2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

മനം നിറഞ്ഞ ഓണാശംസകള്‍

അതെ ,  ഇവിടെ പുലരിക്കിപ്പോള്‍ പുതിയ പ്രതീക്ഷകളും സന്ധ്യക്കിപ്പോള്‍ പുതിയ വര്‍ണങ്ങളും ആണ്...
കള്ള    കര്‍ക്കിടകത്തിന്റെ  കാര്‍മേഘങ്ങള്‍  ഒഴിഞ്ഞു  പൊന്‍വെയില്‍  പരക്കുന്ന   ചിങ്ങമാസം സ്വപ്നം കാണുന്ന കൈരളി... നഷ്ട സ്മൃതികളുടെ കാഹളമൂതി  ഓണതേരില്‍ എഴുന്നെള്ളുന്ന ഓണത്തപ്പനെ എതിരേല്ക്കുവാന്‍ കേരള ജനത വെമ്പല്‍ കൊള്ളുന്ന ഓണമാസം... വറുതികളുടെയും   വിഷമതകളുടെയും   പേമാരിക്കൊടുവില്‍    നന്മയുടെയും സമൃദ്ധിയുടെയും  വസന്തകാലം വിളിച്ചറിയിക്കുന്ന പൂക്കാലം... കൈക്കുടന്നയിലെ നിലാവുപോലെ നമ്മളറിയാത്ത മനോഹര സ്വപ്നം ... കാലവും കോലവും മാറിയിട്ടും മനസിന്റെ അകകാമ്പുകളില്‍ തളിരിടുന്ന കുട്ടിത്തം ....ഊഞ്ഞാലും ഊഞ്ഞാല്‍ പാട്ടുകളും മനസിന്‍റെ പടി കടന്നു പോയ  ഗവേഷണ വിഷയങ്ങള്‍ മാത്രമാകുമ്പോള്‍ , പൂവിളിയിലും പൂക്കളത്തിലും സ്പര്‍ദ്ധയുടെ വിഷ രേണുക്കളെ ചികഞ്ഞെടുക്കുമ്പോള്‍ , തട്ടിപ്പുകളുടെ സ്വന്തം നാട്ടിലേക്കു വീണ്ടും മഹാബലി തിരുമേനി എത്തുന്ന പുണ്യകാലം ..

  അപക്വമായ എന്‍റെ വമ്പന്‍ സ്വപ്നങ്ങളില്‍   ഞാന്‍ മാവേലിയെ കണ്ടത് ഡല്‍ഹിയില്‍ വച്ചാണ്..
സൂര്യ തേജസുള്ള ചിരി പൊഴിക്കുന്ന വെള്ള മന്ദാരം പോലെ മാവേലി....

 യാത്ര ഇപ്രാവശ്യം ഡല്‍ഹി വഴി ആണ്... കേരളമെന്ന "ട്ടാ " വട്ടത്തില്‍ കിടന്നു തായം കളിയ്ക്കാന്‍ താല്പര്യം ഇല്ലഞ്ഞിട്ടാണോ " ബ്ലുച്ചിപ്പിലും  കോടികളിലും കോണകം നെയ്യുന്ന " ഡല്‍ഹിയെന്ന മഹാ നഗരത്തെ മാവേലി ലക്‌ഷ്യം വച്ചത് എന്ന് ചോദിച്ചപ്പോള്‍ " ഒരു ബിഗ്‌ നോ " ആയിരുന്നു ഉത്തരം...

പല കാരണങ്ങള്‍  ഉണ്ട്.. റബ്ബറിന്റെ വിലയിടിവും ,ബംഗാളികളുടെയും ഹിന്ദി ക്കാരുടെയും തള്ളികയറ്റവും ,പൊട്ടിപൊളിഞ്ഞ റോഡും  മാത്രമല്ല വിഷയം... പാതാളത്തില്‍ നിന്നുള്ള പല ഹൈ വേകളും അവസാനിക്കുന്ന  വയലേലകള്‍  മണ്ണിട്ട്‌  നികത്തി യിരുക്കുകയാണ്  .. ഏതു  വയലാണ്  നികത്തിയത്  എന്നറിയില്ല ... ഏതെങ്കിലും  റോഡ്‌ പിടിച്ചു  വന്നാല്‍  അവസാനം ടിപ്പരിന്റെ വായിലോ അല്ലെങ്കില്‍ മൂടിപ്പോയ വയലിലോ എത്തും .  പിന്നെ റിട്ടേണ്‍ അടിച്ചു മടങ്ങി കേരളത്തില്‍ സമയത്തിന് എത്താന്‍ പ്രയാസം..അതാണ് കാരണം.. പല കേരള റോഡുകളിലെ കുഴികളില്‍ നിന്ന് പാതാളത്തിലേക്ക്‌ ബൈ പാസ്‌ ഉണ്ടെകിലും ആരെങ്കിലും അതില്‍ ഇടയ്ക്ക് വാഴയോ കല്ലോ ചേമ്പോ നാട്ടു പ്രതിക്ഷേധിച്ചാല്‍ സംഗതി പിന്നെ വഷളാകും ...

ഓലക്കുടയും അരപ്പട്ടയും കൊമ്പന്‍ മീശയും ഒക്കെ മാറി... ഇപ്പോള്‍ വയര്‍ ഒക്കെ അല്പം കുറഞ്ഞിട്ടുണ്ട്.. സല്‍മാന്‍ ഖാനെ പോലെ ഒരു സിക്സ് പായ്ക്ക് ...
അല്ലേലും മാവേലി അങ്ങനെ തന്നെ ആയിരിക്കും.. ഒന്ന് ആലോചിച്ചു നോക്കുക.. ദേവന്‍ മാരെ കിടു കിട വിറപ്പിച്ച ഈ അസുര ചക്രവര്‍ത്തി കുടവയറന്‍ ആകുമോ ?? ഇപ്പോള്‍ കൈയില്‍ ഒരു പോപ്പി നാനോ .. പഴയ ഓലക്കുട പുരവസ്തുക്കാര്‍ പിടിച്ചെടുത്തു..പിന്നെ നല്ല  വെള്ള  മുണ്ട് ..മുണ്ടിനു മാത്രം മാറ്റമില്ല.. കാലില്‍ "പരഗന്‍ ഓഫീസ് ചപ്പല്‍ " നടന്നു നടന്നു തെയേണ്ട എന്ന് കരുതി ...അങ്ങനെ പല മാറ്റങ്ങളും..

 മുഖത്തിന്റെയും  മീശയുടെയും  ഷേപ്പ് മാറി,,.. മൂക്കേൽ ഒരു ഉഗ്രൻ കണ്ണാടി.. മുഖം അല്പം പരന്നു പോയോ എന്ന്   സംശയം... നിരന്തരം ഫ്ലെക്സ് മെഷീനില്‍ കൂടി കയറി ഇറങ്ങി ഇങ്ങനെ മുഖത്തിന്‌ മീശയ്ക്കും ചില മാറ്റങ്ങള്‍ ഉണ്ടായതായി മാവേലിയും സമ്മതിച്ചു..
 ഇനി വയര്‍ കുറഞ്ഞതിനു കാരണം കഴിഞ്ഞ പ്രാവശ്യം വാങ്ങികൊണ്ട് പോയ "ലവണ തൈലമാണോ" ?? ഈ മുണ്ടിനു പകരം വല്ല സഫാരി സ്യുട്ടോ മറ്റു ആധുനിക യോയോ ശൈലിയിലോ വസ്ത്രങ്ങള്‍ ധരിക്കാത്തത് എന്താണ് കാരണം .. അതും ഗോസായിമാരുടെ നാട്ടില്‍ വരുമ്പോള്‍...  നമ്മുടെ സ്വന്തം മുണ്ടിനെ മലയാളി മറന്നാലും മാവേലി മറക്കുമോ.. ... ?

