2012 ഫെബ്രുവരി 26, ഞായറാഴ്‌ച

നമ്മള്‍ പറന്നകലുന്നവര്‍.....

വക്കുകളും വശങ്ങളും
ഇല്ലാത്ത ഘനരൂപങ്ങളുടെ 
വന്യ വശ്യത പോലെ 
സ്വപ്നങ്ങളില്ലാത്ത
എന്‍റെ പ്രാണന്‍റെ തിമിര്‍പ്പുകളില്‍
നീ അമൃത് വര്‍ഷിക്കുന്നു 

കരുതിവച്ചതും കടം കൊണ്ടതും
ചേര്‍ത്ത് നിനക്കായി പാടിയതോക്കെയും 
ഇരുട്ടിന്‍റെ വര്‍ണക്കാടുകളില്‍
അലിഞ്ഞു,
നീ   അറിയാതെപോയപ്പോള്‍
ഏകാന്തതയുടെ മുള്‍വഴികളില്‍
എന്‍റെ തൃഷ്ണയുടെ നീര്‍ച്ചാലുകള്‍
ഉറകൂടിയത് നിന്‍റെ മിഴിയിണകളിലായിരുന്നു
  
മടുപ്പിഴയുന്ന ജീവകോശങ്ങളില്‍
കുമിഞ്ഞു കൂടിയ മൌനത്തിന്റെ 
വിത്തുകളും
വിഷാദപൂരിതമായ നിഴലനക്കങ്ങളിലെ
അവിശ്വാസങ്ങളും തീര്‍ത്ത
വിലക്കുകള്‍ 
പ്രതീക്ഷയുടെ നരച്ച ആകാശങ്ങളിലെ 
നീയെന്ന മുത്തിനെ മറച്ചിരുന്നില്ല


എങ്കിലും ഞാന്‍ അറിയുന്നു
കനവുകളുടെ കനം താങ്ങാന്‍ അശക്തരാകയാല്‍
 നാം അകലുകയാണ് 
 പ്രണയത്തിന്‍റെ വിദൂര ധ്രുവങ്ങളിലേക്കു 
 പറന്നകലുന്ന കൂടില്ലാത്ത പറവകളെ പോലെ ....



2012 ഫെബ്രുവരി 1, ബുധനാഴ്‌ച

ഉത്സവങ്ങള്‍ തുടങ്ങുന്നു .....

