2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

ഓണസദ്യ

 കള്ള    കര്‍ക്കിടകത്തിന്റെ  കാര്‍മേഘങ്ങള്‍  ഒഴിഞ്ഞു  പൊന്‍വെയില്‍  പരക്കുന്ന   ചിങ്ങമാസം സ്വപ്നം കാണുന്ന കൈരളി... നഷ്ട സ്മൃതികളുടെ കാഹളമൂതി  ഓണതേരില്‍ എഴുന്നെള്ളുന്ന ഓണത്തപ്പനെ എതിരേല്ക്കുവാന്‍ കേരള ജനത വെമ്പല്‍ കൊള്ളുന്ന ഓണമാസം... വറുതികളുടെയും   വിഷമതകളുടെയും   പേമാരിക്കൊടുവില്‍    നന്മയുടെയും സമൃദ്ധിയുടെയും  വസന്തകാലം വിളിച്ചറിയിക്കുന്ന പൂക്കാലം... കൈക്കുടന്നയിലെ നിലാവുപോലെ നമ്മളറിയാത്ത മനോഹര സ്വപ്നം ... കാലവും കോലവും മാറിയിട്ടും മനസിന്റെ അകകാമ്പുകളില്‍ തളിരിടുന്ന കുട്ടിത്തം ....ഊഞ്ഞാലും ഊഞ്ഞാല്‍ പാട്ടുകളും മനസിന്‍റെ പടി കടന്നു പോയ  ഗവേഷണ വിഷയങ്ങള്‍ മാത്രമാകുമ്പോള്‍ , പൂവിളിയിലും പൂക്കളത്തിലും സ്പര്‍ദ്ധയുടെ വിഷ രേണുക്കളെ ചികഞ്ഞെടുക്കുമ്പോള്‍ , തട്ടിപ്പുകളുടെ സ്വന്തം നാട്ടിലേക്കു വീണ്ടും മഹാബലി തിരുമേനി എത്തുന്ന പുണ്യകാലം ..

  അതെ ,  ഇവിടെ പുലരിക്കിപ്പോള്‍ പുതിയ പ്രതീക്ഷകളും സന്ധ്യക്കിപ്പോള്‍ പുതിയ വര്‍ണങ്ങളും ആണ്... നാടിനൊപ്പം നാട്ടാര്‍ക്കൊപ്പം ഓണവും മാറിയിരിക്കുന്നു... അതൊന്നു കാര്യമാക്കാതെ കുതൂഹല നിര്‍ഭരമായ എന്റെ മനസ്സ് വളരെ പുറകോട്ടു ഓടി പോകുന്നു.... ഇന്നത്തെ പോലെ ഓണം എന്ന് പറഞ്ഞാല്‍  പാര്‍ട്ടിയും ടൂറും സിനിമയും ഒന്നും അല്ലായിരുന്നു അന്ന്... സത്യം പറഞ്ഞാല്‍ വയര്‍ നിറയെ ചോര്‍ഉണ്ണാന്‍  കഴിയുന്ന നല്ല സമയം .. പൊട്ടന്‍  കരുണാകരന്‍റെ  ഭാഷയില്‍ പറഞ്ഞാല്‍ " വയറ്റിലെ കൃമി അടങ്ങി ആഹാരം കഴിക്കുന്ന ദിവസം " 360  ദിവസം ചീനിയും ചക്കയും  ഒക്കെ  തിന്നു മടുത്തിട്ട് വയറു നിറയെ തൂശനിലയില്‍ ചോറ് കഴിക്കുന്ന ദിവസം ( അക്കാലത്തു ഞങ്ങളെ പോലെ പാവങ്ങള്‍ക്ക് ചോറ് ഒരു ആഡംബരം ആയിരുന്നു...  ഒരു പിഞ്ഞാണം  നിറയെ ചക്കയോ ചീനിയോ വിളമ്പിയിട്ടു അതിന്‍റെ സൈഡില്‍  അല്പം ചോറ് തോരന്‍ (ഉപ്പേരി എന്ന് ചിലര്‍ ) വിളമ്പുന്നത് പോലെ വിളമ്പും ) അതുകൊണ്ട് തന്നെ ഞങ്ങളുടെ നാട്ടില്‍ ഒരു പഴം ചൊല്ലുണ്ട്

 " ഓണം ഉണ്ട  വയറേ  ഇനി  ചൂളം പാടുക നീയും " 

 എന്‍റെ പ്രൈമറി ക്ലാസ്സുകളുടെ കാലഘട്ടത്തിലെതോ കടന്നുപോയ ഒരു ഓണക്കാലം .. വഞ്ഞിപ്പുഴ മഠത്തിലെ മാളികയുടെ മുന്‍പില്‍ വലിയ ഒരു പുളിമരം ഉണ്ടായിരുന്നു..  വളരെ ഉയരത്തില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വലിയ  പുളിമരം.. അത്രയും ചുറ്റു വണ്ണം ഉള്ള പുളിമരം വേറെ എങ്ങും കണ്ടിട്ടില്ല.. (ഇന്ന് ആ പുളിയും മാളികയും ഒക്കെ ഓര്‍മ്മകള്‍ മാത്രം) ആ മരത്തിന്റെ ഉയരമുള്ള ചില്ലയില്‍ ചുണ്ണാമ്പു വള്ളിയില്‍ ( ഒരുതരം കാട്ടു വള്ളി) ഉപയോഗിച്ച്  ഇട്ടിരിക്കുന്ന വലിയ ഊഞ്ഞാലില്‍ ചുവട്ടില്‍ ഞങ്ങളുടെ പ്രദേശത്തെ പിള്ളാര്‌ സെറ്റെല്ലാം ഉണ്ടായിരുന്നു.. പാട്ടും കൂത്തും തുമ്പിതുള്ളലും , കുറ്റിയും പന്തും കളിയും , ഓലഞ്ഞാലി കളിയും ഒക്കെ നടന്നു കൊണ്ടേയിരുന്നു..  ഊഞ്ഞാലില്‍ ചില്ലിആട്ടം ( എഴുനേറ്റു നിന്നുള്ള ആട്ടം ) പറന്നു ഉയരത്തിലുള്ള കൊമ്പിലെ ഇല പറിക്കാന്‍ വലിയ അണ്ണന്‍മാരും ചേച്ചി മാരും മത്സരിച്ചു..  ഊഞ്ഞാലില്‍ ആടുമ്പോള്‍ ആക്കം കിട്ടാന്‍ മറ്റുള്ളവര്‍ സഹായിക്കുന്ന ഒരു പ്രയോഗമാണ്  ഉണ്ടയിഡീല്‍...  ഊഞ്ഞാലിന്റെ കമ്പില്‍ ആള്‍ ഇരുന്നു കഴിഞ്ഞാല്‍ ഒരാള്‍ പിറകില്‍ വന്നു കമ്പില്‍ പിടിച്ചു ഉയര്‍ത്തി അധി വേഗം ഓടി തലയ്ക്കു മുകളിലൂടെ ഊഞ്ഞാലിനെ തള്ളി വിടുന്നു.. ഇതാണ് ഉണ്ടയിടീല്‍ എന്ന്  എന്റെ നാട്ടില്‍ അറിയപെടുന്നത്.. ഈ ഉണ്ട ഇടീലിലും ചില ചുറ്റി കളികള്‍ ഉള്ളതായി വളര്‍ന്നപ്പോള്‍ ആണ് മനസിലായത്.. പത്തില്‍ പഠിക്കുന്ന പുഷ്പയെ ആനന്ദന്‍ ചേട്ടന്‍ ഊഞ്ഞാലില്‍ നിന്നും തള്ളിയിട്ടതിന് പുഷ്പ ചേച്ചിയുടെ അമ്മ സുമതികുട്ടി  ആനന്ദന്‍ ചേട്ടനെ ചീത്ത വിളിച്ചു.. ഉണ്ടായിട്ടത് കൊണ്ടല്ല ചന്തിക്ക് പിടിച്ചപ്പോള്‍ ഇക്കിളി എടുത്താണ്   പുഷ്പ വീണതെന്ന് പറഞ്ഞു അവര്‍ കലിതുള്ളി.. അതെ സമയം ഒരു ഭാഗത്ത്‌ ഓലഞ്ഞാലി കളി പെണ്‍കുട്ടികള്‍ തുടങ്ങി..
      " ഓലാം  ഞാലിയെ തരുമോടി ..... ചുണ ഉണ്ടെങ്കില്‍ കൊണ്ടുപോടി " 
                        താളാത്മകമായ പാട്ടുകള്‍ ഓണത്തിന് മിഴിവേകി പരന്നു.. 

ഓണം വന്നാലും സംക്രാന്തി വന്നാലും നാട്ടിലെ കുടിയന്‍ മാര്‍ക്ക് പ്രത്യേകത ഇല്ലായിരുന്നു.. അവര്‍ക്ക് എന്നും ഓണം ആയിരുന്നു .. കരുപ്പോട്ടി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒരു സംഘം കുടിയന്‍ മാര്‍ ഓണപ്പാട്ട് പാടി അത് വഴി വന്നു.. ഊഞ്ഞാലിന്‍ ചുവട്ടില്‍ എത്തിയപ്പോള്‍ താത്വിക ശിരോമണി കൃഷ്ണപിള്ള ഇങ്ങനെ പാടി 
 " മാവേലി നാട് വാണിടും കാലം 
മനുഷ്യരെല്ലാരും ഒന്നുപോലെ 
കള്ളവുമില്ല ചതിവുമില്ല 
എള്ളോളം ഇല്ല പൊളി വചനം 
കള്ളപ്പറയും ചെറുനാഴിയും 
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല 
..... സത്യമോ കള്ളമോ ആര്‍ക്കറിയാം "   ( കൃഷ്ണപിള്ളയുടെ വരികള്‍ )... കുടിയന്റെ മനസിലെ തെളിഞ്ഞ ചിന്തകള്‍ തന്ന നാല് വാക്കുകളുടെ  അര്‍ത്ഥ വ്യാപ്തി ഇപ്പോള്‍ എനിക്ക് മനസിലാകുന്നു..

  ഞങ്ങള്‍ കുട്ടികളുടെ ശ്രദ്ധ അവരവരുടെ വീട്ടിലേക്കായിരുന്നു.. അക്കാലത്തു തിരുവോണ സദ്യ പതിനൊന്നു മണിക്കകം നടക്കുമായിരുന്നു.... പപ്പടത്തിന്റെയും പരിപ്പിന്റെയും സാമ്പാറിന്റെയും മണം മൂക്കിലേക്ക് ഇരച്ചു കയറി.. അമ്മ വിളിക്കുന്ന ശബ്ദത്തിനു വേണ്ടി ഓരോ കുഞ്ഞും കാതോര്‍ത്തിരുന്നു.. അങ്ങനെ ആ ശുഭ മുഹൂര്‍ത്തം വന്നെത്തി... എടാ..... വാടാ ... പിന്നെ എല്ലാവരും വാണം വിട്ടപോലെ ഓടി.. ഞാനും .. 

      തിരുവോണ സദ്യ വിളമ്പുന്നതിന് മുന്‍പ് എല്ലാ വീട്ടിലും ഒരു ചടങ്ങ് ഉണ്ടായിരുന്നു.. മൂന്നു തൂശനിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പി , അതിനു മുന്‍പില്‍ വിളക്ക് കത്തിച്ചു വച്ച് കതകടച്ചു അഞ്ചു മിനിട്ട് മാറി നിന്ന് പ്രാര്‍ത്ഥിക്കും ..  വീട്ടില്‍ അച്ഛന്‍ മൂന്നു തൂശന്‍   ഇലയില്‍   ചോറും കറികളും വിളമ്പി ... വിളക്ക് കത്തിച്ചു.. എന്‍റെ സംശയത്തില്‍ നിന്നും ഒരു ചോദ്യം ഉയര്‍ന്നു... അച്ഛാ  എന്തിനാണ് ഈ മൂന്നില... അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു... നടുക്കലത്തെ ഇല മാവേലി തമ്പുരാന്... ഇടതു വശത്ത് ദേവതമാര്‍... വലതു വശത്ത് അപ്പൂപ്പന് ( പിതൃക്കള്‍ ) ഇനി എല്ലാവരും പുറത്തു നില്‍ക്കണം .. അച്ഛനും അമ്മയും ഞാനും പെങ്ങളും ഒക്കെ ഞങ്ങളുടെ ചെറ്റ പുരയ്ക്ക് പുറത്തിറങ്ങി.. 