        ആഗോള താപനത്തിനുള്ള മലയാളിയുടെ മറുപടി ആണ് മുണ്ട് എന്ന് മലയാളിക്കറിയില്ലെങ്കിലും മാവേലിക്ക് അറിയാം.. അത് മാത്രമല്ല മുണ്ടിന്റെ മഹത്വങ്ങള്‍ ഉടുക്കുന്നവ്നു  അറിയാം.. ഒരു ബഹു മുഖ പ്രതിഭയാണ് മുണ്ട്.. സങ്കടം , ദേഷ്യം, ബഹുമാനം , നാണം, ധൈര്യം   ഇത്യാതി വികാരങ്ങളെ സത്യസന്ധമായി പ്രകടിപ്പിക്കും... നാണം മറക്കുന്ന വസ്തു എന്നതിലുപരി കര്‍ചീഫ്‌, കുട, പുതപ്പു, ബാഗ്‌ എന്നി  കാര്യങ്ങള്‍ക്കു പകരം ആയി ഉപയോഗിക്കാവുന്ന ഓള്‍ ഇന്‍ വണ്‍...

    അത് മാത്ര മല്ല ഒരു മുണ്ട് കുറഞ്ഞത്‌ ഇരുപതു തവണ ഉടുക്കാന്‍ കഴിയും എന്ന് പഴമക്കാര്‍ 

                  തിരിച്ചഞ്ചു ,                     മറിച്ചഞ്ചു ,                      കുടഞ്ഞഞ്ചു,                കുടയാതഞ്ചു..                   എന്തായാലും മാവേലി മുണ്ടിനെ മറന്നില്ല ...

        
കള്ളവും ചതിവും ഇല്ലാതിരുന്നിട്ടും തന്‍റെ തലയെ സര്‍വേ കല്ലാക്കിയ വാമനന്‍.. അന്ന് സെന്റും ആറും ഹെക്ടറും ഒന്നും ഇല്ലാതിരുന്ന കാലം.. ക്രോസ് സ്റ്റാഫ്‌ , തിയടോലൈറ്റ് , ടോട്ടല്‍സ്റ്റേഷന്‍ തുടങ്ങിയ കുന്ത്രാണ്ടങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം.. പക്ഷെ പണി കിട്ടി..റിയല്‍  എസ്റ്റേറ്റ്‌  മാഫിയാകളുടെ  ചതി കുഴിയില്‍ വീണ  ലോകത്തിലെ ആദ്യത്തെ മഹാ   ചക്ര വര്‍ത്തി ആണ്   മാവേലി എന്ന് പണ്ട് ആരോ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചുരുന്നില്ല .. കാരണം  അന്ന് റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ തല പോക്കിയിരുന്നില്ല.. 

          കേരളത്തിലേക്ക് വരുമോ ഇപ്രാവശ്യം എന്ന് ചോദിച്ചപ്പോള്‍ " എന്ത് ചോദ്യം " കേരളമില്ലാതെ നോം ഉണ്ടോ ??  കാണം വിറ്റും ഓണം ഉണ്ണുന്നവരുടെ നാട്ടില്‍ " .. പൂവിനു പകരം പൈന്റ്റ് നല്‍കുന്ന സ്വന്തം പ്രജകളെ മറക്കാന്‍ കഴിയുമോ....മഴയത്തും വെയിലത്തും തളരാതെ ക്യൂ നിന്ന് റെക്കോര്ഡ് ഇടുന്ന "കള്ള് "നാഗപ്പള്ളി ക്കാരെയും ചാല "ക്കുടിയൻ "മാരെയും  തമ്പുരാന് മറക്കാന്‍ കഴിയുമോ...

പണ്ടൊരിക്കല്‍ മാഞ്ചിയത്തിനു മുള വന്നോ എന്ന് നോക്കാന്‍ പോയ മാവേലി റബ്ബര്‍ പാലില്‍ മുങ്ങി താണപ്പോള്‍ സ്വര്‍ണ കടക്കാരും തുണി കടക്കാരും കുറെ തമിഴ് നാട്ടിലെ കര്‍ഷകരും കൂടി ചേര്‍ന്ന് രക്ഷിച്ച കഥ മാവേലി കുട്ടികളോട്   തമാശ  രൂപേണ   പറഞ്ഞപ്പോള്‍  വിശ്വസിച്ചില്ല ... കാരണം  മഞ്ചിയത്തിനു കേരളത്തില്‍  മുള വന്ന  കാലത്ത് അവര്‍   ഈ  ഭൂമുഖത്ത്   മുളച്ചിരുന്നില്ല ..മാത്രമല്ല സ്വര്‍ണവും തുണിയും പച്ചക്കറികളും നമ്മെ ഭയപെടുത്തിയിരുന്നുമില്ല  ...  

         
മനസിന്‍റെ തിരു മുറ്റങ്ങളില്‍ പ്രതീക്ഷയുടെ പൂക്കളമൊരുക്കി സൌഹൃദത്തിന്റെ ഊഞ്ഞാല്‍ പാട്ട് പാടി നമുക്ക് എതിരേല്‍ക്കാം .. നമ്മുടെ സ്വന്തം മാവേലിയെ...       മനം നിറഞ്ഞ ഓണാശംസകള്‍

2015, മേയ് 6, ബുധനാഴ്‌ച

അവിടെ ഇല്ലാത്തത്

അവർക്കില്ലാത്ത മോഡൽ നമുക്ക് വേണം ..
അവനില്ലാത്ത ഡിസൈൻ  എനിക്ക് വേണം
അവൾക്കില്ലാത്ത നിറം മോൾക്കും  വേണം..
അവരുടെ കുട്ടി മൃദംഗം പഠിക്കുന്നു ..
എന്റെ കുട്ടി ഇത്തിരി കൂടി വലിയത്  പഠിക്കട്ടെ -"ചെണ്ട "
കിഴക്കേതിലെ അൽസേഷ്യ നു പകരം
തെക്കേതിൽ റോട്ട് വീലർ ..
പണയം വെച്ചും കടമെടുത്തും ചിട്ടി പിടിച്ചും തിരിച്ചും മറിച്ചും
ഒരു ശരാശരി  മലയാളി ഇങ്ങനെ
പൊങ്ങച്ചങ്ങളുടെ കുടമാറ്റം നടത്തുന്നു ..
അവസാനം ജപ്തിയും മാനഹാനിയും കുടിയിറക്കും
ആത്മഹത്യയും വരെ എത്തുന്ന ഉപചാരം ചൊല്ലൽ

മലയാളിയുടെ ഈ പൊങ്ങച്ചം ചരിത്രാതീതമാണോ ?
..കുളിച്ചില്ലെങ്കിലും കൊണോൻ പുരപ്പുറത്തിടുന്ന പതിവ്
എന്തായാലും ഇന്നും ഇന്നലെയും തുടങ്ങിയതല്ല ..
കാണം വിറ്റായാലും ഓണം ഉണ്ണുന്നവർ
അയൽക്കാരൻ  തേങ്ങാ ഉടയ്ക്കുമ്പോൾ  ചിരട്ട എങ്കിലും
ഉടച്ചില്ലെങ്കിലേ അത്ഭുതപെടാനുള്ളൂ ..