               കുംഭം തുടങ്ങി. തുമ്പ കരിയുന്ന വെയില്‍ പെയ്യുന്നു. മകരത്തിന്റെ മറവി മാറാത്ത പ്രഭാതങ്ങളില്‍ ഇപ്പോഴും തണുപ്പ് കിനിയുന്നു.ഗ്രാമങ്ങള്‍ ഉണരുന്നു. ഉത്സവങ്ങളുടെ നാളുകള്‍. ആഹ്ലാദവും ആചാരവും വിശ്വാസവും സംഘ ശക്തിയും സമന്വയിക്കുന്ന ആഘോഷങ്ങള്‍. പൊങ്ങച്ച സംസ്കാരത്തില്‍ വീര്‍പ്പുമുട്ടുന്ന പുതിയ കാലത്തില്‍ ഉത്സവങ്ങള്‍ക്കും നിറഭേദങ്ങളും രൂപഭേദങ്ങളും സംഭവിച്ചിരിക്കുന്നു. എങ്കിലും ഓരോ മലയാളിയും അവന്‍റെ ഗ്രാമത്തിലെ ഉത്സവത്തിനായി കാത്തിരിക്കുന്നു. പൂരമെന്നോ, പാട്ടെന്നോ , വേലയെന്നോ , തെയ്യമെന്നോ, തിരു ഉത്സവമെന്നോ , മലക്കുടയെന്നോ എന്ത് പേര് ചൊല്ലിയാലും അവ ഒരു ജനതയുടെ ആത്മാവിഷ്കാരമാണ്. ഓര്‍മയുടെ തടയണകളില്‍ നിറഞ്ഞു നില്‍ക്കുന്ന മഴവില്ല് പോലെ മനോഹരമായ സ്വപനം . ടെലിവിഷനും മൊബൈലും സാര്‍വര്‍ത്രികം അല്ലായിരുന്ന ഒരു കാലഘട്ടത്തില്‍ ചെണ്ടപ്പുറത്ത് കോലു വീഴുന്നതും നോക്കി ജനമിരുന്നു. പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പിള്ളാര്‌ സെറ്റും വലിയ സെറ്റും പോകുമായിരുന്നു. മണ്ണടിയില്‍ നിന്നും അന്ന് ഞങ്ങള്‍ കുളക്കട തിരുവാതിര, കീച്ച പള്ളി ഉത്സവം, പട്ടാഴിയിലെ കുംഭതിരുവാതിര, മീനതിരുവാതിര, തലവൂര്‍ പൂരം, മലനട മലക്കുട (ദുര്യോധന ക്ഷേത്രം) , ഏഴംകുളം തൂക്കം , പെരിങ്ങനാട്ടു ഉത്സവം , പന്നിവിഴ ഉത്സവം , കളമല പള്ളിയിലെ ചന്ദന ക്കുടം  തുടങ്ങി എല്ലായിടത്തും    പരിപാടി കാണാന്‍ നടന്നു പോകുമായിരുന്നു.  സാംബശിവന്‍റെ കഥാപ്രസംഗം അക്കാലത്തെ വെടിക്കെട്ട്‌ പരിപാടി ആയിരുന്നു. അരവിന്ദാക്ഷമേനോന്‍റെ ബാലൈ സൂപ്പര്‍ ഹിറ്റ്‌ ആയി നില കൊള്ളുന്ന കാലം . സൂര്യ സോമയും , സംഘ ചേതനയും , തുടങ്ങി നിരവധി നാടക ട്രൂപ്പുകളുടെ വമ്പന്‍ നാടകങ്ങള്‍ക്ക് നല്‍കിയ കൈയടി ഞാന്‍ ഓര്‍ക്കുന്നു. ഇന്നത്തെ തട്ട് പൊളിപ്പന്‍ ഗാന മേളകള്‍ക്ക് പ്രചാരം കിട്ടി തുടങ്ങിയിരുന്നില്ല. 


     ഇന്ന് ഉത്സവത്തിനു പ്രധാനം മദ്യമാണ് . എന്നാല്‍ അക്കാലത്തു പിള്ളാര്‌ സെറ്റിനു മിനുങ്ങാന്‍ ഉള്ള അവസരമോ ചങ്കൂറ്റമോ ഇല്ലായിരുന്നു. " ബെവ്കോ " പെട്ടികടകള്‍ പോലെ തുറന്നിരുന്നില്ല . പാവപെട്ടവന്റെ സ്വപ്‌നങ്ങള്‍ ചാരായ ഷാപ്പുകളില്‍ ഒതുങ്ങിയിരുന്നു. ബാറില്‍ കയറുന്നത് സാധാരണക്കാരന്‍റെ സ്വപ്നങ്ങള്‍ക്ക് അപ്പുറമായിരുന്നു. " 96 ചാരായ നിരോധനവും തുടര്‍ന്ന് നടന്ന " അബ്കാരിസ്ട്ര "യും  കേരളത്തിലെ കുടിയന്‍ മാര്‍ക്ക് ലഹരിയുടെ പുത്തന്‍ അനുഭവങ്ങള്‍ തുറന്നു നല്‍കി . പട്ട ചാരായവും പുളിച്ച കള്ളും  വാറ്റും മാത്രം അടിച്ചു നടന്ന തലമുറയ്ക്ക് "ഹെര്‍കുലിസും  ഓള്‍ഡ്‌ മങ്കും ബിജോയിസും തുടങ്ങി ആയിരകണക്കിന് വിദേശ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുവാനുള്ള അവസരം തുറന്ന 'കുടിയുടെ മാഗ്ന കാര്‍ട്ടാ' സമ്മാനിച്ചു.  കുടിച്ചു പൂസായി നടക്കുന്ന സ്കൂള്‍ കുട്ടികളെ കാണുമ്പോല്‍ നഷ്ട ബാല്യത്തിന്‍റെ "ഹാങ്ങ്‌ ഓവര്‍" എന്നെ ഉദാസീനനാക്കുന്നു. അക്കാലത്തു "കുടി" ജനകീയമല്ലായിരുന്നു.  


