കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഏപ്രിൽ 4, ബുധനാഴ്‌ച

ഒരു പ്രണയാറുതിയില്‍....

ഈ  പ്രണയാറുതിയില്‍
മണല്‍ നിറഞ്ഞ മനസ്സിന്‍റെ 
നിറമില്ലാത്ത നിഴലുകളില്‍
മദം നിറയുമ്പോള്‍ 
നീ നടന്നു മറയുക 
കാമമെരിയുന്ന ഖാണ്ടവത്തില്‍  നിന്നും 


ചടുല ചുംബനങ്ങളുടെ 
തനിയവാര്‍ത്തനങ്ങള്‍ 
രതിസ്ഫുലിങ്ങള്‍ക്ക് ഉലകൂട്ടുംപോള്‍ 
 നമ്മള്‍ അപരിചിതര്‍ 
വരയിലും വിളിയിലും വിഷം പുരണ്ട
എന്‍റെ ചിന്തകള്‍ 
 നിന്‍റെ ഉടലിലെ  ഉത്സവങ്ങള്‍ക്ക് 
 തോരണം ചാര്‍ത്തുമ്പോള്‍ 
നീ തിരിച്ചറിയുക 
കലഹിക്കാനോ   പ്രണയിക്കാനോ 
ഞാനശക്തനാണെന്ന്....


വജ്ര മുനയുള്ള സ്വപ്നങ്ങളുടെ 
വെള്ളാരങ്കല്ലുകളില്‍
തെളിയുന്ന നിന്‍റെ മിഴിയിണകള്‍ 
എന്നില്‍ നിറച്ചത്   ബാല്യത്തിന്റെ 
പൂ മഴയെങ്കിലും 
പ്രണയം  പടിയിറങ്ങിയ 
എന്‍റെ സ്പന്ദനങ്ങള്‍ക്ക്  
കൊടും വേനലിന്റെ 
ക്രൌര്യമുണ്ടായിരുന്നു.. 
നിന്‍റെ മാംസളതയിലേക്ക് 
ആഴ്ന്നിറങ്ങുവാന്‍ ....


എങ്കിലും നീ അറിയുക 
കിനാവെളിച്ചത്തില്‍ കിന്നാരം ചൊല്ലി
എന്നെ നിദ്രാവിഹീനനാക്കിയ
കുടമുല്ലപ്പൂക്കളെക്കാള്‍  ഞാനിഷ്ട്ടപെടുന്നത്
നിന്നെതന്നെയാണ്...
നീ കോറിയിട്ട അക്ഷരങ്ങളെയാണ്‌ ....

2012 ഫെബ്രുവരി 26, ഞായറാഴ്‌ച

നമ്മള്‍ പറന്നകലുന്നവര്‍.....

വക്കുകളും വശങ്ങളും
ഇല്ലാത്ത ഘനരൂപങ്ങളുടെ 
വന്യ വശ്യത പോലെ 
സ്വപ്നങ്ങളില്ലാത്ത
എന്‍റെ പ്രാണന്‍റെ തിമിര്‍പ്പുകളില്‍
നീ അമൃത് വര്‍ഷിക്കുന്നു 

കരുതിവച്ചതും കടം കൊണ്ടതും
ചേര്‍ത്ത് നിനക്കായി പാടിയതോക്കെയും 
ഇരുട്ടിന്‍റെ വര്‍ണക്കാടുകളില്‍
അലിഞ്ഞു,
നീ   അറിയാതെപോയപ്പോള്‍
ഏകാന്തതയുടെ മുള്‍വഴികളില്‍
എന്‍റെ തൃഷ്ണയുടെ നീര്‍ച്ചാലുകള്‍
ഉറകൂടിയത് നിന്‍റെ മിഴിയിണകളിലായിരുന്നു
  
മടുപ്പിഴയുന്ന ജീവകോശങ്ങളില്‍
കുമിഞ്ഞു കൂടിയ മൌനത്തിന്റെ 
വിത്തുകളും
വിഷാദപൂരിതമായ നിഴലനക്കങ്ങളിലെ
അവിശ്വാസങ്ങളും തീര്‍ത്ത
വിലക്കുകള്‍ 
പ്രതീക്ഷയുടെ നരച്ച ആകാശങ്ങളിലെ 
നീയെന്ന മുത്തിനെ മറച്ചിരുന്നില്ല


എങ്കിലും ഞാന്‍ അറിയുന്നു
കനവുകളുടെ കനം താങ്ങാന്‍ അശക്തരാകയാല്‍
 നാം അകലുകയാണ് 
 പ്രണയത്തിന്‍റെ വിദൂര ധ്രുവങ്ങളിലേക്കു 
 പറന്നകലുന്ന കൂടില്ലാത്ത പറവകളെ പോലെ ....