ഈ വിഷയത്തെ കുറിച്ച് പല ദിവസങ്ങളിലും
പലരോടും ചോദിച്ചു .. ആലോചിച്ചു  പക്ഷെ ആർക്കും
സഹായിക്കാൻ കഴിഞ്ഞില്ല.. അങ്ങനെ ഇരിക്കെയാണ്
ഇന്നലെ യാദൃച്ഛികമായി രഞ്ജിത് മോഹൻ  സർ ഒരു കഥ
പറയുന്നത് കേട്ടത്

പണ്ട് .. വളരെ പണ്ട് ഒരു ദേവാസുര യുദ്ധത്തിൽ
പരാജിതനായ ദേവേന്ദ്രൻ ഭൂമിയിൽ ഒളിച്ചിരുന്നു
അതും നമ്മുടെ മലയാളക്കരയിൽ ..  നമ്മുടെ നാട്ടിലെ
പൗര പ്രമുഖർ ദേവേന്ദ്രനും ദേവ ഗണങ്ങൾക്കും
അഥിത്യം അരുളി .. വേണ്ട സഹായം ചെയ്തു കൊടുത്തു
സുര പാനമില്ലാതെ  ബേജാറായ ദേവഗണങ്ങൾക്കു
വാറ്റിയും ചെത്തിയുമൊക്കെ സുരയും നൽകി ..
ദേവന്മാർ സംതൃപ്തരായി .. ഇനി ഞങ്ങൾ ദേവലോകത്തിൽ
എത്തുമ്പോൾ നിങ്ങൾക്ക് അവിടേക്ക് വരാം .. വേണ്ടതെല്ലാം
തരാം .. അധികം  താമസിക്കാതെ ദേവലോകം ദേവന്മാർ തിരിച്ചു പിടിച്ചു
.. ഉടൻ തന്നെ ഇന്ദ്രൻ മലയാളക്കരയിലേക്ക് സന്ദേശം അയച്ചു ..
കേട്ട പാതി കേൾക്കാത്ത പാതി നമ്മുടെ കാരണവന്മാർ
വലിയ ഒരു ഏണിയിൽ കയറി ദേവലോകത്തിൽ എത്തി ..

അവിടെ കണ്ട കാഴ്ചകൾ  അവരെ വെകിളി പിടിപ്പിച്ചു ..
സുന്ദരികളും സ്ഥൂലസ്തനികളുമായ  അപ്സരസുകൾ ,
എന്തും തരുന്ന കല്പവൃക്ഷം ,
ഐശ്വര്യത്തിന്റെ  പ്രതീകമായ കാമധേനു ,
 പ്രൌഡിയുടെ അളവുകോലായ  ഐരാവതം ..
പാരിജാതം തണൽ വിരിക്കുന്ന മനോഹരമായ കല്പകവാടി
ദേവശില്പിയായ മയൻ , അശ്വനി ദേവതകൾ , അഗ്നി , വായു
തുടങ്ങിയ എല്ലാവരും കാരണവൻ മാരെ പ്രണമിച്ചു നിന്ന്..
എവിടെയും സന്തോഷവും സമാധാനവും മാത്രം
"മലയാളി സഹോദരൻ മാരെ നിങ്ങൾക്ക് എന്ത് വേണം ഇവിടെ നിന്ന്"
എന്ത് പറഞ്ഞാലും അത് സാധിച്ചു തരും .. ഇന്ദ്രൻ അറിയിച്ചു


രാസക്രീഡയിലും വിരുന്നിലും പങ്കെടുത്തപ്പോഴും
കാരണവന്മാർ ആലോചിച്ചു കൊണ്ടിരുന്നു .. എന്താണ്
ചോദിക്കേണ്ടത് ?.. ചാനൽ ചർച്ചകളിലെ അഭിപ്രായം
പോലെ തന്നെ അവിടെയും അവർ തമ്മിൽ തർക്കമായി ..
അവസാനം നമുക്ക് ഒരു" വെരൈറ്റി കാര്യം ചോദിക്കാം "
ഒരാൾ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു ..

" അല്ലയോ ഇന്ദ്രദേവ " "ഞങ്ങൾക്ക് ഇവിടെ ഇല്ലാത്തത് എന്തെങ്കിലും
തരണം " അവർ ചോദിച്ചു കഴിഞ്ഞപ്പോൾ ലോണും ദാരിദ്യവും പൊങ്ങച്ചവും
ഭാർഗ്ഗവക്ഷേത്രത്തിൽ മുളച്ചുതുടങ്ങി ....


2012, ഏപ്രിൽ 4, ബുധനാഴ്‌ച

ഒരു പ്രണയാറുതിയില്‍....

ഈ  പ്രണയാറുതിയില്‍
മണല്‍ നിറഞ്ഞ മനസ്സിന്‍റെ 
നിറമില്ലാത്ത നിഴലുകളില്‍
മദം നിറയുമ്പോള്‍ 
നീ നടന്നു മറയുക 
കാമമെരിയുന്ന ഖാണ്ടവത്തില്‍  നിന്നും 


ചടുല ചുംബനങ്ങളുടെ 
തനിയവാര്‍ത്തനങ്ങള്‍ 
രതിസ്ഫുലിങ്ങള്‍ക്ക് ഉലകൂട്ടുംപോള്‍ 
 നമ്മള്‍ അപരിചിതര്‍ 
വരയിലും വിളിയിലും വിഷം പുരണ്ട
എന്‍റെ ചിന്തകള്‍ 
 നിന്‍റെ ഉടലിലെ  ഉത്സവങ്ങള്‍ക്ക് 
 തോരണം ചാര്‍ത്തുമ്പോള്‍ 
നീ തിരിച്ചറിയുക 
കലഹിക്കാനോ   പ്രണയിക്കാനോ 
ഞാനശക്തനാണെന്ന്....


വജ്ര മുനയുള്ള സ്വപ്നങ്ങളുടെ 
വെള്ളാരങ്കല്ലുകളില്‍
തെളിയുന്ന നിന്‍റെ മിഴിയിണകള്‍ 
എന്നില്‍ നിറച്ചത്   ബാല്യത്തിന്റെ 
പൂ മഴയെങ്കിലും 
പ്രണയം  പടിയിറങ്ങിയ 
എന്‍റെ സ്പന്ദനങ്ങള്‍ക്ക്  
കൊടും വേനലിന്റെ 
ക്രൌര്യമുണ്ടായിരുന്നു.. 
നിന്‍റെ മാംസളതയിലേക്ക് 
ആഴ്ന്നിറങ്ങുവാന്‍ ....


എങ്കിലും നീ അറിയുക 
കിനാവെളിച്ചത്തില്‍ കിന്നാരം ചൊല്ലി
എന്നെ നിദ്രാവിഹീനനാക്കിയ
കുടമുല്ലപ്പൂക്കളെക്കാള്‍  ഞാനിഷ്ട്ടപെടുന്നത്
നിന്നെതന്നെയാണ്...
നീ കോറിയിട്ട അക്ഷരങ്ങളെയാണ്‌ ....

2012, മാർച്ച് 9, വെള്ളിയാഴ്‌ച

മാര്‍ച്ച്‌ ,നീ മനോഹരിയാണ് ...