" എല്ലാവരും വന്നു കഴിച്ചു അനുഗ്രഹിക്കണം "  എന്ന് പറഞ്ഞു അച്ഛന്‍ ചെറ്റ കൊണ്ടുള്ള കതകു ചേര്‍ത്തടച്ചു... ഈ ചോറ് എല്ലാം ദൈവങ്ങള്‍ കഴിച്ചാല്‍ ഞങ്ങള്‍ക്ക് എന്ത് കിട്ടും ?? ഞാനും പെങ്ങളും പരസ്പരം നോക്കി.
 അച്ഛാ മാവേലി വരുമോ ?? അച്ഛന്‍ കണ്ടിടുണ്ടോ ?? എന്റെ ബുദ്ധി ഉറക്കാത്ത ചോദ്യങ്ങള്‍ അച്ഛന്‍ ഒരു നോട്ടം കൊണ്ട് നേരിട്ടു....   അകത്തോട്ടു നോക്കരുത്... അച്ഛന്‍ കല്പിച്ചു..
ദൈവമേ ഇതെന്തു പരീക്ഷണം ?? ഇനി എത്ര നേരം നില്‍ക്കണം ?? ഞാന്‍ എല്ലാവരെയും പ്രാകി .. ഒരിക്കലും കാണാത്ത എന്‍റെ അച്ഛന്റെ അച്ഛനെയും .. സമയം ഇഴഞ്ഞു നീങ്ങി.. ഒളിഞ്ഞു വീശിയ തെക്കന്‍ കാറ്റിന്റെ മടിയില്‍ പുളിശേരിയുടെ ഗന്ധം... സര്‍വ ശക്തനായ സൂര്യ ദേവന്റെ കിരണങ്ങള്‍ ചെറ്റമറ ഭേദിച്ച്  അകത്തേക്ക് പോകുന്നത് ഞാന്‍ കണ്ടു.. ഒരു നിമിഷത്തേക്ക് ആ സുവര്‍ണ വെളിച്ചം ആയിരുന്നെങ്കില്‍ .. ഞാന്‍ മോഹിച്ചു പോയി... അച്ഛന്‍ അങ്ങേലെ പരമു പിള്ളയോട് കാര്യം പറയുന്ന തിരക്കിലാണ്.. മാവേലി തമ്പുരാനേ കാണുവാന്‍ ഉള്ള എന്‍റെ മോഹങ്ങള്‍ ... ഞാന്‍ ഏതോ ശക്തിയുടെ പ്രേരണയാല്‍ ആരും കാണാതെ ചെറ്റ മറയിലൂടെ എത്തി നോക്കി... ഓലക്കിടയിലൂടെ അരിച്ചിറങ്ങുന്ന വര്‍ണ രാജികള്‍ മാവേലി തമ്പുരാന്‍റെ ഇലയില്‍ ഒരു ദൈവിക പ്രഭ ചാര്‍ത്തി... എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല..ഓലമറക്കിടയിലൂടെ  ഊഴ്ന്നിറങ്ങുന്ന   പിതൃവിനെ   നോക്കി    ഞാന്‍ ഉറക്കെ വിളിച്ചു  ചോദിച്ചു " അച്ഛാ, അച്ഛന്‍റച്ഛന്   വാലുണ്ടോ അച്ഛാ " ഏതായാലും അന്നുമുതല്‍ തട്ടാര് വീട്ടിലെ " കോന്നന്‍" എന്നാ പട്ടി ഞങ്ങളുടെ കുടുംബ ശത്രുവായി... 


2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

"കല്യാണിയമ്മയുടെ റെഡ് അലെര്‍ട്ട്"

ഇതൊരു പാവം പട്ടാളക്കാരന്‍റെ കഥയാണ്..   യൌവ്വനവും സ്വപ്നങ്ങളും ബന്ധങ്ങളും  ഒക്കെ മാതൃഭൂമി ക്കുവേണ്ടി ഹോമിച്ച ഒരു സാധാരണ ഹവില്‍ദാര്‍.. എന്റെ  പ്രിയ സുഹൃത്താണ്‌  വിക്രമന്‍... സ്വന്തം പിതാവിന്‍റെ സമ്മത  പത്രം  വാങ്ങി  പതിനേഴാം  വയസില്‍  ഇന്ത്യന്‍  ആര്‍മിയില്‍  ജോലിക്ക് പ്രവേശിച്ച എന്‍റെ പൊന്നു കൂട്ടുകാരന്‍...  ആളു റാങ്കില്‍  ശിപായി  ആയിരുന്നുവെങ്കിലും  നാട്ടില്‍ "ദേവേദാര്‍"എന്ന ഓമന പ്പേരില്‍ അറിയപെട്ടിരുന്ന നാട്ടുമ്പുറത്ത് കാരന്‍...  ഈ "ദേവേദാര്‍"  എന്ന് പറയുന്നത് ഇന്ത്യന്‍ ആര്‍മിയിലെ ഒരു റാങ്ക് ആയി തെറ്റിദ്ധരിക്കരുത് ... എന്നാല്‍ അങ്ങനെ തന്നെയാണ്   എന്‍റെ നാട്ടിലെ  ചില അമ്മുമ്മ മാരും അപ്പുപ്പന്‍ മാരും വിചാരിച്ചിരിക്കുന്നത്... അതിനു കാരണം എന്‍റെ പ്രിയ സുഹൃത്തിന്‍റെ മാതാശ്രീ "ഓന്ത് കല്യാണി " എന്ന് നാട്ടില്‍ അറിയപ്പെട്ടിരുന്ന കല്യാണി അമ്മയാണ്... സ്നേഹ  നിധിയാണ്‌  കല്യാണി അമ്മ .. പക്ഷെ ഓന്തിന്റെ പോലെയാണ് അവരുടെ നിറം മാറുന്നത്... ദേഷ്യം വന്നാല്‍ ആരെയും   പുളിച്ച  തെറി  പറഞ്ഞു  കൊല്ലുന്ന പാവം തള്ള .. അതിനാല്‍  ആരും  തന്നെ  അവര്‍  പറയുന്നതിനെ  എതിര്‍ക്കാന്‍  പോകാറില്ല ... മകന്  ജോലി  കിട്ടി  കഴിഞ്ഞപ്പോള്‍  അവര്‍ക്ക്  അല്പം  ഗമ  ഒക്കെ  വന്നു  ... പട്ടാള ക്കാരന്റെ  അമ്മയല്ലേ ... അങ്ങനെ  സിക്കിമിലെ  പല  കഥകളും  കല്യാണി  അമ്മ  നാട്ടുകാര്‍ക്ക്‌  പറഞ്ഞു കൊടുത്തു  വിക്രമന്റെ പോസ്റ്റിങ്ങ്‌ സിക്കിമിലായിരുന്നു..   .... അങ്ങനെയാണ്    മകന്‍   ചൈന   പട്ടാളക്കാരെ   ഓണത്തിന്   കിളിതട്ടു   കളിയില്‍   തോല്‍പിച്ചതും   ,  "ദേവേദാര്‍"   സാബിന്‍റെ  ജീവന്‍  കാട്ട് പന്നികളില്‍  നിന്നും  രക്ഷിച്ചതിന്  അദ്ദേഹത്തിന്റെ പ്രിയ പെട്ടവനായതും .. ഇതില്‍  സംപ്രീതനായ   "ദേവേദാര്‍"   സാബ്  വടക്കേ വീട്ടിലെ റേഷന്‍  കട  കുട്ടന്‍  പിള്ളയുടെ  വീട്ടില്‍  ടെലിഫോണ്‍  ചെയ്തു   കൃഷ്ണപിള്ളയെയും  ( വിക്രമന്റെ  അച്ഛന്‍ ) കല്യാണ  അമ്മയെയും  വിളിച്ചു  "  വിക്രം കീ    മാതാ   ശ്രീ   നമഷ്ക്കാര്‍   " എന്ന്   പറഞ്ഞു  ഹിന്ദിയില്‍   വീര  മാതാവിനെ  അഭിനന്ദിച്ചതും  ഒക്കെ      കല്യാണി  അമ്മ  പാടി  പറഞ്ഞു നടന്നു  .. ( "സുബേദാര്‍ സാബ്  "എന്നത്  പറഞ്ഞു വന്നപ്പോള്‍  ആ പാവത്തിന്  "ദേവേദാര്‍"  എന്നായി  പോയി ) മകനും  ഉടനെ  "ദേവേദാര്‍"  ആകും  എന്നും  അവര്‍  പറഞ്ഞു നടന്നു... എന്നാല്‍  നാട്ടിലെ  ചില   പരിഷ്കാരികള്‍  ഈ  അക്ഷര  തെറ്റിനെ  ഒരു  ആഘോഷമാക്കി .... അങ്ങനെ  പാവം  വിക്രമന്  "ദേവേദാര്‍ വിക്രമന്‍" എന്ന  പേരും  വീണു ...  

   വയസു കുറെ ഉണ്ടെങ്കിലും   വിക്രമന് പിള്ളാരുടെ സ്വഭാവമാണ്. പട്ടാളത്തില്‍ ചേര്‍ന്നതിനു ശേഷം ബുദ്ധി വളര്‍ന്നിട്ടില്ല എന്ന് ചില കുബുദ്ധികള്‍ പറഞ്ഞു നടന്നു.. പട്ടാളത്തിലെ "കടുക്കാ വെള്ളവും കാലാ ദാലും " കുടിച്ചാല്‍ ഇപ്രകാരം സംഭവിക്കുമെന്ന് ചില പഴയ  പട്ടാളക്കാര്‍  പറഞ്ഞു കേട്ടിട്ടുണ്ട്. പുരുഷന്‍മാരുടെ വാസനപരമായ   വികൃതികളെ   നിയന്ത്രിക്കുവാന്‍  പട്ടാളക്കാര്‍ക്ക് കടുക്ക വെള്ളം കൊടുക്കുമെന്നും, കടുക്കാ വെള്ളം കുടിച്ചിട്ടും താന്‍ ഒരു പന്തയ കുതിരയെ പോലെ യന്ത്ര തോക്കുമായി പാക്കിസ്ഥാന്‍ കാരെ വെടിവിച്ചതും ഒക്കെ ഒരു  പഴയ ശിപായി ആയ രാഘവന്‍  നായര്‍ വീര വാദം മുഴക്കിയത് ഞാനും കേട്ടിട്ടുണ്ട്‌.. ചുരുക്കം പറഞ്ഞാല്‍ നാട്ടിലെ മാറ്റങ്ങളോ വേലത്തരങ്ങളോ      ഉഡായിപ്പുകളോ   തിരിച്ചറിയാന്‍     കഴിയാതെ പോയ ഒരു പാവം     സൈനികന്‍..  ഓരോ   ലീവിന്  വിക്രമന്‍  വരുമ്പോഴും  നാട്ടിലെ  ചിലര്‍ക്ക്  ആഘോഷമാണ് ... രണ്ടു  മാസത്തെ  അഡ്വാന്‍സ്‌  ശമ്പളവും   മേമ്പടിക്ക്  ഒരു പ്രോവിടെന്റ്റ്  ഫണ്ട്‌  ലോണും   ചേര്‍ത്ത്  കുറെ  പൈസയും   ഒരു പെട്ടി  റമ്മും  കുറെ സോപ്പും   തേയിലയും  ആയി   അറുപതു  ദിവസം  छुट्टी  അടിച്ചു  വരുമ്പോള്‍  നാട്ടില്‍   ഉത്സവമാണ്..  വൈകുന്നേരങ്ങളില്‍  വിക്രമന്റെ  കൂടെ  ഒരു  പട  തന്നെ  കാണും .. വിക്രമന്‍  മുറുക്കി  തുപ്പി  തലയില്‍  ഒരു വട്ട  കെട്ടും  കെട്ടി  മുണ്ട്  മടക്കി  കുത്തി  പട്ടാള  കഥകളുടെ  കെട്ടഴിച്ചു  വിടും  ... ദിവസങ്ങള്‍   കഴിയും  തോറും   , അതായതു   കാശും   കുപ്പികളും   കുറയുന്നതനുസരിച്ചു  ആള്‍ക്കാര്‍     കൊഴിഞ്ഞു   പോയ്കൊണ്ടിരിക്കും  .. എന്നാല്‍ എന്നും  എപ്പോഴും  സുഖത്തിലും ദുഖത്തിലും വിക്രമന്‍  ചേകവര്‍ക്ക്  തുണ  പോയിരുന്നത്  ഞാന്‍  മാത്രം ..  സാധാരണ  ഗതിയില്‍   ഓണ  സമയത്താണ് വിക്രമന്‍ അവധിക്കു   വരുന്നത്  .. .  അങ്ങനെ ഒരു  ഓണക്കാലത്ത് "  "ദേവേദാര്‍ വിക്രമന്‍" നാട്ടിലെത്തി ..