      ഉത്സവ കാലം ഒരു വര്‍ഷത്തെ അടിപിടി , വഴക്ക് , എന്നിവയുടെ കണക്കു തീര്‍ക്കുവാന്‍ ഉള്ള കാലം കൂടിയായിരുന്നു. " നിന്നെ പേച്ചു കളത്തില്‍ കണ്ടോളാം" മണ്ണടി കാരുടെ ഇടയിലെ ഒരു ചൊല്ല് തന്നെ ആണിപ്പോഴും" . കുളക്കടകാര്‍ക്ക്  മണ്ണടി ഉച്ചബലിക്ക് മുളം പത്തലിനു  തല്ലു കൊടുത്തതിനു പകരം കീച്ചപള്ളി ഉത്സവത്തിനു നീല കരിമ്പ് കൊണ്ട് തിരിച്ചു  അടിച്ചതുമൊക്കെ ചരിത്രം . തല്ലിയവരും തല്ലു കൊണ്ടവരും ഒക്കെ ചരിത്രമായി.  ഗുണ്ടാ  സംഘങ്ങളും ക്വോട്ടേഷന്‍ ടീമുകളും ഇല്ലാതിരുന്ന നല്ല കാലം .. കിലുക്കി കുത്ത് കളത്തിലെ മണ്ണെണ്ണ വിളക്കൂതിക്കെടുത്തി കാശു വാരി ഓടുന്നവരും , മുച്ചീട്ട് കളിയുടെ മാസ്മര ലഹരിയില്‍ ഉടുമുണ്ട് മാത്രം ബാക്കി ആയവരും , ആന മയില്‍ ഒട്ടകത്തിലെ കറക്കുകമ്പനികളില്‍ പ്രതീക്ഷയോട് പണമെറിഞ്ഞു മറഞ്ഞു നിന്നവരും, ഒരു കാലഘട്ടത്തിന്റെ തിരു ശേഷിപ്പുകള്‍ പോലെ എന്‍റെ ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുന്നു..


       പല ഉത്സവങ്ങളും പ്രണയത്തിന്റെ ഹരി ശ്രീ കുറിക്കുന്ന നാളുകളാണ്. അല്ലെങ്കില്‍ മൊട്ടിട്ട പ്രണയങ്ങളില്‍ കുപ്പി വളയും ചാന്തും വാരി വിതറുമ്പോള്‍ പകരം ലഭിക്കുന്ന   ചെറുചിരിയും, അറിയാതറിഞ്ഞു നേടുന്ന കരസ്പര്‍ശനങ്ങളും സമ്മാനിക്കുന്ന ദിനങ്ങള്‍.   അന്ന് ഏതെങ്കിലും ഒരു പെണ്‍കുട്ടി ഉത്സവ പറമ്പില്‍ വച്ച് ഒന്ന് നോക്കിയാല്‍ മതി " ജീവിതം ധന്യമായി. പ്രണയത്തിന്‍റെ സൂനങ്ങള്‍ വിടരുകയായി. കടക്കണ്ണില്‍ വിരിയുന്ന ഉറക്കചെടവില്‍ വരും വര്‍ഷങ്ങളിലേക്കുള്ള പ്രചോദനം കണ്ടിരുന്ന ഒരു തലമുറ... കല്‍വിളക്കിന്‍റെ മറവില്‍ , ആല്‍തറയുടെ അടുത്ത് ഞാന്‍ കണ്ട കണ്ണുകള്‍ നീയറിയാതെ ഉള്ളില്‍ വിരിവച്ചിരുന്നു  , കതിനാ വെടി മുഴങ്ങിയപ്പോള്‍ പേടിച്ചു ഞെട്ടിയ നീ എന്‍റെ എല്ലിച്ച കൈകളില്‍ അറിയാതെ പിടിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു...നെഞ്ച്ചകത്തെ നനുത്ത നിലാവായി..
     