 "  അച്ഛാ , അടുത്തയാഴ്ച എന്‍റെ സ്കൂള്‍ അടക്കും ..എന്നെ 
വീഗാ ലാന്‍ഡില്‍ കൊണ്ട് പോകണം " 
എന്‍റെ കുഞ്ഞിന്‍റെ വാക്കുകള്‍ സമയത്തിന്‍റെ വേഗതയെ
എനിക്ക് വരച്ചു കാട്ടി.
 എത്ര വേഗത്തിലാണ് മാര്‍ച്ച്‌ വന്നെത്തിയത്.
 ഹൃത്തില്‍     കെടാതെ സൂക്ഷിച്ച
ഓര്‍മയുടെ ചിരാതുകള്‍ പടര്‍ന്നു കത്തുന്നു.

സ്ലേറ്റു തണ്ടും , കല്ല്‌ പെന്‍സിലും , വള്ളി    നിക്കറുമിട്ട പ്രൈമറി  കാലം..
  ഉച്ചയ്ക്ക് ഉപ്പുമാവു  വിളമ്പുമ്പോള്‍  ചട്ടി  പിടിക്കുന്ന  മണ്ടന്‍ കുഞ്ഞന്‍
നിന്‍റെ ഇലയില്‍അല്പം കൂടുതല്‍   വിളമ്പിയത്   നീ  ശ്രദ്ധിച്ചിരുന്നോ ??

സ്കൂളിനടുത്തുള്ള സര്‍പ്പ കാവില്‍ കയറി 
തൊണ്ടി പഴവും , മഞ്ചാടി മണിയും
കൊണ്ട് വന്നപ്പോള്‍ ഉള്ളു നിറഞ്ഞ നിന്‍റെ മന്ദസ്മിതം ..
 ചേമ്പിലയില്‍ വെള്ളാരം കല്ലുകള്‍ പോലെയാകുന്ന
വെള്ള തുള്ളികളെ നോക്കി നിന്ന ബാല്യ കൌതുകങ്ങള്‍ ..
വയല്‍ വരമ്പില്‍ മുഖമടിച്ചു വീണ കുഞ്ഞന്‍ ഗര്‍വുകളെ
നോക്കി പൊട്ടിച്ചിരിച്ച കൂട്ടുകാര്‍ .. 
ഏട്ടന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി  ഓണതുമ്പിയും ,
മാനത്ത് കണ്ണിയും പിടിച്ചു നടന്ന
ആകുലതകളില്ലാത്ത ബാല്യം  ...  
പുത്തെന്‍ കുപ്പായത്തില്‍ ചെളി തെറിപ്പിച്ചു കടന്നു 
പോയ കുറുമ്പ് കാലം ...

 ഒരിക്കലും    കാണാത്ത;   എന്നാല്‍   ഏറ്റവും    പേടിച്ച
   ഹെഡ്   മാസ്റ്ററുടെ മുറിയിലെ   ജമണ്ടന്‍   പെട്ടി  . . 
 ( വലിയ   കുഴപ്പകരെ   ഇതില്‍   അടക്കും   എന്ന്   പറഞ്ഞു   വിരട്ടിയിരുന്നു) .
മൂലപൊട്ടിയകല്ല്‌ സ്ലേറ്റില്‍ ചോക്ക് കൊണ്ടെഴുതിയ 
 അമ്പതില്‍ അമ്പത്  എന്ന മാര്‍ക്ക്‌
ആകാശത്തോളം ഉയര്‍ത്തി  വില്ലാളി വീരനെ
പോലെ നിന്നവര്‍ ..!!

ഏപ്രില്‍ അവസാന ആഴ്ച സ്കൂളിന്റെ കുമ്മായം പൂശിയ
ചുവരില്‍ ഒട്ടിച്ചു വയ്ക്കുന്ന  കടലാസ് കഷണത്തില്‍ പേര്
 കാണാതെ വിതുമ്പി നിന്നവര്‍   ,   നിന്‍റെ ഗോപി പൊട്ടും , പുഴുപല്ല് കാട്ടി
മോണ തുറന്ന ചിരിയും ,അതിരുകളില്ലാത്ത
       സൌഹൃദങ്ങളും   ഏതോ മാര്‍ച്ച്‌ എനിക്ക് നഷ്ടമാക്കി..

 പ്രണയ  മന്ത്രങ്ങളുടെ ആദ്യ ധ്വനി ഉണരുന്ന ഹൈ സ്കൂള്‍ ..
ക്ലാസ്സ്‌ പരീക്ഷകളില്‍ മാര്‍ക്കുകുറഞ്ഞു പോയതില്‍
ഉതിര്‍ന്ന കണ്ണീര്‍ കണങ്ങള്‍ ..  
ആരോ തന്ന കൊച്ചു പുസ്തകം കണ്ടു മാറി മറിഞ്ഞ
 ചിന്തകളും അന്തം വിട്ട മനസും ... !!

ക്ലാസ്സില്‍  കാട്ടുന്ന   വികൃതികള്‍ സാറിനോട് പറഞ്ഞു കൊടുക്കാതിരിക്കാന്‍ ക്ലാസ്
 " മോണിട്ടരിനു " 'ബോണ്ട' വാങ്ങി കൊടുക്കേണ്ടി  വന്ന   ഗതി കേടുകള്‍ ...
ക്ലാസ്സിലെ  കുട്ടിയുടെ  ഞോറിവുള്ള   പട്ടു പാവാടയും  ,
 മുല്ല  പൂ  മാലയും   ,ഈ  മൂക്കുത്തിയും   ഇഷ്ടമാണെന്ന്
 പറഞ്ഞതിന്  ചൂരല്‍ പെരുമഴ നനഞ്ഞ മനസുകള്‍ ...
ഊടുവഴിയിലെ     കയ്യാലയിലും  , സ്കൂള്‍ ഭിത്തിയിലും ,
 സ്വന്തം   പേരിനോടൊപ്പം അധിക  ചിഹ്നം ഉപയോഗിച്ച്  
  ചേര്‍ത്തെഴുതിയ   പേരുകാരി   ...!!

അടുത്ത   വീട്ടിലെ   പെര്‍ഷ്യാക്കാരന്‍  നല്‍കിയഹീറോ 
   പേന  ഉയര്‍ത്തി    കാട്ടുന്ന   കുഞ്ഞു   പൊങ്ങച്ചങ്ങള്‍   ...
.. പറ്റ  വെട്ടിയ  മുടിയില്‍  കുരുവി കൂട്  പണിയാന്‍ 
 വെമ്പല്‍  കൊള്ളുന്ന മനസ് ..
കളി  കളത്തിലെ  ചെറു  വഴക്കുകള്‍  ...
കണക്കു സാറിന്റെ ക്ലാസ്സില്‍ വിറച്ചു നിന്ന നിമിഷങ്ങള്‍ ...
 പഠിച്ചിട്ടും പഠിച്ചിട്ടും തീരാത്ത    പോര്‍ഷനുകള്‍ ..
 പത്താം   ക്ലാസ് പരീക്ഷയുടെ വ്യാകുലതകള്‍..  ഇതെല്ലം  അപഹരിച്ചു
 കടന്നു  കളഞ്ഞ   മാര്‍ച്ച്‌  ,നീ  ഇപ്പോള്‍  മനോഹരിയാണ് ...

ഹോസ്റ്റല്‍ മുറികളില്‍ സ്വപ്നവും പഠനവും
വേലത്തരങ്ങളും കാട്ടി പറന്നുപോയ കൌമാരം  ..
പഞ്ചാര മണലുള്ള കടല്‍ തീരങ്ങളിലെ സിമിന്ട്‌ 
ബഞ്ചുകളില്‍ സൊറ പറഞ്ഞു തുടുത്ത കൂട്ട് കെട്ടുകള്‍ ..
ഞാനും നീയും മോഹിച്ചത് അവളെ തന്നെ ആയപ്പോള്‍ ... ഞാന്‍ ആഗ്രഹിച്ചത് നിനക്ക് 
കൈ വന്നപ്പോള്‍ നിന്നോട് തോന്നിയ കഴമ്പില്ലാത്ത കെറുവുകള്‍ ..