    വിക്രമന്റെ കൂട്ടുകാര്‍ വിക്രമനെ കാണാന്‍ എത്തി.. ആ കാലത്ത് ഇത് പോലെ "ബിവറേജ് കടകള്‍ "  ഇല്ലായിരുന്നു. . ഇങ്ങനെ യുള്ള ചില കൂട്ടുകാര്‍ പട്ടാളത്തില്‍ ഉണ്ടായിരുന്നത് കൊണ്ട്" ഫോറിന്‍ മണക്കുവാന്‍ " സൌഭാഗ്യം സിദ്ധിച്ചവര്‍... മകന്‍ കൊണ്ടു വന്ന സോപ്പും തേയിലയും ഒക്കെ ഇത്തിരി പൊതികളിലാക്കി കല്യാണി അമ്മ അയല്‍ക്കാര്‍ക്ക് കൊടുത്തു... കൂട്ടത്തില്‍ അസം തേയിലയും ഡാര്‍ജീലിംഗ് തേയിലയും തമ്മിലുള്ള വ്യത്യാസം അയല്‍പക്കത്തെ അസൂയക്കാര്‍ക്ക് കല്യാണി അമ്മ മനസിലാക്കി കൊടുത്തു...  ഓണമടുത്തു വരികയാണ്‌... വീടെല്ലാം ഒന്ന് ചെത്തി വാരണമെന്ന് കല്യാണി അമ്മ കുറെ ദിവസമായി പറയുകയാണ്.. വിക്രമന്റെ അച്ഛനും അമ്മയും പെങ്ങളുടെ വീട്ടിലേക്കു പോയ ദിവസം നോക്കി വിക്രമന്‍ ഒരാളെ  വിളിച്ചു... വീടും പരിസരവും ചെത്തി വൃത്തിയാക്കി പിന്നെ അല്‍പ സ്വല്പ പണികളും.. അങ്ങനെ യാണ് " ബിംബം ശശി " പണിക്കായി എത്തിയത്.. ഓരോ ചലനങ്ങളും ഒരു യന്ത്ര മനുഷ്യനെ പോലെ ആയിരുന്നു ശശിയുടേത് .. ഇപ്പോള്‍ ആയിരുന്നെങ്കില്‍ "റോബോട്ട് വിത്ത് എ ബീഡി" എന്ന് തന്നെ ആള്‍ക്കാര്‍ വിളിച്ചേനെ... കുന്താലിയും തൂമ്പയും ഒരു നിശ്ചിത ശക്തിയില്‍ മാത്രമേ അദ്ദേഹം ഉപയോഗിക്കൂ ..മണ്ണിനു വേദനിച്ചാലോ എന്ന ഭയം പിന്നെ തുരു തുരാ ബീഡി വലി.. ..രാവിലെ എട്ടു മണി ആയപ്പോള്‍ ശശിയും ഞാനും വിക്രമന്റെ വീട്ടില്‍ എത്തി.. വിക്രമന്റെ അമ്മ ഇല്ലാത്തതിനാല്‍ ഒന്ന് കൂടാന്‍ തന്നെ ആയിരുന്നു ഞങ്ങളുടെ പ്ലാന്‍.. ബിംബം മുറ്റവും ഒക്കെ ചെത്തി വാരി കൊണ്ടിരുന്നപ്പോള്‍ അകത്തു വിക്രമന്‍  ഒരു " പഴയ സന്യാസിയുടെ" കഴുത്ത് ഞെരിച്ചു.. അങ്ങനെ സമയം അര മണിക്കൂര്‍ ആയപ്പോള്‍ വിക്രമന്‍ " രെജിമ്ന്റ്റ്‌ കഥകള്‍ക്ക് " തിരി കൊളുത്തി... സിക്കിമിലും അസ്സമിലും  നാഥുല ചുരത്തിലും  ഞാന്‍ മനസ് തുറന്നു ഫ്രീ ആയി സഞ്ചരിച്ചു.. പെട്ടെന്ന് ജനലിനടുത്തു ഒരു തല അനക്കം .. ശശി ഒരു വളിച്ച ചിരിയോടെ .. " വൈകിട്ട് കാണാം കൊച്ചാട്ട "  വിക്രമന്‍ പറഞ്ഞു... ശശി പോയില്ല.. അവിടെ തന്നെ നിന്നു.. മീന്‍ കൊട്ടയ്ക്ക് വലതു വയ്ക്കുന്ന പൂച്ചയെ പോലെ പതുങ്ങി നിന്നു " ഇച്ചിരി മതി " . ശത്രുവിനോട് പോലും കാരുണ്യം കാണിക്കുന്ന വിക്രമനിലെ ധീര യോദ്ധാവ് ഉണര്‍ന്നു.. ഒരു ഗ്ലാസില്‍ കുറച്ചു " നികുതി അടക്കാത്ത ചുമന്ന ദ്രാവകം " ശശിക്ക് നല്‍കി.. അമൃത് പോലെ ശശി അത് വാങ്ങി .. പിന്നെയും ശശി ജോലി തുടങ്ങി..  എന്‍റെ  കാതുകളില്‍ വീണ്ടും സിക്കിമിലെ മൂടല്‍ മഞ്ഞും ചൂളം തള്ളുന്ന കാറ്റും വിക്രമന്‍ തള്ളി നിറച്ചു.. ഭാഗ്യം വീണ്ടും ജനാലക്കല്‍ ഒരു നിഴല്‍ .. ശശി.. വീണ്ടും ഗ്ലാസ്‌ നിറഞ്ഞു .. ശശി ഹാപ്പി .. വിക്രമനും ഞാനും മുറ്റത്തിറങ്ങി..  ശശി ഇമോഷണല്‍ ആയി . വിക്രമനെ കെട്ടി പിടിച്ചു.. മോനെ നീയാണ് സ്നേഹമുള്ളവന്‍ ..." " "കൊച്ചാട്ട "  വിക്രമന്‍ വിതുമ്പി തുടങ്ങി,..  ഒരു പട്ടാളക്കാരന്‍ കരയുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു.
" കൊച്ചട്ടനറിയാമോ എന്ത് പാട് പെട്ടാണ് ഇപ്പോള്‍ छुट्टी  കിട്ടിയത് .. " അച്ഛന്റെ  താറും എന്റെ കരച്ചിലും  കണ്ടപ്പോള്‍ ആണ് സാബ് छुट्टी   തന്നത് " വിക്രമന്‍ പറഞ്ഞു നിര്‍ത്തി . "
 അതിനു നിന്റെ അച്ഛന്‍ " പാളക്കരയന്‍ നിക്കര്‍ അല്ലെ  ഇടുന്നത് " " അങ്ങേര്‍ താറും ഉടുക്കുമോ ??? ഞാന്‍ അറിയാതെ ചോദിച്ചു."  അരെ സാലെ , താര്‍ എന്ന് പറഞ്ഞാല്‍ കമ്പി .. ടെലെഗ്രാം അടിച്ചാണ് ലീവിന് വന്നത്..
. ഓ .. ശരി ഞാന്‍ പറഞ്ഞു നിര്‍ത്തി.. ഈ സമയം വിക്രമന്‍ കുന്താലി കൈയില്‍ എടുത്തു.. കൊച്ചാട്ട ,  ട്രെന്ച് (Trench  ) കുഴിക്കുവാന്‍ ഈ വെട്ടൊന്നും പോരാ.. ദാ , ഇങ്ങനെ വെട്ടിയാല്‍ പത്തു മിനിറ്റില്‍ നാലു അടി ട്രെന്ച്  റെഡി.. വിക്രമന്‍  മസില്‍ പെരുപ്പിച്ചു  മുറ്റത്ത്‌ ആഞ്ഞു വെട്ടി..
 ക്ണിം വെള്ളം ചീറ്റി തെറിച്ചു.. പൊട്ടിയത്  പൈപ്പാണ് .. കോയി ബാത്ത് നഹി ...
വിക്രമന്‍ എല്ലാം ശരിയാക്കാം എന്ന് ഏറ്റു..ഏതു പ്രതി സന്ധിയും തരണം ചെയ്യും എന്ന് പറഞ്ഞ  ഫൌജിയുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമം.. " ഈ സമയത്ത് ഞങ്ങള്‍ കാണാതെ ശശി അകത്തു കടന്നു" ഒരു 90 ന്‍റെ  ഫ്ലെക്സി ചെയ്തു " .. കല്യാണി അമ്മ വരുന്നതിനു മുന്‍പ് എല്ലാം ശരി ആക്കണം എന്നാ ചിന്തയില്‍ ആണ് പ്ലംബര്‍ ബിജുവിനെ വിളിച്ചത്.. ആകെ ഒരു മൂഡ്‌ ഔട്ട്‌ .. അകത്തു കയറി നോക്കിയപ്പോള്‍ " ഓള്‍ഡ്‌ മങ്ക്" മിക്കവാറും കാലി.. ശശി തീര്‍ത്തിരിക്കുന്നു... ആ ദേഷ്യത്തിന് വിക്രമന്‍ വീണ്ടും പെട്ടി തുറന്നു.. പെട്ടെന്ന് തന്നെ ബിജു എത്തി.. വിക്രമന്‍ വിളിച്ചത് കൊണ്ട് മാത്രമാണ് വന്നത്.. എവിടെയോ അത്യാവശ്യമായ പണി ഇട്ടിട്ടാണ് പോന്നത്.. ബിജു ഡാമേജ് അസ്സസ് ചെയ്തു ... കൂട്ടത്തില്‍ അവനും അല്പം ചാര്‍ജ് ചെയ്തു .. കുറെ സാധനങ്ങളുടെ പട്ടിക കുറിപ്പെഴുതി.. പ്ലംബിംഗ് സാധനങ്ങള്‍ വേണമെങ്കില്‍ "എനാത്തു" എന്ന സ്ഥലത്ത് പോകണം.. ഉദ്ദേശ്യം മൂന്നു കിലോമീറ്റര്‍ ദൂരം ഉണ്ട് .. സമയം വളരെ കുറവായതിനാല്‍ വിക്രമന്‍ ഒരു പ്ലാന്‍ ഉണ്ടാക്കി.. അതിനായി ശിവന്റെ ഓട്ടോ വിളിച്ചു... കല്യാണി അമ്മ നാല് മണിയോടെ എത്തും.. അതിനു മുന്‍പ് ഓപറേഷന്‍ തീര്‍ക്കണം.. ബിജുവും വിക്രമനും വീണ്ടും പെട്ടി തുറന്നു.. സിക്കിം കാറ്റിന്റെ സീല്‍ക്കാരം ഞാന്‍ കേട്ട്.. ഇതേ സമയം സിറ്റ്  ഔട്ടില്‍ പാവം ബിംബന്‍ ഒരു കൊഞ്ചിനെ പോലെ ചുരുണ്ട് കിടന്നു അലറി വിളിച്ചു വാള് വയ്ക്കുകയായിരുന്നു.. ശിവന്‍ പാഞ്ഞു വന്നു.. സംഗതികള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷം .. അകത്തു കയറി അല്‍പ നേരം സിക്കിം കഥ കേട്ടു.. പിന്നീട് ഞങ്ങള്‍ നാല് പിമ്പിരികള്‍ ഓട്ടോയില്‍ യാത്ര തുടങ്ങി.. അപ്പോഴാണ് എനിക്ക് മനസ്സില്‍ ആയതു ബിജു ബാക്കി ഇരുന്ന ലൂസ്‌ സാധനം കൈയില്‍ കരുതി എന്ന്..

    എനാത്തു" ദേവി സ്റ്റോഴ്സ് എന്നാ കടയുടെ അല്പം ദൂരെയായി വണ്ടി നിര്‍ത്തി.. കുറുപ്പടിയും കാശുമായി ഞാന്‍ കടയിലേക്ക് പോയി... ഉച്ച സമയം ആയിരുന്നിട്ടും ടൌണില്‍ അല്പം തിരക്കുണ്ടായിരുന്നു.. കടയിലും ഒന്ന് രണ്ടു പേര്‍ സാധനം വാങ്ങാന്‍ ഉണ്ടായിരുന്നു.. വണ്ടിയിലേക്ക് ഞാന്‍ എത്തി നോക്കിയപ്പോള്‍ ബിജു പരിപാടി തുടങ്ങിയിരുന്നു.. വിക്രമന്‍ ഒരു രാജാവിനെ പോലെ കാല് കയറ്റി സീറ്റില്‍ ഇരുന്നു.. ശിവന്‍ ഡ്രൈവര്‍ സീറ്റിലും .. പെട്ടെന്ന് ഒരു പോലീസ് ജീപ്പ് വന്നു ചവിട്ടി നിര്‍ത്തുന്നത് ഞാന്‍ കണ്ടു.. എന്റെ ഉള്ളൊന്നു കാളി..   എസ് ഐ ചാടി ഇറങ്ങി... സൈഡില്‍ ഇരുന്ന ബിജുവിന് കുത്തിനു പിടിച്ചു നിലത്തിറക്കി.. കൂട്ടത്തില്‍ നല്ല തെറിയും .. ബിജു കൈ രണ്ടും കൂപ്പി എസ് ഐയെ തൊഴുതു കരഞ്ഞു.. " എന്താടാ വണ്ടിയില്‍ പട്ട പകല്‍ വെള്ളമടിയാണോ ?? " ഞാന്‍ ടാക്സ് അടക്കുന്ന എന്‍റെ വണ്ടിയില്‍ വെള്ളമടിച്ചാല്‍ ആര്‍ക്കാ ചേദം ??? ശിവന്‍ പറഞ്ഞു തീര്‍ന്നതും പോലീസുകാരന്‍ തൂക്കി എടുത്തു വെളിയില്‍ എറിഞ്ഞതും ഒരുമിച്ചായിരുന്നു.. ശിവന്റെ നിലവിളി കേട്ടാണ് വിക്രമന്‍ ഉണര്‍ന്നത്.. ശത്രുവിന്‍റെ സാമീപ്യം മണത്ത പട നായകനെ പോലെ വിക്രമന്‍ അലറി .. കോന്‍ ഹൈ സാല ?? " ഇന്ത്യന്‍ ആര്‍മിയെ തൊടാന്‍ ആര്‍ക്കാട ധൈര്യം ??? ചാടി പുറത്തിറങ്ങിയതും എസ് ഐയുടെ കൈ വിക്രമന്റെ കരണത്ത് പതിച്ചതും ഞൊടി ഇടയില്‍ ആയിരുന്നു,,,  വിക്രമന്‍ ചുട്ടു പഴുത്ത  റോഡില്‍  വെട്ടിയിട്ട വഴ കണക്കെ നിലം പരിശായി.. പോലീസ് ജീപ്പിന്‍റെ അകമ്പടിയില്‍ ആട്ടോ നീങ്ങിയപ്പോള്‍  ആമ്പാടി ഹോട്ടെലില്‍ നിന്നും കൈകഴുകി ഞാന്‍ പുറത്തിറങ്ങി..