           കൊച്ചു കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ ഓണത്തെ പോലെ തന്നെ ഗ്രാമത്തിലെ ആഘോഷങ്ങളും സന്തോഷ ജനകമായിരുന്നു. പുത്തെന്‍ ഉടുപ്പും വയറു നിറയെ ചോറും പിന്നെ കളിപ്പാട്ടങ്ങളും. ഊതുമ്പോള്‍ " അമ്മാവാ" എന്ന് വിളിച്ചു കൂവുന്ന ബലൂണും, കടുക് ബലൂണും , പിന്നെ പൊട്ടാസ് തോക്കും തിരി കത്തിക്കുന്ന ബോട്ടും . ഇതൊക്കെ കുഞ്ഞുങ്ങളുടെ കുഞ്ഞു സ്വപ്നങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ആയിരുന്നു. ബെന്‍ ടെന്‍ ടോയ്സും , ചൈനീസ്‌ കാറുകളും , അന്ന് പിറന്നിരുന്നില്ല. ഉത്സവങ്ങള്‍ക്ക് ബന്ധുക്കള്‍ ദൂര സ്ഥലങ്ങളില്‍  നിന്ന് പോലും വന്നിരുന്നു. രണ്ടും മൂന്നും ദിവസങ്ങള്‍ ഓരോ വീടിലും തങ്ങിയിരുന്നു. ഇന്നത്തെ പോലെ ഉച്ചയ്ക്ക് വന്നു ഉടനെ പോകുന്ന രീതി ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ബന്ധുക്കള്‍ തമ്മില്‍ നല്ല ബന്ധം ഉണ്ടായിരുന്നു. മാത്രമല്ല വല്ലപ്പോഴും കാണുന്ന മച്ചുനന്‍മാരെയും മച്ചുനത്തികളെയും കൊതി തീരെ കാണുവാനും കഴിഞ്ഞിരുന്നു. കുടുംബ കാവിന്‍റെ അകത്തളങ്ങളില്‍ നിന്നും മഞ്ചാടി കുരുവും, തൊണ്ടി പഴവും പറിച്ചു നല്‍കാമെന്ന് പറഞ്ഞു തട്ടിയെടുത്ത കുഞ്ഞു ചുംബനങ്ങളുടെ മധുരം ഇന്നും അവന്‍ ഹൃത്തില്‍ സൂക്ഷിക്കുന്നുണ്ടാകണം....

     ഇപ്പോള്‍ ഉത്സവ കാലത്ത്  വഴിയിലൂടെ വണ്ടി ഓടിക്കുവാന്‍ പേടിയാണ്. " കാള  കെട്ടാന്‍ പിരിവ്‌, ഫ്ലോട്ടിനു   പിരിവ്‌, ഉത്സവ പിരിവ്‌ വേറെ , കരവരി, സംഭാവന തുടങ്ങി രസീതിന്റെ പ്രളയം. ചില സ്ഥലങ്ങളില്‍ നിര്‍ബന്ധിത പിരിവാണ്. ഒരുതരം നോക്ക് കൂലി പോലെ. 
ഫ്ലോട്ടുകളും , ചിങ്കാരി മേളവും, കോടമ്പാക്കം മയിലാട്ടവും,  അമ്മന്‍ കുടവും, ഫാന്‍സി ഡ്രെസ്സും നമ്മുടെ ഉത്സവങ്ങളില്‍ നിറഞ്ഞാടുമ്പോള്‍
ഉത്സവങ്ങളുടെ അകകാമ്പായ ആത്മാര്‍ത്ഥത കൈമോശം വന്ന്,  പൊങ്ങച്ച സംസ്കാരത്തില്‍ വീര്‍പ്പുമുട്ടുംപോഴും മലയാളി ഉത്സവങ്ങള്‍ക്കായി കാത്തിരിക്കുന്നു . മകര കൊയ്ത്തു കഴിഞ്ഞ മനസിന്റെ ഉര്‍വരതകളിലേക്ക് ചുരമാന്തി എത്തുന്ന കിനാവ് പോലെ...