പാര വച്ചവന് പണി കൊടുത്ത കൂട്ടായ്മകള്‍ ..
എല്ലാ കുറുമ്പുകളും ഒരു സിഗരട്ട് ഷെയര്‍ ചെയ്ത
പുകയില്‍ മറഞ്ഞുപോയ നാളുകള്‍ ....
 ദുഃഖങ്ങള്‍ അണ പൊട്ടിയൊഴികിയപ്പോള്‍ കുടിച്ചു
 ലക്ക് കേട്ട് തെറിപ്പാട്ട് പാടിയ കായലോരങ്ങള്‍ ...
ലേഡീസ് ഹോസ്റ്റെലിലെ സൌന്ദര്യം കാണുവാന്‍ 
തേന്‍ മാവിന്‍ കൊമ്പത്ത് മഞ്ഞു കൊണ്ടിരുന്ന കൊച്ചു വെളുപ്പാന്‍ കാലങ്ങള്‍ ..!!

അവസാന ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ , 
കൂട്ടുകാരിയുടെ കണ്‍ മുനകളില്‍ ഘനീഭവിച്ച  
ജല ബിന്ദുക്കളില്‍ മറച്ചു വച്ച ഇഷ്ടത്തിന്റെ  മഴവില്ലുകള്‍   കണ്ട കൂട്ടുകാരന്‍ ...
റിക്കാര്‍ഡ് ബുക്കില്‍ ഒളിച്ചു വച്ച് അവന്‍ കൊടുത്ത
 അനുരാഗ ചിഹ്നങ്ങള്‍ അവള്‍ കണ്ടിരുന്നോ  ??.

വര്‍ഷങ്ങള്‍  പലതു കഴിഞ്ഞിരിക്കുന്നു...
എങ്കിലും ഓര്‍മ്മത്താളിന്റെ   നടുവില്‍  കാലം
 കോറിയിട്ടിരിക്കുന്ന മഷി  തണ്ടുകളും,  മയില്‍പീലികളും...
 വാഗ്വാദങ്ങള്‍ക്കും വഴക്കുകള്‍ക്കുമോടുവില്‍ ...
വെല്ലു വിളിച്ചവരും വീമ്പു പറഞ്ഞവരുംമടക്കയാത്ര തുടങ്ങി ..
പരസ്പരം വാരി എറിഞ്ഞ ചെളിയും തെറികളും
  ഒക്കെ ചെറു ചിരിയില്‍ ഒതുക്കി കെട്ടി പിടിച്ചു
"വീണ്ടും കാണാം" എന്ന് ചൊല്ലി പിരിഞ്ഞു പോയവര്‍..

മനസ്   കടലാസ്സില്‍ പകര്‍ത്തി എഴുതി    പിടിപ്പിക്കുവാന്‍ 
  ശ്രമിച്ചു പരാജയ പെട്ട    ദിനങ്ങള്‍  ,  പിറക്കാതെ പോയ പ്രണയ ലേഖനങ്ങള്‍   ..
 കൈ കുടന്നയിലൂടെ ഒഴുകി പോയ കൌമാര നിലാവ്..
കെമിസ്ട്രി ലാബിന്റെ ആളൊഴിഞ്ഞ ഇടനാഴിയില്‍
വിതുമ്പുന്ന നിന്നെചേര്‍ത്ത് നിര്‍ത്തി അവന്‍
നല്‍കിയ മധുര ചുംബനത്തില്‍ "ബ്ലീഡിംഗ് ഹാര്‍ട്ട്‌ "
പോലെ തുടുത്ത  നിന്‍റെ കവിള്‍  തടങ്ങള്‍ ..

   അവസാനം   ഓട്ടോഗ്രാഫിന്റെ  കട്ടി പേപ്പറില്‍ 
 കടമെടുത്ത  വരികളാല്‍യാത്രാ മംഗളം ചൊല്ലി പിരിഞ്ഞുപോയവര്‍ ‍  .. !!
പിന്നീട്  ജീവിതത്തിന്റെ ദശാ സന്ധികളിലെവിടെയെങ്കിലും ...
ആള്‍ക്കൂട്ടത്തിലെ  ചെറു ചിരിയായോ,
ഒരു ഫോണ്‍ വിളിയിലെ പരിഭവമായോ,
ക്ഷണ കത്തിലെ വിലാസമായോ,
 ഇല കൊഴിഞ്ഞ മരങ്ങളുടെ തനിയാവര്‍ത്തനം പോലെയോ,
കുതൂഹല നിര്‍ഭരമായ മനസ്സുമായോ,
 വിഹ്വലതകളിലെ കൈ താങ്ങായോ ,ഒക്കെ ഒക്കെ ....
കണ്ടു മുട്ടിയിട്ടുണ്ടാകാം . തിരിച്ചറിഞ്ഞിട്ടുണ്ടാകാം ..മറിച്ചും !! 

ഇപ്പോള്‍ മാര്‍ച്ച്‌ സര്‍ക്കാര്‍ ജോലിക്കാരെ സംബന്ധിച്ചിടത്തോളം 
വിരമിക്കലിന്റെ മാസം കൂടിയാണ് ..
ഓര്‍മകളില്‍ പിടയുന്ന പണിമുടക്കുകളും
ഡയസ് നോണിന്റെ പേടി പെടുത്തലുകളും
പിരിവു കാരെ ഭയന്ന് ബാത്ത് റൂമില്‍ ഒളിച്ച നാളുകളും
അടക്കാത്ത ഹൌസിംഗ് ലോണ്‍ കുടിശിക ശമ്പളത്തില്‍
നിന്നും പിടിക്കരുതെന്ന് ഒഫീസറോടെ കെഞ്ചി പറഞ്ഞ
നാളുകള്‍ക്കുമോടുവില്‍ പടിയിറങ്ങുന്ന മാര്‍ച്ച്‌...

ആദ്യമായീ ജോയിന്‍ ചെയ്യാനെത്തിയ കൊലുന്നെനെയുള്ള
വട്ടമുഖക്കാരിയുടെ മനസ്സില്‍  എഴുതി തീര്‍ത്ത ഫയലില്‍
"ക്വോറി" ഇട്ടു അവള്‍ മടക്കിയ ജാള്യതകള്‍
റിക്കാര്‍ഡ് റൂമിന്റെ ചിലന്തി വലക്കിടയില്‍
പ്രണയപെരുക്കത്തില്‍ വിയര്‍ത്തു കുളിച്ച ചാപല്യങ്ങള്‍ !!
സ്വന്ത്വനത്തിന്റെ കാവലാളുകളും ആര്‍ത്തിയുടെ മുഖപടങ്ങളും
ഇവിടെ തുല്യരാണ് ...
ഭര്‍ത്താവിന്റെ ക്രൂരതകള്‍ നെഞ്ചില്‍ പറ്റിനിന്ന് കരഞ്ഞു
പറഞ്ഞപ്പോള്‍ , നിനക്ക് പകരം തരാന്‍ എനിക്കൊരു ജീവിതം ഇല്ലെന്നും
എന്നാല്‍ നീ എനിക്കായി ജീവിക്കണമെന്നും പ്രണയത്തിന്റെ
മേമ്പൊടി ചേര്‍ത്ത് പറഞ്ഞ ഉച്ച നേരങ്ങളും ഇവിടെ അവസാനിക്കുന്നു..
മെമ്മോകളും സസ്പെന്ഷനുകളും ഇന്സ്പെക്ഷനുകളും
ഇനി ഓര്‍മകളില്‍ ......
കെട്ടുപ്രായം തികഞ്ഞ മകളെയും തൊഴില്‍ രഹിതനായ
മകനെയുമോര്‍ത്തു പിടയ്ക്കുന്ന മനസുമായി
ശൈലീ രോഗങ്ങളുടെ ഭാണ്ടവുമായി   പടിയിറങ്ങുന്ന പെന്‍ഷന്‍ കാരന്‍...