      ചില രാഷ്ട്രീയ സ്വാധീനങ്ങളും കുറെ കാശും എറിഞ്ഞപ്പോള്‍ കേസില്ലാതെ  മൂന്ന് മണിയോടെ അവര്‍ പുറത്തിറങ്ങി ... എന്നാല്‍ മകളുടെ വീട്ടില്‍ നിന്നും തിരികെ എത്തിയ  കല്യാണി അമ്മ ഈ സമയം വിക്രമന്റെ വീട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു... ഒരു സിമിന്ടു ചാക്ക് ചുമക്കുന്നതു പോലെ ഞാനും ബിജുവും കൂടി  വിക്രമനെ ചുമന്നു വീടിനകത്ത് കേറി കട്ടിലില്‍ കിടത്തി... കല്യാണി അമ്മയും അയല്‍പക്കകാരും നിരന്നു നില്‍ക്കുകയാണ്... ഞാന്‍ പതുങ്ങി അടുക്കള വഴി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു അലര്‍ച്ച.. എടാ ഇവനെ (ശശിയെ) എടുത്തുമാറ്റി ഇവിടെ കഴുകിയിട്..കല്യാണി അമ്മ അലറി... അനുസരിക്കാതെ നിവര്‍ത്തി ഇല്ലായിരുന്നു.. ശശി വച്ച  "വാള്‍ " എന്‍റെ  മാനത്തിന്റെ പ്രഭ കെടുത്താന്‍ അപ്പോഴും സിറ്റ് ഔട്ടില്‍ കിടന്നു തിളങ്ങി ....  അപ്പോഴും വിക്രമന്‍ കട്ടിലില്‍ കിടന്നു പിറു പിറുത്തു "  കോയി ബാത്ത് നഹി ... "

2011 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഒഴിഞ്ഞു പോയ അടി

   മൂലമറ്റം സൂപ്പര്‍ ഫാസ്റ്റ് പ്രതീക്ഷിച്ചാണ് രഘുവണ്ണന്‍ ബസ്‌ സ്റ്റാന്‍ഡിന്റെ പടിഞ്ഞാറെ മൂലയില്‍ നിലയുറപ്പിച്ചത്.അവിടെ നിന്നാല്‍ പടിഞ്ഞാറു വശത്ത് നിന്നും ബസ്‌ സ്റ്റാന്‍ടിനുള്ളിലേക്ക് വരുന്ന ബസുകള്‍ പെട്ടെന്ന് കാണുവാന്‍ കഴിയുകയും ഓടി കയറി സീറ്റ് പിടിക്കുവാന്‍ കഴിയുകയും ചെയ്യും. സാധാരണ ഗതിയില്‍ മൂലമറ്റം സൂപ്പര്‍ വരുന്നത് അഞ്ചേ മുക്കാലിനാണ്.  സമയം അഞ്ചു മുപ്പത്തി അഞ്ചു എന്ന് സ്റ്റാന്‍ ഡിലെ പഴഞ്ചന്‍ ക്ലോക്ക് കാണിച്ചു കൊടുത്തു. സ്റ്റാന്‍ഡില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. രഘു അണ്ണന്റെ തൊട്ടു പുറകില്‍ ഉള്ള ചായ കടയിലെ തമിഴ് പയ്യന്‍ ഓരോ ബസ്‌ വരുമ്പോഴും "ചായ ചായ " എന്ന് പ്രത്യേക ഈണത്തില്‍ വിളിച്ചു കൊണ്ടിരുന്നു. കെ എസ് ആര്‍ ടി സി യുടെ ഒഫീഷ്യല്‍ അനൌന്‍സര്‍ ബസുകളുടെ പോക്ക് വരവുകള്‍ തൊണ്ട പൊട്ടി വിളിച്ചു കൂവുന്നത് രഘുവണ്ണന്‍ ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ അതിനെവിടെ സമയം. രണ്ടു 90 അടിച്ചതിന്റെ പച്ചയില്‍ ആണ് നില്പ്. സമയം ഇനിയും ഒത്തിരി ഉണ്ടെന്നു മനസിലാക്കിയിട്ടെന്നോണം അദ്ദേഹം തന്റെ ബാഗ്‌ തുറന്നു ഒരു പൊതി പുറത്തെടുത്തു. മറ്റൊന്നുമല്ല അതില്‍ ഉണ്ടായിരുന്നത്. സാധാരണ മുറുക്കാന്‍.. ഷൂസും പാന്റും ഇട്ടു  ഷര്‍ട്ട്‌ ഇന്‍ ചെയ്തു നടക്കുന്ന ആളാണെന്ന ഭാവം ഒന്നും ആ പാവത്തിനില്ല. സിമിന്ടു ബഞ്ചില്‍ ഇരുന്നു മുറുക്കാന്‍ പൊതി അഴിച്ചു. വെറ്റയുടെ ഞരമ്പ്  കളഞ്ഞു ചുണ്ണാമ്പു തേച്ചു പാക്ക് മുറിച്ചു , പോയിലയുടെ തുണ്ട് ചേര്‍ത്ത്  മാന്യമായി ഒന്ന് മുറുക്കി. മുറുക്കാന്‍ വായില്‍ നിറഞ്ഞപ്പോള്‍ വീണ്ടും എഴുനേറ്റു നില്പായി. ചുറ്റും നിന്ന ചിലര്‍ അണ്ണനെ വല്ലാതെ നോക്കി.. എന്ത് കാര്യം ?? ആരോടാ കളി... ഒന്നും മൈന്‍ഡ് ചെയ്യാതെ അണ്ണന്‍ നില്പ് തുടര്‍ന്നു.

         വളരെ മാന്യന്‍ ആണ് രഘു അണ്ണന്‍.  അല്പം മിനുങ്ങും എന്നല്ലാതെ മറ്റു സ്വഭാവ ദൂഷ്യം ഒന്നും ഇല്ല. സ്ത്രീകളോട് വളരെ മാന്യമായെ പെരുമാറൂ .. ടി യാന്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും സ്വല്പം ചരിഞ്ഞു നോക്കിയാല്‍ കാണുന്നത് സുലഭ് ഇന്‍റെര്‍ നാഷണല്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ള പൊതു കക്കൂസാണ്. അവിടേക്ക് പോകുന്നവരുടെ ചേഷ്ടകള്‍ സംബന്ദിച്ചു രഘുവണ്ണന്‍ ഒരു പഠനം നടത്തുകയാണ്. അകത്തോട്ടു പോകുന്നവരുടെ മുഖ ഭാവങ്ങള്‍ , ഇറങ്ങുന്നവരുടെ പെയ്തൊഴിഞ്ഞ മുഖങ്ങള്‍ , ഒന്നിനാണോ രണ്ടിനാണോ പോയത് ,  ഓട്ടത്തിന്റെ വ്യഗ്രത , ആള്‍ക്കാരുടെ ശരീര പ്രകൃതി, ശരിയായി പോയോ തുടങ്ങി പല കാര്യങ്ങളും ഇ പത്തു മിനിട്ട് കൊണ്ട് പഠിക്കും.. പിന്നീട് ചില സദസുകളില്‍ ഇതിനെ കുറിച്ച് ഒരു ഉളിപ്പും ഇല്ലാതെ വര്‍ണിക്കും. 
ഇത്തരം പ്രകൃതിയുടെ ലീലകളെ ചില ആപല്‍ ഘട്ടങ്ങളില്‍  എങ്ങനെ നിയന്ത്രിക്കാം എന്നൊക്കെ അണ്ണന്‍ പലരോടും പറഞ്ഞു കൊടുക്കുമായിരുന്നു. എല്ലാവരും അതൊക്കെ ചിരിച്ചു തള്ളും.  ഒരിക്കല്‍ ഞാന്‍ ഒരു യാത്ര കഴിഞ്ഞു വീട്ടിലേക്കു ബസ് ഇറങ്ങി വരുകയായിരുന്നു. ബസ്‌ സ്റ്റോപ്പില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റെര്‍ നടന്നു വേണം വീട്ടിലോട്ടു പോകാന്‍. ബസ്‌ ഇറങ്ങുന്നതിനു മുന്‍പ് തന്നെ എന്റെ വയറ്റില്‍ സുനാമിയുടെ വമ്പന്‍ തിരകള്‍ പിറവി എടുക്കുന്നത് ഞാന്‍ അറിഞ്ഞു. ആസന്നമായ ഒരു ചുഴലി കൊടുങ്കാറ്റിന്റെ സകല ശക്തിയും ഞാന്‍ അനുഭവിച്ചറിഞ്ഞു. സമയം ഏകദേശം 4 മണി കഴിഞ്ഞിരിക്കുന്നു. ഞാന്‍ ബസ്‌ ഇറങ്ങി ഈട് വഴിയിലേക്ക് കടന്നപ്പോള്‍  ഗുഹാമുഖങ്ങളില്‍ ഹുംകാരം ഉണര്‍ത്തി കരി മേഘങ്ങള്‍ അട്ടഹസിച്ചു. സ്കൂള്‍ വിട്ട സമയം. പാടത്തും ഈടുവഴിയിലും ധാരാളം ആള്‍ക്കാര്‍. ഞാന്‍ വിയര്‍ത്തു. ഞെരി പിരി കൊണ്ട്. ഭൂമി പിളര്‍ന്നു കുറച്ചു സമയം താഴ്ന്നിരുന്നെങ്കില്‍ എന്നാശിച്ചു. ഒരു വെളിപാട്‌ പോലെ , ഒരു ഈശ്വര കൃപ പോലെ പെട്ടെന്ന് രഘു അണ്ണന്റെ വാക്കുകള്‍ ഓര്‍മ വന്നു " മനസാണ് ശരീര പ്രവര്‍ത്തനങ്ങളെ  നിയന്ത്രിക്കുന്നത് , അടിയന്തിര ഘട്ടങ്ങളില്‍ മനസിനെ നിയന്ത്രിക്കാന്‍ പഠിക്കണം ,  നിങ്ങള്‍ ഒരു ചെറിയ കല്ല്‌ എടുക്കുക , അത് കക്ഷത്തിനിടയില്‍ വയ്ക്കുക , എന്നിട്ട് ആ  കല്ല്‌ താഴെ വീഴാതെ  അല്പം ശ്വാസം  പിടിച്ചു വേഗത്തില്‍ നടക്കുക"  .. എനിക്ക് കീഴ് മേല്‍ നോക്കാന്‍ ഉണ്ടായിരുന്നില്ല .. അടുത്ത് കണ്ട ചെറിയ ഉരുളന്‍ കല്ല്‌ കക്ഷത്തിലാക്കി ഞാന്‍ പാഞ്ഞു..... ദൈവം എന്‍റെ കൂടെ ആയിരുന്നു.. ഞാന്‍ അന്ന് രഘുവേട്ടന് നന്ദി പറഞ്ഞു.