                                                                   

         

2012 ജനുവരി 25, ബുധനാഴ്‌ച

പേക്കിനാവുകളുടെ ഹിമപാതം

നിന്‍റെ പ്രണയ ശൈലങ്ങളില്‍
പേക്കിനാവുകളുടെ ഹിമപാതം 
നിന്‍റെ സ്വപ്ന വഴികളില്‍
ആശങ്കകളുടെ കുത്തൊഴുക്കുകള്‍
കൃഷ്ണ വര്‍ണം വീണ ഗുഹാമുഖം പോലെ
അശാന്തിയുടെ ചിതല്‍പ്പിടിച്ച നിന്‍റെ
പ്രണയ പര്‍വങ്ങളെ ഞാന്‍ അറിയുന്നു ...

   പറന്നുപോകുന്ന വര്‍ണതുമ്പിയുടെ
   ചിറകുകള്‍ പോലെ
   സാഗരഹൃടയത്തിലെ  സ്വപ്നേന്ദുപോലെ
   പുല്ലാഞ്ഞിപൂക്കളുടെ വന്യവശ്യതയേറും
   നിന്‍ ലതാനികുന്ജങ്ങളില്‍ തണല്‍ തേടിവന്നവന്‍
   ഇപ്പോള്‍ പ്രണയാന്ധനാണ് 
   വികല  സങ്കല്പങ്ങളുടെ രുധിരജാലകങ്ങള്‍
   തുറന്നു കിടക്കുന്നു
   വാക്കിലും വഴിയിലും നിലാവിന്‍റെ ദ്രംഷ്ടകള്‍ 
   നിനക്കായി കാത്തിരിക്കുന്നു..
   നിന്നിലെ അലിവിന്‍റെ നീര്‍തടങ്ങളില്‍ 
   പ്രണയം വിതയ്ക്കാന്‍..

 നിന്‍റെ സ്വകാര്യ ജാലകങ്ങളിലെ 
തുഷാര ബിന്ദുക്കളില്‍
സങ്കടം നിറയുന്നത് ഞാനറിയുന്നു
എങ്കിലും നിന്‍റെ ആകുലതകള്‍ 
എന്നോട് പറയരുത് 
ജീവനോടെ കുഴിച്ചു മൂടിയ
നിന്‍റെ ആത്മ ഹര്‍ഷങ്ങളുടെ പിടച്ചില്‍
എന്നെ അറിയിക്കരുത് 

കാരണം

 വേരറ്റയീ പടു പാഴ്മരത്തിന്‍ 
നിഴല്‍ കാടുകള്‍ക്കന്യമാം
സൗഹൃദ നിലാപൂക്കള്‍
നല്‍കരുതെനിക്ക്  നീ 
പകരം തരാനെനിക്കോ വെറും 
കൊടും വേനല്‍ 
കനക്കുന്ന കാമരേണുക്കള്‍ മാത്രം ..... 
  