2012 ജനുവരി 21, ശനിയാഴ്‌ച

നിലാതുമ്പിയുടെ ചിറകരിഞ്ഞതെന്തിനാണ്"

അമ്മേ നിനക്കെന്നെ കൊല്ലാന്‍ കഴിയുമോ??
കഴുത്തുറയ്ക്കാത്ത  കുഞ്ഞാറ്റക്കിളി ചോദിച്ചപ്പോള്‍
അമ്മ കിളിയുടെ ഉള്ളൊന്നു പിടഞ്ഞുകാണും 
 നെഞ്ചിന്‍ കൂടില്‍ നിന്നടര്‍ന്നു വീണ
 നൊമ്പരങ്ങള്‍ തീക്കാറ്റിന്റെ
 പ്രവേഗത്തില്‍ ആയിരിക്കാം .....

  എങ്കിലും അമ്മേ.. നീ കാച്ചെണ്ണ തേച്ചു 
  കോതിയൊതുക്കി രാജമല്ലിപ്പൂ  ചാര്‍ത്തി
  മനസ്സില്‍ നിറച്ച   ചുരുള്‍ മുടിയിഴകളെ
 കുത്തിപ്പിടിച്ചെന്‍   കരളറുക്കുവാന്‍
  നിന്‍റെ ദു:ഖങ്ങള്‍ക്ക്‌  കരുത്തുണ്ടാകുമോ ?
  കുഞ്ഞു നക്ഷത്രത്തിന്‍ കണ്ണ് ചിമ്മിയാല്‍ പോലും
  വേദന മൂടുന്ന ഭൌമ ഹൃദയത്തില്‍ കൊടും വേനലിന്‍റെ
  കനലാട്ടം തുടങ്ങിയിരിന്നോ ??

 വര്‍ണപെന്‍സിലില്‍ നീ വരച്ചുകാട്ടിയ 
 കുഞ്ഞു കഥകളില്‍ നീ പടുത്തുയര്‍ത്തിയ 
 സ്നേഹം പൊതിഞ്ഞ ചെറു പരിഭവങ്ങളില്‍
 വഴിവിട്ട കുറുംപുകളെ  വരുതിയിലാക്കിയ 
 ആകാശം മുട്ടെ നീ വളര്‍ത്തി വിട്ട
"എന്‍റെ   കിനാകുഞ്ഞുങ്ങളെ 
 ഈ പൂവാം കുരുന്നിലയിലെ 
 ത്രസിക്കുന്ന മോഹങ്ങളേ 
 നീ എനിക്കായി വിട്ടു തരുമോ "
 നിന്റെയൊരു   ചിറകൊടിഞ്ഞാലും
 നിന്നിലൊരു കടല്‍ പെരുത്ത്‌ തകര്‍ത്തു
വന്നാലുമമ്മേ ?

ചങ്കില്‍ പടരുന്ന കരിവീണ ചിന്തകള്‍ 
വാത്സല്യത്തിന്റെ അമൃത ബിന്ദുക്കളില്‍
നിസ്സഹായതുടെ കംബളം പൂഴ്ത്തിയപ്പോള്‍
അശനിപാതങ്ങളുടെ ചാവേര്‍ പ്രയോഗത്തില്‍  
ഉടഞ്ഞുപോയ പ്രാണന്റെ മറുപകുതിയിലണയുവാന്‍
വെമ്പല്‍പൂണ്ട  പെണ്‍കിളി
ആ കുഞ്ഞു സ്വപ്നങ്ങളെയും നുള്ളിയെടുത്ത്
സ്വയം ഉരുകിതീര്‍ന്നപ്പോള്‍
സ്വപ്‌നങ്ങള്‍ ചത്തുമലച്ച ആ കണ്ണുകള്‍ നനഞ്ഞിരുന്നോ ?
താലോലിച്ചു താരാട്ടുപാടിയ കൈകള്‍ വിറച്ചിരുന്നോ