    അപ്പോഴും മൂലമറ്റം സൂപ്പര്‍ വന്നിരുന്നില്ല. തോളില്‍ ബാഗും  തൂക്കി , മുറുക്കാന്‍ ചവച്ചു ഒരു കവിളിലേക്കു  മാറ്റി , പല്ലുകൊണ്ട് കീഴ്ചുണ്ട് കടിച്ചു പിടിച്ചു,  കൈ രണ്ടും നെഞ്ചത്ത്‌ പിണച്ചു കെട്ടി , ഒരുകാല്‍ നിലത്തൂന്നി , മറു കാലിന്‍റെ ഉപ്പുറ്റി ഉയര്‍ത്തി , രഘുവണ്ണന്‍ ഒറ്റ നില്‍പ്പാണ്. സ്റ്റാന്‍ഡിലെ  തിരക്ക് അല്പം കൂടിയിരുന്നു. അണ്ണന്റെ ഇരു വശങ്ങളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇടതു ഭാഗത്ത്‌ രണ്ടുമൂന്നു സ്ത്രീകള്‍ നില്പുണ്ടായിരുന്നു. ഓരോ ബസ്‌ വരുമ്പോഴും ഇവരുടെ മുന്‍പിലൂടെ യാത്രക്കാര്‍ നെട്ടോട്ടം. പെട്ടെന്ന് ഒരു സ്ത്രീ അതി വേഗത്തില്‍ രഘുവേട്ടന്റെ മുന്‍പിലൂടെ കുതിച്ചു പാഞ്ഞു... " ടപ്പേ " അവരുടെ സാരിയില്‍ പൊതിഞ്ഞ ലാസ്യ നിതംബത്തില്‍ ഒരടി വീണു... വെട്ടിത്തിരിഞ്ഞ് അവര്‍ ചീറ്റി അടുത്തു " എടാ പട്ടി " വളയിട്ട കൈകള്‍ " ആഫ്രിക്കന്‍ മുഷി " പോലെയുള്ള രഘു അണ്ണന്റെ മോന്തായത്തില്‍ പതിക്കുന്നതിനു മുന്‍പ് " എഡി.. നീ എവിടയിരുന്നെടി ഇത്രയും കാലം " ഇടതു ഭാഗത്ത്‌ നിന്ന പെണ്ണുങ്ങളില്‍ ഒരാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോള്‍ " അടികൊണ്ട കിടാത്തി"  നിശ്ചലയായി..." സോറി " അവള്‍ രഘു അണ്ണനോട് പറഞ്ഞു.. വായിലെ മുറുക്കാന്‍ അഡ്ജസ്റ്റ് ചെയ്തു രഘു അണ്ണന്‍ പറഞ്ഞു " അയ്യോ ഞാന്‍ അത്തരക്കാരന്‍ അല്ല , വീട്ടിലെ പഴഞ്ചന്‍ സൈക്കിള്‍ ഓടിക്കാന്‍ പടുപെടുന്നവന്‍ "ബുള്ളെറ്റ്" തള്ളുവാന്‍ വരുമോ ????








2011 ജൂലൈ 30, ശനിയാഴ്‌ച

അയാള്‍ വെറും മനുഷ്യനാണ്


 ( എണസ്റ്റ് തോംസണ്‍ എന്ന ഊര്‍ജ്ജതന്ത്രജ്നന്‍ എഴുതിയ അനുഭവ കഥയില്‍ നിന്നും )

       കൊടും തണുപ്പില്‍ മഞ്ഞുമൂടിയ ഭൂമിയുള്ള സ്ഥലത്തെ കഥ. പാവപെട്ട കിഴവി കഷ്ടപ്പെട്ട് മഞ്ഞിലൂടെ പാദ രക്ഷയില്ലാതെ നടക്കുന്നത് ശ്രദ്ധിക്കാന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിരക്ക് കൂട്ടി പോകുന്നവര്‍ക്ക് നേരമില്ല. 
ഷൂസില്ലാതെ തറയില്‍ കാല് വയ്ക്കുന്നത് പോലും വേദന ജനകം.  

ചിരിച്ചു രസിച്ചു നിരത്തിലൂടെ പോയ യുവ ദമ്പതികള്‍ കിഴവിയെ കണ്ടില്ല. രണ്ട് കുഞ്ഞുങ്ങളെ ക്രിസ്മസിന് അമ്മൂമ്മയെ കാണിക്കാന്‍ കൊണ്ടുപോകുന്ന യുവതിയും വല്യമ്മയുടെ കഷ്ടപ്പാട് ശ്രദ്ധിച്ചില്ല. ഒരു കൈയില്‍ ബൈബിളുമായി നീങ്ങിയ വൈദികന്റെ മനസ് സ്വര്‍ഗ്ഗ രാജ്യത്തു ആയതിനാലാവാം വൃദ്ധയുടെ ദൈന്യം കാണാന്‍ ഇടയായില്ല .

ശീത കാറ്റില്‍ നിന്നും രക്ഷ നേടാന്‍ ബട്ടണില്ലാത്ത കീറക്കോട്ട് കൂട്ടിപ്പിടിച്ചു അവര്‍ ബസ്‌ സ്റ്റോപ്പില്‍ കത്ത് നിന്നു. ബ്രീഫ് കേസുമായി അവിടെ ഉണ്ടായിരുന്ന യുവ കോമളന്‍ അവരില്‍ നിന്നും വല്ല രോഗവും പകര്‍ന്നാലോ എന്ന് ഭയന്ന് മാറി നിന്നു. ഒരു പതിന്നലുകാരി സൂക്ഷിച്ചു നോക്കി , പക്ഷെ മിണ്ടിയില്ല...  

വേദന കടിച്ചു പിടിച്ചു വല്യമ്മ ബസില്‍ കയറി. മുന്‍ ഭാഗത്ത്‌ ഡ്രൈവറുടെ പിന്നിലുള്ള സീറ്റിലിരുന്നു . വൃദ്ധ ഇരുന്ന സീറ്റില്‍ ഉണ്ടായിരുന്ന ആള്‍ അസ്വസ്ഥനായി. കിഴവിയുടെ നഗ്ന പാദങ്ങള്‍ കണ്ട ഡ്രൈവര്‍ ആ വഴിയിലെ ദാരിദ്ര്യമോര്‍ത്തു കോളേജു റൂട്ടിലേക്ക് മാറ്റി ഡ്യൂട്ടി വാങ്ങുന്നതിനെ പറ്റി ചിന്തിച്ചു. അടുത്ത സീറ്റില്‍ ഇരുന്ന നാലു വയസുകാരന്‍ വൃദ്ധയെ ചൂണ്ടി " അമ്മെ 'ദേ അമ്മൂമ്മയുടെ ചെളി നിറഞ്ഞ  കാല്‍  വിരലുകള്‍ കണ്ടോ ? എന്ന് ചോദിച്ചു ." ആരെയും കൈ ചൂണ്ടരുത് " എന്ന് പറഞ്ഞു അവര്‍ കുഞ്ഞിനെ അടിച്ചു. 

ഇവര്‍ക്ക് മുതിര്‍ന്ന കുട്ടികള്‍ കാണണം , അവര്‍ക്കൊന്നും നാണം ഇല്ലേ ?? എന്ന് ആട്യത്വം മുഖ മുദ്രയാക്കിയ സ്ത്രീ കമന്റു  പാസാക്കി . അടുത്തൊരു സീറ്റില്‍ ഇരുന്ന അദ്ധ്യാപിക പറഞ്ഞു " ഇത്തരം ആളുകളെ സംരക്ഷിക്കാന്‍ നാമെല്ലാം നികുതി കൊടുക്കുന്നില്ലേ "   അടുത്തിരുന്ന കോളേജു അധ്യാപകന്‍റെ കമന്റ്‌ " ആയ കാലത്ത് സമ്പാദിക്കാന്‍ പഠിക്കണം , ഇവര്‍ ചെറുപ്പത്തില്‍ പണം സൂക്ഷിരുന്നെങ്കില്‍ ഇന്ന് കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല . കുറ്റം അവരുടേത് മാത്രം . എല്ലാവര്ക്കും ദിഷണാ വൈഭവത്തിന്റെ ഊറ്റം .. ഒരു ബിസ്സിനിസ്സു കാരന്‍ വൃദ്ധയെ സമീപിച്ചു ഇരുപതു ഡോളര്‍ നോട്ടു ഉയര്‍ത്തി കാട്ടി, അവര്‍ക്ക് കൊടുത്തു ഷൂസ് വാങ്ങാന്‍ പറഞ്ഞു. അവര്‍ നന്ദി സൂചകമായി ചിരിച്ചു. 

  അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു യുവാവ് ബസില്‍ കയറി . ചുറു ചുറുക്കും നല്ല വേഷവും . ചിരിച്ചു തകര്‍ത്തു പോക്കറ്റിലെ മ്യൂസിക്‌ പ്ലയാറിന്റെ താളത്തിലാണ് അയാളുടെ നടത്തം . വൃദ്ധയുടെ അടുത്ത് ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു. വന്നിരുന്നപ്പോള്‍ തന്നെ ജീര്‍ണ വസ്ത്രം ധരിച്ച വൃദ്ധയുടെ നഗ്ന പാദങ്ങള്‍ അയാളുടെ കണ്ണില്‍ പെട്ടു. അയാളുടെ ഉത്സാഹം ഉടന്‍ നിന്നു. വില കൂടിയ ബ്രാന്‍ഡ്‌   ഷൂസ് ആണ്  അയാളുടെ കാലില്‍. പല മാസങ്ങളായി സമ്പാദിച്ചു കഴിഞ്ഞ ദിവസം വാങ്ങിയവ. ഉടന്‍ അയാള്‍ ഷൂസ് അഴിച്ചു. സോക്സും ഊരി. " അമ്മയ്ക്ക് ഷൂസ് ഇല്ല അല്ലേ , സാരമില്ല " എന്ന് പറഞ്ഞു കുനിഞ്ഞു ആ വൃദ്ധ പാദങ്ങള്‍ വൃത്തിയാക്കി സോക്സും വിലയേറിയ ഷൂസും ധരിപ്പിച്ചു. വൃദ്ധ നന്ദി പൂര്‍വ്വം തല കുലുക്കി. അപ്പോഴേക്കും ബസ്‌ അടുത്ത സ്റ്റോപ്പില്‍ എത്തി. ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ ബസില്‍ നിന്നും ഇറങ്ങി നഗ്ന പാദനായി മഞ്ഞിലൂടെ നടന്നു പോയി. " ആരാണ് അയാള്‍ " പലരും തമ്മില്‍ തമ്മില്‍ ചോദിച്ചു . " മാലാഖ ആയിരിക്കണം " എന്നൊരാള്‍ , 'പക്ഷെ അതിനുള്ള തേജസും പ്രഭയും ഇല്ലല്ലോ എന്നായി പലരും , ..

ഒരു നാല് വയസുകാരന്‍ തീര്‍ത്തു പറഞ്ഞു  " ഞാന്‍ നന്നായി കണ്ടതാ അയാള്‍ വെറും മനുഷ്യനാ , മനുഷ്യന്‍ മാത്രം " 

   കടപ്പാട് .. ബി എസ്‌ വാരിയര്‍ ... മലയാള മനോരമ 



2011 ജൂലൈ 23, ശനിയാഴ്‌ച

ഒരു മീനും കുറെ ചെകിളകളും

      മടങ്ങിയെത്താത്ത ബാല്യത്തിന്റെ സ്മൃതി പഥങ്ങളില്‍ മുറിഞ്ഞു പോകാത്ത തുഷാര ബിന്ദുക്കള്‍ പോലെ ചില ഓര്‍മ്മകള്‍ .... ശൈശവത്തിലെ നിഷ്കളങ്കമായ പ്രവര്‍ത്തികളുടെ പൊരുള്‍ തേടി ..... മറവിയുടെ പെരുമ്പറ പെരുക്കങ്ങള്‍ക്കിടയില്‍ സ്മരണയുടെ നേര്‍ത്ത ശ്രുതി യുള്ള   ഒരു പഴയ നനുത്ത ഓര്‍മ ....  എന്‍റെ ഗുരു സ്ഥാനീയന്‍ ആണ്  രാമേട്ടന്‍. എന്ന് വച്ച് രാമേട്ടന്‍ എന്‍റെ വാധ്യാര്‍ ഒന്നും അല്ലായിരുന്നു. എന്‍റെ നാട്ടുകാരന്‍ . എന്റെ നാട്ടിലെ ആദ്യത്തെ സര്‍കാര്‍ ഗുമസ്തന്‍ ... അതും  റെവന്യൂ വകുപ്പില്‍  ഉദ്യോഗം നേടിയ ആള്‍. നാട്ടിലെ പല ബി എ ക്കാരും എം എ ക്കാരും കപ്പലണ്ടി വിറ്റും "തൂത്ത് വരിയല്‍ " കോളേജ് നടത്തിയും   നടന്ന കാലത്ത് ശ്രീ പദ്മനാഭ ചക്രം വാങ്ങാന്‍ യോഗം കിട്ടിയവന്‍ . അത്  കൊണ്ട് തന്നെ രാമേട്ടനെ എല്ലാവര്ക്കും   ഇഷ്ടമായിരുന്നു . സൌഹൃദങ്ങളുടെ മഹാ പ്രവാഹത്തില്‍ മടിച്ചു നടന്ന സാധാരണക്കാരന്‍. കൂടെ പഠിച്ച  മിടുക്കന്‍ മാര്‍ എല്ലാം തെക്ക് വടക്ക് ഈച്ച അടിച്ചു നടന്നപ്പോള്‍ രാമേട്ടന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗമയില്‍ നടന്നു. മിക്കവാറും ക്ലാസ്സുകളില്‍ രണ്ടു വര്‍ഷം വീതം പഠിച്ചു വളര്‍ന്നതിന്റെ പേര് ദോഷം ഒരു സര്‍കാര്‍ ജോലി മാറ്റി എടുത്തു. രാമേട്ടന്‍ പ്രീ ഡിഗ്രി തോറ്റതാണ്.. പക്ഷെ ആ ഗമ ഒന്നും ഇല്ല..  കുട്ടന്‍ മൊതലാളി യുടെ കടയിലെ കട്ടന്‍ ബീഡിയും , സോഡാ വെള്ളവും കുടിച്ചു നടന്ന രാമേട്ടന് കറക്കി കുത്തി കിട്ടിയ ജോലി ആണ് എന്ന് ചില അസൂയാലുക്കള്‍ പറയും..  നോക്കണേ ഒരു  ഭാഗ്യം.  ജോലി കിട്ടിയതോടെ രാമേട്ടന്‍ ആകെ മാറി.  കീറ കൈലിയും, ഊശാന്‍ താടിയും, പാറി പരന്ന മുടിയുമായി നടന്ന രാമേട്ടന്‍  സ്റ്റൈല്‍ മാറ്റി.    എല്ലാത്തിനും ഒരു രാമന്‍ ടച്ച്‌ വരുത്തി..   മുണ്ടുക്കുന്നതിനും മുറുക്കുന്നതിനും ഒക്കെ ഒരു പ്രത്യേക സ്റ്റൈല്‍. എപ്പോഴും ഒരു കാലന്‍ കുട കൈയില്‍ കൊണ്ട് നടക്കും. നെറ്റിയില്‍ ശോഭിക്കുന്ന ചന്ദന കുറി ഒരു സാത്വിക ലക്ഷണത്തിന്റെ നേരറിവു പോലെ തിളങ്ങും.