2012 ജനുവരി 21, ശനിയാഴ്‌ച

നിലാതുമ്പിയുടെ ചിറകരിഞ്ഞതെന്തിനാണ്"

അമ്മേ നിനക്കെന്നെ കൊല്ലാന്‍ കഴിയുമോ??
കഴുത്തുറയ്ക്കാത്ത  കുഞ്ഞാറ്റക്കിളി ചോദിച്ചപ്പോള്‍
അമ്മ കിളിയുടെ ഉള്ളൊന്നു പിടഞ്ഞുകാണും 
 നെഞ്ചിന്‍ കൂടില്‍ നിന്നടര്‍ന്നു വീണ
 നൊമ്പരങ്ങള്‍ തീക്കാറ്റിന്റെ
 പ്രവേഗത്തില്‍ ആയിരിക്കാം .....

  എങ്കിലും അമ്മേ.. നീ കാച്ചെണ്ണ തേച്ചു 
  കോതിയൊതുക്കി രാജമല്ലിപ്പൂ  ചാര്‍ത്തി
  മനസ്സില്‍ നിറച്ച   ചുരുള്‍ മുടിയിഴകളെ
 കുത്തിപ്പിടിച്ചെന്‍   കരളറുക്കുവാന്‍
  നിന്‍റെ ദു:ഖങ്ങള്‍ക്ക്‌  കരുത്തുണ്ടാകുമോ ?
  കുഞ്ഞു നക്ഷത്രത്തിന്‍ കണ്ണ് ചിമ്മിയാല്‍ പോലും
  വേദന മൂടുന്ന ഭൌമ ഹൃദയത്തില്‍ കൊടും വേനലിന്‍റെ
  കനലാട്ടം തുടങ്ങിയിരിന്നോ ??

 വര്‍ണപെന്‍സിലില്‍ നീ വരച്ചുകാട്ടിയ 
 കുഞ്ഞു കഥകളില്‍ നീ പടുത്തുയര്‍ത്തിയ 
 സ്നേഹം പൊതിഞ്ഞ ചെറു പരിഭവങ്ങളില്‍
 വഴിവിട്ട കുറുംപുകളെ  വരുതിയിലാക്കിയ 
 ആകാശം മുട്ടെ നീ വളര്‍ത്തി വിട്ട
"എന്‍റെ   കിനാകുഞ്ഞുങ്ങളെ 
 ഈ പൂവാം കുരുന്നിലയിലെ 
 ത്രസിക്കുന്ന മോഹങ്ങളേ 
 നീ എനിക്കായി വിട്ടു തരുമോ "
 നിന്റെയൊരു   ചിറകൊടിഞ്ഞാലും
 നിന്നിലൊരു കടല്‍ പെരുത്ത്‌ തകര്‍ത്തു
വന്നാലുമമ്മേ ?

ചങ്കില്‍ പടരുന്ന കരിവീണ ചിന്തകള്‍ 
വാത്സല്യത്തിന്റെ അമൃത ബിന്ദുക്കളില്‍
നിസ്സഹായതുടെ കംബളം പൂഴ്ത്തിയപ്പോള്‍
അശനിപാതങ്ങളുടെ ചാവേര്‍ പ്രയോഗത്തില്‍  
ഉടഞ്ഞുപോയ പ്രാണന്റെ മറുപകുതിയിലണയുവാന്‍
വെമ്പല്‍പൂണ്ട  പെണ്‍കിളി
ആ കുഞ്ഞു സ്വപ്നങ്ങളെയും നുള്ളിയെടുത്ത്
സ്വയം ഉരുകിതീര്‍ന്നപ്പോള്‍
സ്വപ്‌നങ്ങള്‍ ചത്തുമലച്ച ആ കണ്ണുകള്‍ നനഞ്ഞിരുന്നോ ?
താലോലിച്ചു താരാട്ടുപാടിയ കൈകള്‍ വിറച്ചിരുന്നോ

എങ്കിലും
അലിവിന്‍റെ തരിയൊട്ടുമില്ലാത്ത
ശിലാ ഖണ്ധങ്ങളിലെ പരല്‍രൂപികള്‍ പോലും
അറിയാതെ ചോദിച്ചു " നീ   കുരുന്നു
നിലാതുമ്പിയുടെ  ചിറകരിഞ്ഞതെന്തിനാണ്"

