എങ്കിലും
അലിവിന്‍റെ തരിയൊട്ടുമില്ലാത്ത
ശിലാ ഖണ്ധങ്ങളിലെ പരല്‍രൂപികള്‍ പോലും
അറിയാതെ ചോദിച്ചു " നീ   കുരുന്നു
നിലാതുമ്പിയുടെ  ചിറകരിഞ്ഞതെന്തിനാണ്"

















  




2012 ജനുവരി 11, ബുധനാഴ്‌ച

പ്രണയമില്ലാത്ത കവിത

മദോന്‍മത്തമായ പ്രജ്ഞയില്‍ പെരുമ്പറ നിലച്ചപ്പോള്‍
സഹജമായ സൌഹൃദത്തിന്റെ തണല്‍ വഴികളിലിരുന്നു
അവള്‍ ചോദിച്ചു
 " ഭ്രാന്ത് പിടിച്ച നിന്‍റെ കിനാചില്ലകളില്‍
കല്ലിവല്ലിയായി പടര്‍ന്നു കയറിയത് ഞാനായിരുന്നോ"?

  നിഷേധത്തിന്റെ ഫണം വിരിച്ച ചെറുമൂളല്‍ കേട്ട്
 കൂണ്‍പോലെ വിരിയുന്ന കരള്‍ പൂമൊട്ടുകള്‍ പോലും
 ഈര്‍ഷ്യയോട് മുഖം തിരിച്ചു.

       എന്നില്‍നിന്നര്‍ത്ഥബോധമില്ലാതെ    
      ചിതറിത്തെറിച്ച അക്ഷരകൂട്ടുകളില്‍ പറ്റിപിടിച്ച
      മനസിന്‍ സ്ഫടിക ചില്ലുകളെ വാരി പുണര്‍ന്നു
      പ്രണയിനി എന്നോട് മന്ത്രിച്ചു
     " കരിപിടിച്ച നിന്‍റെ പളുങ്ക് വാക്കുകളില്‍ ഞാന്‍ കണ്ട
       കണ്ണുകള്‍ ആരുടേതായിരുന്നു  "
   
      നേരിന്‍റെ കഴുത്തറുത്തു വാക്കുകള്‍ക്കു വിലങ്ങിട്ടപ്പോള്‍
      മനസ്സില്‍ വിരിവച്ചുപോയ മയില്‍‌പീലി കണ്ണുകള്‍
      വിതുമ്പികാണും ..

     നിലാവിലുറയുന്ന തുഷാരബിന്ദുകളിലും
     പോക്കുവെയില്‍ ചാമരം വീശുന്ന പഞ്ചാര
    മണലുള്ള കടലോരങ്ങളിലെ സിമന്റു ബഞ്ചുകളിലും
    ശീതികരിച്ച ശയ്യാഗൃഹങ്ങളില്‍ പൊഴിഞ്ഞ
    വിയര്‍പ്പുമണികളിലും
    പ്രണയം വഞ്ചനയുടെ മഴ പൊഴിക്കുമ്പോള്‍
    എന്‍റെ കല്പനാ മാധവങ്ങളില്‍ രതി പൂക്കള്‍
    ഉണര്‍ന്നിരിക്കുമ്പോള്‍  ... എന്‍ ജീവനേ...
    നീ ഇത് അറിയരുത്  .. കാരണം ..
   ഇത് പ്രണയമില്ലാത്തവന്റെ കവിതയാണ്...









     






  

2011 ഏപ്രിൽ 3, ഞായറാഴ്‌ച

പ്രണയം പറയാതെ പോകരുത് ...