       രാമേട്ടനോട്‌ നേരിട്ട് ഞാന്‍ അധികം ഇടപെഴകിയിട്ടില്ലയിരുന്നു. ഏകദേശം ഇരുപത്തി അഞ്ചു വയസിന്റെ വ്യത്യാസം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. ഒരു ചിരിയിലോ മറ്റോ കാര്യങ്ങള്‍ തീരുമായിരുന്നു. എങ്കിലും നാട്ടിലെ പിള്ളര്‍ക്കെല്ലാം രാമേട്ടനെ ആരാധന ആയിരുന്നു. എന്നാല്‍ സംസാരിക്കാന്‍ പേടിയായിരുന്നു. പ്രായമായവര്‍ പറയുമായിരുന്നു അവനെ നോക്കി പഠിക്കൂ.. എന്തൊരു മിടുക്കനാ .. അവന്‍ ഇവിടുത്തെ തഹസില്‍ദാര്‍ ആകും... ഇത്ര തങ്കപെട്ട സ്വഭാവം ഉള്ള ഒരു വ്യക്തിയെ കണ്ടു കിട്ടാന്‍ പ്രയാസമാണ്.. എല്ലാ കുട്ടികളും രാമേട്ടനെ പോലെ ആകാന്‍ മണ്ണടിയിലെ  അമ്മമാര്‍ പ്രാര്‍ത്ഥിച്ചു..  പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കും.. എന്ത് ചോദിച്ചാലും കൃത്യമായി മറുപടി.. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നാടിന്‍റെ ഓജസ്സും തേജ്ജസും ഒക്കെ രാമേട്ടനായിരുന്നു. ഈ തിരക്കിനിടയില്‍ കുടുംബം എന്ന ചിന്ത രാമേട്ടന്‍ മറന്നു പോയി.. രാമേട്ടന്റെ അമ്മ യക്ഷി പാറുവിനെ പേടിച്ചിട്ടാണ് രാമേട്ടന്‍ കെട്ടാത്തത് എന്ന് ജന സംസാരം..

    എങ്കിലും എന്‍റെ കുട്ടിക്കാലത്ത്   ഒരു ദിവസം രാമേട്ടന്‍  പരോക്ഷമായി ഒരു പണി എനിക്ക് നല്‍കി.  അന്ന് കാലത്ത് ഐ സി ഡി എസ് പദ്ധതി പ്രകാരം ഉച്ചയ്ക്ക് ഉപ്പുമാവും പാലും കൊടുക്കുന്നത് ഞങ്ങളുടെ വീടിന്‍റെ  അടുത്തുള്ള  ഒരു മഠത്തില്‍ വച്ചായിരുന്നു. കുട്ടികള്‍ മാത്രമല്ല മുറ്റിയതും പറ്റിയതും മുതുക്കികളും ഒക്കെ അവിടെ വന്നു നിന്ന് ഉപ്പു മാവില്‍ ഒരു പങ്കു വാങ്ങുമായിരുന്നു. അവധി ദിവസങ്ങളില്‍ ഗ്രാമത്തിലെ മിക്കവാറും ആള്‍ക്കാര്‍ അവിടെ രാവിലെ തന്നെ ഒത്തു കൂടുമായിരുന്നു. അവിടെ ഒരു പൊതുകുളം ഉണ്ടായിരുന്നു. അന്ന് മിക്കവാറും ആള്‍ക്കാര്‍ കുളിക്കുന്നത് അവിടെ ആയിരുന്നു. പെണ്ണുങ്ങള്‍ കുളിക്കുന്ന കടവിലേക്ക് ഇടിഞ്ഞു പൊളിഞ്ഞ കുളിപ്പുര മാളികയില്‍ ഇരുന്നു  ഒളിഞ്ഞു നോക്കുന്ന വിരുതന്‍മാരുടെ വിക്രിയകളുടെ പൊരുള്‍ മനസിലാക്കാന്‍ ഒരുപാടു വൈകി പോയി. അപ്പോഴേക്കും ആ മാളിക പൊളിച്ചു വിറ്റിരുന്നു...   എല്ലാവര്ക്കും പ്രിയങ്കരനായ രാമേട്ടനെ ഒരിക്കല്‍ കുളിക്കടവില്‍  വച്ച് കുട്ടി പണിക്കത്തിയുടെ മകള്‍ " സുശീല " ഫ്ഫാ പട്ടീ , തെമ്മാടിത്തരം കാണിക്കുന്നോ " എന്നൊരു ആട്ടു ആട്ടുന്നത്‌ കേട്ടപ്പോഴും കുഞ്ഞായിരുന്ന എന്‍റെ തലയില്‍ ഒന്നും കത്തിയിരുന്നില്ല... അവടെ ഒരു നിഷേധം ഞാന്‍ അന്ന് മനസ്സില്‍ കരുതി.. അന്ന് ഒരു അവധി ദിവസം ആയിരുന്നു.   എല്ലാവരും കുളികടവില്‍ ഉണ്ടായിരുന്നു. മെമ്പര്‍ ശിവനും, മോഹനന്‍ പിള്ളയും, തൂട്ട ശശിയും , വെരുക് ബാലനും , കാവില്‍ തൂറി അരവിന്ദാക്ഷനും പിന്നെ നമ്മുടെ രാമേട്ടനും ഒക്കെ കിഴക്കേ കരയില്‍ ഇരുന്നു ചൂണ്ട ഇടുകയായിരുന്നു. ഒരുപാടു പിള്ളേര്‍ അവര്‍ക്ക് ചുറ്റും കൂടി നിന്ന് മീന്‍ പിടിക്കുന്നതിന്റെ രഹസ്യങ്ങള്‍ പഠിച്ചു തുടങ്ങി. വായ്താരിയിലൂടെയും അറിവുകളിലൂടെയും കൈമാറുന്ന നാട്ടറിവിന്റെ രഹസ്യങ്ങള്‍ പുതിയ തലമുറ സ്വായത്തമാക്കി കൊണ്ടിരുന്നു. "ചൂണ്ടയില്‍ മണ്ണിരയെ കൊരുക്കുംപോള്‍ " ഇര" എന്ന് പറയുന്നത് നിഷേധം .. പകരം " തീറ്റ " എന്ന് പറഞ്ഞാലേ മീന്‍ കിട്ടുകയുള്ളൂ. തീറ്റയില്‍ അല്പം തുപ്പി വയ്കെണ്ടാ ആവശ്യം , പൊങ്ങുതടിയുടെ വലുപ്പം , ചൂണ്ടയില്‍ നിന്നും അതിനുള്ള അകലം , ഓരോ തരത്തിലുള്ള മീനും അതിന്‍റെ പ്രത്യേകതകളും, സാധാരണം മീന്‍ കാണുന്ന സ്ഥലങ്ങള്‍,  എല്ലാം ഞാന്‍ പഠിച്ചു കൊണ്ടിരുന്നു.. എന്നെങ്കിലും ഒരു നല്ല ചൂണ്ടക്കാരന്‍ ആകണം എന്ന വിചാരത്തോടെ.. പെട്ടെന്നാണ് മെമ്പര്‍ അണ്ണന്റെ ചൂണ്ടയില്‍ ഒരു മീന്‍ പിടിച്ചത്.." കൈതക്കോര  " എന്ന് നാട്ടില്‍ പറയും , കുറെ മുള്ളുകള്‍ ഉള്ള കറുത്ത കരിമീന്‍ പോലെത്തെ ഒരു മീന്‍.. പിടയുന്ന മീനിനെ ചവിട്ടി പിടിച്ചു അണ്ണന്‍ അതിന്‍റെ ചൂണ്ട ഊരാന്‍ ശ്രമിച്ചു. കൈയില്‍ മുള്ള് കൊണ്ടു.. ദേഷ്യത്തോടെ ചൂണ്ട വലിച്ചു ഊറി..  ആ മീനിന്‍റെ ചെകിളയും കണ്ണും ഒക്കെ അടര്‍ന്നു മാറി..  ആകെ ചോര മായം.. അപ്പോള്‍ അവിടെ നിന്ന രാമേട്ടന്‍ പറഞ്ഞു.. " ഇതിന്റെ  മ ...( ഡാഷ് ) എല്ലാം പോയല്ലോ മെമ്പറെ... ഇനി ഇത് എന്തിനു കൊള്ളാം !   അപ്പോഴേക്കും ഉപ്പു മാവ് തിന്നാന്‍ സമയമായി എന്ന് ആരോ വിളിച്ചു പറഞ്ഞു.. പിള്ളാരെല്ലാം കൂട്ടത്തോടെ ഓടി. 

    അടുത്ത ദിവസം അമ്മ മത്തി കഴുകി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു.. അച്ഛന്‍ വാഴയ്ക്ക് വളം ഇട്ടു കൊണ്ടു അപ്പുറത്ത് ഉണ്ടായിരുന്നു.. അമ്മ മത്തിയുടെ ചെകിളയും പൂവും ഒക്കെ എടുത്തു കളയുന്നത് കണ്ടു ഞാന്‍ ചോദിച്ചു..അമ്മെ ഇതിന്‍റെ .....(ഡാഷ് ) കളയുവാനോ... അമ്മ എന്നെ ഒന്ന് നോക്കി ഒന്നും പറഞ്ഞില്ല
അടുത്ത മത്തിയുടെ ചെകിളയും പോയപ്പോള്‍ എനിക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല .." ......(ഡാഷ്) പോയ മീന്‍ എന്തിനു കൊള്ളാം ?? പെട്ടെന്ന് പുറത്തൊരു പുകച്ചില്‍... നീറ്റല്‍... പാഞ്ചി കമ്പിന്റെ പ്രഹരത്തില്‍ ഞാന്‍ ഞെരി പിരി കൊണ്ടു... എവിടുന്നു പഠിച്ചു ഇതൊക്കെ?? അച്ഛന്‍ കലി തുള്ളി... " രാമേട്ടന്‍ " നാവില്‍ വന്നെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് അടുത്ത അടി വീണു.....

എങ്കിലും എന്‍റെ പദസമ്പത്തില്‍ ഒന്ന് കൂടിയതില്‍ പില്‍കാലത്ത് ഞാന്‍ രാമേട്ടനോട്‌ നന്ദി പറഞ്ഞു.. രമേട്ടനല്ല ദൈവം തന്നെ പറഞ്ഞാലും അര്‍ഥം അറിയാതെ ഒരു വാക്കും എങ്ങും പ്രയോഗിക്കില്ല എന്ന ശപഥവും അന്ന് ഞാന്‍ എടുത്തു... 
    