  




2012 ജനുവരി 11, ബുധനാഴ്‌ച

പ്രണയമില്ലാത്ത കവിത

മദോന്‍മത്തമായ പ്രജ്ഞയില്‍ പെരുമ്പറ നിലച്ചപ്പോള്‍
സഹജമായ സൌഹൃദത്തിന്റെ തണല്‍ വഴികളിലിരുന്നു
അവള്‍ ചോദിച്ചു
 " ഭ്രാന്ത് പിടിച്ച നിന്‍റെ കിനാചില്ലകളില്‍
കല്ലിവല്ലിയായി പടര്‍ന്നു കയറിയത് ഞാനായിരുന്നോ"?

  നിഷേധത്തിന്റെ ഫണം വിരിച്ച ചെറുമൂളല്‍ കേട്ട്
 കൂണ്‍പോലെ വിരിയുന്ന കരള്‍ പൂമൊട്ടുകള്‍ പോലും
 ഈര്‍ഷ്യയോട് മുഖം തിരിച്ചു.

       എന്നില്‍നിന്നര്‍ത്ഥബോധമില്ലാതെ    
      ചിതറിത്തെറിച്ച അക്ഷരകൂട്ടുകളില്‍ പറ്റിപിടിച്ച
      മനസിന്‍ സ്ഫടിക ചില്ലുകളെ വാരി പുണര്‍ന്നു
      പ്രണയിനി എന്നോട് മന്ത്രിച്ചു
     " കരിപിടിച്ച നിന്‍റെ പളുങ്ക് വാക്കുകളില്‍ ഞാന്‍ കണ്ട
       കണ്ണുകള്‍ ആരുടേതായിരുന്നു  "
   
      നേരിന്‍റെ കഴുത്തറുത്തു വാക്കുകള്‍ക്കു വിലങ്ങിട്ടപ്പോള്‍
      മനസ്സില്‍ വിരിവച്ചുപോയ മയില്‍‌പീലി കണ്ണുകള്‍
      വിതുമ്പികാണും ..

     നിലാവിലുറയുന്ന തുഷാരബിന്ദുകളിലും
     പോക്കുവെയില്‍ ചാമരം വീശുന്ന പഞ്ചാര
    മണലുള്ള കടലോരങ്ങളിലെ സിമന്റു ബഞ്ചുകളിലും
    ശീതികരിച്ച ശയ്യാഗൃഹങ്ങളില്‍ പൊഴിഞ്ഞ
    വിയര്‍പ്പുമണികളിലും
    പ്രണയം വഞ്ചനയുടെ മഴ പൊഴിക്കുമ്പോള്‍
    എന്‍റെ കല്പനാ മാധവങ്ങളില്‍ രതി പൂക്കള്‍
    ഉണര്‍ന്നിരിക്കുമ്പോള്‍  ... എന്‍ ജീവനേ...
    നീ ഇത് അറിയരുത്  .. കാരണം ..
   ഇത് പ്രണയമില്ലാത്തവന്റെ കവിതയാണ്...









     






  

2011 ഡിസംബർ 31, ശനിയാഴ്‌ച

ശുഭവര്‍ഷ ആശംസകള്‍

കൊഴിയാന്‍ കാത്തിരിക്കുന്ന ബ്ലീഡിംഗ് ഹാര്‍ട്ടിന്റെ
കവിളില്‍ കാറ്റൊരു മധുര മുത്തം നല്‍കിയപ്പോള്‍
പ്രണയിച്ചു തീരാത്ത നാളുകളെയോര്‍ത്തു
പതിനൊന്നു പന്ത്രണ്ടിനോട് പറഞ്ഞു..
" ഇനി നിന്‍റെ ഊഴം "

കുതൂഹല നിര്‍ഭരമായ മനസ്സില്‍ പ്രതീക്ഷയുടെ
വര്‍ണ രാജികള്‍  തീര്‍ത്തു
പന്ത്രണ്ടു മൊഴിഞ്ഞു " നീ സുന്ദരിയായിരുന്നു"