"മാര്‍ച്ചിന്റെ വിടവാങ്ങല്‍ ... അത് പണ്ടു മുതല്‍ക്കേ
തേങ്ങലുകളും ഗദ്ഗദങ്ങളും സമ്മാനിക്കുന്നു.
 പ്രണയതിന്റെ നറു നിലാവില്‍ പൂത്ത ഗുല്‍മോഹര്‍ മരങ്ങളും ,
 സൌഹൃദത്തിന്റെ കടക്കണ്ണുകള്‍ കോര്‍ത്ത കല്‍പടവുകളും,
വിദ്വേഷത്തിന്റെ   സ്ഫോടനങ്ങളില്‍  പുക നിറഞ്ഞ മനസുകളും  ,
സമരത്തിന്‍റെ സുനാമിയില്‍ ഒലിച്ചുപോയ ക്ലാസ്സ്‌ മുറികളും 
വിടവാങ്ങുന്ന മാര്‍ച്ച്‌.

 എന്തിനു  വേണ്ടിയായിരുന്നു ...  
ജയിച്ചും  തോറ്റും തോല്പിച്ചും  ...
അതെ  ഈ  ഓര്‍മകള്‍ക്ക്  വേണ്ടി  മാത്രം  .
 ഇത്  മാത്രമാണ്  സമ്പാദ്യം  ...
പഠിച്ചതെല്ലാം   മറന്നു  കഴിഞ്ഞപ്പോള്‍  അവശേഷിച്ച  
ഈ  ഓര്‍മ്മകള്‍  .. ഇതാണ്  പഠനം  ... 
ജീവിതം കൊണ്ടുള്ള പഠനം ..
. മറക്കാനും പൊറുക്കാനും വേദനകളില്‍ സഹിക്കാനുമുള്ള    പഠനം..


ഈ  തൂ  വെളിച്ചം  മനസിന്റെ  ഇടനാഴിയില്‍  
തോരണങ്ങള്‍ ചാര്‍ത്തുന്നു   ..
ഈ സൌപര്‍ണിക തീരങ്ങളില്‍ കിനാക്കള്‍
 നെയ്യാത്തവര്‍  ചുരുക്കം ...
സ്മരണകളുടെ  ചെറു തെന്നല്‍ കുളിരണിയിക്കുംപോള്‍ ..
മനസിന്റെ കോണില്‍ ഉറഞ്ഞു പോയ
മാര്‍ച്ചിന്റെ മഞ്ചാടി മണികള്‍ 
തുടച്ചു മിനുക്കാത്തവര്‍ വിരളം ...
 മാര്‍ച്ചേ  നിനക്ക്  നന്ദി ... വീണ്ടും  എത്തിയതിന് ..
ഇപ്പോള്‍ എനിക്ക് മാര്‍ച്ച്‌ മധുരിക്കുന്നതാണ് ...
                                      

2012, ഫെബ്രുവരി 26, ഞായറാഴ്‌ച

നമ്മള്‍ പറന്നകലുന്നവര്‍.....

വക്കുകളും വശങ്ങളും
ഇല്ലാത്ത ഘനരൂപങ്ങളുടെ 
വന്യ വശ്യത പോലെ 
സ്വപ്നങ്ങളില്ലാത്ത
എന്‍റെ പ്രാണന്‍റെ തിമിര്‍പ്പുകളില്‍
നീ അമൃത് വര്‍ഷിക്കുന്നു 

കരുതിവച്ചതും കടം കൊണ്ടതും
ചേര്‍ത്ത് നിനക്കായി പാടിയതോക്കെയും 
ഇരുട്ടിന്‍റെ വര്‍ണക്കാടുകളില്‍
അലിഞ്ഞു,
നീ   അറിയാതെപോയപ്പോള്‍
ഏകാന്തതയുടെ മുള്‍വഴികളില്‍
എന്‍റെ തൃഷ്ണയുടെ നീര്‍ച്ചാലുകള്‍
ഉറകൂടിയത് നിന്‍റെ മിഴിയിണകളിലായിരുന്നു
  
മടുപ്പിഴയുന്ന ജീവകോശങ്ങളില്‍
കുമിഞ്ഞു കൂടിയ മൌനത്തിന്റെ 
വിത്തുകളും
വിഷാദപൂരിതമായ നിഴലനക്കങ്ങളിലെ
അവിശ്വാസങ്ങളും തീര്‍ത്ത
വിലക്കുകള്‍ 
പ്രതീക്ഷയുടെ നരച്ച ആകാശങ്ങളിലെ 
നീയെന്ന മുത്തിനെ മറച്ചിരുന്നില്ല


എങ്കിലും ഞാന്‍ അറിയുന്നു
കനവുകളുടെ കനം താങ്ങാന്‍ അശക്തരാകയാല്‍
 നാം അകലുകയാണ് 
 പ്രണയത്തിന്‍റെ വിദൂര ധ്രുവങ്ങളിലേക്കു 
 പറന്നകലുന്ന കൂടില്ലാത്ത പറവകളെ പോലെ ....



2012, ഫെബ്രുവരി 1, ബുധനാഴ്‌ച

ഉത്സവങ്ങള്‍ തുടങ്ങുന്നു .....