                                                                                                         വീജ്യോട്സ് 
      

2011 ജൂൺ 25, ശനിയാഴ്‌ച

അമ്മയുടെ മണമുള്ള ടീച്ചര്‍

അഞ്ചാം ക്ലാസ്സിലെ കുട്ടികളെ നോക്കി  പുതിയതായി ചാര്‍ജ് എടുത്ത അന്നമ്മ ടീച്ചര്‍  ഒരു നുണ പറഞ്ഞു. " നിങ്ങളെ എല്ലാം ഞാന്‍ ഒരേ പോലെ സ്നേഹിക്കുന്നു. "

 പിന്നിലെ ബെഞ്ചിലിരുന്നു ഉറക്കം   തൂങ്ങുന്ന സുരേഷില്‍ നോട്ടം പതിഞ്ഞപ്പോള്‍ പ്രസ്താവനയിലെ അസത്യം അന്നമ്മ ടീച്ചറെ നോക്കി ചിരിച്ചു. പാറി പറന്ന മുടി, മുഷിഞ്ഞു നാറിയ വള്ളി നിക്കര്‍, കുളി വല്ലപ്പോഴും , കുറുക്കന്‍റെ കണ്ണുകള്‍, ചില്ലറ മൊശട  തരങ്ങള്‍, പിന്നീടങ്ങോട്ട് അവനെ നുള്ളുന്നതിനും ,  അവന്‍റെ പേപ്പറിന് പിശുക്കി മാര്‍ക്ക്‌ നല്‍കുന്നതില്‍ ടീച്ചെര്‍ക്ക്  ഒരു പ്രത്യേക രസം കിട്ടി..

        നാളുകള്‍ കഴിഞ്ഞപ്പോള്‍ പഴയ സ്കൂള്‍ റിക്കോര്‍ഡുകള്‍ പരിശോധിക്കുന്നതിനിടയില്‍ അന്നമ്മ ടീച്ചര്‍ വിസ്മയിച്ചു പോയി... രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുന്‍പ് സുരേഷ് ഇങ്ങനെ ആയിരുന്നില്ല ... ടീച്ചര്‍ മറ്റു ടീചെര്‍മരോട് സുരേഷിനെ പറ്റി തിരക്കി .. " ബുദ്ധിയും പ്രസന്നതയും ഉള്ള കുട്ടി , ഒന്നാംതരം പെരുമാറ്റം " സരോജിനി ടീച്ചര്‍ പറഞ്ഞു . " പഠിക്കാന്‍ മിടുക്കന്‍ , പക്ഷെ ക്യാന്‍സര്‍ രോഗിയായ അമ്മയെ കുറിച്ച് അവന്‍ വ്യാകുല പെട്ടിരുന്നു" രണ്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന സുകുമാരി ടീച്ചര്‍ പറഞ്ഞു. " മൂന്നാം ക്ലാസ്സില്‍ അവന്‍ ഉഴപ്പ് തുടങ്ങി , അവന്‍റെ അമ്മ മരിച്ചു, അച്ഛന്‍ മദ്യപാനിയായി"  മൂന്നാം ക്ലാസ്സിലെ അവന്റെ ടീച്ചര്‍ ആയിരുന്ന  വസന്ത ടീച്ചര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അന്നമ്മ ടീച്ചര്‍ ഒരു നെടുവീര്‍പ്പിട്ടു..

  " സുരേഷ് ആരുമായും കൂട്ടുകുടുന്നില്ല .. മഹാ ഉഴപ്പന്‍.. ഉറക്കം ക്ലാസ്സില്‍ തന്നെ.." ഞാന്‍ പൊതിരെ തല്ലും കൊടുക്കും" നാരായണന്‍ മാഷ്‌ പറഞ്ഞു തുടങ്ങിയപ്പോള്‍  അന്നമ്മ ടീചെറിന്റെ മനസ്സില്‍ വെറുപ്പിന്റെ മഞ്ഞുരുകി തുടങ്ങിയിരുന്നു. അവനോടു വെറുപ്പ്‌ തോന്നിയതില്‍ അവര്‍ ലജ്ജിച്ചു. കുട്ടികള്‍ ടീചെര്‍ക്ക് ഓണ സമ്മാനവുമായി എത്തിയപ്പോള്‍ ലജ്ജ വര്‍ധിച്ചു.      മനോഹരമായ വര്‍ണ കടലാസ്സില്‍ പൊതിഞ്ഞു റിബണിട്ടു മറ്റു കുട്ടികള്‍ പലതരം ഉപഹാരങ്ങള്‍ ടീചെര്‍ക്ക് കൊടുത്തപ്പോള്‍  ന്യൂസ് പേപ്പര്‍ തുണ്ടില്‍ ചുളുക്കിയോതുക്കിയാണ് സുരേഷ് സമ്മാനം എത്തിച്ചത്. തുറന്നു നോക്കിയപ്പോള്‍ മറ്റു കുട്ടികള്‍ ആര്‍ത്തു വിളിച്ചു. പരിഹസിച്ചു ചിരിച്ചു. മുക്കാലും ഒഴിഞ്ഞ പെര്‍ഫ്യൂം കുപ്പിയും നിറം മങ്ങിയ ഒരു ചുളിഞ്ഞ പച്ച നിറമുള്ള റിബ്ബണും ... വളരെ മനോഹരമായിരിക്കുന്നു... എന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ സുരേഷിന്റെ കണ്ണുകള്‍ തിളങ്ങി.. പെര്‍ഫ്യും അവര്‍ വസ്ത്രത്തില്‍ അടിച്ചു.  അവന്‍ അവരെ നോക്കി പുഞ്ചിരിച്ചു ... എന്നിട്ട് ടീച്ചറിനോട് പറഞ്ഞു " ടീച്ചര്‍ക്ക്  ഇന്ന് എന്‍റെ അമ്മയുടെ മണമാണ്..." 

    അന്ന് ടീച്ചര്‍ ഏറെ നേരം കരഞ്ഞു. അന്ന് മുതല്‍ അവര്‍ പഠിപ്പിച്ചത് വായനയോ എഴുത്തോ കണക്കോ ആയിരുന്നില്ല. പകരം കുട്ടികളെ ആണ് പഠിപ്പിച്ചത്..  സുരേഷിനെ പ്രത്യേകം   ശ്രദ്ധിച്ചു  . അതോടെ  അവനു മനസ്സിന്റെ പഴയ പ്രകാശം തിരികെ കിട്ടി. പ്രോല്‍സാഹിപ്പിക്കുന്തോരും അവന്‍ കൂടുതല്‍   മിടുക്കനായി. വര്‍ഷാവസാനം ക്ലാസിലെ ഏറ്റവും മിടുക്കന്‍ സുരേഷ് ആയി മാറി..  എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു എന്ന് പറഞ്ഞത് വീണ്ടും നുണയായി മാറി.. സുരേഷിനോട് ഏറ്റവും കൂടുതല്‍ വാത്സല്യം ... 

  കുറെ വര്‍ഷങ്ങള്‍ക്കു ശേഷം അന്നമ്മ ടീചെര്‍ക്ക് ഒരു കത്ത് കിട്ടി.. തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ടീച്ചര്‍ അന്നമ്മ ടീച്ചര്‍ ആണ്..  ബിരുദവും പോസ്റ്റ്‌ ഗ്രജുവഷനും  പാസ്സായി കഴിഞ്ഞപ്പോഴും സുരേഷിന്റെ  നല്ല ടീച്ചര്‍ അന്നമ്മ ടീച്ചര്‍ തന്നെ... ഐ എ  എസ് നേടി കഴിഞ്ഞപ്പോള്‍ സുരേഷ് അന്നമ്മ ടീചെരെ മാത്രം വിളിച്ചു.. എന്‍റെ  നല്ല ടീച്ചര്‍.. ഒരു ദിവസം അവന്‍ എഴുതി " മനസിന്‌ ഇണങ്ങിയ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി..  വിവാഹ വേളയില്‍ അമ്മയുടെ സ്ഥാനത്ത് ടീച്ചര്‍ ഇരിക്കണം .. അവര്‍ ചെന്നു.. പണ്ട് സുരേഷ് നല്‍കിയ പച്ച റിബ്ബണ്‍ തലമുടിയില്‍ കെട്ടി.. ... വൃദ്ധയായ ടീച്ചറെ പുണര്‍ന്നു അവന്‍ കാതില്‍ പറഞ്ഞു  " എന്നെ വിശ്വസിച്ചതിന് നന്ദി " 

 ടീച്ചറിന്‍റെ മറുപടി " നിനക്ക് തെറ്റി മോനെ , നീയാണ് എന്നെ മാറ്റിയത് , എങ്ങനെ പഠിപ്പിക്കണം എന്ന് നിന്നെ കാണുന്നത് വരെ എനിക്കറിഞ്ഞു കൂടായിരുന്നു "   



                                                                                              കടപ്പാട്  .... ബി എസ് വാര്യര്‍ ( മനോരമ ) 

2011 ജൂൺ 10, വെള്ളിയാഴ്‌ച

ചിലമ്പണിഞ്ഞ യക്ഷി

കടമറ്റത്ത്‌ കത്തനാരുടെ ദിവ്യാത്ഭുതങ്ങള്‍  ടെലി വിഷനില്‍ സീരിയലായി കണ്ടു കൊണ്ടിരുന്നപ്പോള്‍ എന്റെ മകന്‍ ചോദിച്ചു " അച്ഛാ ഈ യക്ഷി ആസ്തമ രോഗിയാണോ ?? അപ്പോഴാണ് ഞാനും നോക്കിയത്. മസില് പിടിച്ചു ശ്വാസം വിടാന്‍ പാട് പെടുന്ന ഒരു സുന്ദരി. വികൃത ശബ്ദം കേള്‍പ്പിച്ചു, കുലുങ്ങി ചിരിക്കുന്ന ,  വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ശത്രുവിനെ കഴുത്ത് ഞെരിച്ചു കാല്‍ കൊണ്ട് നാഭിയില്‍ ചവിട്ടി  കൊല്ലുന്ന യക്ഷി. "  യക്ഷിയും  ഭൂതവും  ഒക്കെ  ഉണ്ടോ ??  " വീണ്ടും പയ്യന്റെ ചോദ്യം. സത്യം   പറഞ്ഞാല്‍   പിള്ളേരെ   പോലെ   തന്നെ   എന്നെയും  ചുറ്റിച്ചിട്ടുള്ള ചോദ്യമാണിത്, . എന്റെ  കുട്ടി  കാലത്ത്  സീരിയലും സിനിമയും ഒന്നും സര്‍വ സാധാരണം അല്ലാതിരുന്നത് കൊണ്ട്  ഇത്തരത്തില്‍  ഉള്ള  സംശയങ്ങള്‍  ഇല്ലാതിരുന്നില്ല  എന്ന്  പറയുവാന്‍  സാധിക്കില്ല . കാരണം അമ്മുമ്മ കഥകളിലും മാന്ത്രിക നോവലുകളിലും യക്ഷിയും ഭൂതവും ഒക്കെ നിറഞ്ഞു നിന്നിരുന്നു. ഭാവനാ സമ്പൂര്‍ണമായ മനസുകളില്‍ യക്ഷിയുടെ വിവിധ രൂപങ്ങള്‍ അന്നും ഉടലെടുത്തിരുന്നു. എന്നാല്‍ സീരിയലുകളിലെ പോലെ യക്ഷികള്‍ "ആസ്തമ" രോഗികളെ പോലെ ശ്വാസം കിട്ടാതെ  മസില് പിടിക്കുന്നതും  കരാട്ടെ കാണിക്കുന്നതും കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

  " മുതുകെല്ലാം പൊള്ളയാണെ
   മുട്ടോളം മുടിയുമുണ്ടേ "     അങ്ങനെ സുന്ദരിയും  ചിലപ്പോള്‍  രൌദ്ര രൂപ പിശചിനി യുമായ യക്ഷി , മനുഷ്യരുടെ ചോരയും മാംസവും ഒക്കെ ഊറ്റി കുടിച്ചു പല്ലും നഖവും മാത്രം കരിമ്പന ചുവട്ടില്‍ ഉപേക്ഷിക്കുന്ന ഭീകര രൂപിയായ യക്ഷി. ചുണ്ണാമ്പു ചോദിച്ചു വശീകരിച്ചു പിടിക്കുന്ന മനോഹരിയായ യക്ഷി. യക്ഷി വരുമ്പോള്‍ പാലപ്പൂവിന്റെ   മണവും കൊലുസിന്റെ കിലുക്കവും ഉണ്ടാകുമെന്നാണ് വിദഗ്ധ മതം. അമ്മ പറഞ്ഞു തന്ന കഥകളിലും നാട്ടിലെ പഴം കഥകളിലും യക്ഷികളുടെ മണം എന്നും ഉണ്ടായിരുന്നു. ദ്രാവിഡ തനിമയുടെ തിരുശേഷിപ്പുകള്‍ അതെ പടി നില നില്‍ക്കുന്ന " മണ്ണടി കാവിലമ്മയുടെ നാട്ടില്‍ " ഭീകര രൂപികള്‍ക്ക് സ്വോര്യ  വിഹാരം അനുവദിച്ചിരുന്നില്ല. ക്ഷേത്രത്തിലെ കൊടിയേറ്റ് കഴിഞ്ഞു ഉച്ചബലി   (ഉത്സവം ) വരെ യുള്ള  7 ദിവസം മാത്രമേ അവറ്റകള്‍ക്ക് സ്വോര്യ വിഹാരം അനുവദിച്ചു നല്‍കിയിട്ടുള്ളൂ എന്നാണ് വിശ്വാസം. 
അത് കൊണ്ട് തന്നെ " പാല മൂട്ടില്‍ യക്ഷിയും ഇലഞ്ഞി മൂട്ടില്‍ യക്ഷിയും ചന്ദന മൂട്ടില്‍                                അറു കൊലയെയുമൊക്കെ   നാട്ടുകാര്‍ക്ക്‌ പേടിയില്ലായിരുന്നു.  ഒരു കരി വളയോ ചെമ്പു മോതിരമോ വഴിപാട്‌ നല്‍കിയാല്‍ അവര്‍ സംതൃപ്തരും ആയിരുന്നു. 

