന്നോട്ടു നയിക്കുന്നു. പ്രതിസന്ധികളില്‍ താങ്ങാവുന്നു. ആ ഓര്‍മയ്ക്ക് മുന്നില്‍ ഞാന്‍ നമ്ര ശിരസ്കനാകുന്നു.


                                                                                                                                                        വീജ്യോട്സ് 

No comments:

Post a Comment

മനസ്സു തുറക്കൂ ... മടി കൂടാതെ