               കുംഭം തുടങ്ങി. തുമ്പ കരിയുന്ന വെയില്‍ പെയ്യുന്നു. മകരത്തിന്റെ മറവി മാറാത്ത പ്രഭാതങ്ങളില്‍ ഇപ്പോഴും തണുപ്പ് കിനിയുന്നു.ഗ്രാമങ്ങള്‍ ഉണരുന്നു. ഉത്സവങ്ങളുടെ നാളുകള്‍. ആഹ്ലാദവും ആചാരവും വിശ്വാസവും സംഘ ശക്തിയും സമന്വയിക്കുന്ന ആഘോഷങ്ങള്‍. പൊങ്ങച്ച സംസ്കാരത്തില്‍ വീര്‍പ്പുമുട്ടുന്ന പുതിയ കാലത്തില്‍ ഉത്സവങ്ങള്‍ക്കും നിറഭേദങ്ങളും രൂപഭേദങ്ങളും സംഭവിച്ചിരിക്കുന്നു. എങ്കിലും ഓരോ മലയാളിയും അവന്‍റെ ഗ്രാമത്തിലെ ഉത്സവത്തിനായി കാത്തിരിക്കുന്നു. പൂരമെന്നോ, പാട്ടെന്നോ , വേലയെന്നോ , തെയ്യമെന്നോ, തിരു ഉത്സവമെന്നോ , മലക്കുടയെന്നോ എന്ത് പേര് ചൊല്ലിയാലും അവ ഒരു ജനതയുടെ ആത്മാവിഷ്കാരമാണ്. ഓര്‍മയുടെ തടയണകളില്‍ നിറഞ്ഞു നില്‍ക്കുന്ന മഴവില്ല് പോലെ മനോഹരമായ സ്വപനം . ടെലിവിഷനും മൊബൈലും സാര്‍വര്‍ത്രികം അല്ലായിരുന്ന ഒരു കാലഘട്ടത്തില്‍ ചെണ്ടപ്പുറത്ത് കോലു വീഴുന്നതും നോക്കി ജനമിരുന്നു. പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പിള്ളാര്‌ സെറ്റും വലിയ സെറ്റും പോകുമായിരുന്നു. മണ്ണടിയില്‍ നിന്നും അന്ന് ഞങ്ങള്‍ കുളക്കട തിരുവാതിര, കീച്ച പള്ളി ഉത്സവം, പട്ടാഴിയിലെ കുംഭതിരുവാതിര, മീനതിരുവാതിര, തലവൂര്‍ പൂരം, മലനട മലക്കുട (ദുര്യോധന ക്ഷേത്രം) , ഏഴംകുളം തൂക്കം , പെരിങ്ങനാട്ടു ഉത്സവം , പന്നിവിഴ ഉത്സവം , കളമല പള്ളിയിലെ ചന്ദന ക്കുടം  തുടങ്ങി എല്ലായിടത്തും    പരിപാടി കാണാന്‍ നടന്നു പോകുമായിരുന്നു.  സാംബശിവന്‍റെ കഥാപ്രസംഗം അക്കാലത്തെ വെടിക്കെട്ട്‌ പരിപാടി ആയിരുന്നു. അരവിന്ദാക്ഷമേനോന്‍റെ ബാലൈ സൂപ്പര്‍ ഹിറ്റ്‌ ആയി നില കൊള്ളുന്ന കാലം . സൂര്യ സോമയും , സംഘ ചേതനയും , തുടങ്ങി നിരവധി നാടക ട്രൂപ്പുകളുടെ വമ്പന്‍ നാടകങ്ങള്‍ക്ക് നല്‍കിയ കൈയടി ഞാന്‍ ഓര്‍ക്കുന്നു. ഇന്നത്തെ തട്ട് പൊളിപ്പന്‍ ഗാന മേളകള്‍ക്ക് പ്രചാരം കിട്ടി തുടങ്ങിയിരുന്നില്ല. 


     ഇന്ന് ഉത്സവത്തിനു പ്രധാനം മദ്യമാണ് . എന്നാല്‍ അക്കാലത്തു പിള്ളാര്‌ സെറ്റിനു മിനുങ്ങാന്‍ ഉള്ള അവസരമോ ചങ്കൂറ്റമോ ഇല്ലായിരുന്നു. " ബെവ്കോ " പെട്ടികടകള്‍ പോലെ തുറന്നിരുന്നില്ല . പാവപെട്ടവന്റെ സ്വപ്‌നങ്ങള്‍ ചാരായ ഷാപ്പുകളില്‍ ഒതുങ്ങിയിരുന്നു. ബാറില്‍ കയറുന്നത് സാധാരണക്കാരന്‍റെ സ്വപ്നങ്ങള്‍ക്ക് അപ്പുറമായിരുന്നു. " 96 ചാരായ നിരോധനവും തുടര്‍ന്ന് നടന്ന " അബ്കാരിസ്ട്ര "യും  കേരളത്തിലെ കുടിയന്‍ മാര്‍ക്ക് ലഹരിയുടെ പുത്തന്‍ അനുഭവങ്ങള്‍ തുറന്നു നല്‍കി . പട്ട ചാരായവും പുളിച്ച കള്ളും  വാറ്റും മാത്രം അടിച്ചു നടന്ന തലമുറയ്ക്ക് "ഹെര്‍കുലിസും  ഓള്‍ഡ്‌ മങ്കും ബിജോയിസും തുടങ്ങി ആയിരകണക്കിന് വിദേശ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുവാനുള്ള അവസരം തുറന്ന 'കുടിയുടെ മാഗ്ന കാര്‍ട്ടാ' സമ്മാനിച്ചു.  കുടിച്ചു പൂസായി നടക്കുന്ന സ്കൂള്‍ കുട്ടികളെ കാണുമ്പോല്‍ നഷ്ട ബാല്യത്തിന്‍റെ "ഹാങ്ങ്‌ ഓവര്‍" എന്നെ ഉദാസീനനാക്കുന്നു. അക്കാലത്തു "കുടി" ജനകീയമല്ലായിരുന്നു.  


      ഉത്സവ കാലം ഒരു വര്‍ഷത്തെ അടിപിടി , വഴക്ക് , എന്നിവയുടെ കണക്കു തീര്‍ക്കുവാന്‍ ഉള്ള കാലം കൂടിയായിരുന്നു. " നിന്നെ പേച്ചു കളത്തില്‍ കണ്ടോളാം" മണ്ണടി കാരുടെ ഇടയിലെ ഒരു ചൊല്ല് തന്നെ ആണിപ്പോഴും" . കുളക്കടകാര്‍ക്ക്  മണ്ണടി ഉച്ചബലിക്ക് മുളം പത്തലിനു  തല്ലു കൊടുത്തതിനു പകരം കീച്ചപള്ളി ഉത്സവത്തിനു നീല കരിമ്പ് കൊണ്ട് തിരിച്ചു  അടിച്ചതുമൊക്കെ ചരിത്രം . തല്ലിയവരും തല്ലു കൊണ്ടവരും ഒക്കെ ചരിത്രമായി.  ഗുണ്ടാ  സംഘങ്ങളും ക്വോട്ടേഷന്‍ ടീമുകളും ഇല്ലാതിരുന്ന നല്ല കാലം .. കിലുക്കി കുത്ത് കളത്തിലെ മണ്ണെണ്ണ വിളക്കൂതിക്കെടുത്തി കാശു വാരി ഓടുന്നവരും , മുച്ചീട്ട് കളിയുടെ മാസ്മര ലഹരിയില്‍ ഉടുമുണ്ട് മാത്രം ബാക്കി ആയവരും , ആന മയില്‍ ഒട്ടകത്തിലെ കറക്കുകമ്പനികളില്‍ പ്രതീക്ഷയോട് പണമെറിഞ്ഞു മറഞ്ഞു നിന്നവരും, ഒരു കാലഘട്ടത്തിന്റെ തിരു ശേഷിപ്പുകള്‍ പോലെ എന്‍റെ ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുന്നു..


       പല ഉത്സവങ്ങളും പ്രണയത്തിന്റെ ഹരി ശ്രീ കുറിക്കുന്ന നാളുകളാണ്. അല്ലെങ്കില്‍ മൊട്ടിട്ട പ്രണയങ്ങളില്‍ കുപ്പി വളയും ചാന്തും വാരി വിതറുമ്പോള്‍ പകരം ലഭിക്കുന്ന   ചെറുചിരിയും, അറിയാതറിഞ്ഞു നേടുന്ന കരസ്പര്‍ശനങ്ങളും സമ്മാനിക്കുന്ന ദിനങ്ങള്‍.   അന്ന് ഏതെങ്കിലും ഒരു പെണ്‍കുട്ടി ഉത്സവ പറമ്പില്‍ വച്ച് ഒന്ന് നോക്കിയാല്‍ മതി " ജീവിതം ധന്യമായി. പ്രണയത്തിന്‍റെ സൂനങ്ങള്‍ വിടരുകയായി. കടക്കണ്ണില്‍ വിരിയുന്ന ഉറക്കചെടവില്‍ വരും വര്‍ഷങ്ങളിലേക്കുള്ള പ്രചോദനം കണ്ടിരുന്ന ഒരു തലമുറ... കല്‍വിളക്കിന്‍റെ മറവില്‍ , ആല്‍തറയുടെ അടുത്ത് ഞാന്‍ കണ്ട കണ്ണുകള്‍ നീയറിയാതെ ഉള്ളില്‍ വിരിവച്ചിരുന്നു  , കതിനാ വെടി മുഴങ്ങിയപ്പോള്‍ പേടിച്ചു ഞെട്ടിയ നീ എന്‍റെ എല്ലിച്ച കൈകളില്‍ അറിയാതെ പിടിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു...നെഞ്ച്ചകത്തെ നനുത്ത നിലാവായി..
     