  എന്നാല്‍ എന്റെ നാട്ടില്‍ മാത്രം കാണപെട്ടിരുന്ന " അപൂര്‍വ ഇനം ഭീകര ജീവിയായിരുന്നു" " ഒറ്റ മുലച്ചി " പണ്ടെങ്ങോ പുലപ്പേടിയും മണ്ണാപ്പേടിയും ഉണ്ടായിരുന്ന കാലത്ത് ഒരു മുല മുറിച്ചു കളഞ്ഞു അരും  കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ ദുരാത്മാവാണ് ഒറ്റ മുലച്ചി എന്ന് സങ്കല്‍പം . പൂത കുന്നില്‍ കാവാണ്‌ ഒറ്റ മുലച്ചിയുടെ ആവാസ കേന്ദ്രം. ഒറ്റ മുലച്ചി ആരെയും കൊല്ലാറില്ല പകരം പേടിപ്പിക്കാറുണ്ട് . കാവിനോട് ചേര്‍ന്ന പറങ്കി മാവിന്‍ തോട്ടത്തില്‍ ചെമ്പട്ടുടുത്ത്  അര മണി കിലുക്കി  മരത്തിനു മുകളില്‍ തൂങ്ങി കിടന്നു അത് വഴി പോകുന്നവരെ പേടിപ്പിക്കും. ശരീരത്തിനോളം വലുപ്പമുള്ള ഒറ്റ മുലയും തീ തുപ്പുന്ന കണ്ണുകളും ഇടി    മുഴക്കത്തെ   വെല്ലുന്ന അലര്‍ച്ചയും അനുഭവിച്ചു പനിച്ചു വിറച്ചു വിറങ്ങലിച്ചു പോയ സാഹസികര്‍ എന്റെ നാട്ടിലുണ്ട്. പലരും അവരുടെ അനുഭവങ്ങള്‍ വിവരിക്കാരുമുണ്ട്. 

യക്ഷിയും മറുതയും മാടനും ഒക്കെ ഉള്ള  നാട്ടില്‍ ആണ് വളര്‍ന്നത്‌ എങ്കിലും ഒന്നിനെയും നേരില്‍ കാണാന്‍ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. എങ്കിലും ഒരിക്കല്‍      ഈ അദൃശ്യ     ശക്തികളുടെ    സാന്നിധ്യം    ഞാന്‍ ശരിക്കും   അനുഭവിച്ചു. ഒരു എഴാം ക്ലാസ്സുകാരന്റെ മനസ്സില്‍ വളരെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു അനുഭവം. ഞങ്ങളുടെ ഉത്സവം കൊടിയേറി കിടക്കുന്ന സമയം. അതായതു എല്ലാ ഭൂത ഗണങ്ങളെയും ദേവി അഴിച്ചു വിട്ടിരിക്കുന്ന സമയം . സന്ധ്യ മയങ്ങിയ സമയത്താണ് കമലാക്ഷി അമ്മായി വീട്ടില്‍ എത്തിയത്. ഉത്സവത്തിനു വന്നതാണ്‌. അന്ന് കാലത്ത് അങ്ങനെയാണ് . ഉത്സവത്തിനു നാല് ദിവസം മുന്‍പേ എല്ലാവരും വരും . ഉത്സവം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞേ പോകു. വണ്ടിയും വള്ളവും ഒക്കെ കുറവുള്ള സമയം. മാത്രവുമല്ല മനുഷ്യര്‍ തമ്മില്‍ സ്നേഹം ഉള്ള കാലം കൂടിയായിരുന്നു. " എടി ഇത്തിരി മുറുക്കാന്‍ താടി" അമ്മായി പറഞ്ഞപ്പോള്‍ ആണ് അമ്മ മുറുക്കാന്‍ പാത്രം നോക്കിയത്. അയ്യോ ഒന്നും ഇല്ലല്ലോ " എടാ നീ പോയി ആ  തട്ടാമലയുടെ കടയില്‍ നിന്നും പത്തു പൈസക്ക് മുറുക്കാന്‍ വാങ്ങി വാടാ. " എനിക്ക് സന്തോഷം. എന്നെ സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്തു വിടാറില്ലായിരുന്നു . ആയതിനാല്‍ എനിക്ക് മുക്ക് വരെ പോകാനുള്ള അവസരം ലഭിച്ചു. ക്ഷേത്രത്തിലെ പതിവ് ചെണ്ടമേളവും കേട്ട് മുറുക്കാനും ബാക്കിയും വാങ്ങി ഞാന്‍ വീട്ടിലേക്കു നടന്നു. അമ്പല മുക്കിലെ സംസാരം കുട്ടന്‍ മേശിരിയെ കുറിച്ച് മാത്രമായിരുന്നു. " എന്നാലും ഈ ഉത്സവത്തിനു അവന്‍ ഇല്ലാതെ പോയല്ലോ. എല്ലാം ദൈവ നിശ്ചയം " ആരൊക്കെയോ പിറുപിറുത്തു.  .  പീലിക്കോട്ടു വീട്ടിലെ കുട്ടന്‍ മേശിരി കല്ലട ആറ്റില്‍ മുങ്ങി മരിച്ചിട്ട് ഒരാഴ്ച പോലും ആയിരുന്നില്ല . പച്ചോലയില്‍ കൂട്ടികെട്ടിയ മീന്‍ കൊത്തിയ കണ്ണുകളുള്ള ശവം എന്റെ ഓര്‍മയില്‍ ഊളിയിട്ടു. കുട്ടന്‍ മേശിരി അല്പം ജ്യോതിഷവും ചെറിയ കണ്കെട്ട് വിദ്യകളും ഒക്കെ വശം ഉള്ള ആള്‍ ആയിരുന്നു. വായില്‍ ഒരു മുട്ടായി ഇട്ടു വായില്‍ നിന്നും നിര്‍ത്താതെ റിബണ്‍ വലിച്ചെടുക്കുക , അതിലുപരി അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുക്കുക ( വിഭൂതി) തുടങ്ങിയവ കുട്ടന്‍ മേശിരിയുടെ നമ്പര്‍ ആയിരുന്നു. പട്ടയ്ക്കുള്ള കാശ് കൊടുത്താല്‍ കുട്ടന്‍ മേശിരിയുടെ വക കലാ  പ്രകടനം സാധാരണം ആയിരുന്നു. പല "ബാബാ " മാരും വിഭൂതി എടുത്തു അത്ഭുത പെടുതന്നതിനു മുന്‍പ് കുട്ടന്‍ മേശിരി ഞങ്ങളെ അത്ഭുതപെടുത്തിയിരുന്നു. 

 ഒരു ഊടുവഴിയിലൂടെ ഒരു ഭര്‍ലോങ്ങ്‌ നടന്നാല്‍ മാത്രമേ വീട്ടില്‍ എത്തുകയുള്ളൂ. ഇന്നത്തെ പോലെ വഴി വിളക്കുകളോ    അടുത്തടുത്തുള്ള വീടുകളോ  ഉണ്ടായിരുന്നില്ല. പ്രധാന വഴി വിട്ടു ഊടുവഴി തുടങ്ങുന്ന    ഭാഗത്ത്‌     രണ്ടു    വീടുകള്‍    ഉണ്ട് .   അത് കഴിഞ്ഞാല്‍ പിന്നെ ആള്‍ താമസം ഇല്ലാത്ത പുരയിടങ്ങള്‍ ആണ്.  ഏകദേശം 300  മീറ്റര്‍ ദൂരം കഴിഞ്ഞാല്‍ വല്യത്തെ വീടാണ്. ആ പരിസരത്ത് കറന്റു ഉള്ള ഏക വീടും അതായിരുന്നു.  അവിടെ നിന്നും വിളിപ്പാടകലെ  ആണ് എന്റെ  വീട് . മുറുക്കാന്‍  പൊതി കൈയില്‍ പിടിച്ചു ഞാന്‍ ആളൊഴിഞ്ഞ വെട്ടു വഴിയിലൂടെ നടന്നു തുടങ്ങി. ഒരു കടവാവല്‍ പ്രത്യേക ശബ്ദത്തോടെ എന്‍റെ തലയ്ക്കു മുകളിലൂടെ പറന്നു പോയി.  ആളൊഴിഞ്ഞ പുരയിടത്തിന്റെ സൈഡില്‍ കൂടി കടന്നു പോയപ്പോള്‍ മുന്നണി കാടിനിടയില്‍ ( കമ്യുണിസ്റ്റ് പച്ച ) എന്തോ അനങ്ങുന്നത് പോലെ തോന്നി.  വെള്ള  മുണ്ടുത്ത ഒരു സ്ത്രീ രൂപത്തിന്റെ നിഴല്‍ പോലെ .. "ക്ണിം ക്ണിം"  ഒരു പാദ സ്വരത്തിന്റെ കിലുക്കം എന്റെ കാതില്‍ പ്രകമ്പനം കൊണ്ടു. യക്ഷികള്‍ ചിലമ്പ് അണിയുന്നത് താണ്ഡവം ചെയ്യാനാണ്.  താണ്ഡവം കഴിഞ്ഞു കുരുതി. ദൈവമേ .. ഞാന്‍ വിയര്‍ത്തു തുടങ്ങി.  മര പൊത്തില്‍ ഇരുന്നു  ഒരു നത്ത് ( ചെറിയ തരം  മൂങ്ങ ) വികൃത ശബ്ദം ഉണ്ടാക്കിയപ്പോള്‍ കോടിയേറി കിടക്കുകയാണെന്ന് ഞാന്‍ അറിയാതെ ഓര്‍ത്തു പോയി. കൂടാതെ കൈയില്‍ മുറുക്കാനും. ... എന്‍റെ കാലുകള്‍ ഇത്തിരി വേഗത്തില്‍ ചലിച്ചു തുടങ്ങി. അപ്പോള്‍ ഒരു ഞെട്ടലോടെ ഞാന്‍ മനസിലാക്കി " ആ കൊലുസിന്റെ ശബ്ദം എന്നെ പിന്തുടരന്നു. ഞാന്‍ നിന്നു. "ക്ണിം ക്ണിം"ശബ്ദം നിലച്ചു. " ഇലഞ്ഞി പ്പൂവിന്റെ മണം പരിസരത്ത് വ്യാപിച്ചു. ഒരു ചാവാലി പട്ടി വല്ലാതെ  മോങ്ങി . ഞാന്‍ ചെറുതായി ഓടി തുടങ്ങി . കൊലുസിന്റെ ശബ്ദം ശക്തമായി  വരുന്നു. എന്‍റെ കാല്‍ ഒരു കല്ലില്‍ തട്ടി മുറിഞ്ഞു. വീഴാതെ രക്ഷപെട്ടു. ശരീരം ആസകലം ഒരു വിറയല്‍. .. മാടനും മറുതയും യക്ഷിയും ഒറ്റമുലച്ചിയും കുട്ടന്‍ മേശിരിയുമൊക്കെ എന്‍റെ സ്മൃതി പഥത്തില്‍ താണ്ടവം ആടി... അര്‍ത്ഥ പ്രാണനില്‍ വിറളി പിടിച്ചു, പിച്ചും പേയും പറഞ്ഞു  വീട്ടില്‍ എത്തിയപ്പോള്‍ എന്‍റെ വള്ളി നിക്കര്‍ മഴ വെള്ളം വീണ പോലെ നനഞ്ഞിരുന്നു. 

        രണ്ടു നാള്‍ പനിച്ചു കിടന്നു. പനി മാറിയപ്പോള്‍ അച്ഛന്‍ " മൂന്ന് നാണയ തുട്ടുകള്‍ കൈയില്‍ തന്നിട്ട് പറഞ്ഞു " ഇതാണ് നീ കണ്ട  യക്ഷിയുടെ പാദ സ്വരം " മുറുക്കാന്റെ ബാക്കി വാങ്ങി നിക്കറിന്റെ പോക്കറ്റില്‍ ഇട്ട കാര്യം ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചു പോയി. 


                                                                                                                        വീജ്യോട്സ്