മൌനത്തിന്‍റെ കരിംതോടിനടിയില്‍
ഇണ ചേര്‍ന്നിരുന്ന   നൊമ്പരം  
സങ്കടങ്ങളുടെ ശൈത്യശിലകളില്‍
മുളപൊട്ടിയ മാധവം

വാക്കുകളുടെ വിസമ്മതത്തില്‍
പുറം കാണാത്ത നേരുകള്‍  
ആശങ്കയുടെ വലക്കണ്ണികളില്‍   
ഉറഞ്ഞുപോയ  കിനാവുകള്‍


കരള്‍   മുഴുവനും    കനല്‍  പെരുക്കിയ
കനവു കൊണ്ടെന്‍റെ   മനം നിറഞ്ഞപ്പോള്‍
തുടക്കം  കിട്ടാതെ  മറച്ചു  വച്ചൊരെന്‍
ഹൃദയ താളത്തിന്‍ തുടിപ്പറിയുന്നേന്‍

ഭ്രമണം    ഒത്തിരി    കഴിഞ്ഞുവെങ്കിലും   
പടം   പോഴിഞ്ഞോരെന്‍    ശിഥില   ചിന്തയില്‍   
അരങ്ങു  കാണാത്ത   പ്രണയ  തെയ്യങ്ങള്‍  
ഇരമ്പിയെത്തുന്നു  കരുതി  വയ്ക്കുവാന്‍  

ജര   പിടിച്ചാലും   നര  പടര്‍ന്നാലും 
മനസ്സില്‍   പൂക്കുന്ന  വസന്ത  കാലങ്ങള്‍
ഇരുള് മൂടുന്ന ഗഗന പര്‍വ്വത്തില്‍
എരിഞ്ഞു തീരാത്ത പ്രണയ ചിന്തകള്‍
മനം കുളിര്‍ക്കുന്ന നിറവും നല്‍കുന്നു
മിഴി നിറയ്ക്കുന്ന സുഖവും നല്‍കുന്നു


അതിനാല്‍   പ്രണയം  പറയാതെ   പോകരുത് ...
അങ്ങനെ    പ്രണയം  അറിയാതെ    പോകരുത്



                                                              വീജ്യോട്സ്  










2010 ഡിസംബർ 6, തിങ്കളാഴ്‌ച

വെയില്‍ തിന്നുന്ന പക്ഷിക്ക്

ജീവിത വെയില്‍ തിന്നുന്ന പക്ഷികളുടെ ആകുലതകളില്‍
പുറമ്പോക്കുകളുടെ സ്വര്‍ഗീയ വീഥികളില്‍
ഗ്രീഷ്മം തന്ന കിരീടവും ചൂടി
മഴ വില്ലുകളുടെ എഴെല്ലുകള്‍ നോക്കി നടന്ന
സങ്കല്പങ്ങളുടെ രാജകുമാര
നിന്‍ മനസ്സറിയും പ്രണയമിനിയെങ്ങു കാണും


കൂരയില്ലാത്തവന്റെ കൂരയും
കിനക്കളില്ലാത്തവരുടെ കിനാക്കളും
സ്വപ്നത്തില്‍ പൂത്ത മരത്തിലെ
വൃത്തവും വെടിപ്പും കെട്ട
ലകഷ്യവും ലക്ഷണവുമുള്ള
ചേതനയും ഹര്‍ഷവും നോമ്പരവുമുള്ള
വരികളെഴുതിയ തമ്പുരാനേ
നിന്‍ നേര്‍ നുണയും കവിതയിനിയെങ്ങു പൂക്കും


അറിവായ തരുവിന്‍റെ അടിവേരുകള്‍ താണ്ടി
അറിവുള്ള ജീവിത തനി രൂപം കാട്ടി
ശവമഞ്ചം പൊക്കുവാനോസ്സ്യത് നല്‍കി
 അപരന്‍റെ നോവുകള്‍ക്കായി ചിറകുകൊണ്ടൊരു
കൂടുതീര്‍ത്ത തെരുവിന്‍റെ  ഉപാസകാ  നിന്‍
വിശപ്പിന്‍ പൊരുള്‍ നിറയും വരികളെങ്ങു തെളിയും


പൊട്ടിച്ചുക്കളഞ്ഞ കുപ്പിവള തുണ്ടിനേയോര്‍ത്തു
മയില്‍പീലി കുഞ്ഞുങ്ങളുടെ വരവും കാത്തു നീയിരുന്നപ്പോള്‍
വേടന്റെ കൂരയില്‍  രുചിയോര്‍ത്തിരുന്നവരുടെ ഇരയായി
നീ മാറിയപ്പോള്‍ .... ഇനി നിന്‍ വരികളുടെ നിഴലുകള്‍ മാത്രം
ഇനി ആ കവിത തന്‍ നേര്‍കാഴ്ച മാത്രം .....
                                                                                                                വീജ്യോട്സ്