           കൊച്ചു കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ ഓണത്തെ പോലെ തന്നെ ഗ്രാമത്തിലെ ആഘോഷങ്ങളും സന്തോഷ ജനകമായിരുന്നു. പുത്തെന്‍ ഉടുപ്പും വയറു നിറയെ ചോറും പിന്നെ കളിപ്പാട്ടങ്ങളും. ഊതുമ്പോള്‍ " അമ്മാവാ" എന്ന് വിളിച്ചു കൂവുന്ന ബലൂണും, കടുക് ബലൂണും , പിന്നെ പൊട്ടാസ് തോക്കും തിരി കത്തിക്കുന്ന ബോട്ടും . ഇതൊക്കെ കുഞ്ഞുങ്ങളുടെ കുഞ്ഞു സ്വപ്നങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ആയിരുന്നു. ബെന്‍ ടെന്‍ ടോയ്സും , ചൈനീസ്‌ കാറുകളും , അന്ന് പിറന്നിരുന്നില്ല. ഉത്സവങ്ങള്‍ക്ക് ബന്ധുക്കള്‍ ദൂര സ്ഥലങ്ങളില്‍  നിന്ന് പോലും വന്നിരുന്നു. രണ്ടും മൂന്നും ദിവസങ്ങള്‍ ഓരോ വീടിലും തങ്ങിയിരുന്നു. ഇന്നത്തെ പോലെ ഉച്ചയ്ക്ക് വന്നു ഉടനെ പോകുന്ന രീതി ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ബന്ധുക്കള്‍ തമ്മില്‍ നല്ല ബന്ധം ഉണ്ടായിരുന്നു. മാത്രമല്ല വല്ലപ്പോഴും കാണുന്ന മച്ചുനന്‍മാരെയും മച്ചുനത്തികളെയും കൊതി തീരെ കാണുവാനും കഴിഞ്ഞിരുന്നു. കുടുംബ കാവിന്‍റെ അകത്തളങ്ങളില്‍ നിന്നും മഞ്ചാടി കുരുവും, തൊണ്ടി പഴവും പറിച്ചു നല്‍കാമെന്ന് പറഞ്ഞു തട്ടിയെടുത്ത കുഞ്ഞു ചുംബനങ്ങളുടെ മധുരം ഇന്നും അവന്‍ ഹൃത്തില്‍ സൂക്ഷിക്കുന്നുണ്ടാകണം....

     ഇപ്പോള്‍ ഉത്സവ കാലത്ത്  വഴിയിലൂടെ വണ്ടി ഓടിക്കുവാന്‍ പേടിയാണ്. " കാള  കെട്ടാന്‍ പിരിവ്‌, ഫ്ലോട്ടിനു   പിരിവ്‌, ഉത്സവ പിരിവ്‌ വേറെ , കരവരി, സംഭാവന തുടങ്ങി രസീതിന്റെ പ്രളയം. ചില സ്ഥലങ്ങളില്‍ നിര്‍ബന്ധിത പിരിവാണ്. ഒരുതരം നോക്ക് കൂലി പോലെ. 
ഫ്ലോട്ടുകളും , ചിങ്കാരി മേളവും, കോടമ്പാക്കം മയിലാട്ടവും,  അമ്മന്‍ കുടവും, ഫാന്‍സി ഡ്രെസ്സും നമ്മുടെ ഉത്സവങ്ങളില്‍ നിറഞ്ഞാടുമ്പോള്‍
ഉത്സവങ്ങളുടെ അകകാമ്പായ ആത്മാര്‍ത്ഥത കൈമോശം വന്ന്,  പൊങ്ങച്ച സംസ്കാരത്തില്‍ വീര്‍പ്പുമുട്ടുംപോഴും മലയാളി ഉത്സവങ്ങള്‍ക്കായി കാത്തിരിക്കുന്നു . മകര കൊയ്ത്തു കഴിഞ്ഞ മനസിന്റെ ഉര്‍വരതകളിലേക്ക് ചുരമാന്തി എത്തുന്ന കിനാവ് പോലെ...



                                                                   

         

2012, ജനുവരി 25, ബുധനാഴ്‌ച

പേക്കിനാവുകളുടെ ഹിമപാതം

നിന്‍റെ പ്രണയ ശൈലങ്ങളില്‍
പേക്കിനാവുകളുടെ ഹിമപാതം 
നിന്‍റെ സ്വപ്ന വഴികളില്‍
ആശങ്കകളുടെ കുത്തൊഴുക്കുകള്‍
കൃഷ്ണ വര്‍ണം വീണ ഗുഹാമുഖം പോലെ
അശാന്തിയുടെ ചിതല്‍പ്പിടിച്ച നിന്‍റെ
പ്രണയ പര്‍വങ്ങളെ ഞാന്‍ അറിയുന്നു ...

   പറന്നുപോകുന്ന വര്‍ണതുമ്പിയുടെ
   ചിറകുകള്‍ പോലെ
   സാഗരഹൃടയത്തിലെ  സ്വപ്നേന്ദുപോലെ
   പുല്ലാഞ്ഞിപൂക്കളുടെ വന്യവശ്യതയേറും
   നിന്‍ ലതാനികുന്ജങ്ങളില്‍ തണല്‍ തേടിവന്നവന്‍
   ഇപ്പോള്‍ പ്രണയാന്ധനാണ് 
   വികല  സങ്കല്പങ്ങളുടെ രുധിരജാലകങ്ങള്‍
   തുറന്നു കിടക്കുന്നു
   വാക്കിലും വഴിയിലും നിലാവിന്‍റെ ദ്രംഷ്ടകള്‍ 
   നിനക്കായി കാത്തിരിക്കുന്നു..
   നിന്നിലെ അലിവിന്‍റെ നീര്‍തടങ്ങളില്‍ 
   പ്രണയം വിതയ്ക്കാന്‍..

 നിന്‍റെ സ്വകാര്യ ജാലകങ്ങളിലെ 
തുഷാര ബിന്ദുക്കളില്‍
സങ്കടം നിറയുന്നത് ഞാനറിയുന്നു
എങ്കിലും നിന്‍റെ ആകുലതകള്‍ 
എന്നോട് പറയരുത് 
ജീവനോടെ കുഴിച്ചു മൂടിയ
നിന്‍റെ ആത്മ ഹര്‍ഷങ്ങളുടെ പിടച്ചില്‍
എന്നെ അറിയിക്കരുത് 

കാരണം

 വേരറ്റയീ പടു പാഴ്മരത്തിന്‍ 
നിഴല്‍ കാടുകള്‍ക്കന്യമാം
സൗഹൃദ നിലാപൂക്കള്‍
നല്‍കരുതെനിക്ക്  നീ 
പകരം തരാനെനിക്കോ വെറും 
കൊടും വേനല്‍ 
കനക്കുന്ന കാമരേണുക്കള്‍ മാത്രം .....