തീര്‍ത്തും ... അവള്‍ സുന്ദരിയായിരുന്നു...
എന്നെ സംബന്ധിച്ചിടത്തോളം
അപക്വമായ എന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍
മന്ദാര മലരുകള്‍ വിരിഞ്ഞ നാളുകള്‍...
കാമനകളുടെ വേലിയേറ്റങ്ങളില്‍
സൌഹൃദങ്ങളുടെ പടയോരുക്കങ്ങളില്‍
നീ ശാന്തയായിരുന്നു..
ആകുലതകള്‍ കുലം കുത്തി ഒഴുകിയപ്പോഴും
ഏഷണികള്‍ ഫണം വിരിച്ചപ്പോഴും
പ്രകോപനങ്ങളില്‍ വശം വദയാകതെയും
നീ ഞങ്ങളെ kathathinu നന്ദി...

ഇനി പന്ത്രണ്ടിന്റെ ഊഴം...
ഞങ്ങളെ കാത്തു  കൊള്ളുക..
നിന്നില്‍ വിശ്വാസം അര്‍പിച്ചു ഞാന്‍ നേരട്ടെ
ശുഭ വര്‍ഷ ആശംസകള്‍









2011 ഡിസംബർ 29, വ്യാഴാഴ്‌ച

സ്വപ്നത്തിലെ സൌഹൃദം

ഒരു ശിശിര കാല സൌഹൃദം
പ്രണയ പങ്കിലമായ എന്‍റെ കുടില ചിന്തകളില്‍
സ്വാര്‍ത്ഥമായ സ്വപ്നങ്ങള്‍ക്കിടം ചികഞ്ഞപ്പോള്‍
ഞാനെന്നെ മറക്കുകയായിരുന്നു... മാപ്പ്

  മനസ് നിറയുന്ന കുത്തികുറിപ്പുകളില്‍
  വെറി പൂണ്ട എന്‍റെ കഴുകന്‍ കണ്ണുകള്‍
  മാംസത്തിന്റെ ഹരം മണത്തപ്പോള്‍
 ഞാനെന്നെ മറക്കുകായിരുന്നു..

  അകം പുകയുന്നെന്‍  മനസ്സില്‍ വീണ നിന്‍
 ചിനുചിനായുള്ള ചിരി പരലതില്‍
 വിഷം കലര്‍ത്തി ഞാന്‍ മദിച്ചു നിന്നപ്പോള്‍
 ഞാനെല്ലാം മറക്കുകായിരുന്നു...

  അപ്പോഴും സൌഹൃദത്തിന്റെ വെള്ളിതേരില്‍
 നിന്നവള്‍ എന്നെ പ്രതിരോധിക്കുന്നടയിരുന്നു...
 ഉടഞ്ഞുപോയേക്കാവുന്ന ഈ സ്ഫടിക പാത്രത്തെ ഓര്‍ത്തു
 സങ്കടപെടുകയായിരുന്നു ...
 ഞാനാ കണ്ണുകളെ കുറിച്ച് വാചാലനായപ്പോള്‍
 പറക്ക മുറ്റാത്ത ഞാന്‍ സൃഷ്‌ടിച്ച തൂവാനതുമ്പികളുടെ
കണ്ണുകളെ അവള്‍ എനിക്കുക്കാട്ടി തന്നു...
ആഘോഷ തിമിര്‍പ്പുകള്‍ നിലച്ച നേരത്ത്
ലഹരിയുടെ കാഹളങ്ങള്‍ തളര്ച്ചകള്‍ക്ക്
തല കുനിച്ചപ്പോള്‍
ഞാനറിയുന്നു... ഞാന്‍ മറന്നുപോയ
എന്നെ..എന്നെ ഞാനാക്കി നില നിര്‍ത്തിയ നിന്നെ.. നന്ദി
നീ എനിക്ക് ജീവനാണ്....